Image

സ്റ്റാന്‍ സ്വാമിയെ ഉടന്‍ ജയില്‍ മോചിതനാക്കുക : ഹലോ ഫ്രണ്ട്‌സ്

Published on 22 October, 2020
 സ്റ്റാന്‍ സ്വാമിയെ ഉടന്‍ ജയില്‍ മോചിതനാക്കുക : ഹലോ ഫ്രണ്ട്‌സ്


സൂറിച്ച്. സാമൂഹ്യ ഇടപെടലുകള്‍ നടത്തിവരുന്ന യൂറോപ്പിലെ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്‌സര്‍ലന്‍ഡ് ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ ശക്തമായി പ്രതിഷേധിച്ചു . അഡ്മിന്‍ ടോമി തൊണ്ടാംകുഴിയുടെ അധ്യക്ഷതയില്‍ സൂറിച്ചില്‍ ചേര്‍ന്ന ഗവേണിംഗ് ബോഡി യോഗമാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. ഗവേണിംഗ് ബോഡി അംഗം ജേക്കബ് മാളിയേക്കല്‍ ആണ് പ്രമേയം അവതരിപ്പിച്ചത്.

ആദിവാസികളുടെ ഇടയില്‍ അവരില്‍ ഒരുവനായി ജീവിച്ചു സാമൂഹ്യപ്രവര്‍ത്തനം നടത്തിവന്നിരുന്ന എണ്‍പത്തിമൂന്നുകാരനായ ജസ്യൂട്ട് വൈദികനും നാട്ടുകാര്‍ സ്‌നേഹപൂര്‍വം സ്വാമി അച്ചന്‍ എന്ന് വിളിക്കുന്ന സ്റ്റാന്‍ സ്വാമിയെ യുഎപി. ആക്ട് 1967 ചുമത്തിയാണ് ജയിലില്‍ അടച്ചിരിക്കുന്നത്. മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ന്യായീകരണം.

ഭീമ കൊറേഗാവ്-എല്‍ഗാര്‍ പരിഷത് കേസില്‍ ജാര്‍ഖണ്ഡിലെ റാഞ്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ സ്വാമി പ്രസ്തുത കേസില്‍ അറസ്റ്റിലാവുന്ന പതിനഞ്ചാമനാണ്. ആദിവാസി അവകാശ രാഷ്ട്രീയത്തിന്റെ മേഖലയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന പുരോഹിതനാണ് സ്റ്റാന്‍ സ്വാമി.

ഫാ. സ്റ്റാനുള്‍പ്പെടെ സാമൂഹിക പ്രവര്ത്തകരും, പത്രപ്രവര്‍ത്തകരും ചിന്തകരുമായ 20 പേര്‍ക്കെതിരെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ആഴ്ച്ചകള്‍ക്കകമാണ് അദ്ദേഹത്തിന്റെ താമസസ്ഥലം റെയ്ഡ് ചെയ്യപ്പെടുന്നത്.

പാര്‍ശ്വവത്കരിക്കപ്പെട്ടവരും അക്രമിക്കപ്പെട്ടവരുമായ ആളുകള്‍ക്കുവേണ്ടിയുള്ള ഫാ. സ്റ്റാന്‍ സ്വാമിയുടെ പരിശ്രമങ്ങളുടെ ഫലമായാണ് ജാര്‍ഖണ്ഡിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തീര്‍ത്തും അവഗണിച്ച അക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വെളിച്ചം കണ്ടുതുടങ്ങിയത് . കാര്യങ്ങള്‍ രേഖാമൂലം അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അതുല്യമായ കഴിവും, മറ്റു മനുഷ്യാവകാശ സംഘടനകളുമായി ശൃംഖലകളുണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ പാടവവും ചേരുന്നതോടെ ജാര്‍ഖണ്ഡ് പോലുള്ള ഒരു സംസ്ഥാനത്തിലെ പൊതുസമൂഹം ഉണര്‍ന്നു . തന്റെ ജീവിതത്തെ ആദിവാസികളുമായും അവരുടെ ആത്മാഭിമാനവുമായും ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എഴുത്തുകാരനെന്ന നിലക്ക്, പല സര്‍ക്കാര്‍ നയങ്ങള്‍ക്കുമെതിരെ കൃത്യമായ വിമര്‍ശനങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചു. അതുമാത്രമല്ല, അദ്ദേഹത്തിന്റെ കൃത്യവും ശാന്തവുമായ പ്രവര്ത്തനങ്ങളും സ്വഭാവത്തിലെ ലാളിത്യവും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവരുടെ ഇടയില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കി.

നാട്ടുകാര്‍ക്കെല്ലാം മതിപ്പ് ഉളവാക്കുന്ന രീതിയില്‍ തികച്ചും ലളിത ജീവിതം നയിച്ചു ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന വൈദികന്റെ അറസ്റ്റ് മനുഷ്യാവകാശധ്വംസനമായി ഹലോ ഫ്രണ്ട്‌സ് കാണുന്നുവെന്ന് പ്രമേയത്തില്‍ അംഗങ്ങള്‍ രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക