Image

വായു മലിനീകരണം: ഇന്ത്യ ഒന്നാം സ്ഥാനത്ത്, 1.16 ലക്ഷം ശിശുക്കള്‍ ശ്വാസം മുട്ടി മരിച്ചു

Published on 22 October, 2020
വായു മലിനീകരണം: ഇന്ത്യ ഒന്നാം സ്ഥാനത്ത്, 1.16 ലക്ഷം ശിശുക്കള്‍ ശ്വാസം മുട്ടി മരിച്ചു
ന്യൂഡല്‍ഹി : 2019-ല്‍  ലോകത്ത് ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം നടന്നത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. മലിനമായ വായുവില്‍ ശ്വാസം മുട്ടി മരിച്ചത് 1.16 ലക്ഷം നവജാതശിശുക്കള്‍ !

സ്‌റ്റേറ്റ് ഒഫ് ഗ്‌ളോബല്‍ എയറിന്റെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരം. നേപ്പാള്‍, കിഴക്കന്‍ ആഫ്രിക്കയിലെ നൈജര്‍, നൈജീരിയ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍. ബംഗ്ലാദേശും പാകിസ്ഥാനും ഒന്‍പതും പത്തും സ്ഥാനത്താണ് .

കുഞ്ഞുങ്ങളില്‍ പകുതിയും മരിച്ചത് സൂക്ഷമമായ മാലിന്യ കണങ്ങള്‍ അടങ്ങിയ വായു (പി. പി.എം.2.5) ശ്വസിച്ചാണ്. ബാക്കി മരണം വിറക്, ഉണങ്ങിയ ചാണകം, കരി തുടങ്ങിയവ കത്തിക്കുമ്പോള്‍ വായുവില്‍ നിറയുന്ന സൂക്ഷമമായ പൊടി ശ്വസിച്ചാണ്.

മലിന വായു ശ്വസിക്കുന്ന ഗര്‍ഭിണികള്‍ മാസം തികയാതെ പ്രസവിക്കും. ഈ കുഞ്ഞുങ്ങള്‍ക്ക് ഭാരകുറവുണ്ടാവും. ആദ്യ മാസം തന്നെ മരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്തരീക്ഷ മലിനീകരണം ജനങ്ങളുടെ ശ്വാസകോശത്തെ തകരാറിലാക്കുന്നു. കഴിഞ്ഞ വര്‍ഷം 16.7 ലക്ഷം ജനങ്ങളാണ് പ്രമേഹം , ശ്വാസകോശ കാന്‍സര്‍, മറ്റ് ശ്വാസകോശരോഗങ്ങള്‍, പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയവ മൂലം മരിച്ചത്. ലോകത്ത് ആകെ 67 ലക്ഷം ജനങ്ങള്‍ മരിച്ചപ്പോഴാണ് ഇന്ത്യയില്‍ ഇത്രയും പേര്‍ മലിനീകരണത്തിന് കീഴങ്ങിയത്.

പട്ടിണിയും പുകവലിയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണം വായുമലിനീകരണം മൂലമാണ്. വായു മലിനീകരണം കുറച്ചാല്‍ ഇന്ത്യയിലെ ആയുര്‍ദൈര്‍ഘ്യം 1.7 വര്‍ഷമെങ്കിലും കൂടും.

ഡല്‍ഹിയില്‍ ശ്വാസകോശ രോഗങ്ങള്‍ കാരണം ദിവസം 8ഓളം പേര്‍ മരിക്കുന്നു. ഒരാള്‍ ദിവസം ശരാശരി 20 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ് ഡല്‍ഹിയിലെ വായു ശ്വസിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. വാഹനങ്ങളുടെ അതിപ്രസരവും ജനത്തിരക്കും പഞ്ചാബിലും ഹരിയാനയിലും ഉത്തര്‍പ്രദേശിലും വൈക്കോലും കാര്‍ഷികാവശിഷ്ടങ്ങളും കത്തിക്കുന്നതിന്റെ പുകയും ഡല്‍ഹിയെ ശ്വാസം മുട്ടിക്കുന്നു. കൃഷിയിടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് പരിശോധിക്കാന്‍ റിട്ട. ജസ്റ്റിസ് മദന്‍ ബി ലോക്കൂറിനെ നിയോഗിച്ചിരിക്കുകയാണ് സുപ്രീംകോടതി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക