Image

അക്കിത്തം , അക്ഷരവെളിച്ചം (സാരംഗ് സുനിൽകുമാർ)

Published on 15 October, 2020
അക്കിത്തം , അക്ഷരവെളിച്ചം (സാരംഗ് സുനിൽകുമാർ)
ഇനി തുറക്കാത്ത കൺകളിൽ മലയാളത്തിന്റെ മഹാകവി മയങ്ങിയിരിക്കുന്നു. പകരം വെക്കാനില്ലാത്ത അക്ഷര വെളിച്ചം , ജ്വലിച്ചു നിന്ന ജ്ഞാനസൂര്യൻ , വാക്കുകൾ കൊണ്ട് സാഹിത്യത്തെ സമ്പന്നമാക്കിയ ഇരുപതാം നൂറ്റാണ്ടിന്റെ കവി , വിശേഷണങ്ങൾ അനവധിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരിയെന്ന മലയാളത്തിന്റെ മഹാകവിക്ക്

മലയാള ഭാഷയ്ക്ക് അതിന്റെ ചരിത്രത്തിലെ ആറാമത്തെ ജ്ഞാനപീഠം പുരസ്‌കാരം നേടി കൊടുത്ത കവി മാത്രമല്ല , അക്കിത്തം അച്യുതൻ നമ്പൂതിരി. മലയാള കവിതയിൽ മാനവികതയുടെ ശബ്ദം മാറ്റുരച്ച കവി കൂടിയാണ് അക്കിത്തം.

ആ വിശ്വ പ്രസിദ്ധമായ നാലു വരിയുണ്ടല്ലോ ,

"ഒരു കണ്ണീർക്കണം മറ്റു
ള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി
ലായിരം സൗരമണ്ഡലം"

ഈ വരികളിൽ തെളിഞ്ഞു നിൽപ്പുണ്ട് അക്കിത്തത്തിലെ അക്ഷര സ്നേഹിയേക്കാൾ ജ്വലിച്ചു നിൽക്കുന്ന മനുഷ്യ സ്നേഹിയുടെ മുഖം.

അതിഥികളായ്‌ നാം വന്ന ഭൂമിയിൽ , അനേകർക്ക് ശേഷം നാമെത്തിയ അനേകരെ വിട്ടു ഒരിക്കൽ നാം തിരിച്ചു പോകേണ്ടി വരുന്ന  ഈ ഭൂമിയിൽ , ക്ഷണികമായ നമ്മുടെ ജീവിത ദർശനത്തെ കുറിച്ചു നമ്മുക്കുണ്ടാകേണ്ട ഏറ്റവും വലിയ തത്വചിന്തയാണ് അക്കിത്തം ഈ വരികളിൽ കുറിച്ചു വെച്ചത്.

അപര ദുഃഖത്തിന്റെ മഹാ സമുദ്രങ്ങളിലേക്ക് നോക്കി കവി കുറിക്കുമ്പോൾ അപരൻ തന്നിൽ നിന്നൊട്ടും വേറെയല്ലെന്നും അപരനും താനുമൊക്കെയുൾക്കൊള്ളുന്ന വസുദൈവ കുടുംബത്തിൽ സ്നേഹമാകണം മറ്റെന്തിനെക്കാളും പങ്കു വെക്കപ്പെടുന്നയൊന്നെന്ന് കവി ആശിക്കുന്നു.

അപരന് വേണ്ടി രണ്ടു രണ്ടു തുള്ളി കണ്ണീർ പൊഴിച്ചു അപരനുമായി ഐക്യപ്പെടുമ്പോൾ അപരദുഃഖം മാഞ്ഞുപോകുന്നതിനൊപ്പമോ ഏറെയൊ കവി തന്നിലപ്പോൾ നിറയുന്ന സന്തോഷത്തെ നോക്കി കാണുന്നു.  സ്നേഹവും അപരനുമായുള്ള ഈ ഐക്യപ്പെടലുമാണ് ആത്യന്തികമായി മനുഷ്യർ നേടേണ്ടതും , പങ്കു വെക്കേണ്ടതുമെന്ന ലോകോത്തരമായ തത്വചിന്ത ഇത്ര ലളിതമായി മറ്റേതെങ്കിലും കവികൾ , ചിന്തകൾ ലളിത വാക്യത്തിൽ , വരിയിൽ ലോകത്തു മറ്റെവിടെയെങ്കിലും പറയപ്പെട്ടിട്ടുണ്ടോ എന്നു സംശയമാണ്.

വാക്കുകളെ , വരികളെ സാഹിത്യപരമായി എന്ന പോലെ തന്നെ ആത്മീയപരമായും , ഭൗതീകപരമായുമുള്ള മനുഷ്യരിൽ ഉണ്ടാക്കപ്പെടെണ്ട വികാസങ്ങൾക്ക് തന്റെ കവിതകൾ കാരണമാകണമെന്ന അതിശക്തമായ ഉൾപ്രേരണ കവിക്ക് ഉണ്ടായിരുന്നു എന്ന് ഇതിൽ നിന്നു നിരൂപീക്കാവുന്നതാണ്.

മാനവികതയെ മലയാള കവിതയിൽ ഇങ്ങനെ അവതരിപ്പിച്ച മറ്റൊരു കവി വേറെയില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ മാത്രമല്ല , ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കൂടി കവിയാണ് അക്കിത്തം.
മലയാള കവിതയിൽ നൂറ്റാണ്ടിലെ മഹാത്ഭുതമായി നാം കണ്ട കവി. ഈ മഹത്തരമായ കവിതാ ശൈലിയാണ് അദ്ദേഹത്തെ മലയാളത്തിന്റെ "മഹാകവി" എന്ന നിലയിലേക്ക് ഉയർത്തിയത്.

അക്കിത്തം ഓമ്മയാകുമ്പോൾ ആ "കാലഘട്ടത്തിന്റെ" കവികളിൽ ഇനിയാരും അധികം ബാക്കിയില്ല.

അക്കിത്തത്തിന്റെ സമകാലികരായിരുന്നവരെല്ലാം വിട വാങ്ങിയിരിക്കുന്നു. ഒ എൻ വി യും , എൻ വി കൃഷ്ണ വാര്യരും , വൈലോപ്പിളിയും , ചങ്ങമ്പുഴയും , മാധാവിക്കുട്ടിയും , ലളിതാംബിക അന്തർജനവുമൊക്കെ നിറഞ്ഞു നിന്നിരുന്ന മലയാള സാഹിത്യത്തിന്റെ സുവർണ്ണ കാലത്തെ കവിയാണ് അക്കിത്തം.
മഹാകവി വിടവാങ്ങുമ്പോൾ ആ കാലഘട്ടം കൂടി പൂർണ്ണമാവുകയാണ്.

അക്കിത്തം കുറിച്ച സ്നേഹത്തെ കുറിച്ചുള്ള ആ വരിയില്ലെ ,
ആ വരിയിലാണ് ലോകം ഇനിയേറെ പഠിക്കാനുള്ളത്.

"നിരുപാധികമാം സ്നേഹം
ബലമായി വരും ക്രമാൽ
ഇതാണഴകി ,തേ സത്യം
ഇത് ശീലിയ്ക്കൽ ധർമ്മവും "

ഈ സ്നേഹ ചിന്തയാണ് ലോകം വരും കാലങ്ങളിൽ മറന്നു പോകാതിരിക്കേണ്ടത്. പിടിച്ചു വാങ്ങാനും , പിടിച്ചു പറിക്കാനും പറ്റാത്ത ,  പങ്കുവെക്കാനും പങ്കു കൊള്ളാനും മാത്രം പറ്റുന്ന ഒന്നാണ് സ്നേഹം.

സ്നേഹമാണ് ലോകത്തെ സുന്ദരമാക്കുക. അതിരുകൾ മാഞ്ഞു പോകവുകയും , വരമ്പുകൾ കാണാതാവുകയും ചെയ്യുക സ്നേഹം ഒഴുകുമ്പോളാണ്.

ആ സ്നേഹത്തെ , വിശ്വ മാനവികതയെ കുറിച്ച കവിയാണ് അക്കിത്തം.

അക്കിത്തം കടന്നു പോകുമ്പോളും മഹാകവിയെ നാം മറക്കാതെയോർക്കാൻ വരും കാലത്തെ കാരണവും ഇത് തന്നെയാവും.

അക്കിത്തം അച്യുതൻ നമ്പൂതിരി എന്ന മലയാള ജ്ഞാനസൂര്യന് ശിരസ്സ് നമിച്ചു കൊണ്ട് പ്രണാമം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക