Image

ഡിബേറ്റിൽ ഇന്ത്യയെയും ഇന്ത്യയുടെ വായുവിനെയും മലിനമെന്ന് വിശേഷിപ്പിച്ചു ട്രംപ്

Published on 23 October, 2020
ഡിബേറ്റിൽ ഇന്ത്യയെയും ഇന്ത്യയുടെ വായുവിനെയും മലിനമെന്ന് വിശേഷിപ്പിച്ചു ട്രംപ്
ന്യൂയോർക്ക് :  ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ  ബൈഡനുമായുള്ള അവസാനവട്ട പ്രസിഡൻഷ്യൽ സംവാദത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയെയും ഇന്ത്യയുടെ വായുവിനെയും മലിനമെന്ന് വിശേഷിപ്പിച്ചു.  പരിസ്ഥിതിയെക്കുറിച്ചും പാരീസ് കാലാവസ്ഥാ  വ്യതിയാനം സംബന്ധിച്ച കരാറും ചർച്ചയ്ക്കിടയിൽ വിഷയമായപ്പോളാണ് ഇന്ത്യയെക്കുറിച്ച് ട്രംപിന്റെ അപ്രതീക്ഷിതമായ പരാമർശം.

തന്റെ ഭരണമികവ് വർണിക്കുന്നതിന്റെ  ഭാഗമായി പരിസ്ഥിതിക്കു ദോഷം വരാത്ത കാർബൺ എമിഷൻ നമ്പർ നിലനിർത്തി,  അമേരിക്കയിലെ വ്യവസായങ്ങൾ കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷക്കാലത്തേതിൽ ഏറ്റവും മികച്ച രീതിയിൽ  മുൻപോട്ട് പോകുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു  വ്യാഴാഴ്ച  രാത്രി നാഷ്‌വിലിൽ ട്രംപ് സംസാരിച്ചു തുടങ്ങിയത്. ചൈനയും റഷ്യയുമായി യു എസിന്റെ പരിസ്ഥിതി താരതമ്യപ്പെടുത്തിയ  ശേഷമാണ് ഇന്ത്യയിലേക്ക് തിരിഞ്ഞത്.

"ഇന്ത്യയെ നോക്കൂ , അവിടം എത്ര വൃത്തികെട്ടതാണ്, ഇന്ത്യയുടെ അന്തരീക്ഷം പോലും മലിനമാണ്." വിദേശ നയങ്ങളെക്കുറിച്ചും തന്ത്രപരമായ താല്പര്യങ്ങളെക്കുറിച്ചും  വ്യക്തമാക്കാതെ തെന്നിമാറിയ ചർച്ചയിൽ,  ഇന്ത്യയെക്കുറിച്ചുണ്ടായ  ഏക പരാമർശം ഈ വാക്കുകളിൽ ഒതുങ്ങി. 

ഉത്തര കൊറിയയുടെ ആണവ- മിസൈൽ പദ്ധതികളെ ചൂണ്ടിക്കാണിച്ച് ട്രംപ് പറഞ്ഞത് അദ്ദേഹത്തിന്റെ ഭരണ കാലയളവിൽ അവർ ആണവ പരീക്ഷണങ്ങൾ നടത്തിയിട്ടില്ലെന്നും, പരീക്ഷണങ്ങളെല്ലാം ബൈഡൻ വൈസ് പ്രസിഡന്റ്  പദവിയിൽ   ഇരുന്നപ്പോളായിരുന്നു എന്നുമാണ്. മുൻ പ്രസിഡന്റ് ബറാക് ഒബാമ പ്രതീക്ഷിച്ചിരുന്ന പ്യോങ്‌യാങ്ങുമായുള്ള യുദ്ധം താനാണ് തടുത്തു നിർത്തിയതെന്നും ട്രംപ് അവകാശപ്പെട്ടു. 

കോവിഡ് മഹാമാരിയിലൂടെ നാശം വിതച്ച ചൈന അതിന് വില നൽകേണ്ടി വരുമെന്നും, അതിന്റെ തുടക്കമായാണ് വാണിജ്യ ഇടപാടുകൾക്ക് പണമീടാക്കിയതും യൂ എസിലെ കർഷകർക്ക് 20 ബില്യൺ ഡോളർ എത്തിച്ചതും എന്ന ട്രംപിന്റെ വാദത്തെ ബൈഡൻ എതിർത്തു. മഹാമാരിയുടെ പേരിൽ ചൈനയ്‌ക്കെതിരെ ശിക്ഷാനടപടി എടുക്കുന്നതിൽ   ബൈഡന് യോജിപ്പില്ല. മറ്റു ലോക രാജ്യങ്ങൾ പാലിക്കുന്ന മാർഗരേഖകൾ അനുസരിച്ച് രോഗത്തെ തടുക്കുകയാണ് വേണ്ടതെന്ന നിലപാടാണ് അദ്ദേഹത്തിന്. 

ബൈഡന്റെ മകൻ ഹണ്ടർ  ഉക്രൈനിൽ നിന്ന് അനധികൃതമായി പണം സമ്പാദിച്ചതിന്റെ സ്രോതസ്സിനെക്കുറിച്ച് പറയുമ്പോഴാണ്  ചൈനയെയും റഷ്യയെയും കുറിച്ച് പ്രതിപാദിച്ചത്.  രേഖകൾ ഉണ്ടെങ്കിൽ പോലും താനോ കുടുംബമോ  അങ്ങനൊരു സ്രോതസ്സിലൂടെ പണം നേടിയിട്ടില്ലെന്ന് തന്നെ ബൈഡൻ ഉറപ്പിച്ചു പറഞ്ഞു.  

പാരീസ് കരാറിൽ ഏർപ്പെടാതെ താൻ യു എസിനെ രക്ഷിച്ചതാണെന്നും ആ ഉടമ്പടി അമേരിക്കയ്ക്ക് ഗുണകരമേ ആയിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. അതിൽ ഏർപ്പെട്ടാൽ ട്രില്യൺ കണക്കിന് ഡോളറുകൾ ചെലവാകുമായിരുന്നെന്നും പ്രസിഡന്റ് വിശദീകരിച്ചു. 

"2030 വരെ ചൈനയുടെ ഭാഗത്തു നിന്ന് ഒരു കുതിപ്പ് ഉണ്ടാകില്ല, റഷ്യ ആകട്ടെ നിലവാരത്തിൽ ഏറെ പുറകിലേക്ക് തള്ളപ്പെട്ടുകഴിഞ്ഞു. നമുക്ക് കുതിച്ചുയരാനുള്ള സമയമാണിത്." ട്രംപ് തന്റെ ആത്മവിശ്വാസം പങ്കുവച്ചു. 
" ലക്‌ഷ്യം നമ്മുടെ ബിസിനസ് കൈയ്യേറുക എന്നതായിരുന്നു. പാരീസ് കരാറിന്റെ പേരിൽ  ദശലക്ഷക്കണക്കിന് ആളുകളുടെ ജോലിയും  ആയിരക്കണക്കിന് കമ്പനികളും നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ല. പാരിസ്ഥിതികമായ നമ്മൾ അനുപമമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഏറ്റവും ശുദ്ധമായ വായുവും വെള്ളവുമാണ് നമ്മുടേത്." പ്രസിഡന്റ് കൂട്ടിച്ചേർത്തു. 

എന്നാൽ, വിവിധ പാരിസ്ഥിതിക മാനദണ്ഡങ്ങൾ താല്പര്യംപോലെ വെട്ടിക്കുറച്ച ട്രംപിന്റെ നയങ്ങൾ  ചൂണ്ടിക്കാണിച്ചുള്ള വിമർശനം  ഉയർന്നു. ഉദാഹരണത്തിന് , എണ്ണയുടെയും വാതകത്തിന്റെയും ഡ്രില്ലിങ്ങിന് വേണ്ടി സർക്കാർ ഭൂമി തുറന്നുകൊടുത്തതും ഓട്ടോ എക്സ്ഹോസ്റ്റിന്റെ എമിഷൻ മാനദണ്ഡം താഴ്ത്തിയതും ചോദ്യം ചെയ്യപ്പെട്ടു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക