Image

ഗൃഹാതുരത (ഷുക്കൂർ ഉഗ്രപുരം)

Published on 14 October, 2020
ഗൃഹാതുരത (ഷുക്കൂർ ഉഗ്രപുരം)
സിഗ്സാഗ് രൂപേണ
പറന്ന് വന്ന്
ഗ്രൗണ്ടിലെ
ഉണങ്ങിയ തെങ്ങിൽ
360 ഡിഗ്രി
വൃത്തത്തിൽ
കൂടൊരുക്കുന്ന
മരങ്കൊത്തിപ്പക്ഷി
ഇപ്പോഴുമതിലെ
പറക്കാറുണ്ടോ ?
ഉങ്ങിലുണ്ടായിരുന്ന
കൈലാറ്റപ്പക്ഷിയുടെ
കൂട് അതിലുണ്ടോ ?
തെക്കേ മാവിലെ
കാക്കക്കൂട്ടിൽ
കുഴിൽ മുട്ടയിടാൻ
വരാറുണ്ടോ?
നാം കുളിക്കുന്ന
കടവിലെ
വാഗ മരക്കൊമ്പിൽ
സൂത്രം
പാർത്തിരുന്ന്
വെള്ളത്തിലൂളിയിട്ട്
മത്സ്യവുമായി
പറന്നുയരുന്ന
നീലപ്പൊൻമ ഇപ്പോഴും
മുങ്ങാൻ കുഴിയിടാറുണ്ടോ?
ഇപ്പോൾ
പുഴയിലിറങ്ങുമ്പോൾ
പരൽമീനും കല്ലങ്കാരിയും
കാലിൽ കൊത്താറുണ്ടോ?
നമ്മുടെ
നടവഴിക്കരികിലുള്ള
കെട്ടിക്കിടക്കുന്ന
വെള്ളത്തിലിപ്പോഴും
പച്ച വർണ്ണത്തിലുള്ള
തവളയുണ്ടോ ?
മുറ്റത്ത് ചിരട്ടയിൽ
മണ്ണപ്പം ചുട്ടുകളിക്കുന്ന
കുട്ടികളും
കുട്ടിപ്പുരയിൽ
അച്ഛനുമമ്മയും
കളിക്കുന്ന കൂട്ടുകാരും
അവധി തുടങ്ങിയാൽ
കെട്ടിമറച്ച കടകളിൽ
മിഠായിക്കച്ചവടം
നടത്തുന്ന കുട്ടി
ബിസിനസുകാരും
നീളൻ വള്ളികൊണ്ട്
ബസ്സാക്കി മാറ്റി
കൂട്ടയോട്ടം നടത്തുന്ന
കൂട്ടങ്ങളും
നാട്ടിൻ
പുറക്കാഴ്ച്ചകളിൽ
നീ കാണാറുണ്ടോ?
പമ്പരവും ഓലപ്പന്തും
കുട്ടിയും പറയും
കോട്ടിയും കൊത്തങ്കല്ലും
ഇന്നും വിനോദങ്ങളിലെ
രാജാവ് തന്നെയാണോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക