Image

നക്സൽ (കഥ: ജിന്‍സണ്‍ ഇരിട്ടി)

Published on 11 October, 2020
നക്സൽ (കഥ: ജിന്‍സണ്‍ ഇരിട്ടി)
''കൊറോണ ഇത്ര നെറികെട്ടവനാണെന്നു വിചാരിച്ചില്ല''

 ബോൾട്ടണിൽ നിന്ന് സാൽഫോർഡ്    ഹോസ്പിറ്റലിലേക്ക് ആംബുലൻസിൽ പോകുമ്പോൾ ഉള്ളിന്ന് തികട്ടി വന്ന കലിപ്പിൽ  കുഞ്ഞേപ്പങ്ങ്  ഉച്ചത്തിൽ   പറഞ്ഞു പോയി.  തൊട്ടടുത്ത സീറ്റിൽ ഇരുന്ന,ഒറ്റ നോട്ടത്തിൽ പ്രായം  മുപ്പതു  മതിക്കുന്ന ഇംഗ്ലീഷുകാരിയായ പാരാമെഡിക്കിനു  കുഞ്ഞേപ്പ് പറഞ്ഞതൊന്നും മനസിലാകാതെ സീറ്റിന്ന്   എണിറ്റു നിന്ന് രണ്ടു പ്രാവിശ്യം 'വാട്ട്' അടിച്ചു  .   വെളിമാനം സെന്റ് സെബാസ്ടിൻ സ്കൂളിൽ ഏഴാം ക്ലാസ്സു  വരെ  പഠിച്ചിട്ടുണ്ടെങ്കിലും കൈയിലുള്ള  മുറി ഇംഗ്ലീഷുകളെ  തമ്മിൽ എങ്ങനെയൊന്നു  യോജിപ്പിക്കും എന്ന  കാര്യത്തിൽ കുഞ്ഞേപ്പിനു   ഇപ്പഴും ഒരെത്തും    പിടിയും കിട്ടുന്നില്ല   . ഇങ്ങനെ മുന്നോട്ടു കൂടുതൽ ചോദ്യങ്ങൾ ചോദിച്ചാൽ ഈ     പാരാമെഡിക്‌സിനെ  എങ്ങനെ   പറഞ്ഞു മനസിലാക്കുവോ എന്റെ കർത്താവേയെന്ന്  ആലോചിച്ചുകൊണ്ടു     കുഞ്ഞേപ്പ്    മുഖത്തു കെട്ടി വച്ച  മാസ്കിനുള്ളിലെ  മുഴുവൻ ഭാവങ്ങളും പുരികത്തിലൂടെ കാണിക്കുന്ന തരത്തിൽ പുരികം ഒന്ന് മുകളിലേക്ക്  വട്ടത്തിൽ കറക്കിട്ടു , കൈ കൂപ്പി .പാരാമെഡിക്കിനു  കാര്യം പിടികിട്ടിയ മട്ടിൽ അവൾ കുഞ്ഞേപ്പിനെ    നോക്കി ചെറിയ ശബ്ദത്തിൽ   മാസ്ക്കിനുള്ളിൽ    ചിരിച്ചു .  എന്നിട്ടു സീറ്റിലേക്ക് ചാഞ്ഞുകൊണ്ട്   കാലിൽമേൽ കാലും കയറ്റി വച്ച് കൈയിലുള്ള  പേപ്പർ പൂരിപ്പിക്കുന്നതു   തുടർന്നു.  പണ്ട് ചെറുപ്പത്തിൽ നിമോണിയ ബാധിച്ചു ഇരിട്ടിയിൽ തങ്കത്തിന്റെ ആശുപത്രിൽ അമ്മച്ചിയോടൊപ്പം   മൂന്ന് ദിവസം കിടന്നതൊഴിച്ചാൽ  ഈ അറുപത്തി  മൂന്ന് വയസിനിടയിൽ വേറൊരു ഹോസ്പിറ്റൽ വാസവും ഉണ്ടായിട്ടില്ല . നെഞ്ചിൽ കഫം കുറുകുന്നതിന്റെ ശബ്ദം ആംബുലസിലാകെ നിറഞ്ഞ് നിന്നു.അപ്പോൾ കുഞ്ഞേപ്പിനു പള്ളിമേടയിലെ ജോസഫ് അച്ഛന്റെ പ്രാവുകളുടെ  കുറുകൽ ഓർമ്മ വന്നു  .നെഞ്ചിലെ മുരൾച്ച  കൂടിയപ്പോൾ പാരാമെഡിക്‌ ഒന്ന് രണ്ടു തവണ  അരികിലെ മോണിറ്ററിൽ വന്നു  നോക്കിട്ടു പോയി .ചെറിയ ഭയം ഉള്ളിൽ  എവിടെയോ പതുക്കെ ഇഴഞ്ഞു വരുന്നതറിഞ്ഞപ്പോൾ   കുഞ്ഞേപ്പിനു തോന്നി     വക്കച്ചൻ  പറഞ്ഞത് കേട്ടാമതിയായിരുന്നെന്ന് .വക്കച്ചനുമായുള്ള  അവസാനത്തെ കൂടി കാഴ്ച കുഞ്ഞേപ്പിന്റെ  മനസ്സിലേക്ക് പാറി വന്നു .
 
'' അല്ല ഞാനറിയാമേലാഞ്ഞിട്ട് ചോദിക്കുവാ താനെന്നാ   ഉണ്ടാക്കാനാ യു കെലേക്ക് പോകുന്നെ''
ആറളം ഫാർമിന്റെ  തെക്കേ  അറ്റത്തെ    വളയഞ്ചാൽ കുന്നിൽ  വാറ്റുചാരം  അടിക്കാൻ പോയി തിരിച്ചു വരുന്ന വഴി  കക്കുവാ  പാലത്തിന്റെ കൈ വരിയിൽ ചാരി നിന്നു കുപ്പിയിൽ അവശേഷിച്ച  അവസാന തുള്ളിയും നാക്കിലേക്കു ഇറ്റിചിട്ട്   വക്കച്ചൻ ചോദിച്ചു  .കുഞ്ഞേപ്പ് വക്കച്ചനെ ഒന്ന് തുറിച്ചു നോക്കിയിട്ടു അഴിഞ്ഞു വീഴാൻ പോയ ഉടുമുണ്ട് മുറുക്കി ഉടുത്തുകൊണ്ട്  പാലത്തിനു കീഴേക്കു നടന്നു . വക്കച്ചൻ കാലി കുപ്പി പാലത്തിനു കീഴത്തെ    ഉരുളൻ കല്ലിനു മുകളിലേക്ക് എറിയണോ വേണ്ടയോയെന്ന് സംശയിച്ചു   നിന്നപ്പോൾ വളവു തിരിഞ്ഞൊരു    പോലീസ് ജീപ്പ് പാലത്തിലേക്ക്  പാഞ്ഞു വന്നു  . ജീപ്പ് മുന്നിലൂടെ കടന്നു പോയപ്പോൾ  ജീപ്പിന്റെ മുന്നിലെ സീറ്റിൽ ഇരുന്ന് എസ് ഐ  ശിവൻ പുറത്തേയ്ക്കു  തലയിട്ടു വക്കച്ചനെയൊന്ന് രൂക്ഷമായി നോക്കി .   
''എടായിപ്പം പോലിസാ ഇതിലെ പോയെ  ''
പാലത്തിനു കീഴേക്കു തലയിട്ടു വക്കച്ചൻ പറഞ്ഞു .

''നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് മുള്ളുമ്പഴും തൂറുമ്പഴും പോലീസിന്റെ   കാര്യം മിണ്ടല്ലെന്ന്  ''

പാലത്തിന് കീഴെ നിന്ന് പുഴയിലേക്ക്  മുള്ളി കൊണ്ടിരിക്കുന്നതിനിടയിൽ പോലീസ് എന്ന   വാക്ക് കുഞ്ഞേപ്പിനു മൂത്ര തടസമുണ്ടാക്കി .പച്ച   ഈർക്കിലികൾ  കൂട്ടമായി വന്നു   കൺമുമ്പിൽ ഉറഞ്ഞു തുള്ളി കുഞ്ഞേപ്പിനെ പേടിപ്പിച്ചു . ഓർമ്മകളിൽ നിന്ന് കിനിഞ്ഞു വന്ന,  കുത്തിപറിക്കുന്ന  വേദന  സഹിച്ചു  രണ്ടു പ്രാവിശ്യം കൂടി  അമർത്തി മുള്ളാൻ നോക്കിയിട്ടു പോലും  മൂത്രം ഒരടി മുന്നോട്ടു വച്ചില്ല .


കുഞ്ഞേപ്പ് ദേക്ഷ്യത്തോടെ പുഴയിലേക്ക് നീട്ടി തുപ്പിട്ടു പോലീസിനെ  രണ്ടു തെറി പറഞ്ഞു. എന്നിട്ടു    മുണ്ടിന്റെ  കോന്തൽ ഇടതുകൈയിൽ ചുരുട്ടി പിടിച്ചു കൊണ്ട്    പാലത്തിന് മുകളിലേക്ക് കേറി വന്നു

''നിനക്കിപ്പഴും അവിടുത്തെ   വേദന മാറില്ലേ ''

വക്കച്ചൻ   ചിരിക്കാതെ പരമാവധി  പറയാൻ ശ്രമിച്ചിട്ടും ചുണ്ടിൽ അറിയാതെ  ചിരി പൊടിഞ്ഞു . അത് കേട്ട് കുഞ്ഞേപ്പ് വക്കച്ചനെ കലിച്ചൊന്നു നോക്കി

'' പ***നായിന്റെ മോനെ ''

അത്  ന്യായമുള്ള   തെറിയാണെന്ന് വക്കച്ചന് അറിയാവുന്നതുകൊണ്ട് അയാൾ മറിച്ചൊന്നും  പറയാതെ  ചിരിച്ചുകൊണ്ടു കേട്ട് നിന്നു.  കൂലി വർദ്ധനവിന് വേണ്ടി തൊഴിലാളികൾ    ആറളം ഫാമിൽ  സർക്കാരിനെതിരെ   സമരം നടത്തുന്ന  കാലം . രാഷ്ടിയത്തോടു പുറം തിരിഞ്ഞു നിൽക്കുന്ന നിലപാടായതുകൊണ്ടു കുഞ്ഞേപ്പ് അന്ന് സി ഐ ടി യു വിലും ഐ എൻ ടി യു സിയിലും  ചേരാതെ തനി  മൂരാച്ചിയായി നടന്നു . കൈതക്കൊല്ലിന്നു വാറ്റു ചാരായം അടിച്ചശേഷം   ഒരു കുപ്പി പത്രക്കടലാസിൽ പൊതിഞ്ഞു അരയിലും തിരുകി  പാലപ്പുഴയ്ക്കു പോകാൻ  ഓഡതോട്ടിലേക്കു വല്ല വണ്ടിയും  വരുന്നുണ്ടോന്നു നോക്കി വഴി വക്കിലിരിക്കുമ്പോഴാണ് തീരെ  പരിചയില്ലാത്ത   ഒരു ജീപ്പ് ചീറി പാഞ്ഞു വരുന്നത്  കണ്ടത്  . മുന്നിൽ വക്കച്ചൻ ഇരിക്കുന്നത് കണ്ടു കുഞ്ഞേപ്പ് കൈ കാണിച്ചു .  ജീപ്പ് മുരൾച്ചയോടെ  കുഞ്ഞേപ്പിന് മുന്നിൽ  സഡൻ ബ്രേക്ക് ഇട്ടു നിന്നു.
'' പെട്ടന്ന് കേറ് കുഞ്ഞേപ്പെ ''
വക്കച്ചൻ എന്തിനായിങ്ങനെ കിടന്നു തിരക്ക് കൂട്ടുന്നെന്ന് ചോദിക്കാൻ വന്നപ്പഴേക്കും വക്കച്ചൻ കുഞ്ഞേപ്പിനെ  വലിച്ചു സീറ്റിലേക്കു ഇട്ടു ജീപ്പ് പോക്കും കഴിഞ്ഞു .
''നിങ്ങള് കീഴ്പ്പള്ളിന്നു വരുവാണോ''
കുഞ്ഞേപ്പ് ജീപ്പിൽ നിവർന്നിരുന്നിട്ട് അരയിൽ   ഊർന്നു താഴെ വീഴാറായ   കുപ്പി നേരെയാക്കികൊണ്ട്  ചോദിച്ചു  .

''ഉം, നീ എങ്ങോട്ടാ വീട്ടിലേക്കാ    ''
വക്കച്ചൻ   മുഖത്തു  നോക്കാതെ ചോദിച്ചു .

'' അല്ല ചിറ്റപ്പന്റെ അടുത്തേക്ക്  ''

വക്കച്ചന്റെയും കൂട്ടത്തിൽ പരിചയം ഇല്ലാത്ത മൂന്നു ചെറുപ്പക്കാരുടെയും മുഖത്തു ഇടയ്ക്കു ചിതറി തെറിക്കുന്ന   അസ്വസ്ഥതയില്ലായിമയും  വെപ്രാളവും  കണ്ടു കുഞ്ഞേപ്പ് ചോദിച്ചു.
'' എന്താ വല്ല കൊഴപ്പോം ഉണ്ടോ ''
 
 വക്കച്ചൻ പറഞ്ഞത് ശ്രദ്ദിക്കാതെ തൊട്ടടുത്തിരുന്ന പൊടിമീശക്കാരനെ നോക്കി   പുരികം മുകളിലേക്ക് ഞെരിച്ചു ആംഗ്യം കാണിച്ചിട്ട് ,ചെവിയിൽ എന്തോ പറഞ്ഞു.ഇവരെന്തോ പൊല്ലാപ്പ് ഒപ്പിച്ചിട്ടു  വരുന്ന വരവാണെന്ന സംശയം ബലപ്പെട്ടപ്പോൾ കുഞ്ഞേപ്പ് ഒന്നുടെ വക്കച്ചനെ തുറിച്ചു നോക്കി .

'' ഒന്നുയില്ലടാ''
 വക്കച്ചൻ പറഞ്ഞിട്ട്  ഒന്നുയില്ലന്നു ഭാവിക്കുന്ന മട്ടിൽ കുഞ്ഞേപ്പിനെ മുറുക്കാൻ കറ പിടിച്ച പല്ലുകാട്ടി   ചിരിച്ചു . എന്നിട്ടു   വീണ്ടും തൊട്ടടുത്തിരുന്ന പൊടി മീശക്കാരന്റെ ചെവിയിൽ എന്തോ    കുഴുകുശുത്തു .
'' ആറളം ഫാമിലെ സമരം വല്ലോം തീരുവോ ''
കുഞ്ഞേപ്പ്  ചോദിച്ചു തീർന്നതും  തൊട്ടു മുൻപിലെ   വളവിൽ പോലീസ് ജീപ്പ് വിലങ്ങനെ നിർത്തിയിട്ടിരിക്കുന്നതു  കണ്ടു നടുറോഡിൽ   ജീപ്പ്  സഡൻ ബ്രേക്ക് ഇട്ട്  നിർത്തിട്ടു    വക്കച്ചനും കൂടെ ഉള്ളവരും കാശുമാം തോട്ടത്തിലെ   പൊന്തക്കാട്ടിലേക്കു   വെടികൊണ്ട  കാട്ടു പന്നിയെപോലെ  ഓടി .കുഞ്ഞേപ്പിനൊരു    എത്തും പിടിയും കിട്ടാതെ കാല് ഭൂമിന്ന് പറിച്ചെടുക്കാൻ പറ്റാതെ  അവിടെ  തന്നെ  അന്താളിച്ചു നിന്നു . പോലീസുകാർ തെറിവിളിച്ചു കൊണ്ട് അങ്ങോട്ടേക്ക് നടന്നു വരുന്നത് എന്തിനാണെന്ന്  മനസിലായില്ലെങ്കിലും  അപ്പോഴാണ് അരയിൽ ഇരിക്കുന്ന വാറ്റു ചാരായതിന്റെ കാര്യം ഓർത്തത് . മുണ്ടിന്റെ ഉള്ളിൽ കൈ ഇട്ടു അരയിലെ കുപ്പി എടുത്തു തൊട്ടടുത്ത ആണിയിലേക്ക് എറിയാൻ നോക്കിയപ്പഴേക്കു ചെകിടത്ത് എസ് ഐയുടെ അടി വീണു .     
'' പോലീസ് ജീപ്പെറിഞ്ഞു പൊളിച്ചിട്ടു പട്ട ചാരായം അടിച്ചു രസിക്കുവാല്ലേടാ നാറി ''
'' ഞാനോ എപ്പോ ''
 ''നിനക്ക് ഞാനറിയിച്ചു താരാടാ നായിന്റെ മോനെ ''
 അതിനു പിന്നാലെ വേറെ ഒരു ഡെസനോളും തെറിയും ഇടിയും . റോഡിൽ നിന്ന്  തുടങ്ങിയ ഇടിയുടെ രൂപവും ഭാവവും ലോക്കപ്പിലെത്തിയപ്പോൾ മാറി .പിന്നെ തലങ്ങും വിലങ്ങും ഇടിയായിരുന്നു .

''ഞാൻ നക്സലെറ്റുവല്ല കമ്മ്യൂണിസ്റ്റുവല്ല കോൺഗ്രസ്സുവല്ല  സാറേ '' 
മരമുട്ടി പോലുള്ള പോലീസുകാരന്റെ ബലിഷ്ഠമായ തൊടകൾക്കു ഇടയിൽ കുടുങ്ങിയ കഴുത്തിട്ടു ഞെരിച്ചുകൊണ്ട്  കുഞ്ഞേപ്പ് വീണ്ടും വീണ്ടും പറഞ്ഞു   

'നീ ഏതു നാറിയാണെന്നു  നിന്നെ ഞാൻ വെളുക്കുമ്പഴേക്കും  അറിയിച്ചു  തരാടാ' എന്ന് പറഞ്ഞായിരുന്നു   നട്ടെല്ലിൽ തുടങ്ങിയ   ഇടിയുടെ മലപ്പടക്കം   അത് മേലദ്വാരവും കടന്നു  പച്ച ഈർക്കലിയുടെ തായമ്പക വരെ എത്തിയത് .  ഇടികൊണ്ടു അവശനായി മൂത്രം മണക്കുന്ന ലോക്കപ്പിന്റെ  തറയിൽ കിടക്കുമ്പോൾ അപ്പുറത്തെ മുറിയിൽ നിന്ന് വക്കച്ചന്റെ നിലവിളിയും പോലീസ് കാരന്റെ അലർച്ചയും കേട്ടു. അന്നാണ് വക്കച്ചൻ  നക്സലേറ്റായിരുന്നെന്നു കുഞ്ഞേപ്പ് അറിഞ്ഞത്  .  ജാമ്യം ഇല്ലാത്ത കേസായിരുന്നതുകൊണ്ടു വിചാരണ തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിലേക്ക്  വിട്ടു .   ജയിലിൽ സോവിറ്റു വർത്തമാനവും , പടയണിയും കിട്ടാണ്ടായപ്പോൾ വക്കച്ചൻ വിപ്ലവത്തെ തള്ളി പറഞ്ഞു,   മനോരാജ്യത്തിലേക്കും മംഗളത്തിലേക്കും  കൂടു മാറി . കമ്മ്യൂണിറ്റായ ജയിൽ വാർഡനുമായുള്ള  ചങ്ങാത്തം കുഞ്ഞേപ്പിനെ കമ്മ്യൂണിസ്റ് പ്രേമിയാക്കി  . ദേശാഭിമാനിയും , ജനയുഗവും അങ്ങനെ കുഞ്ഞേപ്പ് ആദ്യമായി കൈ കൊണ്ട് തൊട്ടു . ആദ്യത്തെ ഒരു വർഷം കുഞ്ഞേപ്പും വക്കച്ചനും പരസ്‌പരം കാണുമ്പഴൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ചീറ്റിയെങ്കിലും പിന്നീട് ജയിലിലേക്ക് വക്കച്ചന്റെ കൂട്ടുകാർ കടത്തി കൊടുത്ത ദിനേശ്  ബീഡിയുടെ പങ്കു പറ്റി രണ്ടു പേരും ഉറ്റ സുഹൃത്തുക്കളായി  .


 ജയിലിനു പുറത്തിറങ്ങിട്ട് രാഘവൻ വൈദ്യരുടെയും  , ഹൈദ്രോസ്‌ വൈദ്യരുടെയും മർമ്മ ശികിത്സാ കേന്ദ്രത്തിൽ മാറി മാറി കിടന്നിട്ടും    മട്ടന്നൂർ പോലീസ് ക്യാമ്പിൽ നിന്നു  കിട്ടിയ    ഇടിയും തൊഴിയും  കുഞ്ഞേപ്പിന്റെ  ശരീരത്തിലും  മനസ്സിലും കറുത്തു   കരുവാളിച്ചു  കിടന്നു . ജയിലിൽ കിടന്നതുകൊണ്ടു  കുഞ്ഞേപ്പിന്റെയും വക്കച്ചന്റെയും   ആറളം ഫാമിലെ സർക്കാർ ജോലി തെറിച്ചു  .വീർപ്പാടത്തെ  ആളുകൾ ഭയത്തോടെ  കുഞ്ഞേപ്പിനെ  നക്സലേറ്റായി  കണ്ടത് കൊണ്ടും , വീട്ടുകാർ കുഞ്ഞേപ്പിനോടുള്ള  വെറുപ്പ് പരസ്യമായി കാണിച്ചതുകൊണ്ടും , ശരീര വേദനകൊണ്ട്  നേരാവണ്ണം മേലനങ്ങിയൊരു പണിയും എടുക്കാൻ മേലാത്തതുകൊണ്ടും   കുഞ്ഞേപ്പ് വക്കച്ചന്റെയൊപ്പം  കീഴ്പ്പള്ളിയിലെ അപ്പുനായരുടെ റബർ തോട്ടത്തിൽ റബർ വെട്ടാൻ കേറി .  അവിടെ റബർ പാല് എടുക്കാൻ വന്ന രണ്ടു ചെറുപ്പക്കാരി  പെണ്ണുങ്ങളുടെ പുറകെ നടന്നു പ്രേമിച്ചു ,വീഴിച്ചു കുഞ്ഞേപ്പും വക്കച്ചനും കുടുംബസ്ഥരായി   .  കുഞ്ഞേപ്പിന്റെ മകൻ  പഠിക്കാൻ മിടുക്കനായിരുന്നതുകൊണ്ടു വക്കച്ചന്റെ മകൻ പ്രീ ഡിഗ്രി തോറ്റ് വാർക്ക  പണിക്കു പോയപ്പോൾ കുഞ്ഞേപ്പിന്റെ   മകൻ ബി എസ് സി നഴ്സിങ്ങും പഠിച്ചു, ഇഗ്ലണ്ടിൽ പോയി. കുഞ്ഞേപ്പിന്റെ കെട്ടിയോൾ  മരിച്ചൊരാണ്ട് തികയുന്നതിനു മുന്നെ   അയാളോടൊരു  വാക്കുപോലും പറയാതെ    മകൻ കൂടെ ജോലി ചെയ്യുന്ന  റൊമാനിയക്കാരിയെ  കെട്ടിയതിന്റെ ചെറിയ  കെറുവ് ഇപ്പഴും കുഞ്ഞേപ്പിനുണ്ട്.


  '' നീ എന്നാലും എന്നോടി ചെയ്തു ചെയ്യരുതായിരുന്നു ''.

 അടഞ്ഞു  കിടന്ന വീടിന്റെ പല തരം ചിത്ര പണികളുള്ള  മര കതകു  താക്കോൽ ഇട്ടു തുറക്കുന്നതിന് ഇടയിൽ കുഞ്ഞേപ്പ് പറഞ്ഞു .

''നിന്നോടാരാ  ഞങ്ങടെ  ജീപ്പിനു  കൈ കാണിക്കാൻ പറഞ്ഞെ''

വക്കച്ചനൊരു  കള്ള ചിരിയും ചിരിച്ചിട്ട് ,അവിടിവിടെയായി   മാറാല പിടിച്ച ഭീതിയിൽ, ചിരിച്ചുകൊണ്ട്  നോക്കി നിൽക്കുന്ന   തിരുഹൃദയത്തിന്റെ കീഴിലെ സോഫ സെറ്റിയിലേക്ക്   ചാഞ്ഞു .
''നിനക്കെന്നോട് പറയാൻ പാടില്ലായിരുന്നോ പോലീസിനെ തല്ലിട്ടു   വരുന്ന വരവാന്നു. ലോക്കപ്പിന്ന് പോലീസിന്റെയിടി മേടിക്കുമ്പോൾ  എനിക്ക് നിന്നെ കൊല്ലാനുള്ള ദേക്ഷ്യം ഉണ്ടായിരുന്നു ''
രണ്ടെണ്ണം ഉള്ളിൽ ചെല്ലുമ്പോൾ പഴയ കാര്യം   ഇടയ്ക്കിടയ്ക്ക് ചികഞ്ഞു വക്കച്ചനെ നാല് തെറി വിളിക്കുന്നത് കുഞ്ഞേപ്പിനു ശീലമാണെന്നു അറിയാവുന്നതുകൊണ്ട് വക്കച്ചൻ വെറുതെ അയാളെ നോക്കി ചിരിച്ചു .
'' നീ   യു കെയ്ക്ക് പോകുമ്പോ നിന്റെ തെറിയിനി ഞാനെങ്ങനെ  കേക്കും ''
'' സാരയില്ലടാ , ഞാൻ നിനക്കുവാട്ട്സാപ്പിൽ അയച്ചു തരാം ''
അത് കേട്ട് വക്കച്ചൻ കുലുങ്ങി ചിരിച്ചു . അപ്പോൾ സെറ്റിയുടെ മുന്നിലെ ഗ്ലാസ്‌  ടേബിളിൽ കിടന്ന സാംസങ്‌   ഫോണിൽ മോനും മരുമകളും ,കുട്ടിയും കെട്ടിപിടിച്ചു ചിരിച്ചോണ്ട് നിൽക്കുന്ന ഫാമിലി  ചിത്രത്തിൽ നിന്ന്   സത്യന്റെ പടത്തിലെയൊരു      വിഷാദ ഗാനം മുഴങ്ങി  . വക്കച്ചൻ ഫോൺ എടുക്കാൻ തുടങ്ങിയപ്പോൾ കുഞ്ഞേപ്പ്  പറഞ്ഞു:
'' വേണ്ട , ഇപ്പ തുടങ്ങും ഉപദേശവും ചോദ്യം ചെയ്യലും ''
വക്കച്ചൻ ഫോൺ തിരിച്ചു ടേബിളിലേക്കു വച്ചിട്ട് പറഞ്ഞു
'' എന്നാലും മക്കളല്ലേടാ ''
''അതെ അതുകൊണ്ടല്ലേ ഞാൻ ഒടുക്കത്തെ  നടുവേദനേം വച്ച്   ചെറിയ കുട്ടിയെ നോക്കാൻ യു കെ യ്ക്ക് വരാന്നു സമ്മയിച്ചേ  ''

അത് പറഞ്ഞിട്ട് തിരിഞ്ഞപ്പോൾ ഇടതുവശത്തെ ഭിത്തിയിൽ ഇരുന്നു പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന മേരിയെ കണ്ടു. അവളുടെ പ്രണയം നിഴലിച്ച നോട്ടം  ചുറ്റി വലിക്കുന്നത്  പോലെ  സ്റ്റില്ലായി കുഞ്ഞേപ്പ്‌ അവളുടെ കണ്ണുകളിലേക്കു നോക്കി  നിന്നു. 
'' നീ  നേരത്തെ പോയില്ലാരുന്നെങ്കിൽ  ഇന്നെനിക്കു  പകരം നീ പോകണ്ട വന്നേനെ ''
അയാൾ പറഞ്ഞിട്ട് പുറം കൈയ്ക്കൊണ്ടു നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട്  അടുക്കളയിലേക്കു നടന്നു . അപ്പോൾ വക്കച്ചൻ പുറകെ വന്നിട്ട് പറഞ്ഞു:
'' നീ ഒന്നുയിനി ഒണ്ടാക്കണ്ട വാ നമ്മക്ക്  വീട്ടീന്ന്  കഴിക്കാം ''
ഒരുപാട് നിർബന്ധിച്ചിട്ടും  കുഞ്ഞേപ്പ് ഇല്ലെന്നു  വാശി പിടിച്ചപ്പോൾ വക്കച്ചൻ  പോകാൻ ഇറങ്ങി. അടുക്കള വശത്തെ ചെറിയ ഗേറ്റിൽ എത്തിയപ്പോൾ എന്തോ ഓർത്തിട്ടെന്നപോലെ തിരിഞ്ഞു നിന്നിട്ടു പറഞ്ഞു
''ചൈനയിലെങ്ങാണ്ട്  കൊറോണ വയറസു ‌ തുടങ്ങിന്ന് ടി വിൽ പറയുന്ന കേട്ടു. ശ്രദ്ധിക്കണം . നീയിപ്പം  പോകണ്ടന്നെ ഞാൻ പറയു  ''

''പിന്നെ പോലീസിന്റെ മൂന്നാം മുറ  നേരിട്ടവർക്കെന്ത് കൊറോണ , പോകാൻ പറ വക്കച്ച ''

കുഞ്ഞേപ്പ്‌ തീരെ കൂസലില്ലാതെ പറയുന്നത് കേട്ട്  വക്കച്ചൻ  ഒന്ന് അമർത്തി മൂളിയിട്ടു ബീഡി ആഞ്ഞു വലിച്ചുകൊണ്ട്   ഗേറ്റ് തുറന്നു  ഇറങ്ങിപ്പോയി .
''ഹലോ കുന്നേപ്പ് , ആർ യു ഒകെ''

മയക്കത്തിന്നു ഞെട്ടി ഉണർന്നു പാരാമെഡിക്കിനെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ടു ,ഇത്ര പെട്ടന്ന് ആശുത്രി എത്തിയോ എന്ന് ചിന്തിച്ചു  ആബുലൻസിന്റെ ഗ്ലാസിലൂടെ പുറത്തേയ്ക്കു നോക്കിയപ്പോൾ കോവിഡ് വാർഡ് എന്നെഴുതി വച്ച ബോർഡ്  കണ്ടു . കോറിഡോറിലേക്കു നോക്കിയപ്പോൾ   ഒറ്റ നോട്ടത്തിൽ അന്യ ഗ്രഹ ജീവികളെ  അനുസ്മരിക്കും പോലെ  വേഷം ധരിച്ച ഏതാനും   വാർഡ് ജീവനക്കാരെ കണ്ടു .

''കുന്നേപ്പ് ''

സീറ്റിൽ നിന്നു  എണിറ്റു വീൽ   ചെയറിൽ  ഇരിക്കാൻ രണ്ടു പ്രാവിശ്യം പാരാമെഡിക്ക്  പറഞ്ഞിട്ടും മനസിലാകാതെ അവളെ   തുറിച്ചു   നോക്കി നിന്നു.  അവൾ  കാര്യം മനസിലായി ചിരിച്ചു കൊണ്ട് ആംഗ്യം കാട്ടിയപ്പോൾ കുഞ്ഞേപ്പിനു കാര്യം  കത്തി .പിന്നേം പിന്നെയുള്ള   കുന്നേപ്പ് വിളി ചെവിയിൽ സൂചിമുന പോലെ കുത്തി നോവിക്കുന്നതുപോലെ ‌ തോന്നിയപ്പോൾ ഞാൻ കുന്നേപ്പ് അല്ല കുഞ്ഞേപ്പാണ്  എന്ന് പറയാൻ അയാളുടെ  നാവിന്റെ തുഞ്ചത്തു  വരെ വന്നെങ്കിലും പെട്ടന്ന് ,  ഇനിയിപ്പോൾ  എങ്ങനെ വിളിച്ചാലെന്താ എന്ന തോന്നൽ  വന്നപ്പോൾ  പറയണ്ടാന്നു വച്ചു.  കുഞ്ഞേപ്പ്  വീൽ ചെയറിൽ ഇരുന്നപ്പോൾ പാരാമെഡിക്ക്    ഉടനെ പോകാമെന്നു ആംഗ്യം കാണിച്ചിട്ട്  പേപ്പറിൽ എന്തോ പൂരിപ്പിച്ചു തീരാൻ ഉള്ളതുപോലെ  തൊട്ടടുത്ത ചെയറിന്റെ  പുറകിൽ ചാരി നിന്ന്   എഴുതാൻ തുടങ്ങി  . രണ്ടാമത്തെ പാരാമെഡിക്കസ്   ആംബുലൻസിന്റെ  പുറകിലെ ഡോർ തുറന്നു  വീൽ ചെയർ ഇറക്കാൻ  റാമ്പ്  സെറ്റു ചെയ്യുന്നതിനിടയിൽ കുഞ്ഞേപ്പ്  തുറന്നു കിടന്ന ജാക്കറ്റിന്റെപോക്കറ്റിൽ മൊബൈല് തപ്പി .  മൊബൈലിന്റെ അരികിലെ ബട്ടണിൽ ഞെക്കിയപ്പോൾ   ചാർജ് തീരാൻ പോയി   മൊബൈൽ   ചക്രശ്വാസം വലിക്കുന്നത്  കണ്ടു മൊബൈൽ ദേക്ഷ്യത്തോടെ   ജാക്കറ്റിന്റെ പോക്കറ്റിലേക്ക്  തിരിച്ചു  ഇട്ടു  . അപ്പോൾ മൂക്കിൽ നിന്ന്   ഊർന്നുപോയ ഓക്സിജൻ ട്യൂബ് കുഞ്ഞേപ്പിനെ വിമ്മിഷ്ട പെടുത്തി . ഉടനെ     പാരാമെഡിക്  വന്നു  അത്  മുകളിലേക്ക്   കയറ്റി വച്ചു . ഇറങ്ങി പോകാൻ ഒരുങ്ങിയ ജീവൻ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നപോലെ  കുഞ്ഞേപ്പ് ബലത്തിൽ ഉള്ളിലേക്ക് രണ്ടു മൂന്നു  തവണ ശ്വാസം എടുത്തിട്ട് പാരമെഡിക്കിനോട്  നേർത്ത ശബ്ദത്തിൽ താങ്ക്സ് പറഞ്ഞു .  അവൾ കുഞ്ഞേപ്പിനെ നോക്കി  പുഞ്ചിരിച്ചതിനു ശേഷം   മറ്റെ പാരാമെഡിക്കിനോട് എന്തോ പ്രധാനപെട്ട ഒരു കാര്യം   പറയാൻ ഉള്ളതുപോലെ  മാറി നിന്ന്  കുശുകുശുത്തു .

''വക്കച്ചനെ  നേരത്തെ വിളിച്ചാ മതിയാരുന്നു ''
കുഞ്ഞേപ്പിനെ ആംബുലസിന്റെ  റാംപിലൂടെ  പാരാമെഡിക്   പുറത്തേക്കു ഇറക്കുമ്പോൾ വീണ്ടും വക്കച്ചന്റെ മുഖം  മനസിലേക്ക്  കയറി വന്നതുപോലെ  അയാൾ  സ്വയം പറഞ്ഞു.

അസെസ്മെന്റ് റൂമിലെ ഒറ്റപ്പെട്ട ഇടുങ്ങിയ ബെഡിൽ  നഴ്സിന്റെ ചെക്കപ്പ്   കഴിഞ്ഞു, ഡോക്ടറുടെ വരവിനായി കാത്തു കിടക്കുമ്പോൾ   കുഞ്ഞേപ്പിന്റെ ജാക്കറ്റിന്റെ പോക്കറ്റിൽ മൊബൈൽ  മുരണ്ടു . ഫോൺ ഇപ്പോൾ   ചാത്തേക്കും  എന്ന ചിന്തയിൽ വെപ്രാളത്തോടെ  അയാൾ ഫോൺ എടുത്തു .
''പറയട വക്കച്ച ''

'' എടാ നായിന്റെ മോനെ നിന്നോട് ഞാൻ പറഞ്ഞതല്ലേ പോകണ്ടാന്നു ''

വക്കച്ചന്റെ കളങ്കയില്ലാത്ത  തെറി കേട്ടപ്പോൾ കുഞ്ഞേപ്പിന്റെ കണ്ണുകൾ  നിറഞൊഴുകി  . അയാൾ ബെഡിനരികിലെ    മേശപുറത്തിരുന്ന ടിഷ്യു പേപ്പറിൽ കണ്ണ് തുടച്ചു . മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു വിങ്ങൽ നെഞ്ചാകെ നിറയുന്നത് അയാൾ അറിഞ്ഞു . ഓക്സിജൻ ട്യൂബ് ഉണ്ടായിട്ടും ശ്വാസകോശത്തിലൂടെ   ശ്വാസം വല്ലാതെ  വലിയുന്നതു പോലെ കുഞ്ഞേപ്പിനു തോന്നി .
''നീ പേടിക്കണ്ടടാ ഞാൻ തിരിച്ചു വരും , നമുക്ക് എന്നിട്ടു ഒന്നിച്ചു ആറളം   ഫാം  കേറണം''
വക്കച്ചൻ എന്തോ പറയാൻ തുടങ്ങിപ്പോൾ ഫോൺ ചത്തു  . ഫോണിൽ ഒന്ന് രണ്ടു തവണ കൂടി ഞെക്കി ജീവൻ വെപ്പിക്കാൻ നോക്കിയിട്ട് പ്രയോജനം ഇല്ലന്ന് കണ്ടു അയാൾ  ദേക്ഷ്യത്തോടെ മൊബൈൽ മേശപുറത്തയ്ക്ക്  എറിഞ്ഞു.

പുറമെ പേടിയില്ലെന്നു ആയിരം വട്ടം പറയുമ്പോഴും ഉള്ളിൽ ചെറുതായി ഭീതിയും സങ്കടവും കനക്കുന്നതുപോലെ കുഞ്ഞേപ്പിനു തോന്നി . എങ്കിലും ഞാനൊരു  പോരാളിയാണെന്ന് ഉള്ളിൽ  ഇടയ്ക്കിടയ്ക്ക്  സ്വയം പറയുമ്പോൾ എന്തോ ഒരു ഊർജം ഉള്ളിൽ  സടകുടഞ്ഞു എണീക്കുന്നതുപോലെ കുഞ്ഞേപ്പിനു തോന്നി . ഇപ്പം രണ്ടെണ്ണം വിട്ടിട്ടു കോറോണയെ  നാല് തെറി പറഞ്ഞാൽ എന്ത് രസമായിരിക്കും എന്നാലോചിച്ചുകൊണ്ട് കർട്ടൻ പാതി വലിച്ചിട്ട  അസ്സെസ്സ്മെന്റ്   മുറിയിൽ നിന്ന് കുഞ്ഞേപ്പ്  തല ഉയർത്തി  ഇടതുവശത്തെ    ഐസൊലേഷൻ വാർഡിലേക്ക്  നോക്കിയപ്പോൾ വാർഡിന്റെ പ്രവേശന ഡോറിലെ സുതാര്യമായ  വട്ട ഗ്ലാസ്സിൽ പറ്റിപ്പിച്ചു നിൽക്കുകയായിരുന്ന  ഒരു  കൊറോണ വൈറസിന്റെ  നോട്ടം കുഞ്ഞേപ്പിന്റെ കണ്ണിൽ ഉടക്കിയത് അയാൾ മാത്രം അറിഞ്ഞു. കുഞ്ഞേപ്പ് തീരെ കൂസലില്ലാത്ത ഒരു  ചിരിപാസാക്കി . അപ്പോൾ കൊറോണ വായിൽ  തള്ളി നിൽക്കുന്ന  കൊമ്പൻ പല്ലുകൾ പുറത്തു  കാട്ടി പേടിപ്പിക്കുന്ന ഒരു ചിരി ചിരിച്ചു  . അത് കണ്ടു കുഞ്ഞേപ്പ്  നാവിൽ  വന്ന  പുളിച്ച നാല്  തെറി  പറഞ്ഞു . അത് കൊറോണയ്ക്കു കൊണ്ടു.  കൊറോണ  കുഞ്ഞേപ്പിനെ കലിച്ചൊന്നു നോക്കിട്ടു പറഞ്ഞു
''നിന്നെകൊണ്ടേ ഞാൻ പോകൂള്ളടാ കള്ള നായിന്റെ മോനെ ''
''നമുക്ക് കാണാടാ''
''ആ കാണാം ''
കുഞ്ഞേപ്പ് തോൽക്കാൻ തയ്യാറല്ലാത്തയൊരു  നക്സലേറ്റിനെ പോലെ രണ്ടും കൽപ്പിച്ചു   അരയും തലയും മുറുക്കിയൊരു  ഉറച്ച  പോരാട്ടത്തിന് തയ്യാറായി.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക