Image

യു.എസ്. ആർമി കേണൽ ഡോ. അലക്സ് അലക്‌സാണ്ടർ മെരിലാൻഡിൽ അന്തരിച്ചു

Published on 21 October, 2020
യു.എസ്. ആർമി കേണൽ ഡോ. അലക്സ് അലക്‌സാണ്ടർ മെരിലാൻഡിൽ അന്തരിച്ചു
ബാൾട്ടിമോർ, മെരിലാൻഡ്: യു.എസ. ആർമിയിൽ കേണലും മെഡിക്കൽ കോളജുകളിൽ പ്രൊഫസറുമായിരുന്ന ഡോ. അലക്സ് അലക്‌സാണ്ടർ, 85, അന്തരിച്ചു. ആർമിയിൽ ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യാക്കാരനാണ്. ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി ഡോ.  എ.പി.ജെ. അബ്ദുൽ കലാമിന്റെ സതീര്ഥ്യനാണ്.

കുമ്പനാട് സ്വദേശിയായ അദ്ദേഹം 1962  - ൽ അമേരിക്കയിലെത്തി.

ഫോമാ നേതാവ് തോമസ് ജോസ് (ജോസ് കുട്ടി) ഏതാനും വര്ഷം മുൻപ് ഇ-മലയാളിയിൽ എഴുതിയ അഭിമുഖം  പുനഃപ്രസിദ്ധീകരിക്കുന്നു 

ഡോ. അലക്‌സ്‌ അലക്‌സാണ്ടറുടെ മഹനീയ നേട്ടങ്ങള്‍ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്നതാണ്‌. മദ്രാസ്‌ മെഡിക്കല്‍ കോളേജില്‍ നിന്നും വൈദ്യശാസ്‌ത്രത്തില്‍ ബിരുദം നേടി അമേരിക്കയിലേയ്‌ക്കു കുടിയേറുകയും ജോണ്സ്‌ ഹോപ്‌കിന്‍സ്‌ ഹോസ്‌പിറ്റലില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കി അമേരിക്കന്‍ ആര്‍മിയില്‍ മെഡിക്കല്‍ ഓഫീസറായി സേവനം ആരംഭിക്കുകയും ചെയ്‌ത അദ്ദേഹം ആര്‍മിയില്‍ കേണല്‍ പദവിയില്‍ വരെ എത്തിയിരുന്നു. 

വിരമിക്കുമ്പോള്‍ വെറ്ററന്‍സ്‌ അഫയേഴ്സില്‍ ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ ആയിരുന്നു.  ഡോ. അലക്‌സാണ്ടര്‍. വിര്‍ജീനിയ, നോര്‍ത്ത്‌ കരോലിന, വെസ്റ്റ്‌ വിര്‍ജീനിയ എന്നീ മൂന്നു മേഖലകളിലെ വെറ്ററന്‍സ്‌ മെഡിക്കല്‍ സെന്ററുകള്‍ക്ക്  ഒരേ സമയം നേതൃത്വം നൽകിയ  ഏക ഇന്ത്യക്കാരനും ഇദ്ദേഹമാണ്‌. വിദ്യാഭ്യാസ-ഗവേഷണ പദ്ധതികള്‍ വെറ്ററന്‍സ്‌ മെഡിക്കല്‍ സെന്ററുകളില്‍ വിജയകരമായി നടപ്പാക്കുന്നതിന്‌ ഡോ. അലക്‌സാണ്ടറുടെ പ്രവര്‍ത്തനങ്ങള്‍ വളരെ ഉപകാരപ്പെട്ടു. 

അമേരിക്കയിലെ വിവിധ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളിൽ  അദ്ധ്യാപകനായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തെ ആരോഗ്യ-ധനശാസ്‌ത്രത്തിലും, ഹെല്‍ത്ത്‌ കെയര്‍ അഡ്‌മിനിസ്‌ട്രേഷനിലും വിദഗ്‌ദ്ധനായി ഗണിക്കപ്പെടുന്നു. World Health Organization, U.S. Agency For International Development, Social Security Administration, U.S. Public Health Service എന്നിവിടങ്ങളില്‍ കണ്‍സള്‍ട്ടന്റ്‌ ആയും   പ്രവര്‍ത്തിച്ചിരുന്നു.

യു.എസ്‌ ആര്‍മിയില്‍ നിന്നും `Legion of Merit' ഉള്‍പ്പെടെ ഉന്നത  ബഹുമതികളും, ഗവ. ഇതര ബഹുമതികളും  കരസ്ഥമാക്കിയിട്ടുണ്ട്‌. 26 ശാസ്‌ത്രീയ പ്രബന്ധങ്ങള്‍ തയ്യാറാക്കിയിട്ടുള്ള ഡോ. അലക്‌സാണ്ടര്‍ പഠിപ്പിക്കുന്നതിന്‌ ഉപയോഗിച്ച കുറിപ്പുകള്‍ ഹോപ്‌കിന്‍സ്‌ യൂണിവേഴ്‌സിറ്റി ഉപയോഗിക്കുന്നു. ഗവണ്‍മെന്റിന്റെയും സര്‍വ്വകാലശാലകളുടെ പല ശാസ്‌ത്ര മാസികളുടെയും എഡിറ്ററായി പ്രവര്‍ത്തിക്കുവാനും ഇദ്ദേഹം സമയം കണ്ടിരുന്നു. 

അഭിമുഖത്തില്‍ നിന്നും:-

 ? ഡോ.എപിജെ അബ്‌ദുള്‍കലാമുമായിട്ടുള്ള പരിചയത്തെപ്പറ്റി കേട്ടിട്ടുണ്ട്‌. വിവരിക്കാമോ?

മദ്രാസില്‍ പഠിക്കുമ്പോള്‍ ഡോ. കലാമിനോടൊപ്പം ഒരേ മുറിയില്‍ നാല്‌ വര്‍ഷം ഞാന്‍ താമസിച്ചിരുന്നു. ഞങ്ങളോടൊപ്പം മൂന്നാമതൊരാള്‍ കൂടിയുണ്ടായിരുന്നു- ഡോ. സമ്പത്ത്‌ കുമാര്‍, ഡോ. കലാമിന്റെ ആതമകഥയില്‍ ഈ ത്രിമൂര്‍ത്തികളെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌ (Wings of Fire; page-14). ഡോ. കലാം ഇന്ത്യന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ഞങ്ങള്‍ മൂവരും ഒരിക്കല്‍ രാഷ്ട്രപതി ഭവനില്‍ വെച്ച്‌ കണ്ടിരുന്നു.

? അമേരിക്കയിലേക്ക്‌ കുടിയേറുവാനുള്ള കാരണം എന്തായിരുന്നു?

പ്രധാനകാരണം ജോണ്സ്‌ ഹോപ്‌കിന്‍സ്‌ തന്നെയാണ്‌. മറ്റൊരു കാരണം, സ്വന്തം നാട്ടില്‍ അനുഭവിക്കേണ്ടി വന്ന വിവേചനം. മദ്രാസ്‌ സര്‍വ്വകലാശാലയില്‍ നിന്നും മെഡിസിനില്‍ ബിരുദം നേടിയ ശേഷം ഉപരിപഠനത്തിന്‌ അവിടെത്തന്നെ അപേക്ഷിച്ചുവെങ്കിലും ഞാനൊരു മലയാളി ആണെന്നുള്ളതിനാല്‍ തിരസ്‌കരിക്കപ്പെട്ടു. മദ്രാസ്‌ പ്രസിഡന്‍സി അവസാനിക്കുകയും സംസ്ഥാനങ്ങള്‍  ഭാഷാടിസ്ഥാനത്തില്‍ നിലവില്‍ വരുകയും ചെയ്‌ത കാലമായിരുന്നു അത്‌. 67 സീറ്റുകളിലേക്ക്‌ 35 അപേക്ഷകര്‍ മാത്രം ഉണ്ടായിരുന്നിട്ടും ഞാന്‍ തള്ളപ്പെട്ടതിന്റെ വാശിക്ക്‌ ജോണ്സ്‌ ഹോപ്‌കിന്‍സ്‌ യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷിക്കുകയും പ്രവേശനം ലഭിക്കുകയും ചെയ്‌തു.

? ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാള്‍ എന്ന നിലയില്‍ അമേരിക്കയില്‍ ഉണ്ടായ അനുഭവങ്ങള്‍ എങ്ങനെ ആയിരുന്നു?

1962 എന്നത്‌ വളരെ വിദൂരമായ ഒരു ഭൂതകാലമല്ല എങ്കിലും അന്ന്‌ മലയാളികള്‍ എന്നല്ല ഇന്ത്യക്കാര്‍ വിരളമായേ  ബള്‍ട്ടിമൂറില്‍ ഉണ്ടായിരുന്നുള്ളൂ. ഹോപ്‌കിന്‍സില്‍ അന്ന്‌ കറുത്ത വര്‍ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രവേശനം ലഭിക്കുമായിരുന്നില്ല. വെള്ളക്കാര്‍ക്കും, കറുത്തവര്‍ഗക്കാര്‍ക്കും പ്രത്യേകം പ്രത്യേകം വാര്‍ഡുകള്‍ ആയിരുന്നു. 

ബള്‍ട്ടിമൂറില്‍ എത്തിയതിന്റെ രണ്ടാം നാള്‍ ഉച്ചഭക്ഷണത്തിനായി എത്തിയ കടയില്‍ നിന്നും ബര്‍ഗര്‍ വാങ്ങുവാന്‍ സാധിച്ചെങ്കിലും അവിടെയിരുന്നു ഭക്ഷിക്കുവാന്‍ എന്നെ അനുവദിച്ചില്ല. വെള്ളക്കാര്‍ മാത്രം ആഹാരം കഴിക്കുന്ന സ്ഥലമായിരുന്നു അത്‌. മലയാളിയായതിന്റെ പേരില്‍ മദ്രാസ്‌ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നിഷേധിക്കപ്പെട്ട അനുഭവമുള്ള എനിക്ക്‌ അമേരിക്കയില്‍ നേരിട്ട വിവേചനം വിഷമമായി തോന്നിയില്ല. 1968-ല്‍ ഒരു വീടുവാങ്ങുവാന്‍ ശ്രമിച്ചപ്പോള്‍ ആ വീട്‌ മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിച്ച സംഭവവും ഞാന്‍ ഓര്‍മ്മിക്കുന്നു. 1964-ല്‍ സിവില്‍ റൈറ്റ്‌ ആക്‌ട്‌ നിലവില്‍ വന്നിരുന്നുവെങ്കിലും വര്‍ഗ വിവേചനം ശക്തമായിത്തന്നെ നിലനിന്നിരുന്നു ആ കാലഘട്ടത്തില്‍.

? അമേരിക്കന്‍ ആര്‍മിയില്‍ ചേരുവാനുണ്ടായ താല്‍പര്യവും ആര്‍മി ജീവിതത്തിന്റെ അനുഭവങ്ങളും?

ഞാന്‍ അമേരിക്കയില്‍ വന്നത്‌ എക്‌ചേഞ്ച്‌ വിസയിലായിരുന്നു. ആ വിസയുടെ ചില നിബന്ധനകള്‍ പാലിക്കുന്നതിനു വേണ്ടിയാണ്  ആര്‍മിയില്‍ ചേര്‍ന്നത്‌. എന്നുതന്നെയുമല്ല, പ്രൈവറ്റ്‌ പ്രാക്‌ടീസില്‍ എനിക്ക്‌ യാതൊരു താല്‍പര്യവുമുണ്ടായിരുന്നുമില്ല. 

ആര്‍മിയില്‍ സേവനം ചെയ്യുകവഴി ലഭിച്ച നേട്ടങ്ങള്‍ നിസാരങ്ങളായിരുന്നില്ല. സ്ഥാനവും അധികാരവും ഒരിക്കലും എന്നെ ആകര്‍ഷിച്ചിരുന്നില്ലെങ്കിലും പ്രവര്‍ത്തിച്ച സ്ഥാപനങ്ങളുടെ നയരൂപീകരണത്തെ സ്വാധീനിക്കുവാന്‍ സാധിച്ചതുവഴി എന്റേതായ ആശയങ്ങള്‍ നടപ്പാക്കുവാന്‍ എളുപ്പമായിരുന്നു. Agency For International Development-ല്‍ പ്രവര്‍ത്തിച്ചപ്പോള്‍  ഔദ്യോഗികകാര്യങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കേണ്ടിവന്നിരുന്നു. ഇതുമൂലം ആഴത്തിലുള്ള ലോകപരിചയം ലഭിക്കുവാന്‍ സാധിച്ചു.

ചൈനയിലെ ഒരു മിലിറ്ററി ഹോസ്‌പിറ്റല്‍ സന്ദര്‍ശിക്കുവാന്‍ എനിക്ക്‌ അവസരം ലഭിച്ചിരുന്നു. ചൈനക്കാരന്‍ അല്ലാത്ത ഒരാള്‍ക്ക്‌ ഇത്തരത്തില്‍  അനുവാദം ലഭിക്കുന്നത്‌ വളരെ അപൂര്‍വ്വമാണ്‌.

യുദ്ധരംഗത്ത്‌ പരിക്കു പറ്റുന്ന ഭടന്മാര്‍ക്ക്‌ മറ്റൊരാളില്‍ നിന്നും നേരിട്ട്‌ രക്തം നല്‍കുന്ന രീതി അമേരിക്കക്കാരാണ്‌ ആരംഭിച്ചതെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും, സ്‌പെയിന്‍കാരനായ ഡോ. നോര്‍മന്‍ ബത്താങ്ങ്‌ ആണ്‌ ആദ്യമായി അങ്ങനെ ചെയ്‌തതെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു. 

? ഇപ്പോള്‍ വിശ്രമജീവിതമാണല്ലോ. ദിനചര്യകള്‍ എങ്ങനെയാണ്‌? 

ആര്‍മിയില്‍ നിന്നും ശീലിച്ച അച്ചടക്കവും, അടുക്കും, വ്യായാമവുമെല്ലാം എല്ലാദിവസവും പാലിക്കുന്നു. ഞായറാഴ്‌ച ഒഴികെ എല്ലാ ദിവസവും വ്യായാമം ചെയ്യും. ആഴ്‌ചയില്‍ ഒരു ദിവസം ശരീരത്തിന്‌ വിശ്രമം ആവശ്യമാണ്‌. തന്നെയുമല്ല, ഞായറാഴ്‌ചത്തെ ദിനപത്രങ്ങല്‍ വായിച്ചു തീര്‍ക്കുമ്പോള്‍ കൂടുതല്‍ സമയം വേണം. എല്ലാ ദിവസവും 4-5 ദിനപത്രങ്ങള്‍ പൂര്‍ണ്ണമായും വായിക്കും. മിക്കപ്പോഴും എഡിറ്റര്‍ക്ക്‌ കത്തയയ്‌ക്കുവാന്‍ കാരണങ്ങളും കാണും.

ഇപ്പോള്‍ പാര്‍ക്കിന്‍സന്‍സ്‌ രോഗത്തിന്റെ പിടിയിലാണെങ്കിലും നിത്യേനയുള്ള വ്യായാമവും ആയുര്‍വേദ ചികിത്സയും മൂലം രോഗം വളരെ നിയന്ത്രണവിധേയമാണ്‌. പാര്‍ക്കിന്‍സന്‍സിന്റെ പ്രധാന ലക്ഷണമായ വിറയല്‍ (ട്രിമോഴ്‌സ്‌) എനിക്ക്‌ തീരെ അനുഭവപ്പെടാത്തതിന്റെ കാരണം നിത്യേനയുള്ള വ്യായാമം മൂലമാണ്‌. ആയുര്‍വ്വേദ ചികിത്സയുടെ സാദ്ധ്യതകള്‍ മലയാളികള്‍ പോലും പൂര്‍ണ്ണമായും മനസ്സിലാക്കുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്യുന്നില്ല.

? നമ്മുടെ ഇളം തലമുറയോട്‌ ഡോക്‌ടര്‍ക്ക്‌ എന്താണ്‌ പറയുവാനുള്ളത്‌?

പ്രായമായവരെ ബഹുമാനിക്കണം. പ്രായം കൂടുമ്പോള്‍ മനുഷ്യരില്‍ അറിവും വിവേകവും വര്‍ദ്ധിക്കും. പ്രായമായവരെ ബഹുമാനിക്കുക വഴി അറിവിനേയും വിവേകത്തെയുമാണ്‌ ബഹുമാനിക്കുന്നത്‌. 

മുഴുവന്‍ സമയവും സംഗീതം ശ്രവിക്കുന്നതും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കണം. മുഴുവന്‍ സമയവും ഒരേ കര്യത്തില്‍ മുഴുകുന്നത്‌ നല്ലതല്ല.
യു.എസ്. ആർമി കേണൽ ഡോ. അലക്സ് അലക്‌സാണ്ടർ മെരിലാൻഡിൽ അന്തരിച്ചു യു.എസ്. ആർമി കേണൽ ഡോ. അലക്സ് അലക്‌സാണ്ടർ മെരിലാൻഡിൽ അന്തരിച്ചു യു.എസ്. ആർമി കേണൽ ഡോ. അലക്സ് അലക്‌സാണ്ടർ മെരിലാൻഡിൽ അന്തരിച്ചു
Join WhatsApp News
Susan Thomas 2020-10-23 11:57:56
Condolences and prayers to the bereaving family
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക