Image

കോവിഡ് ലോക്ഡൗണിനെതിരേ ഇറ്റലിയിലെ നേപ്പിള്‍സില്‍ കലാപം

Published on 27 October, 2020
കോവിഡ് ലോക്ഡൗണിനെതിരേ ഇറ്റലിയിലെ നേപ്പിള്‍സില്‍ കലാപം
റോം : കോവിഡിന്റെ രണ്ടാം വരവ് ശക്തമായ ഇറ്റലിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നേപ്പിള്‍സില്‍ കലാപം. ഏറ്റുമുട്ടലില്‍  നേപ്പിള്‍സില്‍ പ്രതിഷേധക്കാര്‍ക്കെതിരേ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. അക്രമാസക്തരായ ജനം റോഡരികിലെ മാലിന്യത്തൊട്ടികള്‍ക്ക് തീയിടുകയും പാര്‍ക്കു ചെയ്തിരുന്ന കാറുകള്‍  നശിപ്പിക്കുകയും ചെയ്തു. നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസിനുനേരേ അക്രമികള്‍ കല്ലുകളും കുപ്പികളും എറിഞ്ഞു. 

രോഗവ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ രാജ്യത്ത്  രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ കമ്പനിയ റീജിയനില്‍ സ്കൂളുകള്‍ അടച്ചു പൂട്ടുന്നതിനും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനും  ഗവര്‍ണര്‍ വിന്‍ചെന്‍സോ ദി ലൂക്ക കഴിഞ്ഞ ദിവസം ഉത്തരവു നല്‍കിയിരിക്കുന്നു. രാജ്യത്ത് ഒരു മാസത്തേക്ക് ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നും അവശ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുകയും ഗതാഗതം ഒഴികെയുള്ള എല്ലാ മേഖലകളും അടച്ചു പൂട്ടണമെന്നും ദി ലൂക്ക ആവശ്യപ്പെട്ടു.  ഇതാണ് കച്ചവടക്കാരുള്‍പ്പെടെയുള്ള ജനങ്ങളെ പ്രകോപിതരാക്കിയത്. 

 ദേശീയതലത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്യത്തെ 100 പ്രമുഖ ശാസ്ത്രജ്ഞന്‍മാരും നിരവധി അക്കാദമിക് വിദഗ്ധരും പ്രധാനമന്ത്രി ജൂസപ്പേ കോണ്‍തേയോട് അഭ്യര്‍ഥിച്ചത് കഴിഞ്ഞ ദിവസമാണ്.  അടിയന്തിരമായി നടപടിയെടുത്തില്ലെങ്കില്‍ ഇറ്റലിക്ക് ഉടന്‍തന്നെ 400 - 500 മരണങ്ങള്‍ നേരിടേണ്ടിവരുമെന്നായിരുന്നു ഇവരുടെ മുന്നറിയിപ്പ്.

ഇതിനകം റോം ഉള്‍പ്പെടുന്ന ലാസിയോ, ലൊംബാര്‍ദി എന്നിവയുള്‍പ്പെടെയുള്ള പല റീജിയനുകളും രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പ്രാദേശികമായി  നടപ്പിലാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം രാജ്യത്തെ പുതിയ കോവിഡ് രോഗബാധിതരുടെ എണ്ണം ഇരുപതിനായിരത്തിലേറെയായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക