Image

പാമ്പും കോണിയും - നിർമ്മല - നോവൽ - 16

Published on 17 October, 2020
പാമ്പും കോണിയും - നിർമ്മല - നോവൽ - 16
ഡാർളിയുടെ വാഴപ്പിണ്ടി കൈത്തണ്ടയിൽ ഈപ്പൻ അറിയാതെയൊന്നു തൊട്ടു പോയി.
- ഡേർട്ടി ബാസ്റ്റാഡ് . കൊല്ലും ഞാൻ!
നീണ്ട കൂർത്ത നഖം കഴുത്തിനു പിന്നിൽ ആഴത്തിലമരുമ്പോൾ മരണവേദന തോന്നി ഈപ്പന് . എന്താണു സംഭവിക്കുന്നതെന്ന് അറിയുന്നതിനു മുമ്പേ അവർ ശക്തിയോടെ ഈപ്പനെ തള്ളിയിട്ടു.

കാനഡമരത്തിൽ ഡോളർ
പറിക്കാൻ പോയവരുടെ കഥ ...
നിർമ്മലയുടെ നോവൽ
പാമ്പും കോണിയുംകളി തുടരുന്നു.
         .....      ......  ......

ഡാർളി നടക്കുകയല്ല ഒഴുകുകയാണെന്നു തോന്നും .പാദങ്ങൾ പൊക്കി അമർത്തിച്ചവിട്ടുന്നതിനു പകരം ഒഴുകിയൊഴുകി...
ഡാർളിയുടെ ഐ ഷാഡോയിട്ട കണ്ണുകൾക്കും ചെമ്പിപ്പിച്ച മുടിക്കും നഖങ്ങൾക്കുമെല്ലാം പ്രത്യേക ഭംഗിയാണ്. നീണ്ടു കൂർത്ത കൈ നഖങ്ങളിൽ ഇളം വയലറ്റു നിറം. കാലിലെ നഖങ്ങളിൽ ഇരുണ്ട തവിട്ടു നിറം. ചുവന്നുതുടുത്ത പാദങ്ങളിൽ ഭംഗിയുള്ള നഖങ്ങളിലെ ഇരുണ്ട നിറത്തിന് ലോകത്തില്ലാത്തൊരു സൗന്ദര്യമുണ്ട്.
ഡാർളിയുടെ കൈയിൽ മിക്കവാറും ഒരു വൈൻ ഗ്ളാസ്സുണ്ടായിരിക്കും. ക്രിസ്റ്റലിന്റെ നീളന്തണ്ടുള്ള ഗ്ളാസ്സിൽ ഭംഗിയുള്ള കൂർപ്പിച്ച നഖങ്ങൾ ചേർത്തുപിടിച്ച് അവൾ അങ്ങനെ ഇരിക്കുമ്പോൾ ഒരു പ്രതിമയോ ഫാഷൻ മോഡലോ ആണെന്നേ തോന്നൂ. വാഴപ്പിണ്ടിപോലെ രോമങ്ങളൊന്നുമില്ലാത്ത കൈത്തണ്ടയിലൊന്നു തൊട്ടു നോക്കാൻ ഈപ്പത് കൊതി തോന്നിപ്പോകും.
തനി നാടനായ തമ്പിപ്പാപ്പന് ഇങ്ങനെയൊരു  മെഴുകു സുന്ദരിയെ കിട്ടിയതോർത്ത് ഈപ്പൻ അൽഭുതപ്പെടാറുണ്ട്.
തമ്പിപ്പാപ്പൻ പഠിത്തത്തിൽ അതിസമർത്ഥനായിരുന്നു. സ്കോളർഷിപ്പു കിട്ടി അമേരിക്കയിൽ പഠിക്കാൻ പോയി. പഠിത്തം കഴിഞ്ഞ് മടങ്ങിവരേണ്ടതായിരുന്നു. അവിടത്തെ ഒരു കമ്പനിയിൽ ജോലികിട്ടി സമർത്ഥനായ അപ്പാപ്പനെ കമ്പനിക്കാർ സ്പോൺസർ ചെയ്ത അമേരിക്കക്കാരനാക്കി. ജോലി , കാറ്, പണം, ലോട്ടറിയടിച്ച ലഹരിയായിരുന്നു വീട്ടിൽ.
കുടുംബത്തിലെ എല്ലാ കുട്ടികളും തമ്പിപ്പാപ്പന്റെ കഥ കേട്ടു വളർന്നു
- ദേ കണ്ടോ, നന്നായിട്ടു കഷ്ടപ്പെട്ടു പഠിച്ചു അതിനു ഫലമൊണ്ട്. ചെറുപ്പത്തിൽ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലിരുന്നു പഠിച്ചവനാ. ഇപ്പോ സായിപ്പമ്മാര് അവന്റെ കൂലിക്കാര് .
മറ്റെല്ലാ അമേരിക്കക്കാരെയും പോലെ തമ്പി നാട്ടിലെ വീടു പുതുക്കിപ്പത്തിയിച്ചു. അനിയത്തിമാരെ പണ്ടം തൂക്കി കെട്ടിച്ചയച്ചു. അവധിക്കു വന്നപ്പോൾ ആയിരം കല്യാണാലോചനകൾ തമ്പിക്കു വന്നു. പക്ഷേ പൗലോസു മുതലാളിയെ നിരസിക്കാൻ തമ്പിക്കു കഴിഞ്ഞില്ല.
എൻജിനിയർ പൗലോസിന്റെ മൂത്തമകൾ ഡാർളി .. സിനിമാ നടി പോലെ സുന്ദരി. ജനിച്ചത് ആഫ്രിക്കയിൽ. വളർന്നത് ബോർഡിങ്ങുകളിലും ഹോസ്റ്റലുകളിലും. ഹോം സയൻസിന് അവസാന വർഷം പഠിച്ചു കൊണ്ടിരിക്കുന്നു.. എറണാകുളത്തെ പഠിത്തം ഇഷ്ടപ്പെടാത്തതു കൊണ്ട് രണ്ടു മാസം മുമ്പ് ബാംഗ്ളൂരേക്ക് മാറ്റി. ഇരുപത് തികയാത്ത സുന്ദരി.
അമ്മായിയപ്പൻ പൗലോസിനെ കണ്ടാൽ തമ്പിയുടെ ചേട്ടനാണെന്നേ പറയൂ . ചെറുപ്പം, മിനുപ്പ്, പ്രതാപം . എൻജിനിയർ അമ്മായപ്പൻ!
തമ്പിയുടെ സൗഭാഗ്യങ്ങൾ കൂടുകയാണ്. സ്കോളർഷിപ്പു കിട്ടി ജോലിയായ പത്രവാർത്ത കണ്ടാണ് പൗലോസ് തമ്പിയെ തിരഞ്ഞെടുത്തത്.
- തമ്പി സ്മാർട്ടാണെന്നറിയാം. ആന്റ് ഹാർഡ് വർക്കിങ്. ദാറ്റ് ഈസ് ഓൾ യൂ നീഡ് റ്റു ബി സക്സസ്സ്ഫുൾ.
ഇംഗ്ളീഷു പറയുന്ന അമ്മായപ്പൻ!
- എന്റെ കർത്താവേ!
വല്യമ്മച്ചി നെഞ്ചത്തു കൈവെച്ചു.
- ഇതു നമ്മക്കു ചേരുമോടാ? തന്നിൽ എളിയവളെ ഭാര്യയായി സ്വീകരിക്കണമെന്നല്ലോ പൊസ്തകത്തിപ്പറേന്നേ.
- അവനതിനുള്ള യോഗ്യതയൊള്ളോണ്ടാ അവരാലോചനേം കൊണ്ടിങ്ങോട്ടു വന്നേ. നമ്മളങ്ങോട്ടു ചെന്നു യാചിച്ചതൊന്നും അല്ലല്ലോ.
തമ്പിയുടെ അപ്പനുമമ്മയും ന്യായീകരിച്ചു. അനിയത്തിമാർക്കും വല്ലാത്തൊരു പൂത്തിരി തോന്നി.
- ഞങ്ങടച്ചാച്ചന്റെ ഭാര്യ.
അമ്മിണിയും കുഞ്ഞമ്മയും ചിരിച്ചു. പൗലോസ് മുതലാളി വീണ്ടും തമ്പിപ്പാപ്പനോടു ന്യായങ്ങൾ പറഞ്ഞു.
- പണത്തിലല്ല കാര്യം തമ്പീ. മുൻതലമുറ ഉണ്ടാക്കിവെച്ചതിലല്ല എന്റെ കണ്ണ് .പണം വേണമെങ്കിൽ ഉണ്ടാക്കാനുള്ള കഴിവ് തമ്പിക്കുണ്ട്. സമർത്ഥരായ ചെറുപ്പക്കാരെ എനിക്കു വലിയ മതിപ്പാണ്.
പൗലോസ് ഒരിക്കലും മതിപ്പു വിട്ട് തമ്പിയോടു പെരുമാറിയില്ല. ഒരു മരുമകനു കിട്ടേണ്ട എല്ലാ പരിഗണനയും എന്നും അയാൾക്കു കിട്ടി. എന്നാൽ ഡാർളിക്ക് ആരോടെങ്കിലും മതിപ്പു തോന്നിയിരുന്നോ ?
ഡാർളി വീട്ടിലും ഇംഗ്ളീഷാണു പറയുന്നത്. തമ്പിക്ക് ഇംഗ്ളീഷു പറഞ്ഞ് നാവു കുഴഞ്ഞു മനസ്സുമടുത്തു.
ചുറ്റുമുള്ളതൊന്നും ഡാർളിയെ സ്പർശിക്കുന്നതേ ഇല്ലെന്ന മട്ടിലാണ് നടപ്പും രിപ്പും. വൈൻ ഗ്ളാസ്സിൽ നീണ്ട വിരലുകൾ ചേർത്ത ങ്ങനെ ഒഴുകിയൊഴുകി പോകുമ്പോൾ ആ മനസ്സിൽ എന്തായിരുന്നിരിക്കും? അവൾ അധികമെന്നല്ല ഒന്നും തന്നെ സംസാരിക്കാറില്ല. മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയുണ്ട്. കണ്ണുകൾ ...
ദൈവമേ, ഡാർളിയുടെ കണ്ണുകളിലേക്കു നോക്കാൻ ഈപ്പന് എന്തോ വല്ലാത്ത സങ്കോചം തോന്നും. കണ്ണുകളിൽ ഒരു മയക്കമാണെന്നു തോന്നുന്നു. ഏതോ ഒരു സ്വപ്ന ലോകത്തിൽ പെട്ടതുപോലെ .
- സ്വപ്നാടനക്കാരി.
പതുപതുത്ത ചുവന്ന പാദങ്ങൾക്കറ്റത്ത് ഇരുണ്ട നഖങ്ങൾ. ഭംഗിയായി വെട്ടി പോളിഷുചെയ്ത നഖങ്ങൾക്ക് എന്തൊരു ഭംഗിയാണ്.
കാലിന്റെ അറ്റത്തൊക്കെ കറുത്തനിറം തേച്ചു വച്ചാലെന്തു വൃത്തികേടാ. നഖക്കുത്തുവന്ന പോലെ.
തമ്പിക്ക് ഡാർളിയുടെ കാൽനഖങ്ങൾ കാണുമ്പോൾ കലിവരും. എരുമച്ചാണകം വാരി നഖക്കുത്തുവന്ന മറിയപ്പുലക്കള്ളിയെ തമ്പിക്ക് ഓർമ്മ വരും. ചാലിലെ അമ്മച്ചിയുടെ വീട്ടിൽ പശുക്കളില്ല.. എരുമകളേയുള്ളൂ. അവിടത്തെ പണിക്കാരി മറിയപ്പുലക്കള്ളിക്ക് എരുമച്ചാണകത്തിന്റെ മണമാണ്. ചട്ടയും മുണ്ടും നിറയെ ചാണകപ്പാടുമായി നഖക്കുത്തുള്ള കൈകാലുകളുമായി മറിയ ചിരിക്കും. തമ്പിക്ക് വല്ലാത്ത ശ്വാസംമുട്ടലനുഭവപ്പെടും. അതു പാപമാണെന്നറിയാം. ചാലിലെ അമ്മച്ചി ഉമ്മ വെച്ചു കഴിയുമ്പോൾ കവിളത്തു നനവു കാണും. അതും സഹിക്കാൻ തമ്പിക്കു വിഷമമാണ്. തുടച്ചു കളയുന്നതു മര്യാദകേടാണ്. തുടയ്ക്കാതിരുന്നാൽ ശ്വാസംമുട്ടിച്ചത്തുപോകുമെന്നു തോന്നും തമ്പിക്ക്. അവൻ കിണറ്റിൻ കരയിലേക്ക് ഓടുകയാണു പതിവ്. വെള്ളം കോരി കൈയും കാലും മുഖവും കഴുകും. വീണ്ടുംവീണ്ടും കഴുകും.
ഡാർളിയുടെ അതിവൃത്തിയുള്ള നഖങ്ങളിൽ ചുവന്ന ചായം എങ്ങനെയിരിക്കും? ഒരിക്കൽ തമ്പി ചോദിച്ചു പോയി.
- നിനക്ക് ചുവന്ന ക്യൂട്ടെക്സ് ഇടാമ്മേലേ ?
- ഐ ഡോണ്ട് ഹാവ് എനി ക്യൂട്ടക്സ്.
- പിന്നെയെന്താ ആ കൈയേ ഇട്ടേക്കുന്ന ചായം?
- അതു നെയിൽ പോളിഷ്. ക്യൂട്ടെക്സ് നെയിൽ പോളിഷ് ഉണ്ടാക്കുന്ന ഒരു കമ്പനിയാ. ദാറ്റ് ഈസ് നോട്ട് മൈ ബ്രാൻഡ് .
പതിവു പോല ചോദ്യത്തിൽ നിന്നും ഏറെയകന്ന് ചിതറിപ്പോയ ഉത്തരം.
- ഈപ്പറേന്നതെന്നാന്ന് ആർക്കറിയാം.
ഡാർളിയുടെ ലോകം തമ്പിക്കെന്നും അപരിചിതമായിരുന്നു. അപ്രാപ്യമായ ഒരു സ്വപ്നം പോലെ ഓരോ തവണയും ഡാർളി അയാളിൽ നിന്നും സമർത്ഥമായി തെന്നിമാറി.
പഠിച്ചു കൊണ്ടിരുന്നപ്പോൾ ഗർഭിണി ആയതു കൊണ്ടാണ് ബാംഗ്ളൂരിലേക്കു കോളജു മാറ്റിയതും പെട്ടെന്നു പണം കുറഞ്ഞ ചെറുക്കനെക്കൊണ്ടു കെട്ടിച്ച് അമേരിക്കയ്ക്കു കടത്തിയതെന്നും ഒരു കഥയുണ്ടായിരുന്നു.
- അതും ഹോം സയൻസിൽ പെട്ടതല്യോ.
ഡാർളി പോയിക്കഴിഞ്ഞ് അമ്മിണിയും കുഞ്ഞമ്മയും പരസ്പരം പറഞ്ഞുചിരിച്ചു.
ഹോസ്റ്റലിൽ സിഗററ്റ് വലിച്ചതിനു പുറത്താക്കിയതാണെന്നും അതിനാണ് ബാംഗ്ളൂർക്ക് പോയതെന്നുമായിരുന്നു മറ്റൊരു കഥ.
- താനെന്താ പാർട്ട്ടൈം തന്തയാണോ ?
എന്ന് പൗലോസ് മുതലാളിയോട് അലറിയെന്ന് വേറൊരു കഥ. കഥകൾക്കു നടുവിൽ അപ്സരസ്സിനെപ്പോലെ ഡാർളി .
അവളെ ഒരിക്കലും ക്ഷോഭിച്ചു കണ്ടിട്ടേയില്ല. മുഖത്തെ പ്ളാസ്റ്ററിക് ചിരിയുമായി എവിടെയെങ്കിലും ഇരിക്കുന്നതു കാണാം. അല്ലെങ്കിൽ ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് ഒഴുകിയൊഴുകി...
ഡാർളി ഒരിക്കലും കുട്ടികളോട് ഉച്ചത്തിൽ സംസാരിച്ചില്ല.എന്നിട്ടും കുട്ടികൾ നിശ്ശബ്ദരായി അവരുടെ കൃത്യങ്ങൾ ചെയ്തിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ ശബ്ദം ഉണ്ടാക്കുകയോ വീടിനുള്ളിൽ ഓടിക്കളിക്കുകയോ ചെയ്യാൻ തുടങ്ങിയാൽ ഡാർളി അവരുടെ പേര് വിളിച്ച് കണ്ണിലേക്കു നോക്കും. അതോടെ കുട്ടികൾ നിശ്ശബ്ദരാകും. വഴക്കുപറയലില്ല. ബഹളമില്ല. ഭീഷണിപ്പെടുത്തലില്ല. എല്ലാ കാര്യത്തിലും അത്തരമൊരു അനായാസത അവർക്കുണ്ടായിരുന്നു.
അടുക്കളയിലധികം നേരം നിന്ന് ഒച്ചയും ബഹളവും ഉണ്ടാക്കുന്നതു കാണാറില്ല. സമയമാകുമ്പോൾ ഭക്ഷണം മേശപ്പുറത്തു വരും. ഊണു കഴിഞ്ഞാൽ സാവകാശത്തിൽ പാത്രങ്ങൾ ഡിഷ് വാഷറിൽ വെക്കുന്നതു കാണാം.
പിന്നെ അടുക്കളയിൽ നിന്നും ഒഴുകിയൊഴുകി കിടപ്പുമുറിയിലേക്ക്.
ഹോട്ടലുകളിൽ നിന്നും വരുത്തിയ ഭക്ഷണമായിരുന്നു അതെല്ലാമെന്ന് വളരെക്കാലം കഴിഞ്ഞാണ് തമ്പി അറിഞ്ഞത്. കഴിച്ച പാത്രങ്ങൾ ഡിഷ് വാഷറിൽ വെക്കുക മാത്രമേ ഡാർളി ചെയ്തിരുന്നുള്ളു. ആഴ്ചയിലൊരിക്കൽ വന്നിരുന്ന ജോലിക്കാരി വീടു വൃത്തിയാക്കി. പൊടി തുടച്ചു. തുണികൾ കഴുകി.
ഡാർളി ദിവസത്തിൽ ഒരിക്കലെങ്കിലും പുറത്തു പോയി. വീടു ഭംഗിയായി അലങ്കരിച്ചു.
അവൾക്കും കുട്ടികൾക്കും ഏറ്റവും പുതിയതും കുലീനവുമായ വസ്ത്രങ്ങൾ വാങ്ങി. തമ്പിക്കുവേണ്ടി ഡാർളി വാങ്ങിയ വസ്ത്രങ്ങൾ പലതും അയാൾ ധരിച്ചില്ല.
നെവർ മിക്സ് ബ്ളൂ വിത്ത് ഗ്രീൻ എന്നോ ഒരേ കളറിന്റെ രണ്ടു ഷേഡിലുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്നോ പറഞ്ഞതൊന്നും തമ്പിക്ക് മനസ്സിലായില്ല.
- സിമ്പിൾ ഇൻസ്ട്രക്ഷൻൻസ് മനസിലാവാത്ത ഒരു ജീനിയസ്സ് !
അവൾ പല്ലിറുമ്മി.
ഡാർളിയുടെ വാഴപ്പിണ്ടി കൈത്തണ്ടയിൽ ഈപ്പൻ അറിയാതെയൊന്നു തൊട്ടു പോയി.
- ഡേർട്ടി ബാസ്റ്റാഡ് . കൊല്ലും ഞാൻ!
നീണ്ട കൂർത്ത നഖം കഴുത്തിനു പിന്നിൽ ആഴത്തിലമരുമ്പോൾ മരണവേദന തോന്നി ഈപ്പന് . എന്താണു സംഭവിക്കുന്നതെന്ന് അറിയുന്നതിനു മുമ്പേ അവർ ശക്തിയോടെ ഈപ്പനെ തള്ളിയിട്ടു. തലയ്ക്കു പിന്നിൽ കുറച്ചു ദിവസത്തേക്കു വേദന ഉണ്ടായിരുന്നു.
ആ നോട്ടം!
- ദൈവമേ, കുട്ടികളെയും അപ്പനെയും പിടിച്ചു കെട്ടുന്ന ആ നോട്ടത്തിനാണോ നഖത്തിനാണോ കൂടുതൽ മൂർച്ച?
പിന്നീട് ഒരിക്കലും ഈപ്പൻ തമ്പിപ്പാപ്പനെ കാണാൻ പോയിട്ടില്ല.
                                                 തുടരും..
പാമ്പും കോണിയും - നിർമ്മല - നോവൽ - 16
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക