Image

സമ്മതിച്ചു ....മലയാളീസ് ...... :നീലീശ്വരം സദാശിവന്‍കുഞ്ഞി

നീലീശ്വരം സദാശിവന്‍കുഞ്ഞി Published on 28 October, 2020
സമ്മതിച്ചു ....മലയാളീസ് ...... :നീലീശ്വരം സദാശിവന്‍കുഞ്ഞി
ഉപ്പില്ലാത്ത കറി ഇല്ല എന്നു പറയാറില്ലേ ..അതുപോലെ തന്നെ നമുക്ക് പറയാം മലയാളി ഇല്ലാത്ത സ്ഥലമില്ല…. എന്ന് .

ഒരിക്കല്‍ ഒരു മലയാളി,  ആന പിണ്ഡമിടുന്നത് കണ്ണിമയ്ക്കാതെ നോക്കിനിന്നു ! ആ പിണ്ഡത്തിന്റെ  അഴകും  ഉരുളിമയും നിറ രൂപഭേദാദികളും അയാളുടെ ചിന്തകളെ പ്രഭാപൂരിതമാക്കി .  അഡിഡാസിന്റെ പന്തുപോലെ അഴകാന പിണ്ഡം ! ഇങ്ങനെ ഒരു പിണ്ഡമുണ്ടാക്കാന്‍ ദൈവത്തിന് മാത്രമേ സാധിക്കൂ !

മലയാളി ആനയുടെ ഉദരം തുറന്ന് നോക്കി. അയാള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല . അവിടെയിരുന്ന് പിണ്ഡം ഉരുട്ടുന്നത് മറ്റൊരു  മലയാളി ? സുഹൃത്തേ , കാര്യം കഥ ആണെങ്കിലും മലയാളി എത്താത്ത സ്ഥലമില്ല എന്നും ചെയ്യാത്ത ജോലി ഇല്ല എന്നും കഥയിലൂടെ നമുക്ക് പുടി കിട്ടിയല്ലോ .

മലയാളികള്‍ ചില വേണ്ടാത്ത സമയത്ത് അതി ഭീകരമായ സത്യസന്ധത പ്രകടിപ്പിക്കും.

ഒരിക്കല്‍ ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ സത്യസന്ധതക്ക് പ്രസിഡനത്തിന്റെ അവാര്‍ഡ് വാങ്ങിയ ഒരാളുണ്ടായിരുന്നു .പേര് ശിവന്‍ .

ഒരു ജോലി ഏല്‍പ്പിച്ചാല്‍ പാവക്ക് കീ കൊടുത്തുവിട്ടപോലെയാണ് ശിവന്‍ . കീ കൊടുത്ത് കൈ എടുത്താല്‍ ബൈക്ക് എടുക്കുന്നു ലക്ഷ്യത്തില്‍ ചെല്ലുന്നു . കാര്യം നടത്തുന്നു . തിരികെ എത്തുന്നു . 'ശിവ ശിവ' !

ഒരിക്കല്‍ മൊതലാളി വിളിച്ചു  'ശിവാ....

ശിവന്‍ എന്തോ എന്നുപോലും പറയാതെ പ്രസന്റ് .

'മറ്റൊരു ഓഫീസില്‍ പോയി തരാനുള്ള പതിനായിരം രൂപയുടെ ചെക്ക് വാങ്ങിവരണം' 

മൊതലാളി നാവെടുത്ത് അകത്തേക്കിട്ടില്ല ശിവന്‍ നൂറേ നൂറില്‍ ഓഫീസില്‍ എത്തി. അപ്പോഴല്ലേ കുഴപ്പം . അവിടെ ചെക്കിന് പകരം പതിനായിരം രൂപക്ക് 'ഡിഡി' ആണ് എടുത്തുവച്ചിട്ടുള്ളത് .

ശിവന്‍ 'കമാ' എന്ന് ഒരക്ഷരം പോലും പറയാതെ ഇരുന്നൂറേ ഇരുന്നൂറില്‍ തിരിച്ചെത്തി. 'മൊതലാളീ'…… എന്ന് നീട്ടിവിളിച്ചു .

'മോലാളീ അവര്‍ക്ക് ഒരു മര്യാദെല്ല്യ മോലാളി .. അവര്‍ ചെക്കിന് പകരം ഡിഡി ആണ് എടുത്ത് വച്ചിരിക്കുന്നത് ..'

 വെറും കയ്യോടെ വന്ന ശിവന് മുതലാളിയുടെ കയ്യടി കിട്ടി .ഇതാണ് മലയാളിയുടെ ചില സമയങ്ങളിലെ ആത്മാര്‍ത്ഥത .

ജോലി സ്ഥാപനത്തില്‍ തന്റെ തൊഴിലിലെ ബുദ്ധിമുട്ടുകള്‍ ബിഗ് ബോസ്സിനോട്  നേരെ പറയാതെ വളഞ്ഞ വഴിക്ക് അക്രമിച്ച് മനോസുഖം കണ്ടെത്തുന്ന മലയാളീസുണ്ട് . 

ഇന്ത്യയില്‍ ഐ ടി രംഗം  കൂടുതലും അമേരിക്കയിലെ കമ്പനികളുടെ ജോലികളാണ് ചെയ്യുന്നത് . അമേരിക്കയില്‍ നിന്ന് ഇന്ത്യയിലുള്ളവരെ അവിടുത്തെ കമ്പനിയുടെ ജോലികളും , ചെയ്യേണ്ട രീതികളും പഠിപ്പിക്കുന്ന ഒരു കാലയളവുണ്ട് . അതിനെയാണ് ട്രാന്‍സിഷന്‍ പിരിയഡ് എന്ന് പറയുക .

 ബോസ്സും വേണ്ടപ്പെട്ടവരും യൂ എസ്സില്‍ ആയിരിക്കും .

രാജപ്പന്‍ ബോസ്സ് അമേരിക്കയില്‍ നിന്ന്  കൊച്ചിയിലെ ഗോപാലനെ പഠിപ്പിക്കുന്നു . ഗോപാലന് ഒന്നും മനസ്സിലാകുന്നില്ല . രാജപ്പന്‍ യൂ എസ്സില്‍ നിന്ന് ഇംഗ്ലീഷിലും മലയാളത്തിലും തെറികള്‍ പറയുന്നു . മാനേജര്‍ തങ്കമ്മ ഭീഷണി മുഴക്കുന്നു . ഇന്ന് പഠിച്ചില്ലെങ്കില്‍ പ്രോസസ്സ് നഷ്ടപ്പെടുമെന്നും അതില്‍ നിന്നും വരുന്ന കോടികളുടെ നഷ്ടത്തിന് ഉത്തരവാദി ഗോപാലനാണെന്നും പറയുന്നു .

'ഡു ഓര്‍ ഡൈ' എന്ന ചില സവിഷേശപ്രയോഗങ്ങള്‍ അവിടെ കാണാം. ഗോപാലന്‍ സത്യമായിട്ടും വീട്ടില്‍ പോയിട്ട് രണ്ട് ദിവസമായി .

ബോസ്സിനോടും മാനേജര്‍ മാഡത്തിനോടും ദേഷ്യം തോന്നിയ ഗോപാലന്‍ പാസ്സ്‌വേര്‍ഡ് ഇങ്ങനെ മാറ്റുന്നു . '@രാജപ്പന്റെഅമ്മേടെ*%## @ അണ്ടര്‍സ്‌കോര്‍ സ്മാള്‍ ലെറ്റര്‍ തങ്കമ്മേടെ അച്ഛന്റെ@@%%**'.

പെട്ടെന്ന് മാനേജര്‍ രാജപ്പന്‍ അമേരിക്കയില്‍ നിന്ന് വിളിക്കുന്നു . 'ഗോപാലന് പറ്റില്ലെങ്കില്‍ തന്റെ പാസ്സ്‌വേര്‍ഡ് തന്ന് വീട്ടില്‍ പൊക്കോ . ഞാന്‍ ഇവിടുന്ന് ചെയ്‌തോളാം. നമുക്ക് പ്രോസസ്സ് പോകാതെ നോക്കണം അതാണ് പ്രധാനം'

ഗോപാലന്‍ പാസ്സ്‌വേര്‍ഡ് കൊടുത്തു . കൂടെ ഒരു രാജിക്കത്തും എഴുതിവച്ചിട്ടുണ്ടായിരുന്നു .

എന്തിനും മലയാളം പറയുക ചില മലയാളീസിന്റെ പ്രത്യകതയാണ് . ഒരുദിവസം യൂ എസ്സില്‍ നിന്ന് തന്നെ ഒരു പ്രോസസ്സ് പഠിപ്പിക്കുകയാണ് .

ഡെബ്ര ലൂയിസും കുഞ്ഞപ്പനും ചേര്‍ന്നാണ് പഠിപ്പിക്കുന്നത് 

നാട്ടിലെ ആപ്പീസില്‍ തനി നാടന്‍ ശാരദയും കൂടെ തങ്കപ്പനും .

 തകൃതിയായി നടക്കുന്ന പഠനത്തിനിടയില്‍ തങ്കപ്പന്‍ കംപ്യൂട്ടറിന്റെ ഏതോ കേബിളില്‍ അറിയാതെ തൊട്ടു . കംപ്യൂട്ടറിന്റെ സ്‌ക്രീന്‍ ഓഫ് ആയെങ്കിലും ശബ്ദം കേള്‍ക്കുന്നുണ്ട് .

 what happened എന്ന് ഡെബ്രയും , എന്തൂട്ടാ പറ്റ്യേ' എന്ന് കുഞ്ഞപ്പനും ചോദിച്ചപ്പോള്‍ ശാരദ പറഞ്ഞു …

'തങ്കപ്പന്‍ വയറില്‍ പിടിച്ചുകൊണ്ടിരിക്കുന്നൂന്ന്' .

കേബിളിനെ ഒന്ന് മലയാളീകരിച്ചു . അത്രേയുള്ളൂ .

ഏല്‍പ്പിക്കുന്ന പണി എങ്ങനെ എളുപ്പത്തില്‍ തീര്‍ക്കാം എന്ന് മലയാളി ചിന്തിക്കും .

പണ്ട് നാട്ടില്‍ നെല്ല് വെയിലത്ത് ഉണക്കാനിടും. ഈറ്റകൊണ്ട് നെയ്ത പനമ്പിലാണ് ഉണക്കാന്‍ ഇടുന്നത് .

പാറുക്കുട്ടി ചേച്ചി ഒരിക്കല്‍ നെല്ല് ഉണക്കാനിട്ടു. എന്നിട്ട് മകന്‍ രാമനെ വിളിച്ചു . 'രാമാ വല്ല കോഴിയോ കാക്കയോ വരാതെ നോക്കണം. നീ ഇവിടെ ഇരുന്നോ'… എന്ന് പറഞ്ഞ് അടുക്കളപ്പണി നോക്കാന്‍ പോയി .

ഒരു അഞ്ച് കോഴികളും മൂന്ന് കാക്കകളും പനമ്പില്‍ ഇരുന്ന് നെല്ല് തിന്നിട്ടും രാമന് ഒരു കുലുക്കവുമില്ല . രാമന്‍ മരിച്ചോ എന്നറിയാന്‍ പാറുക്കുട്ടി രാമന്റെ മൂക്കിന് താഴെ ബ്രീത്തിങ്ങ് മീറ്റര്‍ , കൈപ്പത്തി കമഴ്ത്തി വച്ച് ശ്വാസോച്ഛാസം അടയാളപ്പെടുത്തി . ശേഷം ചെവിടില്‍ ഒരു കിഴുക്കും നല്‍കി.

അപ്പോള്‍ രാമന്‍ പറഞ്ഞു 'എല്ലാ കോഴികളും കാക്കകളും വരട്ടെ അപ്പോള്‍  ഒറ്റ ആട്ട് ആട്ടിയാല്‍ മതിയല്ലോ എന്ന് '.

ഇവന്‍ രാമനോ രാവണനോ എന്ന് ചോദിച്ച് പാറുക്കുട്ടിയമ്മ വീണ്ടും അടുക്കളയിലേക്ക് പോയി.

കൊച്ചമ്മയെക്കൊണ്ട്  പണിയെടുപ്പിക്കുന്ന തൊഴിലാളികള്‍ ഉണ്ട് .

ഒരിക്കല്‍ കൊച്ചമ്മ ചോദിച്ചു 'വറീതേ മൊട്ട വക്കാനറിയാമോ'?

 വറീത് പറഞ്ഞു… 'എനിക്കറിയില്ല കൊച്ചമ്മ കാണിച്ചുതന്നാല്‍ അതുപോലെ വക്കാം'

 കൊച്ചമ്മ മൊട്ട പൊട്ടിക്കുന്നു അടുപ്പത്തു വക്കുന്നു . അരപ്പുകള്‍ ചേര്‍ക്കുന്നു വെളിച്ചെണ്ണ ഒഴിക്കുന്നു കറി റെഡി .

അപ്പോള്‍ വറീത് പറഞ്ഞു ഇനി ഊണ് കഴിച്ചാലോന്ന് .

എന്തൊക്കെയായാലും കാശ് കിട്ടിയാല്‍ എന്ത് പണിയും ചെയ്യാന്‍ തയ്യാറാകുന്ന ഏക സസ്തനിയാണ് മലയാളി . ഗള്‍ഫ് നാടുകളില്‍ കാര്‍പ്പന്റര്‍ കാര്‍ പെയ്ന്റര്‍  ആകുന്നതും ചുമട്ടുതൊഴിലാളി മാനേജര്‍, ഹെഡ് ലോഡ്  ആകുന്നതും ഇങ്ങനെയൊക്കെത്തന്നെ .
Join WhatsApp News
ആനക്ക് അണ്ടർവിയർ 2020-10-29 17:28:08
ആനക്ക് അണ്ടർവിയർ തയ്യിച്ചതു ആരാണെന്നു ചോദിക്കണോ? - സരസമ്മ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക