Image

നീലി (നോവൽ -ഭാഗം-11:ആർച്ച ആശ)

Published on 06 October, 2020
നീലി (നോവൽ -ഭാഗം-11:ആർച്ച ആശ)
തന്നെ ആരോ ഫോളോ ചെയ്യുന്നതുപോലെ DYSP ബെന്നിക്ക് തോന്നി. കറുത്ത നിറത്തിലുള്ള ഒരു തുറന്നജീപ്പ്  മഹീന്ദ്ര ഥാർ കുറെ നേരമായി പിന്നിൽ തന്നെയുണ്ട്. സൈഡ് കൊടുത്തിട്ടും മുന്നോട്ട് പോകാൻ കൂട്ടാക്കാതെ പിന്നിൽ കിടന്നു കളിക്കാണ്. സ്റ്റേഷനിൽ ചെന്നിട്ട് വേണം  വീട്ടിലേക്ക് പോകാൻ. മോള് ഒറ്റയ്ക്കാണെന്നുള്ള ചിന്തയിൽ ആക്സിലറേറ്ററിൽ കാല് അമർന്നു.

ബാക്കി നിന്ന മങ്ങിയ വെളിച്ചം കൂടി ഇരുള് കവർന്നു. AC ഓഫാക്കി കാറിന്റെ  ഗ്ലാസ് താഴ്ത്തി വണ്ടി സൈഡിലേക്ക് ഒതുക്കി. ഫോളോ ചെയ്ത് വന്ന ജീപ്പും വേഗത കുറച്ചു. ഫോണിൽ സംസാരിക്കുകയാണെന്ന വ്യാജേന ബെന്നി  കാറിൽ തന്നെയിരുന്നു. വേഗത കുറച്ചു വന്ന ജീപ്പ് ബെന്നിയുടെ കാറിനെ കടന്ന് മുന്നോട്ടുപോയി.
ശിവയുടെ നമ്പർ ഡയല് ചെയ്തു.
"ഹലോ സർ..."

"ശിവാ... നീ എവിടെയാണ്?".

"സർ ഞാൻ ഹൈക്കോർട്ട് ജംഗ്ഷനിലുണ്ട്‌. സ്കൂളിലെ function കഴിഞ്ഞോ...?".

" Yes. എന്റെ കടമ നിർവഹിച്ചു പോന്നു. Function കഴിയാൻ ഇനിയും വൈകും. പിന്നെ ശിവാ ഒരു ജീപ്പ് കുറേനേരമായി എന്റെ പുറകിൽ കിടന്നു തിരിയുന്നു. ഞാൻ watch ചെയ്ത് കൊണ്ടിരിക്കുകയാണ്".

 "അതെയോ സർ". അല്പം പരിഭ്രമത്തോടെയുള്ള
 ശിവയുടെ ചോദ്യം ബെന്നിയുടെ കാതിൽ തട്ടി.

"Yes. താൻ വറീഡ് ആവണ്ട".

"സർ ഇപ്പോൾ എവിടെയാണ്?".

"ഞാൻ ജെട്ടി റോഡിൽ  നിന്നും എംജി റോഡിലേക്ക് വരുന്നു".

"Ok സർ ok. ഞാനിപ്പോൾ അങ്ങോട്ട് വരാണ്".

"വേണ്ട ശിവാ ഞാനിത് മാനേജ് ചെയ്തോളാ.?"

"അല്ല സർ ഇത് സൂക്ഷിക്കണം. അവൻ  ക്രിമിനൽസിനെ ഇറക്കിയെങ്കിൽ കരുതിയിരുന്നെ മതിയാവൂ."

"Ok. ഞാനിപ്പോൾ move ചെയ്യാണ്."

"Sure സർ".

DYSP യുടെ  കാർ മുന്നോട്ട് നീങ്ങി.  കാറിനുള്ളിൽ നിന്നും രണ്ടുകണ്ണുങ്ങൾ എല്ലാ ദിശകളിലേക്കും കറങ്ങിത്തിരിഞ്ഞു.ആ ജീപ്പ് കാണുന്നില്ലല്ലോ.  വണ്ടി കുറച്ചു കൂടി റോഡ് പിന്നിലാക്കിയപ്പോൾ.  റോഡിന്റെ വലത് വശത്തായി തന്റെ പിന്നിലുണ്ടായിരുന്ന ജീപ്പ് നിർത്തിയിട്ടിരിക്കുന്നത് ബെന്നി കണ്ടു. കാറിന്റെ വേഗത അല്പം കുറച്ചു, ആ വണ്ടി നിരീക്ഷിച്ചു കൊണ്ട്  മുന്നോട്ട് പോയി. ജീപ്പിൽ നിന്നും രണ്ടുപേർ ഇറങ്ങി തന്റെ വണ്ടിക്കു നേരെ കൈ ചൂണ്ടുന്നത് റിയർവ്യൂ മിററിൽ കൂടി  ബെന്നിയുടെ കണ്ണിൽ പെട്ടു.

ആ ജീപ്പും അനങ്ങിത്തുടങ്ങി. അപ്പോൾ ലക്ഷ്യം താൻ തന്നെ. കൈ അറിയാതെ സർവീസ് റിവോൾവറിലേക്കും പിന്നെ മൊബൈലെടുത്തു swipe ചെയ്ത് മോളുടെ ഫോട്ടോയിലേക്കും ഒരു നിമിഷം നോക്കി. മൊബൈല് മാറ്റിവെച്ചു പുറകിലേക്ക് നോക്കി.  ജീപ്പ് പുറകെ ഉണ്ട്.

വീണ്ടും ഫോൺ റിംഗ് ചെയ്തു.
"ശിവ ".

"സർ, സർ എവിടെയായി...
ഇവിടെയൊരാക്സിഡന്റുണ്ടായി".

"ഓഹ് anything serious..?"

"ഇല്ല സർ അതാണ് രസം ഒരു ട്രാവലർ.സംഭവം നടന്നയുടൻ ഡ്രൈവർ ഇറങ്ങിയോടി. വണ്ടി റോഡിന് കുറുകെ കിടക്കാണ്. ആരോ മറിച്ചിട്ടത് പോലെ.
സർ. എനിക്കെന്തോ ഫൗൾ മണക്കുന്നു".

"എന്തു ഫൗൾ?".

"സർ. ഇത് ഈ ആക്സിഡന്റ് ആരോ  മനപൂർവം സൃഷ്ടിച്ചതുപോലെ".

"അതിപ്പോൾ". ശിവ പറഞ്ഞത് ശരിയാവാൻ സാധ്യതയുണ്ട്. കാരണം  ഫോളോ ചെയ്ത ആ ജീപ്പ്. "ശിവാ തമ്മിൽ കണ്ണെക്ടഡ് ആണ്..എത്രയും പെട്ടെന്ന് ആ ട്രാവലർ അവിടെനിന്നും  മാറ്റണം. ട്രാഫിക് ക്ലിയറായിരിക്കണം . ഒന്നാമത് പൊലീസിന് നല്ല പേരല്ല ഇപ്പോൾ. ഇനി ഇതും കൂടി ആവണ്ട"

"സർ,അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. പിന്നെ നല്ല മഴയുടെ ലക്ഷണമാണ്. മഴ തുടങ്ങുന്നതിനു മുൻപ് കാര്യങ്ങൾ ചെയ്തു തീർക്കണം. സർ സൂക്ഷിക്കണം. ഇപ്പോഴും പുറകിൽ ആ വണ്ടിയുണ്ടോ?."

കുറച്ചു നേരത്തേക്ക് ബെന്നി അതു മറന്നുപോയിരുന്നു. മിററിലേക്ക് നോക്കി. ആ ജീപ്പ് പിന്നിൽ തന്നെയുണ്ട്.
"ഉണ്ട് ശിവാ...അവർ പിന്നാലെയുണ്ട്.ശരി നീ പെട്ടെന്ന് ജോലി തീർക്ക്. ഇവരുടെ പ്രശ്‌നം തീർത്തിട്ട് ഞാനങ്ങു എത്തിയേക്കാം".

"OK സർ. ഞാൻ പട്രോളിംഗിലുള്ള സെബാനോടും ടിജോയോടും വിളിച്ചു പറഞ്ഞിട്ടുണ്ട്. അവർ സാറിന്റെ കൂടെ ജോയിൻ ചെയ്‌തോളും".

"OK ശിവാ.,go and  do your  work fast".

ശിവ call cut ചെയ്തപ്പോഴേക്കും മഴ ചാറ്റൽമഴ ശക്തിപ്രാപിച്ചു തുടങ്ങി.

ജീപ്പ് പുറകെ തന്നെയുണ്ട്. റോഡ് കാണാനാവാതെ  മഴ കടുത്തു.

മുന്നിൽ നിന്ന് വരുന്ന വണ്ടി കാണാൻ കഴിയുന്നില്ല. അവയുടെ വെളിച്ചം മഴത്തുള്ളികളിൽ ചിതറിത്തെറിച്ചു. മുന്നോട്ട് പോകാനാവാതെ ബെന്നി വണ്ടി റോഡിന്റെ സൈഡിലേക്ക്  ഒതുക്കി നിർത്തി.

കൈകഴുകി വന്ന ലോപ്പസിന് തുടയ്ക്കാൻ തോർത്തുമായി ഗൗരി പിന്നിലുണ്ടായിരുന്നു. അതവളുടെ കയ്യിൽ തിരിച്ചു കൊടുക്കുന്നതിനിടയിൽ ആ കണ്ണുകളിലേക്ക് ഒരു നോട്ടം വീണു. എന്താണ് അതിന്റെ തിളക്കം ആകർഷണം. കണ്ടനാൾ മുതൽ താൻ അടിമപ്പെട്ടത് അതിലാണെല്ലോ. അവൾ ലോപ്പസിന്റെ മിഴികളിലേക്ക് നോക്കി കള്ളച്ചിരിയോടെ നിന്ന്. അവൾ ചിരിക്കുമ്പോൾ ഒരു ചെറിയ നുണക്കുഴിയുടെ അടയാളം തെളിഞ്ഞു വരുന്നുണ്ട്.

അവൾ പെട്ടെന്നെന്തോ ചിന്തിച്ചത് പോലെ തോർത്തുമായി അകത്തേക്കു പോയി. ലോപ്പസ് കയറി ചെല്ലുമ്പോൾ കസേരയിൽ ഇതൊക്കെ കണ്ടു ഓജോ ഇരിപ്പുണ്ട്. ഓജോ ഒന്നാക്കി ചിരിച്ചു.
"എന്താടാ ഒരിളി?" അത് ചോദിക്കുമ്പോൾ ആന്ദ്രോയുടെ മുഖമൊന്നു കുനിഞ്ഞു.

"ഒന്നുല്ല ആന്ദ്രോച്ച...അല്ല നിങ്ങക്ക് ഇവിടെയങ്ങു പിടിച്ചന്നു തോന്നുന്നു..അ ല്ലെ?".

"ഉവ്വ്. നല്ല സ്ഥലമല്ലേ ഇത് ഇപ്പോഴാണെങ്കിൽ നമ്മുക്ക് താമസിക്കാൻ പറ്റിയ സ്ഥലം"

"ആഹാ,ആന്ദ്രോച്ചോ  ഒരിടം പെട്ടെന്നങ്ങനെ പുടിക്കുന്നതല്ലല്ലോ. പിന്നെ ഇത് എന്നാ പറ്റി?".

"ടാ കഴുതേ, ഈ ഒരു സാഹചര്യത്തിൽ മ്മക്ക് ഇതിലും നല്ലൊരു സ്‌ഥലംകിട്ടില്ല. ഒരു പോലീസും ഇവിടെ തപ്പി വരികയുമില്ല."

"അല്ല ആന്ദ്രോ, ഈ സാത്താന് എവിടെ. അവന്റെ ഒരു കാര്യം".

ഞാനെങ്ങനെ അറിയാനാ..അവൻ ഇന്നും ഇന്നലെയോ തുടങ്ങിയതല്ലല്ലോ..?, "
അവൻ തോന്നുമ്പോ വരട്ടെ...

"ഉവ്വുവ്വ് ആ ബെന്നി മാത്രം മതി.അയാളെ നിസാരനായി കാണണ്ട, മന്ത്രിയുടെ മോന്റെ  കേസിൽ അയാൾ എല്ലാ പഴുതും പൂട്ടിയത്. ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്".

ഗൗരി മുന്താണിയിൽ  കൈ തുടച്ചു കൊണ്ടു അവരുടെ അടുത്തേക്ക് വന്നു. അടുത്തുള്ള കസേരയിൽ ഇരുന്നു.

പെട്ടെന്നാണ് കണ്ണുകളിലേക്ക് വെളിച്ചം തുളച്ചുകയറ്റി ഒരു വണ്ടി മുന്നിൽ വന്നുനിന്നത്.
വൈപ്പറിന്റെ ചലനത്തിൽ കാറിനു മുകളിൽ നിന്നുള്ള നീരൊഴുക്ക് തടസ്സപ്പെട്ടപ്പോൾ ബെന്നി തിരിച്ചറിഞ്ഞു. തന്നെ പിന്തുടർന്ന അതേ ഥാർ ജീപ്പാണ് മുന്നിലുള്ളതെന്ന്. പോക്കറ്റിൽ കയ്യിട്ട് പിസ്റ്റൽ ഒന്നുയർത്തി താഴ്ത്തി.

കൊട്ടേഷൻ ഗാങ്ങാണ്. സൂക്ഷിച്ചു നീങ്ങണം. ബെന്നി മഴനൂലുകൾക്കിടയിലൂടെ കണ്ണുകൾ നീട്ടി. ആരോ കാറിനടുത്തേക്ക് വരുന്നുണ്ട്. അവരുടെ നീക്കം സസൂക്ഷ്മം വീക്ഷിച്ചു ബെന്നി കാറിനുള്ളിലിരുന്നു.

ഹെഡ് ലൈറ്റിന്റെ വെട്ടത്തിൽ മുഖം മറച്ചു ആറടിയിലധികം ഉയരമുള്ള ഒരാൾ മുന്നിലും. അയാളുടെ കൈയിലെ ഇരുളിലും വള തിളങ്ങുന്നുണ്ട്. അയാൾക്കു പിന്നിൽ രണ്ടുപേരുണ്ട്. അവർ കൈ പിറകിൽ വെച്ചിരിക്കുന്നു. അപ്പോൾ ആയുധം അവർക്ക് പിന്നിലുണ്ട്.

മുന്നിൽ വന്നവൻ ബെന്നിയിരിക്കുന്ന ഭാഗത്തേക്ക് വന്നു ഡോറിൽ മുട്ടി. ബെന്നി ഒന്ന് തയ്യാറായിരുന്നു. അകത്തുനിന്ന് പ്രതികരണം ഇല്ലാത്തതിനാൽ പുറത്തു നിന്നും ശക്തിയോടെ വീണ്ടും ഡോറിൽ ഇടിച്ചു. അയാളുടെ ദേഷ്യം ആ ശബ്ദത്തിൽ വ്യക്തമായിരുന്നു. അപ്പോഴേക്കും കൂടെയുണ്ടായിരുന്നുവർ മുന്നോട്ട് വന്നു. അവരുടെ കയ്യിലൊളിപ്പിച്ചു വെച്ചിരുന്ന കൂർത്തു നീണ്ട് തിളങ്ങുന്ന കത്തി പോലുള്ള ആയുധം മഴത്തുള്ളികൾ വീണ് നനഞ്ഞു. ഡോർ വലിച്ചു തുറക്കാൻ നോക്കി.കാറിലിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്തു.

നേതാവ് എന്നു തോന്നുന്നവൻ കൂട്ടാളികളെ നോക്കി. ഒരുത്തൻ ജീപ്പിനടുത്തേക്കു പോയി കയ്യിൽ വടിപോലെന്തോ എടുത്തുകൊണ്ട് തിരിച്ചുവന്നു. പെരുമഴ കാഴ്ച്ചയെ മറയ്ക്കുന്നുണ്ട്.

നേതാവിന്റെ കയ്യിലേക്ക് വടികൊടുക്കുന്നവനെ അപ്പോഴാണ് ബെന്നി കണ്ടത്. ഇവൻ ഫ്രഡി അല്ലേ. മന്ത്രിയുടെ മോനെ കൊന്ന കേസിലെ പ്രതി. അന്വേഷണങ്ങളൊക്കെ കാറ്റിൽ പറത്തി നിയമത്തിനെ വെല്ലുവിളിച്ചു പുല്ലുപോലെ ഇറങ്ങിപ്പോന്നു. അപ്പോൾ മറ്റവൻ മോണ്ടി തന്നെ. ബെന്നിയുടെ കണ്മുന്നിൽ അക്രമികളാരെന്ന് തെളിഞ്ഞു. അപ്പോഴേക്കും ഫ്രണ്ടിലെ ഗ്ലാസിൽ  മോണ്ടിയുടെ കൈയ്യിലിരുന്ന വടി ആഞ്ഞുപതിച്ചു.
നീലി (നോവൽ -ഭാഗം-11:ആർച്ച ആശ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക