Image

ഗാര്‍ഹികപീഡന കേസില്‍ നടന്‍ സായ്കുമാര്‍ കോടതിയില്‍

Published on 07 June, 2012
ഗാര്‍ഹികപീഡന കേസില്‍ നടന്‍ സായ്കുമാര്‍ കോടതിയില്‍
കൊല്ലം: ഗാര്‍ഹികപീഡന കേസില്‍ നടന്‍ സായ്കുമാര്‍ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി മൊഴി നല്‍കി. സായ്കുമാറിനെതിരെ ഭാര്യ പ്രസന്നകുമാരി നല്‍കിയ കേസിലാണ് നടന്‍ വ്യാഴാഴ്ച രാവിലെ 11 ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സന്തോഷ്‌കുമാര്‍ മുമ്പാകെ ഹാജരായത്. ഇവരുടെ മകള്‍ വൈഷ്ണവിയെയും പ്രസന്നകുമാരി കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.

സായ്കുമാറും ഭാര്യയും ചേര്‍ന്ന് എടുത്തിട്ടുള്ള ഭവന വായ്പയുടെ തവണയും കാറിന്റെ വായ്പാതവണയും അടയ്ക്കുന്നില്ല, തനിക്കും മകള്‍ക്കും ചെലവിനു തരുന്നില്ല എന്നിവയാണ് സായ്കുമാറിനെതിരെ പ്രസന്നകുമാരി കേസില്‍ ഉന്നയിച്ചിട്ടുള്ള മുഖ്യ പരാതികള്‍. 15000 രൂപയാണ് പ്രതിമാസം ചെലവിനായി ആവശ്യപ്പെട്ടിരുന്നത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏതാനും നാളുകളായി ദമ്പതിമാര്‍ അകന്നു കഴിയുകയാണ്. കൊല്ലം മാടന്‍നടയിലുള്ള വീട്ടിലാണ് പ്രസന്നകുമാരിയും മകളും താമസിക്കുന്നത്. സായ്കുമാര്‍ തിരുവനന്തപുരത്തും. 2010 ലാണ് ഗാര്‍ഹികപീഡന നിയമപ്രകാരം പ്രസന്നകുമാരി കേസ് ഫയല്‍ ചെയ്തത്.ഭവനവായ്പ ഉള്‍പ്പെടെ എല്ലാ കുടിശ്ശികകളും താന്‍ അടച്ചുതീര്‍ത്തുവെന്നും ഇപ്പോള്‍ കുടിശ്ശിക ഒന്നും ശേഷിക്കുന്നില്ലെന്നും സായ്കുമാര്‍ കോടതി മുമ്പാകെ മൊഴി നല്‍കി. ചിത്രഭൂമി, വീട് തുടങ്ങിയ വാരികകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാര്യയും മകളുമാണ് തന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും അഭിവൃദ്ധിക്കും പിന്നിലെന്ന് അഭിപ്രായപ്പെട്ടതിന്റെ തെളിവുകളും വാദിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു.

സായ്കുമാറിന്റെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ കേസിന്റെ അവസാനവാദം കേള്‍ക്കല്‍ ജൂണ്‍ 16 ലേക്ക് മാറ്റി. കോടതിമുറിക്കു പുറത്ത് മകള്‍ വൈഷ്ണവിയുമായി സായ്കുമാര്‍ കുറച്ചുനേരം സംസാരിച്ചു.

പ്രസന്നകുമാരിക്കുവേണ്ടി അഡ്വ. വെളിയം കെ.എസ്.രാജീവ്, അഡ്വ. ബൈജുകുമാര്‍ എന്നിവരും സായ്കുമാറിനുവേണ്ടി അഡ്വ. വരിഞ്ഞം എന്‍.രാമചന്ദ്രന്‍ നായരും കോടതിയില്‍ ഹാജരായി.

ഗാര്‍ഹികപീഡന കേസില്‍ നടന്‍ സായ്കുമാര്‍ കോടതിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക