Image

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് ശ്രീ.അക്കിത്തം അച്യുതന്‍ നമ്പൂതിരി (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 17 October, 2020
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് ശ്രീ.അക്കിത്തം അച്യുതന്‍ നമ്പൂതിരി (ശ്രീകുമാർ ഉണ്ണിത്താൻ)
ആധുനിക മലയാളകവികളുടെ കൂട്ടത്തിൽ ആശയങ്ങളുടെ വൈപുല്യം കൊണ്ടും രചനകളുടെ വൈവിധ്യം കൊണ്ടും ആവിഷ്കരത്ത്തിലുള്ള ലാളിത്യം കൊണ്ടും ഉന്നതശീർഷനായി നില്ക്കുന്ന കവിയാണ്‌ അക്കിത്തം അച്യുതൻ നമ്പൂതിരി . മലയാള കവിതയിൽ ആധുനികത ആരംഭിക്കുന്നത് അക്കിത്തം  1952 ൽ പ്രസിദ്ധീകരിച്ച ' ഇരുപതാം നൂറ്റാണ്ടിൻറെ ഇതിഹാസം ' എന്ന ഖണ്ഡകവ്യത്തിലാണെന്ന്  മലയാള സാഹിത്യ നിരൂപകന്മാർ അഭിപ്രായഭേദമെന്യേ വിലയിരുത്തിയിട്ടുണ്ട് .  അങ്ങനെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ രചിച്ച് സ്വയം ഇതിഹാസമായി മാറിയ മഹാകവിയാണ്  അക്കിത്തം അച്യുതന്‍ നമ്പൂതിരി. 

അക്കിത്തം അച്യുതന്‍ നമ്പൂതിരി എന്ന് പേര് കേള്‍ക്കുമ്പോഴേ, കാവ്യപരിചയമുള്ളവര്‍ ഓര്‍ക്കുക രണ്ടുവരിക്കവിതയാണ്.

" വെളിച്ചം ദു:ഖമാണുണ്ണീ,
തമസല്ലോ സുഖപ്രദം"

അറുപത്തിഎട്ട് വർഷങ്ങൾക്ക്‌  മുമ്പാണ് അക്കിത്തം ഈ വരികള്‍ കുറിച്ചത്. ഈ കവിത ഉള്‍പ്പെട്ട ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസംഎന്ന അക്കിത്തത്തിന്റെ കാവ്യപുസ്തകം മലയാള കവിതയില്‍ ഒരു നവഭാവുകത്വത്തിന് വഴിതെളിച്ചു.  എല്ലാക്കാലത്തും ലോകത്ത് ജീവിതസുഖം അനുഭവിക്കുന്നവരെപ്പോലെ, ജീവിതദു:ഖങ്ങള്‍ അനുഭവിക്കുന്നവരുമുണ്ടാകും. അവരുടെ മുന്നില്‍ ഈ വരികള്‍ എന്നും അര്‍ത്ഥവത്തായി തിളങ്ങിനിൽക്കും.

കവിതയില്‍ ആധുനികതയുടെ വെളിച്ചം നിറച്ച ഇതിഹാസമാണ് മഹാകവി അക്കിത്തം.  എട്ട്  പതിറ്റാണ്ടു പിന്നിട്ട കാവ്യസപര്യയ്ക്ക് ഈയിടെ ലഭിച്ച  ജ്ഞാനപീഠം ഒരംഗീകാര മുദ്ര മാത്രമാണ്. അതിനുമെത്രയോ മുമ്പ് മലയാള കവിതയുടെ ഉമ്മറപ്പടിയിലും അസ്വാദകരുടെ മനസ്സിലും സവിശേഷമായ ഇടം സ്ഥാപിച്ചിട്ടുണ്ട്  അക്കിത്തം എന്ന മഹാകവി.

ജ്ഞാനപീഠ പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അദ്ദേഹം .  93-ാം വയസിലാണ് പുരസ്‌കാരം അദ്ദേഹത്തെ  തേടിയെത്തുന്നത് .  എട്ടു വയസ്സില്‍ കവിത എഴുതാന്‍ തുടങ്ങിയ അദേഹത്തിന്  കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1972), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1973), ഓടക്കുഴല്‍ അവാര്‍ഡ് (1974), സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം (2002), അമൃതകീര്‍ത്തി പുരസ്‌കാരം (2004), എഴുത്തച്ഛന്‍ പുരസ്‌കാരം (2008),  വയലാര്‍ അവാര്‍ഡ് (2012) എന്നീ പുര്സ്‌കാരങ്ങളും തേടിവന്നിട്ടുണ്ട് .  ഒരു
വെട്ടം യു.എസിൽ  നടന്ന   സാഹിത്യ സെമിനാറിലും   അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

ഒരു കണ്ണീർക്കണം മറ്റു-
ള്ളവർക്കായ് ഞാൻ പോഴിക്കവേ
ഉദിക്കയാ ണെ ന്നാത്മാവി-
ലായിരം സൗരമണ്ഡലം"

"ഒരു പുഞ്ചിരി ഞാൻ മറ്റു
ള്ളവർക്കായ് ച്ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യ നിർമല പൗർണമി"

പതിറ്റാണ്ടുകൾ പിന്നിട്ട കാവ്യസപര്യയിൽ വജ്രസൂക്ഷ്മമായ മനുഷ്യസ്നേഹത്തെ വിട്ടുവീഴ്ചയില്ലാതെ പാലിച്ചു പോന്ന പ്രകാശ സ്രോതസ്സാണ് അക്കിത്തം എന്ന് അദ്ദേഹത്തിന്റെ വരികളിൽ നിന്നുതന്നെ മനസിലാക്കാം.
കവി ജീവിതത്തെയും കവിതയെയും രണ്ടെന്ന ഭാവത്തോടെ അല്ല കണ്ടത് .  വിവരിക്കാനാകാത്ത ആ അറിയലിനെ വിവരിച്ച് മറ്റുള്ളവർക്ക് അറിയിക്കലാണ് കാവ്യരചന എന്ന പ്രക്രിയയുടെ ഫലം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു . അതിനുവേണ്ടി എല്ലാ എഴുത്തുകാരെയും പോലെ അദ്ദേഹവും ശ്രമിച്ചു.

അദ്ദേഹത്തിന്റെ  കവിതകൾ ഒക്കെത്തന്നെ ഒരർഥത്തിൽ വ്യക്തിയും സമൂഹവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കേരളം കടന്നുപോയ കഴിഞ്ഞ ദശകങ്ങളുടെ ഒരു ചിത്രം അവ അനാവരണം ചെയ്യുന്നുണ്ട് .
വാക്കുകളിലും പദഘടനയിലും വൃത്തത്തിലും അദ്ദേഹം  ജനിച്ചുവളർന്ന ഒരു ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നത്  സത്യമാണ് . അതുകൊണ്ട് കേരളത്തിലെത്തന്നെ മറ്റു ഭാഗങ്ങളിൽനിന്നുള്ള വായനക്കാർക്ക് അദ്ദേഹത്തിന്റെ  കവിതയിലെ ചില ഭാവങ്ങൾ തേടിപ്പിടിച്ചു മനസ്സിലാക്കേണ്ടിവരാം.

ഉദാത്തസാഹിത്യം രചിക്കാൻ സാധിക്കണമെങ്കിൽ പരക്കംപാച്ചിൽ വെറുതേയാണ് എന്ന് കവി അഭിപ്രയപ്പെടുന്നു . അതിനുവേണ്ടത് നിശ്ചലതയാണ്, ഏകാഗ്രതയാണ്, തപസ്സാണ്. കവിയുടെ അഭിപ്രായത്തിൽ ശരാശരിക്കുതാഴെ ജീവിച്ചതുകൊണ്ട് ഒരു തരക്കേടുമില്ല. ശരാശരിക്കുമീതെ മനസ്സ് വ്യാപരിക്കുകയാണ് ആവശ്യം. ഉദ്ദേശ്യപൂർവം കവിത രചിക്കാനാവില്ല. പക്ഷേ  ഉദ്ദേശ്യപൂർവം രചിക്കപ്പെട്ടതല്ലാത്ത ഒരു വാക്കെങ്കിലുമില്ലാത്ത കൃതി കവിതയുമാവുകയില്ല.

"ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'ത്തിന്  കണ്ണീർ പ്രണാമം"
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക