Image

ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ കബറടക്കം നാളെ മൂന്നു മണിക്ക്

Published on 18 October, 2020
ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ  കബറടക്കം നാളെ മൂന്നു മണിക്ക്

തിരുവല്ല: ഇന്നു പുലര്‍ച്ചെ കാലം ചെയ്ത മാര്‍ത്തോമ്മാ സഭാ തലവന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ കബറടക്കം പൂര്‍ണ സംസ്ഥാന ബഹുമതികളോടെ തിങ്കളാഴ്ച മൂന്നു മണിക്ക്. 


ഭൗതിക ദേഹം തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് എത്തിച്ചു. ഡോ. അലക്‌സാണ്ടര്‍ മെത്രാപ്പോലീത്താ സ്മാരക ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം തുടരുന്നു. നാളെ ഉച്ചയ്ക്കു രണ്ടു മണി വരെ പൊതുദര്‍ശനം തുടരും. 


നേരത്തെ തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രി ചാപ്പലില്‍ പൊതുദര്‍ശനം നടന്നിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.ജെ കുര്യന്‍, ആന്റോ ആന്റണി എം.പി, സംവിധായകന്‍ ബ്ലെസി തുടങ്ങി സമൂഹത്തി​ന്റെ വിവിധ മേഖലയിലുള്ളവര്‍ സഭാതലവന് ആദരാജ്ഞലി അര്‍പ്പിച്ചു.


പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ആരോഗ്യ സ്ഥിതി വഷളായ മെത്രാപ്പൊലീത്ത ഏതാനും ദിവസങ്ങളായി തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 


ഒരാഴ്ചയായി ആരോഗ്യ സ്ഥിതി തീര്‍ത്തും മോശമായിരുന്നു. തിങ്കളാഴ്ച്ച തൈലാഭിഷേക ശുശ്രൂഷയും നല്‍കിയിരുന്നു. ഇന്നലെ മുതല്‍ കടുത്ത ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നു. ഇന്നു പുലര്‍ച്ച 2.38ന് ആയിരുന്നു അന്ത്യം. 


ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത, തോമസ് മാര്‍ തിമൊത്തിയോസ്, സഭാ സെക്രട്ടറി റവ. കെ.ജി.ജോസഫ് മരണ സമയം ഒപ്പമുണ്ടായിരുന്നു.


സഭൈക്യ വേദികളിലെ സജീവ സാന്നിധ്യമായിരുന്ന ഡോ. ജോസഫ് മെത്രാപ്പോലീത്താ, സഭയെ പ്രതിസന്ധി ഘട്ടത്തില്‍ നയിച്ച തലവനായിരുന്നു. 13 വര്‍ഷമായി മാര്‍ത്തോമ്മാ സഭയെ നയിച്ചു. 


ആത്മീയതക്കൊപ്പം പാരിസ്ഥിതിക വിഷയങ്ങളിലും സജീവമായി ഇടപ്പെട്ട ആളാണ് ഡോ. ജോസഫ് മാര്‍ത്തേമ മെത്രാപ്പൊലീത്ത. മത സൗഹാര്‍ദവും മാനവമൈത്രിയും ഊട്ടിയുറപ്പിച്ച മാരാമണ്ണിന്‍്റെ സ്വന്തം തിരുമേനിയുടെ വിയോഗം മാര്‍ത്തോമ സഭയ്ക്കാപ്പം കേരളത്തിനും തീരാനഷ്ടമാണ് .


മാരാമണ്‍ പാലക്കുന്നത്ത് തറവാട്ടില്‍ ലുക്കോച്ചന്‍-പുത്തൂര്‍ മറിയാമ്മ ദമ്ബതികളുടെ മകനായി 1931 ജൂണ്‍ 27നായിരുന്നു ഡോ.ജോസഫ് മെത്രാപ്പോലീത്തയുടെ ജനനം. മലങ്കര സഭയിലെ നവീകരണത്തിന് നേതൃത്വം നല്‍കിയ അബ്രാഹം മല്പാന്റെ കുടുംബമാണ് പാലക്കുന്നത്ത് തറവാട്. കുടുംബത്തിലെ അഞ്ചാമത്തെ മെത്രാപ്പോലീത്തയായിരുന്നു ഡോ. ജോസഫ്.


കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിരുദം നേടി. സഭാ ശുശ്രൂഷയ്ക്ക് ജീവിതം മാറ്റിവയ്ക്കാന്‍ നിശ്ചയിച്ച ഡോ.ജോസഫ്, ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജി കോളജില്‍ നിന്ന് ഡിവൈനിറ്റി ഡിഗ്രിയും കരസ്ഥമാക്കി. 1957ല്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു. 1957 ഒക്‌ടോബര്‍ 18നായിരുന്നു പൗരോഹിത്യ പട്ടം സ്വീകരിച്ചത്. പൗരോഹിത്യത്തിന്റെ 63ാം വാര്‍ഷിക ദിനത്തിലാണ് വിയോഗവും.


റാന്നി, കോഴിക്കോട്, കുണ്ടറ, മദ്രാസ്, തിരുവനന്തപുരം   ഇടവകകളില്‍ സേവനം ചെയ്തിട്ടുണ്ട്. മാര്‍ത്തോമ്മ ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്‍ സെക്രട്ടറിയായും കുറച്ചുകാലം പ്രവര്‍ത്തിച്ചു. ഓക്‌സ്‌ഫോര്‍ഡ് വെര്‍ജീനിയ സെമിനാരിയില്‍ നിന്നും കാന്റര്‍ബറി സെന്റ് അഗസ്റ്റിന്‍ കോളജില്‍ നിന്നും ഉന്നത ബിരുദവും സ്വന്തമാക്കി.


1974 നവംബറില്‍ എപ്പിസ്‌കോപ്പയായി ഉയര്‍ത്തപ്പെട്ടു. 1975 ജനുവരി ഒന്നിന് റമ്ബാന്‍ പട്ടവും സ്വീകരിച്ചു. 1975 ഫെബ്രുവരി എട്ടിന് ജോസഫ് മാര്‍ ഐറേനിയോസ് എപ്പിസ്‌കോപ്പ എന്ന പേര് സ്വീകരിക്കുകയും കൊല്ലം-കൊട്ടാരക്കര രൂപതയുടെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. 1988ല്‍ തിരുവനന്തപുരം-കൊല്ലം രൂപതകളുടെ ചുമതല വഹിച്ചു. ആയൂര്‍ മാര്‍തോമ്മാ സയന്‍സ് ആന്റ് ടെക്‌ന്‍ോളജി കോളജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിത്തറ പാകി. 


തിരുവനന്തപുരം സെന്റ് തോമസ് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വികസനത്തിന് ചുക്കാന്‍ പിടിച്ചു. നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ച്‌ വൈസ് പ്രസിഡന്റായും അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


1999 മാര്‍ച്ച്‌ 15ന് സഫ്രഗണ്‍ മെ്രതാപ്പോലീത്ത. 2007 ഒക്‌ടോബര്‍ രണ്ടിനാണ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായി സഭയുടെ ചുമതല ഏറ്റെടുക്കുന്നത്. 


മാര്‍ത്തോമ്മ സുറിയാനി സഭയുടെ 21ാം മെത്രാപ്പോലീത്തയാണ് . മെത്രാപ്പോലീത്തയുടെ 80-ാം ജന്മദിന വേളയില്‍ 'സ്‌നേഹകരം' പദ്ധതിക്ക് സഭ തുടക്കമിട്ടു. 


ഗുരുതരമായ കാന്‍സര്‍, കിഡ്‌നി, ഹൃദയ സംബന്ധമായ രോഗങ്ങള്‍ അലട്ടുന്നവര്‍ക്ക് ജാതി മത ഭേദമന്യേ സഹായം നല്‍കുന്ന പദ്ധതിയാണിത്. വാര്‍ദ്ധക്യ സഹജമായ അവശതകള്‍ അലട്ടിയിരുന്നെങ്കിലും അവസാന കാലംവരെ സഭാശുശ്രൂഷയിലും പൊതുസമൂഹത്തിലും സജീവ സാന്നിധ്യമായിരുന്നു ഡോ.ജോസഫ് മെത്രാപ്പോലീത്ത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക