Image

സൗദിയില്‍ മൂന്ന് മാസത്തിനിടെ തൊഴില്‍ നഷ്ടമായത് നാലുലക്ഷം പേര്‍ക്ക്

Published on 02 October, 2020
 സൗദിയില്‍ മൂന്ന് മാസത്തിനിടെ തൊഴില്‍ നഷ്ടമായത് നാലുലക്ഷം പേര്‍ക്ക്

റിയാദ്: കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടമായത് നാലുലക്ഷം ആളുകള്‍ക്ക്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തില്‍ സൗദി ലേബര്‍ മാര്‍ക്കറ്റില്‍ ജനറല്‍ അതോറിട്ടി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോലി നഷ്ട്ടപ്പെട്ടവരില്‍ വിദേശികളും സ്വദേശികളും ഉള്‍പ്പെടുന്നു.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ 53,000 സൗദികളാണ് തങ്ങളുടെ ജോലി രാജിവച്ചത്. 36,000 പേരുടെ ജോലി കരാര്‍ പൂര്‍ത്തിയായി. 11,000 സ്വദേശികളെയാണ് ഇക്കാലയളവില്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്. ഇതോടെ മൊത്തം തൊഴില്‍ നഷ്ട്ടമായ സ്വദേശികളുടെ എണ്ണം ഒരു ലക്ഷത്തി പതിനാറായിരമാണ്.

അതേസമയം ഇതേ കാലയളവില്‍ തൊഴില്‍ നഷ്ടമായ വിദേശികളുടെ എണ്ണം 2,84,000 ആണെന്നും പഠനം സൂചിപ്പിക്കുന്നു. ഇവരില്‍ 60,000 പേരാണ് ജോലി രാജിവച്ചത്. സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനമായാണ് കഴിഞ്ഞ മൂന്നു മാസത്തിനിടെ വര്‍ധിച്ചത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇത് 11.8 ശതമാനം മാത്രമായിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ ഗുരുതരമായ തൊഴില്‍ പ്രശ്‌നങ്ങളാണ് സൗദി അറേബ്യ നേരിടുന്നത്.

സൗദി അറേബ്യയിലെ വിദേശ തൊഴിലാളികളില്‍ ഭൂരിപക്ഷം ഇന്ത്യക്കാരാണ്. 2019 ഡിസംബര്‍ മുതല്‍ നാട്ടിലേക്ക് വന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് തിരിച്ചു പോകാന്‍ കഴിയാതെ വിഷമിക്കുന്നത്. മിക്ക രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു പറക്കാന്‍ അനുമതി ലഭിച്ചിട്ടും ഇന്ത്യക്കാര്‍ക്ക് നേരിട്ട് സൗദിയിലേക്ക് പോകാന്‍ ഇനിയും സാധ്യമായിട്ടില്ല. സൗദിയില്‍ ഓഫിസുകളെല്ലാം സാധാരണ പോലെ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും മിക്ക ഓഫീസുകളിലും ജോലിക്കാരില്ലാത്തതിനാല്‍ പ്രതിസന്ധി നേരിടുകയാണ്. അവധിക്ക് നാട്ടില്‍ വന്ന അനേകം ആളുകള്‍ക്ക് തിരിച്ചു പോകാന്‍ കഴിയാത്തതിനാല്‍ ജോലി നഷ്ട്ടപ്പെട്ട സാഹചര്യവുമുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക