Image

വധശിക്ഷ കാത്തുകഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ഇന്ത്യന്‍ എംബസി അടിയന്തിരമായി ഇടപെടുന്നു

Published on 25 October, 2020
വധശിക്ഷ കാത്തുകഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ഇന്ത്യന്‍ എംബസി അടിയന്തിരമായി ഇടപെടുന്നു

യെമന്‍ : വധശിക്ഷ കാത്തുകഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ഇന്ത്യന്‍ എംബസി അടിയന്തിരമായി ഇടപെടുന്നു, ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ ഫലം കാണുമെന്ന് പ്രതീക്ഷ. 


യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിനായാണ് ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ നടത്തുന്നത്.


എംബസി ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷ പ്രിയയെ കണ്ടു. ദയാഹര്‍ജിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായിരുന്നു കൂടിക്കാഴ്ച. കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ഉടന്‍ ചര്‍ച്ച നടത്തും. ദയാധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യെമന്‍ സ്വദേശിയുടെ ബന്ധുക്കളുമായി സംസാരിക്കും. തുടര്‍ന്ന് ദയാഹര്‍ജി നല്‍കാനാണ് എംബസി നീക്കം


യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചെന്നതാണ് നിമിഷയ്ക്ക് എതിരെയുള്ള കേസ്. 2017-ലായിരുന്നു സംഭവം.


നിമിഷയെ താന്‍ വിവാഹം കഴിച്ചെന്ന് വ്യാജ രേഖകള്‍ നിര്‍മിച്ച്‌ തലാല്‍ മെഹ്ദി അവകാശപ്പെട്ടിരുന്നു. എന്നാല്‍ സ്വന്തമായി ക്ലിനിക്ക് തുടങ്ങാനാണ് ഇയാളുടെ സഹായം തേടിയതെന്നും യെമന്‍ പൗരന്‍ സാമ്ബത്തികമായി ചതിച്ചെന്നുമാണ് നിമിഷപ്രിയ പറയുന്നത്.


നേരത്തെ, സഹായം അഭ്യര്‍ത്ഥിച്ച്‌ ജയിലില്‍ നിന്ന് നിമിഷ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് മോചനദ്രവ്യമായി ഏകദേശം 70 ലക്ഷം രൂപ നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.


മകളെ കൊലക്കയറില്‍ നിന്നും രക്ഷിക്കാനുള്ള എല്ലാ വഴികളും തേടുകയാണ് നിമിഷയുടെ അമ്മ മേരി.

കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബം ആവശ്യപ്പെട്ട മോചനദ്രവ്യം നല്‍കി മകളെ രക്ഷപ്പെടുത്തുക എന്നുള്ളതാണ് ഇനിയുള്ള വഴി. 


എറണാകുളത്തെ ഒരുവീട്ടില്‍ സഹായിയായി ജോലിനോക്കുന്ന മേരിക്ക് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്. ശിക്ഷാവിധിക്കെതിരെ കോടതിയില്‍ ഇനിയും അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. ഇത് പരിഗണിക്കുന്നതിന് മുമ്ബായി എഴുപത് ലക്ഷം രൂപാ കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബത്തിന് നല്‍കി ഒത്തു തീര്‍പ്പിലെത്തണം.


 സനായിലെ ജയിലിലാണ് നിമിഷ ഇപ്പോഴുള്ളത്. തലാല്‍ അബ്ദുമഹ്ദിയുമൊന്നിച്ച്‌ ക്ലിനിക്ക് നടത്തുകയായിരുന്നു. പീഡനങ്ങളും ദുരിതങ്ങളും സഹിക്കാതെ വന്നപ്പോഴാണ് കൊലപാതകം നടത്തേണ്ടി വന്നതെന്ന് നിമിഷ പ്രിയ, സഹായം തേടി നേരത്തെ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നു. 


പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച്‌ നാട്ടില്‍ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവര്‍ ആരോപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക