Image

പൂക്കൾക്കു പകരം കണ്ണുനീർ തുള്ളികൾ (കവിത: പുഷ്പമ്മ ചാണ്ടി )

Published on 08 October, 2020
പൂക്കൾക്കു പകരം കണ്ണുനീർ തുള്ളികൾ (കവിത: പുഷ്പമ്മ ചാണ്ടി )
തിരികെപ്പോകണം 
ഒരിക്കൽകൂടി,
ഞാൻ നടന്ന 
വഴികളിലൂടെ ചെരിപ്പില്ലാതെ നടക്കണം...
എനിക്ക് മുൻപേ കടന്നുപോയവരുടെ കാൽപ്പാടുകൾ 
പിൻതുടർന്നാ മുറിവിലൂടെ 
നടന്നുനീങ്ങണം,
വഴിയിൽ കൊഴിഞ്ഞുവീണ
നൊമ്പരപ്പൂവുകൾ
പെറുക്കിയെടുക്കണം.. 
അവരുടെയോർമ്മകളിലൂടെ,
വേദനയിലൂടെ 
എനിക്കെന്നെ തിരയണം... 
മോഹങ്ങളൊളിപ്പിച്ച ചെപ്പുകൾ
മണ്ണടരുകളിലെവിടെയോ 
ഉണ്ടെന്നു പറഞ്ഞതു  അടരുകളിലൂളിയിട്ടു
തിരയണം..

ഭൂതകാലപ്പറവകളുടെ ചിറകടിയൊച്ചയ്ക്കായ്
മണ്ണിന്റെ മാറിൽ ചെവിയോർക്കണം
അവിടെയും നോവിന്റെ പൂക്കൾ 
കുറുകുന്നുണ്ടാവാം.. 
കൊഴിഞ്ഞ തൂവലുകൾ 
ചിതറിക്കിടപ്പുണ്ടാവാം....

കേട്ടു മറന്നോരു ഗാനം.
നെഞ്ചിൽ മുറിയുന്നു.., 
സുഷിരം വീണ മുളം തണ്ടു 
നൊന്തു പാടുന്നു..
ചോരപൊടിഞ്ഞ
മുറിവുകളിൽ ചുണ്ടമരുമ്പോൾ
തലോടുമ്പോൾ,
സംഗീതമഴ പെയ്യുന്നു....

യാത്രമൊഴി 
ചൊല്ലാതകന്നവരുടെ
കുഴിമാടത്തിൽ 
പൂക്കൾക്കു പകരം 
കണ്ണുനീർത്തുള്ളികുളാൽ
പൂമാല ചാർത്തണം..
ഏകാന്തതയിൽ മിഴിനട്ടു നിൽക്കണം..
Join WhatsApp News
സിന്ധു തോമസ് 2020-10-09 11:57:49
പൂർവസൂരികൾക്കൊരു പൂത്താലി... കവിത മനോഹരം !!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക