Image

അക്കിത്തത്തിന്റെ വേര്‍പാടില്‍ കെ എച്ച് എന്‍ എ അനുശോചിച്ചു

പി. ശ്രീകുമാര്‍ Published on 16 October, 2020
അക്കിത്തത്തിന്റെ വേര്‍പാടില്‍ കെ എച്ച് എന്‍ എ  അനുശോചിച്ചു
ഫിനിക്‌സ്: വേദ സാഹിത്യത്തിന്റെ ധര്‍മ്മ സന്ദേശം തന്റെ രചനകളിലൂടെ പ്രതിഫലിപ്പിച്ച സാഹിത്യകാരനെയാണ് മഹാകവി അക്കിത്തത്തിന്റെ വിയോഗത്തോടെ നഷ്ടമായതെന്ന് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക.

മലയാള സാഹിത്യരംഗത്ത് രാമാനുജനെഴുത്തച്ഛന്റെ സര്‍ഗ്ഗ പാരമ്പര്യം നിലനിര്‍ത്തിപ്പോന്ന മഹാകവികളെ പ്രതിധാനം ചെയ്ത്, അവരുടെ ദീപ്തമായ സ്മരണ  കേരളമനസ്സില്‍ ഉണര്‍ത്തുന്ന ആധുനികകവികളുടെ ശ്രേണിയില്‍ മഹാകവി അക്കിത്തം പ്രഥമസ്ഥാനത്തു പ്രതിഷ്ഠ നേടി. ഭാരതീയ കാവ്യസംസ്‌കൃതിയുടെ അഗ്‌നി അക്കിത്തം വ്രതശുദ്ധിയോടെ അണയാതെ സൂക്ഷിച്ചു.

സനാതന ധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന  കെഎച്ച്എന്‍എ യ്ക്ക് അക്കിത്തത്തിന്റെ അനുഗ്രഹം ലഭിച്ചിരുന്നതായി പ്രസിഡന്റ് ഡോ സതീഷ് അമ്പാടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കെഎച്ച്എന്‍എ ഏര്‍പ്പെടുത്തിയ പ്രഥമ ആര്‍ഷദര്‍ശന പുരസ്‌ക്കാരം മഹാകവി അക്കിത്തത്തിനാണ് നല്‍കിയത്. സംഘടനയുടെ ഔദ്യോഗിക മാസികയുടെ ഇത്തവണത്തെ ഓണപ്പതിപ്പില്‍ 'ഝംകാരം' എന്ന സ്വന്തം കവിത അക്കിത്തം നല്‍കുകയും ചെയ്തതായി സതീഷ് അമ്പാടി അനുസ്മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക