Image

കൊറോണ വൈറസ് തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും (മീട്ടു)

മീട്ടു Published on 28 October, 2020
കൊറോണ വൈറസ് തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും (മീട്ടു)
തലച്ചോറിന്റെ പ്രവർത്തനത്തെ കൊറോണ വൈറസ് സാരമായി ബാധിക്കുമെന്ന് പഠനം.  പത്ത് വർഷത്തെ പ്രായാധിക്യം കൊണ്ട് മസ്തിഷ്കത്തിന് സംഭവിക്കാവുന്ന മാനസിക അനാരോഗ്യത്തിന് സമാനമായിരിക്കും ഈ അവസ്ഥയെന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

യു കെ യിൽ 84,000 ത്തിലധികം ആളുകളെ പഠനവിധേയരാക്കിയപ്പോൾ വൈറസിനെ അതിജീവിച്ചവരിൽ, 8.5 ഐ ക്യു പോയിന്റുകളുടെ കുറവാണ് കണ്ടത് . രോഗം സുഖപ്പെട്ടാലും വിട്ടുമാറാത്ത പ്രത്യാഘാതങ്ങൾ ശരീരത്തിൽ ഉണ്ടാകാമെന്ന  സൂചനയാണ് ഇതിൽനിന്ന് ലഭിക്കുന്നത്‌.

രോഗലക്ഷണങ്ങൾ ഒന്നുമില്ലാതിരുന്ന രോഗികളിൽപോലും സുഖം പ്രാപിച്ച ശേഷം, കാര്യമായ ചില ന്യൂനതകൾ പ്രകടമായതായി പഠനത്തിൽ പറയുന്നു. 

നിലവിൽ  അവലോകനം ചെയ്യപ്പെടാത്ത പഠനത്തിൽ,  പ്രകടമായ ന്യൂനതകൾ  നിസാരമല്ലെന്നും ശരീരത്തിന്റെ ഒന്നിലധികം സംവിധാനങ്ങളിൽ ഇതിന്റെ വിട്ടുമാറാത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നും  ഗവേഷകരുടെ മുന്നറിയിപ്പുണ്ട്. 

അൽഷിമേഴ്‌സ്  രോഗികളിൽ നടത്തുന്ന പരിശോധനമുറകളാണ് ഗവേഷകർ പഠനത്തിന് അവലംബിച്ചത്.  വാക്കുകൾ ഓർത്തുവയ്ക്കാനും കുത്തുകൾ യോജിപ്പിക്കാനുമൊക്കെയുള്ള കഴിവിലെ വ്യത്യാസം കണക്കാക്കിയാണ് നിഗമനങ്ങളിൽ എത്തിച്ചേർന്നത്.  തീവ്രമായി രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയവരിലും കാര്യമായ ലക്ഷണങ്ങളില്ലാതെ വീടുകളിൽ തുടർന്നവരിലും സാരമായ പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് പഠനത്തിൽ പറയുന്നു.

കൊറോണ രോഗബാധ നിരക്ക് ചെറുപ്പക്കാരിൽ മൂന്ന് ശതമാനം 

ന്യൂയോർക്ക് സ്റ്റേറ്റിന്റെ കൊറോണ രോഗബാധ നിരക്ക് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾപ്രകാരം,  നഗരത്തിൽ പ്രതിദിനം ചെറുപ്പക്കാരിൽ  3 ശതമാനമാണ് രോഗതോത് . ലഭ്യമാകുന്ന വിവരം അനുസരിച്ച്, അഞ്ചിനും പതിനേഴിനുമിടയിൽ പ്രായം വരുന്ന 2,499 കുട്ടികളിൽ കോറോണവൈറസ് പരിശോധന നടത്തിയതിൽ, 87 പേരുടെ ഫലമാണ് പോസിറ്റീവ് ആയത്. രോഗബാധ നിരക്ക് 2.95 ശതമാനം രേഖപ്പെടുത്തി.
നഗരത്തിലെ രോഗവ്യാപനം മൂന്ന് ശതമാനത്തിലെത്തിയാൽ , പൊതു വിദ്യാഭാസ സ്ഥാപനങ്ങൾ അടച്ചിടുമെന്നാണ് നഗരസഭ അധികൃതർ മുൻപ് പറഞ്ഞിരുന്നത്.

പോസിറ്റീവ് ഫലം  പുറത്തുവന്ന 87 പേരും, പ്രൈവറ്റ്- പബ്ലിക് -ചാർട്ടേർഡ്-മതപഠനം  എന്നിങ്ങനെ പലതരം സ്‌കൂളുകളിലെ വിദ്യാർത്ഥികളാണ്.  

ഈ ഫലത്തിന് മുൻപുള്ള രണ്ടാഴ്ച, ചെറുപ്പക്കാരിലെ  ശരാശരി രോഗബാധ നിരക്ക് 1.4 ശതമാനം ആയിരുന്നു. 
 എണ്ണത്തിൽ തിങ്കളാഴ്ച കണ്ട കുതിപ്പിനോട് വിദ്യാഭ്യാസ വകുപ്പ് പ്രതികരിച്ചത് തങ്ങൾ നടത്തിയ ഡി പ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ സ്കൂൾ പരിശോധനയിൽ, പോസിറ്റീവ് കേസുകൾ 0.15 ശതമാനം മാത്രമായിരുന്നു എന്നാണ്. ഒക്ടോബർ 25 ന്  1,275 കുട്ടികൾ പരിശോധിച്ചതിൽ 3 പേരുടെ ഫലം പോസിറ്റീവ് ആയിരുന്നെന്നും രോഗബാധ നിരക്ക് 0.23 ശതമാനം ആയിരുന്നെന്നുമാണ് ഡി ഒ  ഇ റിപ്പോർട്ട്.

വിദൂര പഠനത്തിൽ നിന്ന് ഒരുമിച്ചുള്ള പഠനത്തിലേക്ക് മാറാൻ  രക്ഷിതാക്കൾക്ക് മുൻപിൽ ഒരാഴ്ചത്തെ അവസരം നൽകുന്നതായി   പ്രഖ്യാപിച്ചതോടെ രോഗബാധ നിരക്കുകൾ വരും ദിവസങ്ങളിൽ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാകും. 

വർഷാവസാനം വാക്സിന്റെ നാല്പത് ദശലക്ഷം ഡോസ്  എത്തുമെന്ന്  ഫൈസർ   സി ഇ ഒ 

മരുന്ന് നിർമ്മാണമേഖലയിലെ അതികായരായ ഫൈസറിന് ഈ വർഷാവസാനം തന്നെ കൊറോണ വൈറസ് വാക്സിന്റെ 40 ദശലക്ഷം ഡോസുകൾ അമേരിക്കയിൽ എത്തിക്കാൻ സാധിക്കുമെന്ന് കമ്പനി സി ഇ ഒ ആൽബർട്ട് ബൗർല ചൊവ്വാഴ്ച പ്രസ്താവിച്ചു.  ഓഹരിയുടമകളോട് ക്യു 3  ഏർണിങ് കോളിൽ സംസാരിക്കവെയാണ്  യു എസിൽ 2020 അവസാനം തങ്ങൾക്ക് വാക്സിൻ കൈമാറാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബൗർല വെളിപ്പെടുത്തിയത്. 

നവംബർ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡൻഷ്യൽ ഇലക്ഷന് മുന്നോടിയായി വാക്സിനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ വെള്ളിയാഴ്ച തന്നെ കൈമാറുമെന്നും  അദ്ദേഹം പറഞ്ഞു. ബോർഡിൻറെ സുരക്ഷ അവലോകനത്തിന്  ശേഷം മരുന്നിനെക്കുറിച്ചുള്ള വിലയിരുത്തൽ  അറിഞ്ഞ്  ഒരാഴ്ച പിന്നിടുമ്പോൾ മാത്രമേ, വിവരങ്ങൾ പുറംലോകത്തെ അറിയിക്കൂ  എന്നും ബൗർല കൂട്ടിച്ചേർത്തു. ആ സമയം ഇലക്ഷൻ കഴിയും. 

ഭരണതലത്തിലെ ജോലികൾ പൂർത്തിയായി ഒരാഴ്ചയ്ക്കുള്ളിൽ അനുകൂലമോ പ്രതികൂലമോ ആകുന്ന ഫലം, ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. 
ജർമൻ സാങ്കേതിക സ്ഥാപനമായ 'ബയോ എൻ ടെക്കിന്റെ' സഹകരണത്തോടെയാണ് ഫൈസർ കമ്പനി വാക്സിൻ വികസിപ്പിച്ചത്. യു എസിൽ അവസാനവട്ട ക്ലിനിക്കൽ ട്രയലുകൾ നടത്തുന്ന നാലു  കമ്പനികളിൽ പ്രമുഖരാണിവർ. 

 മോഡർന തങ്ങളുടെ വാക്സിൻ ഫലപ്രദമാണോ എന്ന് നവംബറിൽ വെളിപ്പെടുത്തുമെന്ന് പറഞ്ഞിട്ടുണ്ട്. ഗവേഷണത്തിന്റെ ഭാഗമായിരുന്നവർ  അസുഖബാധിതരായതോടെ ജോൺസൺ ആൻഡ് ജോൺസണും ആസ്ട്ര സെനേക്കയും പഠനം താത്കാലികമായി നിർത്തിവച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക