Image

റോസാലിൻഡിന്റെ പിന്മുറക്കാർ പകരം വീട്ടിയപ്പോൾ (ഷിബു ഗോപാലകൃഷ്ണൻ)

Published on 11 October, 2020
റോസാലിൻഡിന്റെ പിന്മുറക്കാർ പകരം വീട്ടിയപ്പോൾ (ഷിബു ഗോപാലകൃഷ്ണൻ)
ജനിതകഘടനയെ ഫോട്ടോഷോപ്പ് ചെയ്തു ലോകത്തെ മാറ്റിമറിക്കാൻ പോകുന്ന ജൈവവിദ്യ കണ്ടുപിടിച്ചതിനു രണ്ടു വനിതകൾ നൊബേൽ സമ്മാനം പങ്കിട്ടപ്പോൾ റോസാലിൻഡ് ഫ്രാങ്ക്ലിന്റെ ആത്മാവ് തീർച്ചയായും ആനന്ദിച്ചിരിക്കണം.

ജനിതകത്തിന്റെ തന്മാത്രാഘടന എന്ന കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ഉജ്ജ്വലമായ കണ്ടുപിടിത്തത്തിനു മൂന്നു ആണുങ്ങൾ നിരന്നുനിന്നു 1962ൽ നോബൽ സമ്മാനം വാങ്ങിയപ്പോൾ റോസാലിൻഡ് ഇംഗ്ലണ്ടിലെ വില്ലിസ്‌ഡൻ സിനഗോഗിലെ സെമിത്തേരിയിൽ അന്ത്യനിദ്രയിലായിരുന്നു. മനുഷ്യരാശിയുടെ തലവര മാറ്റാൻ പോകുന്ന കുതിച്ചുചാട്ടത്തിന്റെ അഭിനന്ദനവേദിയിൽ, ലോകംമുഴുവൻ എഴുന്നേറ്റു നിന്നു കൈയടിക്കുമ്പോൾ, ആരാലും പരാമർശിക്കപ്പെടാതെ, ആരാലും വാഴ്ത്തപ്പെടാതെ ഒരു ഫുട്നോട്ടിൽ ഒതുങ്ങിപ്പോയ അജ്ഞാതപ്രതിഭ ആയിരുന്നു റോസാലിൻഡ്. തന്റെ എക്സ്റേ പരിശ്രമങ്ങൾ ഈ കണ്ടെത്തലിനു ഉപയോഗിക്കപ്പെട്ടു എന്നതു പോലുമറിയാതെയാണ് 37മത്തെ വയസ്സിൽ റോസാലിൻഡ് ക്യാൻസറിനു കീഴടങ്ങിയത്.

ലണ്ടനിലെ കിങ്‌സ് കോളേജിൽ ഡിഎൻഎയുടെ എക്സ്റേ ചിത്രം എടുക്കുന്നതിനുള്ള ഗവേഷണത്തിലായിരുന്നു റോസാലിൻഡ്. ഈശ്വരവിശ്വാസികളായിരുന്ന മാതാപിതാക്കളുടെ ആഗ്രഹത്തിനു വഴങ്ങി വീട്ടമ്മയാവാതെ ശാസ്ത്രത്തിൽ വിശ്വസിച്ചു ജീവന്റെ രഹസ്യം കണ്ടെത്താൻ കേംബ്രിഡ്ജിലെത്തിയ അവർ പിഎച്ച്ഡിക്ക് ശേഷം എക്സ്റേ ക്രിസ്റ്റലോഗ്രഫിയിലേക്കു തിരിഞ്ഞു. സഹഗവേഷകനായിരുന്ന മൗറീസ് വിൽക്കിൻസനുമായി ഒത്തുപോവുക പ്രയാസമായിരുന്നു. എന്നിട്ടും റോസാലിൻഡ് മുന്നേറി. എക്സറേ ഡിഫ്രാക്ഷൻ ഉപയോഗിച്ച് ഒടുവിൽ ഡിഎൻഎയുടെ ചിത്രം പകർത്തി. "ഫോട്ടോ 51" എന്നറിയപ്പെട്ട ആ ചിത്രം എടുക്കാൻ നൂറു മണിക്കൂറും നീണ്ട വിശകലനത്തിനൊടുവിൽ ഇരട്ട ഗോവണിയെന്ന നിഗമനത്തിലെത്താൻ ഒരു വർഷവും വേണ്ടിവന്നു.

അതേസമയം മറ്റൊരിടത്ത് ജെയിംസ് വാട്സനും ഫ്രാൻസിസ് ക്രിക്കും ജനിതക ഘടനയുടെ മോഡലുകൾ ഉണ്ടാക്കി തളർന്നിരുന്നു. ഓരോ മോഡലും പരാജയപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ, വിൽക്കിൻസൺ റോസാലിൻഡ് അറിയാതെ 51മത്തെ ഫോട്ടോ വാട്ട്സന് കാണിച്ചുകൊടുത്തു. അവർ തട്ടിത്തടഞ്ഞു നിന്ന കണ്ടെത്തലിലേക്കുള്ള പ്രവേശനകവാടമായിരുന്നു അത്. വാട്ട്സനും ക്രിക്കും ഡബിൾ ഹെലിക്‌സെന്ന ജനിതകരഹസ്യം വിശദീകരിക്കുന്ന പ്രബന്ധം 1953ൽ പ്രസിദ്ധീകരിച്ചു. റോസാലിൻഡും അതെ നിഗമനം വിശദീകരിക്കുന്ന പ്രബന്ധം അതേവർഷം പ്രസിദ്ധീകരിച്ചെങ്കിലും വൈകിപ്പോയി. 1958ൽ എക്സറേയുടെ അമിതമായ ഉപയോഗത്താൽ ആണെന്നു പറയപ്പെടുന്നു 37മത്തെ വയസ്സിൽ റോസാലിൻഡ് ക്യാൻസറിനു കീഴടങ്ങി. 1962ൽ വാട്ട്സനും ക്രിക്കും വിൽക്കിൻസണും ഈ കണ്ടെത്തലിനു നൊബേൽ പങ്കിട്ടു.

അതിനുശേഷം ജനിതകരഹസ്യത്തിന്റെ ഉരുക്കഴിക്കുന്ന, കുരുക്കഴിക്കുന്ന, മറ്റൊരു കാൽവെയ്പ്പിനു റോസാലിൻഡിന്റെ പിന്മുറക്കാരായ രണ്ടു വനിതകൾ അതേ വേദിയിൽ പകരം വീട്ടിയിരിക്കുന്നു. അവർക്ക് അഭിനന്ദനങ്ങൾ

റോസാലിൻഡിന്റെ പിന്മുറക്കാർ പകരം വീട്ടിയപ്പോൾ (ഷിബു ഗോപാലകൃഷ്ണൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക