Image

കുവൈറ്റ് ഭരണാധികാരി അന്തരിച്ചു

Published on 29 September, 2020
കുവൈറ്റ് ഭരണാധികാരി അന്തരിച്ചു
കുവൈത്ത് സിറ്റി:  കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് (91) അന്തരിച്ചു. രണ്ടുമാസമായി യുഎസില്‍ ചികിത്സയിലായിരുന്നു. 40 വര്‍ഷം വിദേശകാര്യമന്ത്രിയുമായിരുന്നു ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. വിടപറയുന്നത് ഗള്‍ഫ് മേഖലയിലെ സമാധാനമധ്യസ്ഥനാണ്.

സാമൂഹികരാഷ്ട്രീയ മേഖലയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യമാണു ഷെയ്ഖ് സബാഹിന്റേത്. മുബാറകിയ സ്കൂളില്‍നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം സര്‍ക്കാര്‍ നടപടികള്‍ നിയന്ത്രിക്കുന്നതിനായുള്ള സമിതിയില്‍ അംഗമെന്നനിലയില്‍ 1954ല്‍ പൊതുപ്രവര്‍ത്തനത്തിനു തുടക്കമിട്ടു. ഒരു വര്‍ഷത്തിനുശേഷം സാമൂഹികതൊഴില്‍ വകുപ്പ് ഡയറക്ടറായി. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാലത്ത് അദ്ദേഹം തുടക്കമിടുകയും ചെയ്തു.

സ്‌പോര്‍ട്‌സ് ക്ലബുകളുടെ രൂപീകരണത്തിനു പിന്നിലും അദ്ദേഹത്തിന്റെ കരങ്ങളുണ്ട്. 1957ല്‍ പബ്ലിക്കേഷന്‍സ് വകുപ്പ് ഡയറക്ടറായി നിയമിതനായ അദ്ദേഹം അപൂര്‍വ പുസ്തകങ്ങളും രേഖകളും സംരക്ഷിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു. ശക്തമായ പ്രസാധക നിയമത്തിനു രൂപംനല്‍കിയ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ ഫലമാണു രാജ്യത്തു നിലവിലുള്ള മാധ്യമസ്വാതന്ത്ര്യം.

ബ്രിട്ടനില്‍നിന്നു കുവൈത്തിനു സ്വാതന്ത്ര്യം ലഭിച്ച 1961ല്‍ കുവൈത്ത് ഭരണഘടനാ നിര്‍മാണ സമിതിയില്‍ ഷെയ്ഖ് സബാഹ് അംഗമായി. 1962ല്‍ നിലവില്‍വന്ന മന്ത്രിസഭയില്‍ അദ്ദേഹം ഗൈഡന്‍സ് വകുപ്പു മന്ത്രിയുമായി. 1963ല്‍ വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 40 വര്‍ഷമാണ് ആ സ്ഥാനത്തു തുടര്‍ന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യമന്ത്രി പദവി വഹിച്ച വ്യക്തി എന്ന സ്ഥാനവും ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനാണ്. വിദേശകാര്യമന്ത്രി സ്ഥാനം ലോക രാജ്യങ്ങളിലെ നേതാക്കളുമായി ഷെയ്ഖ് സബാഹിനെ അടുപ്പിച്ചു. കുവൈത്തുമായി ബന്ധപ്പെട്ടു രാജ്യാന്തരതലത്തില്‍ അനവധി വേദികളില്‍ അദ്ദേഹം സജീ!വ സാന്നിധ്യവുമായി.

സമതുലിത വിദേശനയത്തിലൂടെ കുവൈത്തിനു രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുത്തതില്‍ ഷെയ്ഖ് സബാഹിനുള്ള പങ്ക് ചെറുതല്ല. യുഎന്‍ രക്ഷാസമിതി അംഗങ്ങളായ അഞ്ചു രാജ്യങ്ങളുമായും കുവൈത്തിനു ശക്തമായ ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സഹായിച്ചു. അധിനിവേശക്കാലത്തു കുവൈത്തിനു മോചനം സാധ്യമാക്കുംവിധം നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്കു വേഗം കൈവരുത്താനായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക