Image

ഹസ്രത്തിലെ വിലാപങ്ങള്‍ തീരുന്നില്ല (ഷോളി കുമ്പിളുവേലി)

Published on 05 October, 2020
ഹസ്രത്തിലെ വിലാപങ്ങള്‍ തീരുന്നില്ല (ഷോളി കുമ്പിളുവേലി)
ഉത്തര്‍പ്രദേശിലെ ഹസ്രത്ത് എന്ന ഗ്രാമത്തില്‍ പത്തൊമ്പത് വയസുള്ള ദലിത് യുവതിയെ നാല് യുവാക്കള്‍ ചേര്‍ന്ന് മൃഗീയമായി പീഡിപ്പിച്ച് കൊന്നത്, ഭാരതത്തിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള മനുഷ്യഹൃദയങ്ങളില്‍ നൊമ്പരമായി മാറിയിരിക്കുന്നു. തങ്ങളുടെ മകളുടെ ചേതനയറ്റ ശരീരം അവസാനമായി ഒന്നു കാണുന്നതിനുപോലും ആ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും, മജിസ്‌ട്രേറ്റും അനുവദിച്ചില്ല എന്നത് ശിലാഹൃദയേെപ്പാലും ആര്‍ദ്രരാക്കുന്നതാണ്. കൂടാതെ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കൊണ്ട് ബലമായി തങ്ങള്‍ക്ക് അനുകൂലമായി മൊഴിയെടുപ്പിക്കുന്നതിന് നിയമം നീതിപൂര്‍വം നടപ്പാക്കേണ്ട സ്ഥലം മജിസ്‌ട്രേറ്റ് ശ്രമിച്ചു എന്നു കേള്‍ക്കുമ്പോള്‍, നമ്മള്‍ ഏതു ലോകത്താണ് ജീവിക്കുന്നതെന്ന് തോന്നിപ്പോകും!

സ്വാതന്ത്ര്യംകിട്ടി എഴുപത്തിമൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ഇന്ത്യയില്‍ ദലിത് വിഭാഗക്കാരോടുള്ള ഉച്ചനീചത്വം ഇനിയും മാറിയിട്ടില്ല; പ്രത്യേകിച്ച് വടക്കന്‍ സംസ്ഥാനങ്ങളില്‍! സവര്‍ണ്ണരുടെ പാടശേഖരങ്ങളില്‍ തലമുറകളായി പണിയെടുക്കുന്നതിനും, വീടുകളില്‍ ജോലി ചെയ്യുന്നതിനും, മാത്രമായി ജനിച്ചവരാണ് ദലിതരെന്ന് കരുതിപ്പോരുന്നവരാണ് അധികവും! അതുകൊണ്ടുതന്നെ ദലിത് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍, അതും തങ്ങളുടെ "അവകാശ'മായി കരുതുന്ന സവര്‍ണ്ണ യുവാക്കള്‍ ഇപ്പോഴും നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ട്.

ഇന്ത്യന്‍ ഭരണഘടനയില്‍ നിയമം എല്ലാവര്‍ക്കും തുല്യമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന ഉത്തരേന്ത്യന്‍ ദലിതര്‍ക്ക്, തങ്ങളുടെ അവകാശങ്ങള്‍ക്കായി നിയമപരമായി പോരാടുന്നതിന് സാധിക്കുന്നില്ല എന്നതാണ് വസ്തുത. ഗ്രാമങ്ങള്‍ ഭരിക്കുന്നത് സവര്‍ണ്ണ പ്രമാണിമാരാണ്. ദലിതരുടെ മക്കള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം പോലും പലപ്പോഴും ലഭിക്കാറില്ല. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലെ പരിതാപകരമായ മറ്റൊരു കാര്യം സവര്‍ണ്ണ യജമാനന്മാരുടെ രാഷ്ട്രീയമനുസരിച്ച് അവര്‍ പറയുന്നിടത്ത് "വോട്ട്' ചെയ്യുവാന്‍കൂടി വിധക്കപ്പെട്ടവരാണ് ഈ സാധുക്കള്‍ എന്നതാണ്.

കുറ്റകൃത്യങ്ങള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുവാന്‍ സാധിക്കണം. പക്ഷെ, ശിക്ഷകൊണ്ട് മാത്രം മാറുന്നതല്ല ജാതിമത ഉച്ചനീചത്വം. അത് മനോഭാവമാണ്! കേരളത്തിലെപ്പോലെ വിദ്യാഭ്യാസം സാര്‍വത്രികമാക്കുകയും, ക്ലാസ് മുറികളിലെ ഉച്ചനീചത്വങ്ങള്‍ തുടച്ചുമാറ്റപ്പെടുകയും ചെയ്യണം. ജാതി ചിന്തകളില്ലാത്ത വിദ്യാഭ്യാസ പാഠ്യപദ്ധതികള്‍ കൊണ്ടുവരേണ്ടതാണ്. ഇക്കാര്യങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ബഹുദൂരം ഇനിയും പോകേണ്ടതുണ്ട്.

അതുപോലെ സ്ത്രീ സുരക്ഷയുടെ കാര്യത്തിലും ഇന്ത്യന്‍ ചിന്താഗതികള്‍ മാറേണ്ടിയിരിക്കുന്നു. "നിര്‍ഭയ'യുടെ കാര്യത്തില്‍ മാത്രമാണ് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കിയത്. സ്ത്രീസുരക്ഷയ്ക്ക് മാത്രമായി കോടതികള്‍ ഉണ്ടാകുകയും, അതുപോലെ "മുറിവ്' ഉണങ്ങുംമുമ്പേ കോടതി വിധികളും, ശിക്ഷാനടപടികളും ഉണ്ടാവുകയും വേണം. അല്ലെങ്കില്‍ "ഹസ്രത്തിലെ' വിലാപങ്ങള്‍ തുടര്‍ന്നുകൊണ്ടേരിക്കും.!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക