Image

ഇല്ലിനോയില്‍ കോവിഡ് സംഖ്യ ഉയരുന്നു. ചിക്കാഗോയിലടക്കം സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

അനില്‍ മറ്റത്തികുന്നേല്‍ Published on 24 October, 2020
ഇല്ലിനോയില്‍ കോവിഡ് സംഖ്യ ഉയരുന്നു. ചിക്കാഗോയിലടക്കം  സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍
ചിക്കാഗോ: ചിക്കാഗോ നഗരം ഉള്‍പ്പെടുന്ന ഇല്ലിനോയി സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രങ്ങളുമായി അധികൃതര്‍ മുന്നോട്ട്. ഈ കഴിഞ്ഞ വാരത്തില്‍ ശരാശരി 4000 കോവിഡ് 19 പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ജാഗ്രതയിലാണ് അധികൃതര്‍. ആശുപത്രികള്‍ വീണ്ടും കോവിഡ് രോഗികളെ കൊണ്ട് നിറയുന്ന സാഹചര്യത്തില്‍ , ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങിവരികയായിരുന്ന ജനജീവിതം , വീണ്ടും നിയന്ത്രണങ്ങള്‍ക്ക് വിധേയമാവുകയാണ്. ചിക്കാഗോ ഉള്‍പ്പെടുന്ന കൂക്ക് കൗണ്ടി, ചിക്കാഗോയുടെ പരിസര പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കെയ്ന്‍ കൗണ്ടി, മക്കന്റി കൗണ്ടി, വില്‍ കൗണ്ടി എന്നീ കൗണ്ടികളില്‍ ഉള്‍പ്പെടെ 102 രണ്ടില്‍ ഏതാണ്ട് പകുതിയോളം കൗണ്ടികളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഏകദേശം എണ്‍പതിനായരത്തിലധകം ടെസ്റ്റുകള്‍ ഓരോ ദിവസം നടത്തുന്ന സാഹചര്യത്തിലാണ് 5.6 % പോസിറ്റിവിറ്റി റേറ്റോട് കൂടി നാലായിരത്തോളം കേസുകള്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ചിക്കാഗോ നഗരത്തില്‍ രാത്രി 10 മാണി മുതല്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം റസ്‌റ്റോറന്റുകള്‍ അല്ലാത്ത ബാറുകള്‍ക്കുള്ളില്‍ നല്‍കിയിരുന്ന സേവനങ്ങള്‍ക്കും ആറ്  പേരില്‍ കൂടുതലുള്ള സാമൂഹ്യ കൂട്ടായ്മകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.  ഇല്ലിനോയി സംസ്ഥാനത്തിന്റെ നിയന്ത്രണങ്ങളുടെ ഭാഗമായി പല കൗണ്ടികളിലും 10 പേരില്‍ കൂടുതലുള്ള പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ കഴിഞ്ഞ വാരത്തില്‍ 1400 പുതിയ കോവിഡ് രോഗികളാണ് ഇല്ലിനോയിലെ വിവിധ നേഴ്‌സിങ്ങ് ഹോമുകളില്‍ നിന്ന് മാത്രമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 131 നേഴ്‌സിങ്ങ് ഹോം അന്തേവാസികള്‍ കൂടി കഴിഞ്ഞ വാരത്തില്‍ മരണപ്പെട്ടപ്പോള്‍, ഇല്ലിനോയി സംസ്ഥാനത്ത് നേഴ്‌സിങ്ങ് ഹോമുകളിലെ കോവിഡ് മരണങ്ങളുടെ ആകെയുള്ള എണ്ണം 5000 കഴിഞ്ഞു. ഇത് ഇല്ലിനോയി സംസ്ഥാനത്ത് ഉണ്ടായ കോവിഡ് മരണങ്ങളില്‍ പകുതിയിലധികം വരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക