Image

യുക്മ കേരളപിറവി ആഘോഷം നവംബര്‍ ഒന്നിന് ഫേസ്ബുക്ക് ലൈവില്‍

Published on 17 October, 2020
  യുക്മ കേരളപിറവി ആഘോഷം നവംബര്‍ ഒന്നിന് ഫേസ്ബുക്ക് ലൈവില്‍


ലണ്ടന്‍: യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷന്‍സ് നവംബര്‍ ഒന്ന് കേരളപിറവി ദിനത്തില്‍ മലയാള നാടിന്റെ നന്മകളുമായി ഫേസ്ബുക്ക് ലൈവില്‍ ചരിത്രം കുറിക്കാന്‍ എത്തുന്നു. ഞായര്‍ വൈകുന്നേരം മൂന്നു മുതല്‍ നടക്കുന്ന കേരളപിറവി ദിനാഘോഷങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന കലാവിരുന്നുകള്‍ക്കൊപ്പം, സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും അണിചേരും.

കോവിഡിന്റെ രണ്ടാം വ്യാപനത്തെ അഭിമുഖീകരിക്കുവാന്‍ ബ്രിട്ടന്‍ തയാറെടുപ്പുകള്‍ തുടരവേ, വെര്‍ച്വല്‍ ആഘോഷങ്ങള്‍ മാത്രമേ അതിജീവനത്തിന്റെ പാതയില്‍ സ്വീകാര്യമായുള്ളൂ എന്ന തിരിച്ചറിവിലാണ് ഫേസ്ബുക്ക് ലൈവുമായി കേരളപിറവി ആഘോഷിക്കുവാന്‍ യുക്മ ദേശീയ കമ്മിറ്റി തീരുമാനിച്ചത്.

ജ്ഞാനപീഠ പുരസ്‌കാര ജേതാവ് മണ്‍മറഞ്ഞ സാംസ്‌കാരിക ഇതിഹാസം മഹാകവി അക്കിത്തം അച്ചുതന്‍ നമ്പൂതിരിയുടെ സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് നടക്കുന്ന സാംസ്‌കാരിക പരിപാടികള്‍ നവ്യാനുഭൂതി പകരുന്നതാക്കുവാനുള്ള തീവ്ര പരിശ്രമത്തിലാണ് യുക്മ ദേശീയ കമ്മിറ്റി.

ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, കേരളപിറവി ആഘോഷങ്ങളുടെ ചുമതലയുള്ള ദേശീയ കമ്മിറ്റി അംഗം കുര്യന്‍ ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ യുകെ മലയാളി സമൂഹത്തിലെ നിരവധി പ്രതിഭകളെ അണിനിരത്തിക്കൊണ്ട് മലയാളത്തിന്റെ മഹാ ആഘോഷമായി നവംബര്‍ ഒന്നിനെ മാറ്റുവാനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍.

റിപ്പോര്‍ട്ട്: സജീഷ് ടോം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക