Image

'ഡാം 999' സിനിമയുടെ നിരോധനം വീണ്ടും നീട്ടി

Published on 09 October, 2020
'ഡാം 999' സിനിമയുടെ നിരോധനം വീണ്ടും നീട്ടി

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപെട്ട വിവാദത്തില്‍ 'ഡാം 999' സിനിമക്ക് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍. ഒന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് 2011 നവംബറില്‍ പുറത്തിറങ്ങിയ സിനിമക്ക് അന്ന് മുതല്‍ തന്നെ തമിഴ്നാട് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയായിരുന്നു.


സുപ്രീം കോടതി വരെ പ്രദര്‍ശനാനുമതി നല്‍കിയിട്ടും ഈ ചിത്രം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നില്ല. നിരോധനത്തിന്റെ സമയപരിധി കഴിഞ്ഞദിവസം അവസാനിച്ചപ്പോഴാണ് അതു പുതുക്കിക്കൊണ്ട് സര്‍ക്കാര്‍ വീണ്ടും ഉത്തരവ് ഇറക്കിയത്.


മലയാളിയായ സോഹന്‍ റോയ് നിര്‍മ്മിച്ച്‌ ആദ്യമായി സംവിധാനം ചെയ്ത ബോളിവുഡ് ചലച്ചിത്രമാണ് ഡാം 999. 3 ഡി. രണ്ടായിരത്തി പതിനൊന്നില്‍ പുറത്തിറങ്ങിയ സിനിമയുടെ കഥയ്ക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി സാമ്യമുണ്ടെന്ന വാദം ഉന്നയിച്ചാണ് തമിഴ്നാട് സര്‍ക്കാര്‍ നിരോധനം തുടരുന്നത്.


വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്ബോള്‍ ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയാണ് ഡാം 999 കഥ മുന്നോട്ട് പോകുന്നത്. മുല്ലപ്പെരിയാര്‍ പ്രക്ഷോഭം ആളിപ്പടരാന്‍ ഇടയായത് ഈ ചിത്രം ഇറങ്ങിയതിനു ശേഷമാണ്. അതോടുകൂടി ഇന്ത്യന്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നത് അടക്കമുള്ള നടപടികളുമായി തമിഴ്നാട് മുന്‍പോട്ടു പോവുകയുണ്ടായി. 


പോസ്റ്റര്‍ പതിക്കാന്‍ സമ്മതിക്കാതിരിക്കുക, പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ടുവന്ന തീയേറ്ററുകള്‍ക്ക് ഫൈന്‍ ഏര്‍പ്പെടുത്തുക, ചാനലുകളെ സ്വാധീനിച്ച്‌ സാറ്റലൈറ്റ് അവകാശം എടുപ്പിയ്ക്കാതെ ഇരിക്കുക, സൈബര്‍ സ്‌പേസുകള്‍ വഴി IMDb റേറ്റിംഗ് ഉള്‍പ്പെടെ തകര്‍ക്കുക തുടങ്ങിയ നടപടികളും ഈ ചിത്രത്തിനെതിരെ ഉണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക