Image

തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലപാതക കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Published on 27 October, 2020
തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലപാതക കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
ചെന്നൈ:  തമിഴ് നാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഇരട്ട കസ്റ്റഡിമരണ കേസില്‍ അച്ഛനെയും മകനെയും സ്റ്റേഷനിലിട്ട് പൊലീസ് മര്‍ദിച്ചത് ആറു മണിക്കൂര്‍. 

വൈകിട്ട് 7.45 ന് തുടങ്ങിയ മര്‍ദനം പിറ്റേന്ന് പുലര്‍ച്ചെ മൂന്നു മണി വരെ നടത്തിയെന്ന് ഫോറന്‍സിക് തെളിവുകള്‍. വളരെ മൃഗീയമായ മര്‍ദനമുറയാണ് നടത്തിയതെന്ന് ഭിത്തിയില്‍ തെറിച്ചുവീണ രക്തത്തുള്ളികള്‍ വ്യക്തമാക്കുന്നതായി ഫോറന്‍സിക് തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നു.

ജൂണ്‍ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും കടയടയ്ക്കാന്‍ 15 മിനിറ്റ് വൈകിയെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്ത ജയരാജ് (59) എന്നയാളേയും മകന്‍ ബെന്നിക്സി(31) നെയും പൊലീസ് കസ്റ്റഡിയില്‍ വെച്ച്‌ മര്‍ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.


ജയരാജിനെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ കൊണ്ടു പോയതിനെ തുടര്‍ന്ന് അവിടെയെത്തിയ മകനെയും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും ഇടവേളകള്‍ ഇട്ട് പല തവണ ക്രൂരതയ്ക്ക് ഇരയായതായി കുറ്റപത്രം പറയുന്നു. ആന്തരിക പരിക്കാണ് ബെന്നിക്സിന്റെ മരണകാരണമെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.

ബെന്നിക്സിന്റെ ദേഹത്ത് നിന്നും തെറിച്ച രക്തത്തുള്ളികള്‍ ഇരയുടെ വസ്ത്രം തന്നെ ഉപയോഗിച്ച്‌ പൊലീസ് മായ്ക്കുകയും ചെയ്തു. കുറ്റകൃത്യം മറയ്ക്കാന്‍ ഇരുവര്‍ക്കുമെതിരേ കള്ളക്കേസുണ്ടാക്കുകയും ചെയ്തതായി സിബിഐ സമര്‍പ്പിച്ച എഫ് ഐ ആറില്‍ പറയുന്നു. പൊലീസ് പറയുന്നത് പോലെ ജയരാജും ബെന്നിക്സും ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചിരുന്നില്ല എന്നും അന്വേഷണത്തില്‍ കണ്ടെത്തി.

അച്ഛനെയും മകനെയും വടി ഉപയോഗിച്ചാണ് ക്രൂരമായി പീഡിപ്പിച്ചതെന്നും ശാന്തകുളം പൊലീസ് സ്റ്റേഷന്റെ ഭിത്തിയില്‍ ഇരുവരുടേയും ചോര തെറിച്ചു വീണതായും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. മരണശേഷം കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ പൊലീസ് രക്തം പുരണ്ട ഇരുവരുടേയും വസ്ത്രങ്ങള്‍ സര്‍ക്കാരാശുപത്രിയിലെ ചവറ്റുകൊട്ടയില്‍ കൊണ്ടുപോയി തട്ടി.

19 നും 20 നും ഇടയിലെ രാത്രിയില്‍ അതിക്രൂരമായി മര്‍ദിക്കപ്പെട്ട ഇരുവരും ജൂണ്‍ 22 ന് മണിക്കൂറുകള്‍ ഇടവിട്ട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇരുവരും മര്‍ദനത്തിന് ഇരയാകുന്നതിന്റെ സിസിടിവി ഫൂട്ടേജുകള്‍ പോലും പൊലീസ് നശിപ്പിച്ചു.

പൊലീസ് സ്റ്റേഷനിലെ ഹാര്‍ഡ് ഡിസ്‌ക്കില്‍ മതിയായ സ്റ്റോറേജ് സ്പേസ് ഉണ്ടെങ്കിലും സുരക്ഷാ ക്യാമറയിലെ ദൃശ്യങ്ങള്‍ 24 മണിക്കൂറുകള്‍ കഴിയുമ്ബോള്‍ തനിയെ ഡിലീറ്റ് ചെയ്യുന്ന രീതിയിലാണ് പ്രോഗ്രാം ചെയ്തിരുന്നത് എന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക