Image

ആയില്യം നാളും സര്‍പ്പപൂജകളും (ശങ്കര്‍ ഒറ്റപ്പാലം)

Published on 20 October, 2020
ആയില്യം നാളും സര്‍പ്പപൂജകളും (ശങ്കര്‍ ഒറ്റപ്പാലം)
ഏതാണ്ട് നാലഞ്ചു പതിറ്റാണ്ടു കാലമായി പല രാജ്യങ്ങളഇലെ മഴകളും കണ്ടിട്ടുണ്ട്. ഓരോ സ്ഥലത്തെ മഴയ്ക്കും വ്യത്യസ്ത ഭാവങ്ങളാണ്. മലനാട്ടിലെ മഴ, മറുനാട്ടിലെ മഴ, മരുഭൂവിലെ മഴ, കടലിലെ മഴ, ഇതിനെല്ലാം വ്യത്യസ്ഥ ഭാവങ്ങളുള്ളതായിട്ടാണ് തോന്നിയിട്ടുളളത്. എവിടെയായാലും നല്ല കനത്ത മഴ പെയ്യുമ്പോള്‍ പലപ്പോഴും കണ്ണടച്ചിരുന്ന് ഞാന്‍ ഒറ്റപ്പാലത്തെ മഴയുടെ ഓര്‍മ്മകളില്‍ അലിഞ്ഞുചേര്‍ന്നു പോകാറുണ്ട്.

പുതുമഴ പെയ്യുമ്പോള്‍ നാടിന്റെ മണ്ണില്‍ നിന്നുയരുന്ന ഒരു മാസ്മരിക ഗന്ധമുണ്ട്. സാക്ഷാല്‍ ഭൂമി തന്‍ ഗന്ധം! മനസ്സിനെ പുളകം കൊള്ളിക്കുന്ന കുളിര്‍മഴയുടെ ഗന്ധം! അങ്ങിനെ മുംബൈയിലെ ഫ്‌ളാറ്റിലിരുന്ന് പുറത്ത് തിമിര്‍ത്ത് പെയ്യുന്ന മഴയെയും, കാറ്റില്‍ ആടിയുലയുന്ന ബദാം മരചില്ലകളെയും, ഇലകളെയും നോക്കിയിരിക്കവെയാണ് ഫോണ്‍ ശബ്ദിക്കുന്നത്. ഫോണ്‍ കയ്യിലെടുത്തു നോക്കിയപ്പോള്‍ പേരു കണ്ടു. അരവിന്ദ്. നാട്ടില്‍ നിന്നും അനിയന്റെ ഫോണ്‍വിളിയാണ്.

അനിയന്‍ സംസാരിച്ചുതുടങ്ങി

വരുന്ന തിങ്കളാഴ്ച “ആയില്യം” ആണ്. തറവാട്ടിലെ സര്‍പ്പക്കാവില്‍ പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. രാവിലെ തൃക്കങ്ങോട്ട് രണ്ടുമൂര്‍ത്തി ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന ശ്രീ. പ്രസാദ് നമ്പൂതിരി വന്ന് പൂജാദി കാര്യങ്ങളെല്ലാം ചെയ്തുതരാമെന്ന് ഏറ്റിട്ടുണ്ട്, എന്നെല്ലാം പറഞ്ഞു. കേട്ടപ്പോള്‍ മനസ്സിനും ഒരു കുളിര്‍മ്മ തോന്നി. എല്ലാം ഭംഗിയായി നടക്കട്ടെ…എന്റെ എല്ലാവിധ ആശിര്‍വാദങ്ങളുമുണ്ടാകുമെന്നും ഞാന്‍ അറിയിച്ചു.

ഈ മഹാമാരിക്കാലത്ത് മുംബൈയില്‍ നിന്നും നാട്ടില്‍ എത്തിപ്പെടുക എന്നതും ദുഷ്ക്കരമാണ്. പുറമെ പെയ്യുന്ന മഴയെ നോക്കിയിരിക്കവെ തന്നെ മനസ്സ് ഒറ്റപ്പാലത്തെ പഴയ തറവാട്ടിലെ ഓര്‍മ്മകളിലേക്ക് വഴുതിപ്പോയി.

സര്‍പ്പംതുള്ളല്‍, സര്‍പ്പപൂജ ഇതെല്ലാം ഓര്‍മ്മ വെച്ചതു മുതല്‍ മുത്തശ്ശന്റെ കാലംതൊട്ട് നടത്തിപോന്നിരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ്. അന്നൊക്കെ വീട്ടുവളപ്പില്‍ ധാരാളം മരങ്ങളുണ്ടായിരുന്നു. പടുമരങ്ങള്‍, പിന്നെ മാവ്, പ്ലാവ്, അമ്പഴങ്ങ, അങ്കോലം, വിരിപ്പഴം അങ്ങിനെ പല ഫവലൃക്ഷാദികളും നിറഞ്ഞുനിന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോള്‍ സ്ഥിതിയെല്ലാം മാറി അവിടവിടെയായി കുറച്ചു മരങ്ങള്‍ മാത്രമുണ്ട്.

പിന്നെ സര്‍പ്പക്കാവിലെ മരങ്ങള്‍ മുറിക്കാന്‍ പാടില്ലെന്നാണ് വിശ്വാസം. അതിന്റെ ചില്ലകള്‍ പോലും വെട്ടാറില്ല താനും. അതുകൊണ്ട് ഇന്നും അഞ്ചു തലമുറകളെ കണ്ട “വൃക്ഷകാരണവന്മാര്‍” ഇപ്പോഴും സര്‍പ്പക്കാവില്‍ ഏതു വേനലിലും ഹരിതാഭ നിലനിര്‍ത്തി തണലേകി നില്പ്പുണ്ട് എന്നത് മനസ്സിനും പഴയ ഓര്‍മ്മകള്‍ക്കും കുളിരേകിടുന്നു. കാടും മരങ്ങളുമുളള വീട്ടുവളപ്പിലും, പരിസരത്തും പാമ്പുകളെയും കാണുക പതിവാണ്. എന്നാല്‍ ഇവകളെ ഉപദ്രവിക്കരുതെന്ന് എപ്പോഴും മുത്തശ്ശനും മുത്തശ്ശിയുമൊക്കെ നിഷ്കര്‍ഷിക്കാറുണ്ടായിരുന്നു. തറവാട്ടിലെ സര്‍പ്പദൈവങ്ങള്‍ ഞങ്ങളെയെല്ലാം കാത്തുരക്ഷിക്കും എന്നൊരു വിശ്വാസവും ഞങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് പാമ്പുകളെ ഞങ്ങള്‍ അത്ര ഭയപ്പെട്ടിരുന്നുമില്ല. അങ്ങിനെ പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും സ്‌നേഹിച്ചും വളര്‍ന്നിരുന്ന ഒരു സംസ്ക്കാരം നമുക്കുണ്ടായിരുന്നു. ഏതായാലും അതില്‍ കുറച്ചെങ്കിലുമൊക്കെ ഇന്നും ആചരിച്ചു കൊണ്ടുപോകാന്‍ കഴിയുന്നത് ഒരു സൗഭാഗ്യമായി ഞാന്‍ കരുതുന്നു. വരും തലമുറകള്‍ ഈ അനുഷ്ഠാനങ്ങളെല്ലാം പരിപാലിച്ചുപോരുമോ എന്ന കാര്യത്തില്‍ ആകുലതയുമുണ്ട്.

ഇന്നും മഴക്കാലത്ത് നാട്ടില്‍ ഉണ്ടാകുന്ന സമയത്ത് തറവാട്ടു വീട്ടിലെ മുകളിലെ മുറിയിലെ ജനാലകള്‍ തുറന്ന് പുറത്തേക്ക് നോക്കുമ്പോള്‍ സര്‍പ്പക്കാവിലെ വന്‍മരങ്ങളുടെ ചില്ലകളും, ഇലകളും കാറ്റിലാടിയുലയുന്നതു കാണുമ്പോള്‍ അറിയാതെ മനസ്സ് ഗതകാലസ്മൃതികളിലേക്ക് ഊളിയിട്ടു പോകാറുണ്ട്. കാവിലെ മരക്കൂട്ടിത്തിലിരുന്നാണ് “വിത്തും കയ്‌ക്കോട്ടും” എന്ന് കിളികള്‍ ഈണത്തില്‍ വിളിച്ചുപറയാറുളളത്.

മലയാളികള്‍ മറുനാട്ടിലായാലും, വിദേശങ്ങളിലായാലും എല്ലാവരും അവരവരുടെ ആഘോഷങ്ങളും, ആചാരങ്ങളും അനുഷ്ടിച്ചു പോരുന്നവരാണ്. പ്രത്യേകിച്ചും ഓണം…വിഷു തുടങ്ങിയവയൊക്കെ മലയാളിക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ആഘോഷങ്ങളാണ്.

ഇതില്‍ മറ്റു സ്ഥലങ്ങളില്‍ വെച്ച് ആഘോഷിക്കാന്‍ സാദ്ധ്യമല്ലാത്ത ചില കാര്യങ്ങളില്‍ പെട്ടതാണ് ഈ കന്നിമാസത്തിലെ ആയില്യം നാള്‍ പൂജകളും, ചടങ്ങുകളും.

കശ്യപപ്രജാപതി മഹര്‍ഷി തന്റെ ഭാര്യ “കദ്രു”വിനു നല്കിയ വരത്തിന്റെ ഫലമായി അവര്‍ക്ക് ആയിരം അണ്ഡങ്ങള്‍ ലഭിക്കുകയും, അതിലെ ആദ്യ അണ്ഡത്തില്‍ ജന്മമെടുത്തതത്രെ ആയിരം ഫണങ്ങളും സൂര്യകോടി പ്രഭയുളള അനന്തന്‍ എന്ന ശ്രേഷ്ഠ സര്‍പ്പം. കന്നിമാസത്തിലെ ആയില്യം നാളിലാണ് അനന്തന്‍ പിറന്നത്. ഈ ദിനത്തിന്റെ പ്രാധാന്യത്തിലാണ് ഇന്നേ ദിവസം സര്‍പ്പങ്ങള്‍ക്കായി പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്നത്. പിന്നീട് ജന്മമെടുത്ത ഗുളികന്‍, വാസുകി, ശംഖപാലന്‍, തക്ഷകന്‍, മഹാപദ്മന്‍, കാര്‍ക്കോടകന്‍, പത്മന്‍ തുടങ്ങിയ ഇവര്‍ എട്ടുപേര്‍ അഷ്ടനാഗങ്ങള്‍ എന്നറിയപ്പെടുന്നു. ക്രമേണ മറ്റ് അണ്ഡങ്ങളും വിരിഞ്ഞ് ആകെ ആയിര സര്‍പ്പങ്ങളും പിറന്നു.

നിഗ്രഹാനുഗ്രഹ ശക്തിയുളള സര്‍പ്പശ്രേഷ്ഠരെയാണ് നാഗങ്ങള്‍ എന്നു വിളിക്കുന്ന്. ആയില്യം നോമ്പു നോറ്റു നാഗപൂജ ചെയ്താല്‍ സന്താനലാഭവും, കുടുംബശാന്തിയും ഉണ്ടാകുമെന്നാണ് വിശ്വാസം. കൂടാതെ നേത്രരോഗം, ത്വക്കുരോഗം തുടങ്ങിയവ മാറാനും ഭക്തര്‍ നാഗങ്ങളെ പ്രീതിപ്പെടുത്തുന്നു.

സര്‍പ്പങ്ങള്‍ എന്നു കേട്ടാല്‍ നമ്മുടെ ഉള്ളില്‍ ഭയം നിറയുമെങ്കിലും സര്‍പ്പക്കാവുകള്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഭക്തിയും, ഐശ്വര്യവും നിറഞ്ഞാടുന്നു. ഗ്രാമഭംഗികളില്‍ സര്‍പ്പക്കാവുകളും, സര്‍പ്പപൂജകളും ഇന്നും ജ്വലിച്ചുനില്‍ക്കുന്നു. മനുഷ്യ മനസ്സുകള്‍ക്ക് നന്മയും, ഐശ്വര്യവും, രോഗശാന്തിയും പ്രദാനം ചെയ്യുന്ന ആയില്യം നക്ഷത്രത്തിന്റെ ദേവതയാണ് സര്‍പ്പങ്ങള്‍. മരങ്ങളും, വളളിപ്പടര്‍പ്പുകളും ഇടതൂര്‍ന്നു നില്ക്കുന്ന കാവിലാണ് മനുഷ്യമനസ്സുകളില്‍ ഭക്തിയുടെ നിറകുടമായിരുന്ന നാഗയക്ഷിയും, നാഗദേവതയും കുടിയിരിക്കുന്നത്. തൃസന്ധ്യ നേരത്ത് സര്‍പ്പക്കാവുകളില്‍ വിളക്കു തെളിയിക്കാന്‍ കന്യകമാര്‍ പോകുന്നത് ഒരു സ്ഥിരം തറവാടു കാഴ്ചയായിരുന്നു. ഇന്ത്യയില്‍ ഏറ്റവും പഴക്കമുളളതായി പറയപ്പെടുന്ന നാഗാരാധനക്ക് നമുക്കിടയില്‍ മഹത്തായ ഒരു സ്ഥാനമാണുളളത്. മറ്റു രാജ്യങ്ങളിലും നാഗാരാധന ഉണ്ടെങ്കിലും, ഏറ്റവും മഹനീയം ഭാരതത്തിലാണ്. എന്നാല്‍ ഭാരതത്തില്‍ കേരളത്തിലാണ് നാഗാരാധനക്ക് കൂടുതല്‍ പ്രാധാന്യം. കേരളത്തിന്റെ സംസ്കാരവും ചരിത്രവുമായി ബന്ധപ്പെട്ട ഒന്നാണ് സര്‍പ്പാരാധന.

നാഗപ്രീതിക്കായി ഒട്ടേറെ അനുഷ്ഠാനങ്ങള്‍ ആവിഷ്ക്കരിക്കുകയും, താന്ത്രിക വിധി പ്രകാരം അവ അനുഷ്ടിക്കുകയും ചെയ്യുന്നവര്‍ കേരളത്തിലെ പോലെ മറ്റെങ്ങുമില്ല. ഒരുകാലത്ത് സമൂഹത്തിന്റെ തന്നെ ഭാഗമായിരുന്ന സര്‍പ്പക്കാവുകള്‍ മിക്ക തറവാടുകളുടെയും ഐശ്വര്യമായിരുന്നു.

പൂജക്ക് വിധിച്ചിട്ടുളള ആയില്യം നക്ഷത്രത്തില്‍ സര്‍പ്പങ്ങളെ പ്രീതിപ്പെടുത്തി അനുഗ്രഹം തേടുന്നതാണ് നാഗപൂജകളെ കൊണ്ട് ഉദ്ദേശിക്കുന്നത്.

കന്നി, തുലാം, ധനു, കുംഭം, മേടം എന്നീ മാസങ്ങളിലെ ആയില്യം നാളിലാണ് ശാസ്ത്രവിധി പ്രകാരം പ്രാധാന്യം കല്പ്പിച്ചിരിക്കുന്ന്. പാരമ്പര്യ നാഗാരാധന നടത്താതിരിക്കുകയും, കാവുകള്‍ അശുദ്ധമാക്കുകയോ, വെട്ടിമാറ്റുകയോ ചെയ്താലും സര്‍പ്പകോപത്തിന് കാരണമാകുന്നു. സര്‍പ്പകോപം കുടുംബപരമ്പരകള തീരാവ്യാധിയില്‍ ആഴ്ത്തുമെന്നാണ് വിശ്വാസം.

കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ സര്‍പ്പക്കാവുകളുടെ എണ്ണത്തിലും വളരെ കുറവു വന്നു. എന്നാല്‍ ഈ കാലഘട്ടത്തിലും സര്‍പ്പക്കാവുകളും, സര്‍പ്പക്ഷേത്രങ്ങളും പഴമയുടെ പാരമ്പര്യം നിലനിര്‍ത്തി പുതുമയോടെ നിലകൊള്ളുന്നു.

നാഗാരാധനയുടെ ഭാഗമാണ് നൂറും, പാലും കൊടുക്കല്‍ ചടങ്ങ്. വര്‍ഷം തോറും കന്നിമാസത്തിലെ ആയില്യം നാളില്‍ സര്‍പ്പക്കാവുകളിലെയും, ക്ഷേത്രങ്ങളിലെയും പ്രധാന ചടങ്ങാണിത്. മഞ്ഞള്‍പ്പൊടി, അരിപ്പൊടി, അവല്‍, മലര്, അപ്പം, ഇളനീര്‍ കൂവനൂറ് തുടങ്ങിയവ തൂശനിലയില്‍ വെച്ചാണ് പൂജ നടത്തുന്നത്. നാഗാരാധനയുടെ ഭാഗമായി നടക്കുന്ന സര്‍പ്പംതുള്ളല്‍ ചടങ്ങുകളിലും നൂറും, പാലും നടത്തുന്നു.

അങ്ങിനെ തറവാട്ടിലെ നാട്ടിലുളളവരുടെയെല്ലാം കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ശ്രീ. പ്രസാദ് നമ്പൂതിരി അവര്‍കളുടെ കാര്‍മ്മികത്വത്തില്‍ ഈ വര്‍ഷത്തെ സര്‍പ്പപൂജ അവസാനിച്ചു. ഇന്നിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന നാനാവിധ കെടുതികളും, ബുദ്ധിമുട്ടുകളും മഹാമാരിയില്‍ നിന്നും കരകയറി ശുഭകരമായി വരും. കന്നിമാസത്തിലെ ആയില്യം നാളിനായി കാത്തിരിക്കാം.

ലോകാ: സമസ്താ : സുഖിനോ : ഭവന്തു:

Shankar Ottapalam
Email: ksnottapalam@gmail.com



ആയില്യം നാളും സര്‍പ്പപൂജകളും (ശങ്കര്‍ ഒറ്റപ്പാലം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക