Image

കോവിഡിനെതിരെ റെമഡീസിവിർ നൽകുന്നതിന് എഫ്.ഡി.എ. അംഗീകാരം ലഭിച്ചു

മീട്ടു Published on 24 October, 2020
 കോവിഡിനെതിരെ  റെമഡീസിവിർ  നൽകുന്നതിന് എഫ്.ഡി.എ. അംഗീകാരം ലഭിച്ചു
കോറോണ ബാധിതനായി  ആശുപത്രിയിൽ എത്തുന്ന രോഗിക്ക് ഐ വി സംവിധാനത്തിലൂടെ റെമഡീസിവിർ  നൽകുന്നതിന് അംഗീകാരം ലഭിച്ചു. കോവിഡിനെതിരെ അംഗീകൃതമാകുന്ന ആദ്യ ആന്റി വൈറൽ മരുന്നായി ഇതോടെ റെമഡീസിവിർ. രോഗത്തിൽ നിന്നുള്ള മോചനത്തിന് പതിനഞ്ച് ദിവസങ്ങൾ വേണ്ടിയിരുന്ന സ്ഥാനത്ത് , ഈ മരുന്നിന്റെ ഉപയോഗത്തോടെ പത്ത് ദിവസമായി ചുരുങ്ങിയതായി യു എസ് നാഷണൽ ഇൻസ്റ്റിട്യൂട്സ് ഓഫ് ഹെൽത്ത് നടത്തിയ വിപുലമായ പഠനത്തിൽ തെളിഞ്ഞു. മുമ്പത്തേതിനെ അപേക്ഷിച്ച് അഞ്ച് ദിവസം മുൻപ് ഒരു രോഗിക്ക് കൊറോണയിൽനിന്ന് മുക്തി നൽകുന്ന ഈ മരുന്ന്, കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗിലെഡ് സയൻസസ് 'വെക്ലൂറി' എന്നാണ് നാമകരണം ചെയ്തത്. 

അടിയന്തര ഘട്ടങ്ങളിൽ ഇതിന്റെ ഉപയോഗത്തിന് കുറച്ചുമാസങ്ങൾ മുൻപ് തന്നെ അനുമതി ലഭിച്ചിരുന്നു. കഴിഞ്ഞ മാസം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കോവിഡ് ബാധിച്ചപ്പോഴും ഈ മരുന്ന് നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ മാത്രമാണ് കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഒരു മരുന്നിന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്ന് പൂർണമായ അംഗീകാരം ലഭിക്കുന്നത്. കോറോണവൈറസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ ആവശ്യമായി വരുന്ന പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ളതും 88 പൗണ്ട് എങ്കിലും ശരീരഭാരം ഉള്ളതുമായ രോഗികൾക്കാണ് വെക്ലൂറി നൽകാവുന്നത്. അടിയന്തര ഘട്ടങ്ങളിൽ പന്ത്രണ്ട് വയസില്ലാത്തവർക്കും മരുന്ന് നൽകാമെന്ന് എഫ് ഡി എ നിർദ്ദേശിച്ചിട്ടുണ്ട്. ഒരു പദാർത്ഥത്തിന്റെ സഹായത്തോടെ പെരുകുന്നതാണ് കൊറോണവൈറസിന്റെ രീതി. ആ പദാർത്ഥം ഇല്ലാതാക്കിക്കൊണ്ട് വൈറസുകൾക്ക് പെരുകാനുള്ള അവസരം നൽകാതെ  ഇരിക്കുന്നതാണ് മരുന്നിന്റെ പ്രവർത്തനപ്രക്രിയ.  
മരുന്ന് നൽകുന്നതിന് മുൻപായി രോഗികളെ ചില പരിശോധനകൾക്ക് വിധേയരാക്കും. മലേറിയയ്ക്ക് ഉപയോഗിച്ചുവരുന്ന ഹൈഡ്രോക്‌സിക്ളോറോക്വിന്റെ ഒപ്പം റെമഡീസിവിർ നൽകരുതെന്നും അത് ഫലംകാണില്ലെന്നും മരുന്നിന്റെ ലേബലിൽ ഉണ്ട്. 

"ഇപ്പോൾ കോവിഡ് 19  നെ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച അറിവും സാമഗ്രികളും ഞങ്ങളുടെ പക്കലുണ്ട്."ഗിലെഡിന്റെ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. മെർഡഡ് പാർസി പറഞ്ഞു.

ഇതിനോടകം മരുന്നിന് അൻപത് രാജ്യങ്ങളിൽ താൽക്കാലികമായോ പൂർണമായോ അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവൻ രക്ഷിക്കാൻ സഹായകമാണെന്ന് തെളിയിക്കപ്പെടാത്തതുകൊണ്ടു തന്നെ മരുന്നിന്റെ വില സംബന്ധിച്ച് തീരുമാനമായിട്ടില്ല.കഴിഞ്ഞ ആഴ്ച ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിൽ ഇതേ മരുന്നിന്റെ ഉപയോഗം കോവിഡ് രോഗികൾക്ക് മുക്തി നൽകിയില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, അവർ പരീക്ഷണം നടത്തിയത് രോഗം വല്ലാതെ കീഴ്പ്പെടുത്തിക്കഴിഞ്ഞവരിൽ ആയിരുന്നെന്നും അതിജീവനം സാധ്യമാകുന്ന ആരോഗ്യമുള്ള വ്യക്തികൾക്ക് വേഗം സുഖം പ്രാപിക്കുമെന്നുമാണ് ഇത് സംബന്ധിച്ച് ലഭിക്കുന്ന വിശദീകരണം. 

യു എസ് ഗവൺമെന്റിന്റെയും മറ്റു വികസിത രാജ്യങ്ങളുടെയും ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുന്ന രോഗിക്ക് 2340 ഡോളർ ചികിത്സായിനത്തിൽ വരുമെന്നാണ് ഗിലെഡ്  പറയുന്നത്. പ്രൈവറ്റ് ഇൻഷുറൻസ് പരിരക്ഷ ഉള്ളവർക്ക് 3120 ഡോളർ ചികിത്സാചെലവ് വരും. ഇൻഷുറൻസ്, വരുമാനം, തുടങ്ങി പല ഘടകങ്ങൾ നോക്കിയായിരിക്കും എത്ര പണം നൽകണമെന്ന് നിശ്ചയിക്കുന്നത്. മരണത്തോട് മല്ലടിക്കുന്ന കൊറോണാരോഗികൾക്ക് ആശ്വാസം നൽകുന്ന ഒന്നായി നിലവിൽ സ്റ്റീറോയിഡായ ടെക്സാമെതസോൺ മാത്രമാണ് ഉള്ളത്.രണ്ടു കമ്പനികൾ ആന്റിബോഡി മരുന്നുകൾക്ക്  ഉപയോഗാനുമതി തേടിയിട്ടുണ്ട്. കൊറോണയെ അതിജീവിച്ചവരുടെ രക്തം ഉപയോഗിക്കാനും അടിയന്തരഘട്ടത്തിൽ അനുമതിയുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക