Image

സദാചാരപ്പോലീസ് വേണ്ട

Published on 07 June, 2012
സദാചാരപ്പോലീസ് വേണ്ട
Mathrubhumi editorial; Published on  07 Jun 2012

'സദാചാരപ്പോലീസുകാരുടെ വിളയാട്ടം കേരളത്തില്‍ പലേടത്തും ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും സൈ്വരജീവിതത്തിനും വലിയ ഭീഷണിയായിരിക്കുന്നു. കടുത്ത നടപടിയും ശക്തമായ സാമൂഹിക ഇടപെടലും ഉണ്ടായില്ലെങ്കില്‍ ഇക്കൂട്ടരുടെ കാട്ടുനീതിക്ക് കൂടുതല്‍പേര്‍ ഇരകളായേക്കും. സദാചാരത്തിന്റെ സംരക്ഷകരെന്ന് സ്വയം ഭാവിച്ച് പലരും സ്ത്രീപുരുഷന്മാരെ തല്ലിച്ചതയ്ക്കുകയോ തടഞ്ഞുവെക്കുകയോ ചെയ്യുന്നത് കേരളത്തില്‍ സാധാരണമായിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ജില്ലയിലെ മുക്കത്ത് ഇത്തരക്കാരുടെ മര്‍ദനമേറ്റ ഒരു യുവാവ് പിന്നീട് ആസ്പത്രിയില്‍ വെച്ച് മരിച്ചു. ഈയിടെ കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പ്രദേശത്ത് ചില സദാചാരപ്പോലീസുകാര്‍ യുവാവിനെയും ഗര്‍ഭിണിയായ ഭാര്യയെയും മര്‍ദിച്ചതായി പരാതിയുണ്ടായി. തൃശ്ശൂര്‍ കയ്പമംഗലത്തിനടുത്ത് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിന് പിന്നിലും ഇത്തരക്കാര്‍ ആണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. കായംകുളത്ത് സദാചാരപ്പോലീസ് ചമഞ്ഞ് യുവാവിനെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. കാസര്‍കോട് ആനവാതുക്കലിന് സമീപം രണ്ടുപേര്‍ക്ക് ശനിയാഴ്ച സദാചാരപ്പോലീസ് സംഘത്തിന്റെ മര്‍ദനമേറ്റു. മറ്റ് പല പ്രദേങ്ങളിലും സമാനമായ സംഭവങ്ങളുണ്ടായി.

സ്ത്രീയെയും പുരുഷനെയും ഒന്നിച്ചു കണ്ടാല്‍ ഉടന്‍ 'സംശയി'ക്കുന്നവരാണ് പൊതുവെ ഇക്കൂട്ടര്‍. വ്യക്തിസ്വാതന്ത്ര്യമോ നിയമവാഴ്ചയോ മറ്റുള്ളവരുടെ വിശദീകരണമോ ഇവര്‍ക്ക് പ്രശ്‌നമല്ല. തങ്ങളുടെ അതിസങ്കുചിതവും വികലവുമായ സദാചാരസങ്കല്പം സംരക്ഷിക്കാന്‍ ഇവര്‍ സ്വീകരിക്കന്നത് മനുഷ്യരാശിക്കാകെ മാനക്കേടുണ്ടാക്കുന്ന ക്രൂരമായ മുറകളാണ്. ആധുനികജീവിതത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കിടയിലുള്ള സമ്പര്‍ക്കം എല്ലാതലങ്ങളിലും വര്‍ധിച്ചിട്ടുണ്ട്. തൊഴിലിടങ്ങളിലും പൊതുവെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയമേഖകളിലുമെല്ലാം സ്ത്രീകളുടെ സാന്നിധ്യം കൂടിയതുകൊണ്ടുമാത്രം സംഭവിച്ചതല്ല ഇത്. സ്ത്രീപുരുഷബന്ധം സംബന്ധിച്ചുള്ള സങ്കല്പങ്ങളില്‍ വന്ന അഭികാമ്യമായ മാറ്റവും ഇതിന് പ്രധാനകാരണമാണ്. പരിഷ്‌കൃതസമൂഹങ്ങളെല്ലാം ഇത്തരം മാറ്റങ്ങളെ സ്വാഗതംചെയ്യുന്നു.

ഈ മാറ്റത്തെ ഭയപ്പെടുകയോ അന്ധമായി എതിര്‍ക്കുകയോ ചെയ്യുന്നവരാണ് സദാചാരപ്പോലീസുകാര്‍. അടുത്തകാലത്ത് എറണാകുളത്ത് രാത്രിജോലിയുള്ള യുവതി സഹപ്രവര്‍ത്തകനോടൊപ്പം ഇരുചക്രവാഹനത്തില്‍പോയതിനെ ഇവര്‍ ചോദ്യംചെയ്തത് വലിയ വിവാദമായിരുന്നു. പാര്‍ക്കുകളിലോ കടലോരങ്ങളിലോ എത്തുന്ന സ്ത്രീപുരുഷസുഹൃത്തുക്കള്‍ക്കും ഇത്തരക്കാര്‍ പലപ്പോഴും ശല്യമാകുന്നു. ആരുടെയെങ്കിലും പെരുമാറ്റമോ പ്രവര്‍ത്തനമോ മറ്റുള്ളവര്‍ക്ക് ദ്രോഹകരമാകുന്നുണ്ടെങ്കില്‍ത്തന്നെ അതിന് വ്യവസ്ഥാപിതമാര്‍ഗങ്ങളിലൂടെയാണ് പരിഹാരം തേടേണ്ടത്. സദാചാരപ്പോലീസുകാര്‍ അതിനുപകരം നിയമം കൈയിലെടുക്കുകയും സ്വന്തം നീതി നടപ്പാക്കുകയുമാണ് ചെയ്യുന്നത്. പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടും ഈ പ്രവണത വളരുന്നതിനെ അധികൃതര്‍ ഗൗരവമായിത്തന്നെ കാണണം. യഥാര്‍ഥ സാമൂഹികപ്രശ്‌നങ്ങളില്‍ പൊതുവെ പ്രതികരണം കുറവായ നമ്മുടെ നാട്ടില്‍ ഇത്തരം ഇടപെടലുകള്‍ വ്യാപകമാകുന്നുവെന്നത് തികച്ചും അപഹാസ്യവും ആപത്കരവുമായ വൈരുധ്യമാണ്. നിയമത്തിനോ ധാര്‍മികതയ്‌ക്കോ യുക്തിക്കോ സാമാന്യമര്യാദയ്‌ക്കോ നിരക്കാത്ത നിരര്‍ഥകമായ ചില സങ്കല്പങ്ങളെ സദാചാരമായി അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നവര്‍ മാപ്പര്‍ഹിക്കാത്ത സാമൂഹികദ്രോഹികള്‍തന്നെയാണ്. അവരെ ആ നിലയ്ക്കുതന്നെ നേരിടണം. ഇക്കാര്യത്തില്‍ രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ സഹകരണംകൂടിയുണ്ടായാല്‍ അധികൃതരുടെ ശ്രമം വേഗം സഫലമാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക