Image

സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യയില്‍ വന്‍ വര്‍ധന; ആറ് മാസത്തിനിടെ മരിച്ചത് 158 പേര്‍

Published on 26 October, 2020
സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യയില്‍ വന്‍ വര്‍ധന; ആറ് മാസത്തിനിടെ മരിച്ചത് 158 പേര്‍

തിരുവനന്തപുരം: ഈ വര്‍ഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 158 കുട്ടികളെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് കുട്ടികളുടെ ആത്മഹത്യയെ കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയത്. 


കുട്ടികളുടെ മാനസിക പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ലെന്നും കുട്ടികളുമായി മാതാപിതാക്കള്‍ക്കുണ്ടാകുന്ന ആശയവിനിമയ കുറവ് ആത്മഹത്യയുടെ കാരണമായി കരുതേണ്ടി വരുമെന്നുമാണ് സമിതിയുടെ വിലയിരുത്തല്‍. 


ലോക്ക് ഡൗണ്‍ കാലയളവിലാണ് ഈ ആത്മഹത്യകള്‍ നടന്നതെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. പഠന സംബന്ധമായതോ, സ്‌കൂള്‍ സംബന്ധമായതോ ആയ സമ്മര്‍ദ്ദങ്ങള്‍ ഒന്നും ഇല്ലാത്ത കാലയളവാണ് ഇത്.


ആത്മഹത്യ ചെയ്ത കുട്ടികളില്‍ 50 പേര്‍ പഠിപ്പില്‍ മിടുക്കരായിരുന്നു. 74 കുട്ടികള്‍ പഠനത്തില്‍ ശരാശരി നിലവാരം പുലര്‍ത്തുന്നവരായിരുന്നു. ആത്മഹത്യ സാധ്യതയുള്ള കുട്ടികളെ കണ്ടെത്തുന്നതിനുള്ള സംവിധാനം എല്ലാ തലങ്ങളിലും ഉണ്ടാക്കണെമെന്നാണ് കമ്മിറ്റി ശുപാര്‍ശ ചെയുന്നത്. കുടുംബത്തില്‍ നിന്നു തന്നെ ഇതിനുള്ള നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. 


കുടുംബത്തില്‍ പോസിറ്റീവ് പാരന്റിംങ് പ്രോല്‍സാഹിപ്പിക്കണം, കുട്ടികളെ വൈകാരികമായി തളര്‍ത്തുന്നതും അതുപോലെ, ശാരീരികമായി ഉപദ്രവിക്കുന്നതുമുള്‍പ്പെടയുള്ള കാര്യങ്ങള്‍ ഒഴിവാക്കി, കുട്ടികളോടൊപ്പം കുടുതല്‍ സമയം ചിലവഴിക്കാന്‍ സമയം കണ്ടെത്തണം എന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

ഫെബ്രുവരി മുതല്‍ ജൂലൈ 31 വരെ ആത്മഹത്യചെയ്തവരുടെ കണക്കാണ് റിപ്പോര്‍ട്ടിലുള്ളത്. 


ആത്മഹത്യ ചെയ്തവരില്‍ ഏറെയും പെണ്‍കുട്ടികളാണ്. അതേസമയം, ചെറിയ പ്രായത്തില്‍ ആത്മഹത്യ ചെയ്തവരില്‍ ഏറെപേരും ആണ്‍കുട്ടികളാണ്. രക്ഷിതാക്കളുടെ വഴക്കാണ് 19 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് കരുതുമ്ബോള്‍ പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നമാണ് 14 കുട്ടികള്‍ ജീവനൊടുക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.


എന്നാല്‍, പോലിസിന്റെ കണക്കില്‍ മാര്‍ച്ച്‌ 23 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ 173 കുട്ടികളാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ഇത് കമ്മിറ്റി റിപ്പോര്‍ട്ടിനേക്കാള്‍ വളരെ കൂടുതലാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ആത്മഹത്യ ചെയ്തത് 142 കുട്ടികളായിരുന്നുവെന്നും പോലിസിന്റെ കണക്കുകളില്‍ വ്യക്തമാക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക