Image

ജാതി വിവാഹത്തില്‍ (മാനസി)

Published on 11 October, 2020
ജാതി വിവാഹത്തില്‍ (മാനസി)
ജാതിയും വിവാഹവും തമ്മിലെന്താണ് ബന്ധം? പുരോഗമന പ്രസ്ഥാനത്തിന്റെ വക്താക്കളായ വിലസുന്ന പലരും- പവനനും ബാലചന്ദ്രന്‍ ചുള്ളിക്കാടുമടക്കം - മിശ്രവിവാഹം ഒരു പുരോഗമന മാനദണ്ഡമായി സംസാരിച്ചു കണ്ടിട്ടുണ്ട്. അന്നൊക്കെയും മനസ്സിലുയര്‍ന്ന ഒരു ചോദ്യമായിരുന്നു ഇത്.

വിവാഹം കഴിക്കുമ്പോള്‍ ജാതി നോക്കുന്നത് നല്ലതാണെന്ന് നാരായണ പിള്ളയും അതുപോലെത്തന്നെ ബുദ്ധിയുള്ള നാട്ടാരും പറയും. ബൂര്‍ഷ്വയുടെ മുഖമുദ്രയാണ് ജാതി വിശ്വാസമെന്നും അത് തട്ടിത്തകര്‍ത്തു കുടുംബത്തിനകത്തെങ്കിലും ഒരു ക്ലാസ്സ്‌ലെസ്സ്, കളര്‍ലെസ്, കാസ്റ്റ്‌ലെസ് സമൂഹം കെട്ടിപ്പടുക്കണമെന്ന് പുരോഗമന വക്താക്കളും പറയും.

എനിക്കീ രണ്ടുപക്ഷത്തും നില്‍ക്കാന്‍ വയ്യ. കാരണം കല്യാണം കഴിക്കാന്‍ രണ്ടുപേര്‍ തീരുമാനിച്ചാല്‍ (അറേയ്ന്‍ജഡ് ആയാലും ലൗവ് ആയാലും കണക്കൊന്നുതന്നെ) അവര്‍ക്കു തമ്മില്‍ സ്വഭാവംകൊണ്ട് എത്ര യോജിപ്പുണ്ടെന്നുള്ളതാണ് കുറച്ചുകാലമെങ്കിലും തട്ടും മുട്ടുമില്ലാതെ ജീവിച്ചുപോകാനുള്ള ഒരു വഴി, എന്നാണ് എന്റെ തോന്നല്‍

ജാതിയെന്തായാലും ജാതകം ചേര്‍ന്നാല്‍ മതി എന്നൊക്കെയുള്ള ഒരുവഴിയാവും ചിലപ്പോള്‍ ഇത്. കാരണം ഈയിടെ എനിക്ക് വളരെ പരിചയമുള്ള ഒരു ജോത്സ്യന്‍ പറഞ്ഞത്. ജാതകത്തില്‍ നിന്ന് (അത് ശരിയാണെങ്കില്‍) ഒരാളുടെ സ്വഭാവം കുറെയൊക്കെ പിടികിട്ടുമെന്നാണ്. അങ്ങനെയെങ്കില്‍ കുറെയൊക്കെ ഒന്ന് ഒപ്പിച്ചു നോക്കാമല്ലോ.

ജാതി ഒന്നായിട്ട് കാര്യമില്ല. ചിരവയും ചപ്പാത്തിക്കോലുമായി ഭര്‍ത്താക്കന്മാരെ ജീവിതത്തിലും എന്തിന് സ്വപ്നത്തില്‍പോലും കിടുകിടാ വിറപ്പിക്കുന്ന, ജാതിയില്‍ വിഭാഗ വ്യത്യാസമില്ലാത്ത കുലീന വീട്ടമ്മമാരെപ്പറ്റി എനിക്കും നിങ്ങള്‍ക്കുമറിയാം. ജാതിയും തറവാട്ടു മഹിമയും ഒന്നായിട്ടും കള്ളിന്റെ (ചാരായം, വിദേശമദ്യം എല്ലാം ഇതില്‍ പെടും) സ്വാധീനമെന്ന ഒഴികഴിവില്‍ ഭാര്യമാരെ അടിക്കുകയും തൊഴിക്കുകയും കൂട്ടിക്കൊടുക്കുകവരെയും ചെയ്യുന്ന ഐ.എ.എസ് വല്ലഭന്മാരേയും നിങ്ങള്‍ക്കും എനിക്കും അറിയാം. അതിനാല്‍ ജാതി ഒന്നായതു കൊണ്ടൊരു കാര്യവുമില്ല.

ഇനി മറിച്ചായാലോ? കല്യാണം കഴിഞ്ഞയുടനെയുള്ള ആവേശവും പരക്കം പായലും ഒക്കെ തീരുമ്പോള്‍ തുടങ്ങുകയായി. 'നിന്റെ കൂട്ടരും' “നിങ്ങളുടെ കൂട്ടരും” നടത്തുന്ന ചീത്തത്തരങ്ങളെക്കുറിച്ചുള്ള പരാതികള്‍. വിപ്ലവ പ്രസംഗമല്ലല്ലോ വീടുകൊണ്ടു നടത്തല്‍. വ്യക്തിപരമായ ചില്ലറ ഇഷ്ടാനിഷ്ടങ്ങള്‍, പരസ്പരം ഉപയോഗിക്കുന്ന ഭാഷ, വാക്കുകള്‍ തുടങ്ങി തലമുറകളായി ഓരോരുത്തരിലും നാമറിയാതെ നിക്ഷിപ്തമാകുന്ന ചില അഭിരുചികള്‍ വരെ വഴക്കിനും വക്കാണത്തിനും കാരണമാവും.

മതം വ്യത്യസ്തമെങ്കില്‍ പിന്നെ, രണ്ടുമതത്തിലേയും ദൈവങ്ങളും., സൂത്രക്കാരായ മനുഷ്യര്‍ ദൈവങ്ങള്‍ പറഞ്ഞതായി എഴുതിവച്ചിട്ടുള്ള സുഭാഷിതങ്ങളും വഴക്കിനു കാരണമാവും. സ്വന്തം മതത്തിനോട് അന്നുവരെയില്ലാത്ത സ്‌നേഹം ഓരോരുത്തര്‍ക്കും തുടങ്ങും. എന്തിന് നിരീശ്വരവാദികള്‍ ഈശ്വര ഭക്തിമൂത്ത് ശബരമലയില്‍ വരെ പോയ സംഭവങ്ങളുണ്ട്.

മാത്രമോ, അതോടെ തുടങ്ങുകയായി മക്കളുടെ മേലുള്ള വടംവലി. മക്കള്‍ക്ക് ഏതു ഭാഷ, (പഞ്ചാബി? മലയാളം?)ഏതുമതം (ക്രിസ്തുവോ കൃഷ്ണനോ?) ഏതുരാഷ്ട്രീയ പാര്‍ട്ടി (ബി.ജെ.പി, കമ്മ്യൂണിസ്റ്റ്?) എന്നിവയിലെല്ലാം വടംവലിയാവും.

പുരോഗമനത്തിന്റെയും ആധുനികചിന്തയുടേയും നാന്ദിയായ, സൂചകമായ മിശ്രവിവാഹം പാറക്കല്ലിലിടിച്ച തോണിപോലെ വിള്ളും. തോണിക്കുള്ളില്‍ ‘ക്ലാസ്സ്‌ലെസ്’, ‘കാസ്റ്റ്‌ലെസ്’ ആയ സര്‍വ്വവ്യാപിയായ വിദ്വേഷത്തിന്റെ വെള്ളം പതുക്കെ നിറയാന്‍ തുടങ്ങും.

വിവാഹവും, സ്ത്രീ പുരുഷ ആകര്‍ഷണവും രണ്ടും രണ്ടാണ്. എന്നാല്‍ പരമ്പരയായി നമ്മള്‍ വെറും സൗകര്യത്തിന് രണ്ടും കൂടി കൂട്ടിക്കെട്ടുകയാണ് പതിവ്. കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി ഉണ്ടാക്കിയ, കുട്ടികളെ വളര്‍ത്തുന്നതില്‍ അമ്മയും അച്ഛനും പങ്കാളികളാവണമെന്നു സമൂഹം ശഠിച്ചുണ്ടാക്കിയ ഒരുസംവിധാനം - കൃത്രിമ സംവിധാനം ആണ് വിവാഹം.

സ്ത്രീപുരുഷാകര്‍ഷണവും തുടര്‍ന്നുള്ള ലൈംഗികബന്ധവും തികച്ചും പ്രകൃതി ദത്തവും സ്വാഭാവികമായതുമാണ്. പരസ്പര ആകര്‍ഷണവും വിവാഹവും പലപ്പോഴും പ്രവര്‍ത്തിക്കുന്നത് വിപരീത ദിശകളിലായിരിക്കാന്‍ സാദ്ധ്യതകളുണ്ട്. ഒരു സ്ത്രീക്ക് ശാരീരിക ആകര്‍ഷണം തോന്നുന്ന സുമുഖനായ പുരുഷന് അവള്‍ക്ക് ചെല്ലുംചെലവും കൊടുക്കാനുള്ള കഴിവുണ്ടായിരിക്കണമെന്നില്ല. ചെല്ലും ചെലവും കൊടുക്കണമെന്നത് സമൂഹം വിധിച്ച നിയമമാണ്പ അങ്ങനെ പ്രകൃതി വിധിച്ചിട്ടുമില്ല.

ഇത് മറിച്ചും ശരിയാണ്. പുരുഷനെ പ്രലോഭിപ്പിക്കുംവിധം സുന്ദരിയായ ഒരു സത്രീക്ക് കുടുംബം പോറ്റാനുള്ള ചുമതലാബോധം ഉണ്ടായിരിക്കണമെന്നില്ല. ശാരീരികമായും എന്തിന് ബുദ്ധിപരമായിപോലും പരസ്പരാകര്‍ഷണം തോന്നുന്ന സ്ത്രീപുരുഷന്മാരുടെ സ്വഭാവ പ്രത്യേകതകള്‍ പരസ്പരം ഇണങ്ങിക്കൊള്ളണമെന്നില്ല.

സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ ഇവിടെയാണ് തുടങ്ങുന്നത്. രണ്ടു വ്യക്തികള്‍ എന്ന നിലയില്‍ ഇവരുടെ ഇഷ്ടാനിഷ്ടങ്ങള്‍, അഭിരുചികള്‍ എല്ലാം തികച്ചും വ്യത്യസ്തമാകാം. കൂടെക്കിടക്കുമ്പോഴല്ലേ രാപ്പനി അറിയൂ എന്നു പറഞ്ഞതുപോലെ ഒരു മേല്‍പ്പുരക്കു കീഴില്‍ ജീവിക്കുമ്പോഴാണ് ഇത്തരം ചേര്‍ച്ചക്കേടുകള്‍ വ്യക്തമാവുക.

ഇവിടെ, ജാതി ഒന്നായതുകൊണ്ടോ വേറെയായതുകൊണ്ടോ ഒരു പ്രയോജനവുമില്ല. സാമൂഹ്യമോ സാമ്പത്തികമോ ആയ കാരണങ്ങള്‍, മക്കളെ വളര്‍ത്തല്‍, സ്വത്ത് നേടല്‍, ധനപരമായ സൗകര്യം. ഒരാളുടെമേല്‍ മറ്റേ ആള്‍ക്കുള്ള സാമ്പത്തിക ആശ്രിതത്വം തുടങ്ങിയവ മൂലം തട്ടിയും മുട്ടിയും ഒരു ബന്ധം നിര്‍വീര്യവും നിസ്‌തേജവുമായി ‘മുന്നോട്ടു’ പോയേക്കും. ആകര്‍ഷണങ്ങള്‍ക്കും വൈകാരിക സ്വരച്ചേര്‍ച്ചകള്‍ക്കും അടിമപ്പെട്ട് സൗകര്യമുള്ളവര്‍ (പുരുഷനായാലും സ്ത്രീയായാലും)വിവാഹത്തിനു പുറത്ത് ബന്ധങ്ങള്‍ കണ്ടെത്തിയെന്നുവരും. അവയൊക്കെ സമൂഹാനുവാദമുള്ള, നിയമക്കുരുക്കുകളില്‍പ്പെടാന്‍ ഇടയാക്കിയേക്കാവുന്ന വിവാഹമെന്ന പ്രസ്ഥാനത്തിനുവേണ്ടി അതിശക്തമായി ഒളിപ്പിച്ചു വച്ചെന്നു വരും. സമൂഹത്തിന്റെ ആവശ്യത്തിനുവേണ്ടി സൗകര്യപൂര്‍വ്വം വളച്ചൊടിച്ച പ്രകൃതിവാസനയില്‍ അധിഷ്ഠിതമായ സദാചാരം പല്ലുകടിച്ചും ശപിച്ചും തലമാന്തിക്കീറിയും നിലനിര്‍ത്തിയെന്നുവരും.

നമ്മുടെ വിവാഹക്കരാറുകളില്‍ പരസ്പരധാരണയും പരസ്പരം വ്യക്തിത്വങ്ങളെക്കുറിച്ചുള്ള അറിവും തികച്ചും തുച്ഛമാണ്. അങ്ങനെയൊന്ന് അറേയ്ഞ്ച്ഡ് കല്യാണങ്ങളില്‍ ആലോചിക്കാറേയില്ല. തറവാടും ജാതിയും മതവും സ്റ്റാറ്റസും ഒക്കെയാണല്ലോ അളവുകോലുകള്‍. അതിനാല്‍ പരമ്പരാഗതമായ ഈ അളവുകോലുകള്‍ മാനിക്കാതെയുള്ളതെന്തും പുരോഗനമാകുന്നു എന്ന ധാരണയുണ്ട്. അതിനാല്‍ മിശ്രവിവാഹം പുരോഗമനമാകുന്നു! പക്ഷേ സ്വഭാവത്തിന്റെ ചേര്‍ച്ചകള്‍ അവിടെയും ബോധപൂര്‍വ്വം പങ്കാളികള്‍ നോക്കാറില്ല.

വേശ്യകളെ വിവാഹം കഴിച്ചും അന്യജാതിമതസ്ഥരെ വിവാഹം കഴിച്ചും പുരോഗമനം കൊണ്ടുവരാമെന്ന ബാലിശമായ കാല്‍പനികത കൗമാരപ്രായമെത്താത്ത ബാലികാബാലന്മാരുടെ വിവാഹമെന്ന കാല്‍പ്പനിക സങ്കല്‍പ്പത്തിന് മാത്രമേ യോജിക്കൂ. അത്യന്തികമായി ഒരു വിവാഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്താണെന്ന് ഒന്നുതിരിഞ്ഞു നിന്ന് വിവാഹിതരോടു ആലോചിച്ചാല്‍ അവര് പറഞ്ഞു തരും ജാതി കണക്കിലെടുക്കുന്നതും എടുക്കാതിരിക്കുന്നതും ദാമ്പത്യത്തില്‍ എത്ര അപ്രധാനമാണെന്ന്.

ജാതിയില്‍ക്കൂടെ വിപ്ലവം വരാത്തതുപോലെ തന്നെയാണ് ജാതി മാറി വിവാഹം കഴിക്കുന്നത് പുരോഗമന മാനദണ്ഡമാകാത്തതും. ജാതി നോക്കാതെയുള്ള ഇടപെടലുകള്‍ ജാതിയെ തിരസ്‌ക്കരിക്കലാവാം. അത് ജീവിതത്തില്‍ ശരിയായ സമീപനമാണ് താനും. എന്നാല്‍ വിവാഹവിജയത്തിന് ഇത് ഒരു മാനദണ്ഡമല്ല. ഇതു-പറയുന്നവര്‍ വിവാഹത്തെ ഭൗതികമായ, ഉപരിപ്ലവമായ ഒരുകരാറായി കണക്കുകൂട്ടുന്ന മൂല്യബോധത്തെ, പാരമ്പര്യത്തെ അര
ക്കിട്ടുറപ്പിക്കുകയാണ് ചെയ്യുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക