Image

സ്ത്രീകളുടേയും വൃദ്ധരുടേയും അനാഥരുടേയും പ്രവാചകൻ (ഷുക്കൂർ ഉഗ്രപുരം)

Published on 29 October, 2020
സ്ത്രീകളുടേയും വൃദ്ധരുടേയും അനാഥരുടേയും പ്രവാചകൻ (ഷുക്കൂർ ഉഗ്രപുരം)

അറബ് മാസമനുസരിച്ച് റബീഉൽ അവ്വൽ മാസത്തിലാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജനനം. വിശ്വ സമൂഹത്തിന് മാനവികതയുടെ നല്ല പാഠങ്ങൾ പകർന്ന് നൽകിക്കൊണ്ടാണ് പ്രവാചകൻ ജീവിച്ചത്. മാനവ സമൂഹത്തിൻറെ നന്മക്കായി പ്രവാചകൻ നൽകിയ അധ്യാപനങ്ങൾ എക്കാലത്തും പ്രസക്തമാണ്.     പെൺകുഞ്ഞാണ് ജനിച്ചതെങ്കിൽ ജീവനോടെ കുഴിച്ചുമൂടുന്ന ഒരു സമൂഹത്തിലേക്കാണ് പ്രവാചകൻ അവരോധിക്കപ്പെട്ടത്. പെൺകുഞ്ഞിന് ജന്മം നൽകുന്നത് ദുശ്ശകുനമായും, അപമാനമായും അറേബ്യക്കാർ  കണക്കാക്കിപ്പോന്നിരുന്നു. പുരുഷാധിപത്യസമൂഹം സ്ത്രീ അർഹിക്കുന്ന പ്രാധാന്യം പോലും അവൾക്ക് വകവെച്ച് നൽകിയിരുന്നില്ല; ഈ അടുത്ത കാലം വരെ യൂറോപ്പിലെ പോലും  പ്രധാന ചർച്ച  സ്ത്രീകൾക്ക് ആത്മാവുണ്ടോ ഇല്ലയോ എന്നതായിരുന്നു. വളരെ അടുത്ത കാലത്ത്  മാത്രമാണ് സ്ത്രീകൾക്ക് അവർ  വോട്ടവകാശം പോലും നൽകിയത്. 1920 ൽ മാത്രമാണ് അമേരിക്കയിൽ പെണ്ണിന് വോട്ടവകാശം നൽകിയത്!! ഇതായിരുന്നു പെണ്ണിനോടുള്ള  സമീപനം. 1400 വർഷങ്ങൾക്ക് മുൻപേ പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം സ്ത്രീകൾക്ക് സ്വത്തവകാശം നൽകി; മാത്രമല്ല സാമ്പത്തിക ബാധ്യതകളെല്ലാം  പുരുഷൻറെ  ചുമലിലാണെന്ന് പഠിപ്പിക്കുകയും ചെയ്തു. പെണ്ണിനെ കുഴിച്ചുമൂടുന്ന ആ സമൂഹത്തോട് പ്രവാചകൻ പറഞ്ഞു, ‘’ഒരാൾ തൻറെ പെൺകുഞ്ഞിനെ നല്ലരീതിയിൽ പരിപാലിച്ചു വളർത്തുകയും അവർക്ക് വസ്ത്രവും, ഭക്ഷണവും, വിജ്ഞാനവും നൽകി നല്ല രീതിയിൽ നല്ല വ്യക്തിയോട് വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്താൽ  അവനും ഞാനും സ്വർഗത്തിൽ തോളോട് തോൾ ചേർന്നായിരിക്കുമെന്ന്’’ പ്രവാചകൻ അരുൾചെയ്തു. സ്ത്രീകളോട് ഏറ്റവും മാന്യമായി പെരുമാറുന്നവനാണ് ജനങ്ങളിൽ ഏറ്റവും മാന്യൻ എന്ന്  പ്രവാചകൻ പഠിപ്പിച്ചു!

വീട്ടിൽ നിങ്ങൾക്ക് പെണ്മക്കളുണ്ടെങ്കിൽ നിങ്ങൾ വല്ല വിഭവങ്ങളോ  പലഹാരങ്ങളോ, മിഠായികളോ മറ്റോ വീട്ടിലേക്ക് കൊണ്ടുപോവുകയാണെങ്കിൽ നിങ്ങളുടെ പെൺമക്കളുടെ കയ്യിലാണത് ഏൽപ്പിക്കേണ്ടതെന്ന് പ്രവാചകൻ. വിവാഹത്തിനായി സ്ത്രീ ആവശ്യപ്പെടുന്ന മഹർ അഥവാ വിവാഹമൂല്യം പുരുഷൻ അവൾക്ക്  നൽകണമെന്ന് പഠിപ്പിച്ചതും  പ്രവാചകനാണ് . പെണ്ണിനെ ജീവനോടെ കുഴിച്ചുമൂടുന്ന ഒരു സമൂഹത്തോടാണ് പ്രവാചകൻ ഇങ്ങനെ പറഞ്ഞതെന്നത് ഏറെ ചിന്തനീയമാണ്. സ്വന്തം പുത്രി ഫാത്തിമ സഹ്റയെ സ്നേഹപൂർവ്വം വളർത്തിക്കാണിക്കുകയും അവളെൻറെ കരളിൻറെ കഷ്ണമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു പ്രവാചകൻ. പെണ്ണിനെതിരെയുള്ള അതിക്രമങ്ങളാൽ അവളെ ജീവനോടെ കുഴിച്ചുമൂടുന്ന വ്യവസ്ഥിതി  നിലനിന്നിരുന്ന ഒരു സമൂഹത്തോടാണ്പ്രവാചകൻ ഇങ്ങനെ പറഞ്ഞത്!! പെൺകുട്ടികൾ പിറക്കുന്നത്  ഐശ്വര്യമാണെന്ന് പറഞ്ഞതും പ്രവാചകനാണ്! പുരുഷന്മാരോട്  പ്രവാചകൻ പറഞ്ഞു; നിങ്ങളുടെ വീട് വൃത്തിയാക്കുന്നതിനും ഭക്ഷണം പാചകം ചെയ്യുന്നതിനും കുഞ്ഞിനെ പാലൂട്ടുന്നതിന്നും വീട്ട് ജോലി ചെയ്യുന്നതിനുമെല്ലാം നിങ്ങളുടെ ഭാര്യ ശമ്പളം ആവശ്യപ്പെട്ടാൽ അത് നൽകണം. ഹളറുൽമൗത്ത് മുതൽ സൻആ  വരെ  ഏതു പാതിരാവിലും പെണ്ണിന് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന ഒരു നല്ല നാളേക്ക് വേണ്ടിയാണ് നാം പരിശ്രമിക്കേണ്ടതെന്നും അവിടുന്ന് പറഞ്ഞു. മുമ്പ് മക്കയിൽ നിന്നും പ്രവാചകനേയും കൂട്ടരേയും ക്രൂരമായി അക്രമിച്ചവർക്കെല്ലാം മക്കാവിജയം കൈവരിച്ച പ്രവാചക അനുയായികൾ മാപ്പു നൽകി. പക്ഷേ അന്ന്  സ്ത്രീകളെ ക്രൂരമായി ഉപദ്രവിച്ച ഒരാൾക്കും പ്രവാചകൻ മാപ്പ് നൽകിയില്ല. അവ പ്രവാചക ചിന്തയുടെ  മൂല്യത്തെ അടയാളപ്പെടുത്തുന്നതാണ്.


വൃദ്ധർക്ക് വേണ്ടി

ഇന്ന്  ആധുനിക സമൂഹത്തിൽ നമ്മുടെ സമൂഹവും, യൂറോപ്പും, ചൈനയും, അമേരിക്കയുമുൾപ്പെടെയുള്ള രാഷ്ട്രങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന വളരെ വലിയ പ്രശ്നമാണ് മുതിർന്ന  പ്രായമായവ (Elderly People) രെ പരിചരിക്കാൻ മക്കൾ തയ്യാറാവാത്തതും, വയസ്സായ മാതാപിതാക്കൾ അന്യതാ ബോധത്തിന് വിധേയമായി ശിഷ്ട ജീവിതം വൃദ്ധസദനങ്ങളിൽ ചിലവഴിക്കാൻ നിർബന്ധതിതരാകുന്നതും. എന്നാൽ പ്രവാചകൻ പറയുന്നത് നോക്കൂ, മാതാപിതാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാത്ത ഒരുത്തൻറെയും പ്രാർത്ഥന  സർവ്വശക്തൻ സ്വീകരിക്കില്ല!! ഒരിക്കൽ ഒരു പ്രവാചക അനുയായി ചോദിച്ചു, എനിക്ക് ആരോടാണ് ഏറ്റവും കൂടുതൽ കടപ്പാടുള്ളത്? പ്രവാചകൻ പറഞ്ഞു നിൻറെ മാതാവിനോട്!! ഈ ചോദ്യം  മൂന്നുതവണ ആവർത്തിച്ചു,  അപ്പോഴെല്ലാം പ്രവാചകൻ മറുപടി പറഞ്ഞത് നിൻറെ  മാതാവിനോട് എന്നായിരുന്നു!! നാലാമത് ചോദിച്ചപ്പോൾ പറഞ്ഞു നിൻറെ  പിതാവിനോട് എന്ന്. വയസ്സായ മാതാപിതാക്കളെ ശരിയായി പരിചരിക്കുന്നവർക്ക്  സ്വർഗ്ഗത്തിൽ കുറഞ്ഞ  മറ്റൊരു പ്രതിഫലവുമില്ലെന്ന് പഠിപ്പിച്ചതും പ്രവാചകൻ. വയസ്സായ മാതാപിതാക്കളെ പരിചരിക്കാൻ അവസരം ലഭിച്ചിട്ടും ശരിയായ രീതിയിൽ അവരെ പരിചരിക്കാത്തവനാണ് ഏറ്റവും വലിയ ദൗർഭാഗ്യവാൻ; അവന് സ്വർഗ്ഗം ലഭിക്കുകയുമില്ല എന്നും പ്രവാചകൻ പറയുന്നു.

ഒരിക്കൽ പ്രവാചക തത്വചിന്തയിൽ ആകൃഷ്ടനായി ഒരു യുവാവ്  സൈന്യത്തോടൊപ്പം ചേരാൻ  അവിടെയെത്തി,  അദ്ദേഹത്തിൻറെ  മാതാവ് ശാരീരികമായ പ്രയാസം അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതറിഞ്ഞ പ്രവാചകൻ ആ യുവാവിനെ സൈന്യത്തിലെടുക്കുന്നതിന് പകരം അവൻറെ  മാതാവിനെ പരിചരിക്കാനായി തിരിച്ചയച്ചു.

യുദ്ധത്തേക്കാൾ വലിയ ധർമ്മ സമരമാണ് മാതാപിതാക്കളെ പരിചരിക്കലെന്ന് പ്രവാചകൻ പറഞ്ഞു!! മധ്യേഷ്യയിലെ ഒരു അറേബ്യൻ മരുഭൂമിയില  വിദൂരതയിൽ ഒരു വ്യക്തി ഉണ്ടായിരുന്നു, അദ്ദേഹത്തിൻറെ പേരാണ് ഉവൈസ് കർനൈൻ. അദ്ദേഹത്തിന് പ്രവാചകനെ കാണാനും ശിഷ്യത്വം സ്വീകരിക്കാനും തീക്ഷ്ണമായ മോഹമുണ്ടായിരുന്നു; എന്നാൽ അദ്ദേഹത്തിൻറെ  മാതാവ് രോഗശയ്യയിലായിരുന്നു, ഈ അവസ്ഥയിൽ ഉമ്മയെ തനിച്ചാക്കി  പോകുന്നത്  പ്രവാചക പ്രത്യയശാസ്ത്രത്തിന് എതിരായതിനാൽ അദ്ദേഹം അതിന് തുനിഞ്ഞില്ല . അങ്ങനെ വർഷങ്ങളോളം തൻറെ  മാതാവ് കിടപ്പിലായതിനാൽ തിരുറസൂലിൻറെ  അടുത്തേക്ക് പോവാൻ അദ്ധേഹത്തിനായില്ല. വർഷങ്ങളൊത്തിരി പൊഴിഞ്ഞു പോയി. പ്രവാചകൻ തൻറെ  മരണശേഷം ഒന്നാം ഖലീഫയാകേണ്ട അബൂബക്കർ സ്വിദ്ധീഖിനോട് പറഞ്ഞു; എൻറെ  കാലശേഷം കർനൈൻ ഗോത്രത്തിൽ നിന്നും  ഉവൈസ് എന്ന പേരുള്ള ഒരാൾ ഇവിടെ വരും, അയാളെ കൊണ്ട് താങ്കൾ  പ്രാർത്ഥിപ്പിക്കണം. പ്രവാചകൻ വിടപറഞ്ഞതിനു ശേഷം അങ്ങനെ വർഷങ്ങൾ കഴിഞ്ഞു, ഒന്നാം ഖലീഫ അബൂബക്കർ (റ) ഓരോവർഷവും ഹജ്ജിനു വരുന്ന ആളുകളോടായി വിളിച്ചു ചോദിക്കും; ഖർനൈൻ ഗോത്രത്തിൽ നിന്നും ഇവിടെ ആരെങ്കിലും വന്നിട്ടുണ്ടോ എന്ന് .  അങ്ങനെ ഒന്നാം ഖലീഫയുടെ ജീവിതകാലം മുഴുവനും ഇത് തുടർന്നു പക്ഷേ ആളെ കണ്ടെത്താൻ സാധിച്ചില്ല!!

അങ്ങനെ ഒന്നാം ഖലീഫ ഈ കാര്യം  ഉമർ(റ)ൻറെ  അടുത്ത് പറഞ്ഞു; അങ്ങനെ വർഷങ്ങൾ കഴിഞ്ഞു, ഒന്നാം ഖലീഫ അബൂബക്കർ (റ) മരണ ശേഷം രണ്ടാം ഖലീഫ ഉമർ (റ)വും ഓരോ വർഷവും ഹജ്ജിനു വരുന്നവരോട് വിളിച്ച് ചോദിക്കും ഖർനൈൻ ഗോത്രത്തിലെ ഉവൈസ് ഇവിടെ വന്നവരിലുണ്ടോ, കണ്ടെത്താനായില്ല. ഓരോ വർഷവും ഹജ്ജിനു വരുന്നവരോട് വിളിച്ചന്വേഷിച്ചു കൊണ്ടിരുന്നു. അങ്ങനെയൊരിക്കൽ ഉവൈസ് ഖർനൈൻയെ കണ്ടെത്തി. അവിടുത്തെ ഭരണാധികാരിയായിരുന്ന  ഖലീഫ ഉമർ(റ) രാഷ്ട്രത്തിൻറെ  ഔദ്യോഗിക ബഹുമതികളോടെ അദ്ധേഹത്തെ സ്വീകരിക്കുകയും പ്രാർത്ഥിപ്പിക്കുകയും ചെയ്തു.

മറ്റൊരത്ഭുതം പ്രവാചക സ്നേഹിയായിയായിരുന്ന ഉവൈസ് ഖർനൈൻ കണ്ണ് കാണാത്തവനായി മാറിയതിൻറെ  പിന്നിലെ യാഥാർത്ഥ്യമാണ്. പ്രവാചകൻ ഈ ലോകത്തോട് വിടപറഞ്ഞതറിഞ്ഞ് കൊണ്ട് പ്രവാചകാനുരാഗിയായ  അദ്ധേഹം ദുഃഖം താങ്ങാനാവാതെ തൻറെ  രണ്ട് കണ്ണുകളും കുത്തിപ്പൊട്ടിച്ചു!! വിശ്വമാനവികതയുടെ ഗുരു പ്രവാചകനെ കാണാത്ത ഈ കണ്ണുകളെക്കൊണ്ട് എനിക്കിനി ഈ ഭൗതിക ലോകത്തെ മറ്റൊന്നും കാണേണ്ടതില്ല  എന്നദ്ദേഹം പറഞ്ഞു!! കാഴ്ചശക്തി നഷ്ടപ്പെട്ട അവസ്ഥയിലാണ് അദ്ധേഹം ഹജ്ജിനെത്തുന്നത്!! പ്രവാചക അധ്യാപനം ഉൾക്കൊണ്ട്  വർഷങ്ങളോളം തൻറെ മാതാവിനെ പരിചരിച്ച് പ്രവാചകനിൽ നിന്നും ശിഷ്യത്ത്വം സ്വീകരിക്കാനാവാതെ പോയ ഉവൈസ് ഖർനൈനിയെ പ്രവാചക അനുയായികൾ പ്രവാചക സ്വഹാബി എന്ന് വിളിച്ച് ആദരിക്കുന്നു. വയസ്സായ മാതാപിതാക്കളെ പരിചരിക്കുന്നതിൻറെ  പ്രാധാന്യമാണ് ഇതിലൂടെ നാം ഗ്രഹിക്കേണ്ടത്. മാതാവിനെയും പിതാവിനെയും വയസ്സായവരേയും  യൂറോപ്യൻ സമൂഹത്തിമാത്രമല്ല നമ്മുടെ സമൂഹത്തിലും ഇന്ന് ബാധ്യതയുടെ അടയാളങ്ങളായാണ്  പരിഗണിക്കുന്നത്. മനുഷ്യസമൂഹം  നേരിടുന്ന സാമൂഹിക അപചയങ്ങൾക്കുള്ള പരിഹാരം പ്രവാചക തത്ത്വചിന്തയിൽ ഉണ്ടെന്നത് പറയാതിരിക്കാനാവില്ല.

മാതാപിതാക്കൾ പ്രായാധിക്യത്താൽ കിടന്നിടത്ത് തന്നെ മലമൂത്രവിസർജനം ചെയ്താലും , പിച്ചും പേയും പറഞ്ഞു തുടങ്ങിയാലും അവരോട് "ഛെ " എന്ന ഒരു വാക്കുപോലും നിങ്ങൾ   പറയരുതെന്ന് പഠിപ്പിച്ചത് പ്രവാചകനാണ്. നിൻറെ മാതാവിൻറെ കാൽപാദത്തിന് കീഴിലാണ് സ്വർഗ്ഗം എന്ന് പഠിപ്പിച്ചതും  പ്രവാചകനാണ്. അതായത് സ്വന്തം മാതാവിനെയും പിതാവിനെയും ശരിയായ രീതിയിൽ പരിചരിച്ചാൽ  മാത്രമേ മക്കൾക്ക് സർവ്വശക്തൻറെയടുത്ത് സ്ഥാനമുള്ളൂ, അവരെ പരിഗണിക്കാതേയും, സ്നേഹിക്കാതേയും, പരിചരിക്കാതേയും സ്വർഗ്ഗ പ്രവേശനം സാധ്യമല്ലെന്നാണ് പ്രവാചകൻ  പറയുന്നത്!


അനാഥർക്ക് വേണ്ടി

 ഒരിക്കൽ പ്രവാചകനോട് ചോദിച്ചു, സർവ്വശക്തൻറെ  അടുത്ത് ഏറ്റവും കൂടുതൽ പ്രതിഫലമുള്ള കാര്യം ഏതാണ്? പ്രവാചകൻ മറുപടി നൽകി, അനാഥരായ മക്കൾക്ക് ഭക്ഷണം നൽകൽ! അനാഥരായ കുട്ടികളുടെ ശിരസ്സിൽ കൈ കൊണ്ട് തലോടി അവരെ ആശ്വസിപ്പിക്കുന്നവർക്ക് അവരുടെ കൈകളിൽ  സ്പർശിച്ച  ശിരസ്സിലെ മുടികളുടെ അത്രയും എണ്ണം പ്രതിഫലം സർവ്വേശ്വരൻ നൽകുമെന്ന് പറഞ്ഞു. അനാഥരായ കുട്ടികൾക്ക് മുൻപിൽ നിങ്ങളുടെ സ്വന്തം മക്കളെ നിങ്ങൾ  ലാളിക്കരുത് എന്ന് പഠിപ്പിച്ചതും വിശ്വമാനവികതയുടെ ഗുരുനാഥൻ റസൂൽ(സ)ആണ്. അന്യായമായി അനാഥരുടെ സമ്പത്തും ഭക്ഷണവും അകത്താക്കുന്നവൻ  ചെയ്യുന്നത് അവൻറെ വയർ തീയിനാൽ നിറക്കുകയാണെന്ന് പറഞ്ഞു. അനാഥരേയും അബലരേയും സംരക്ഷിക്കേണ്ടത് സമൂഹത്തിൻറെയും, ഭരണകൂടത്തിൻറെ യും  ബാധ്യതയാണെന്ന് പ്രവാചകൻ പറയുന്നു.

 പ്രവാചകൻറെ  പ്രത്യയ ശാസ്ത്രത്തെ കൈമുതലാക്കി ഖലീഫ ഉമർ ഭരണം നടത്തിയപ്പോൾ അവിടെ  സക്കാത്ത് അഥവാ നിർബന്ധിത ദാനം സ്വീകരിക്കാൻ പോലും അവിടെ ഒരു ദരിദ്രനില്ലായിരുന്നു. അവരുടെ ജീവിതം സുഭിക്ഷതയിലായി മാറിയിരുന്നു. പ്രവാചക തത്ത്വചിന്തയിലെ സാമ്പത്തിക ശാസ്ത്രം വളരെ അത്ഭുതാവഹമാണ്. പലിശ സംവിധാനത്തെ പരിപൂർണ്ണമായി നിരോധിച്ച് കൊണ്ടുള്ളതായിരുന്നു അത്. തൻറെ  വരുമാനത്തിൻറെ  സൂക്ഷിപ്പ് സ്വത്തിൽ നിന്നും രണ്ടര ശതമാനം ഓരോ വർഷവും  നിർബന്ധിത ദാനം അഥവാ സക്കാത്ത് നൽകണമെന്ന് പറഞ്ഞത് പ്രവാചകനാണ്. ഇത് പണക്കാരൻറെ  ഔദാര്യമല്ല മറിച്ച് പാവപ്പെട്ടവൻറെ  അവകാശമാണ് എന്നരുളിയതും പ്രവാചകനാണ്. വലതു കൈ കൊടുക്കുന്ന സഹായം ഇടതു കൈ പോലും അറിയാത്ത വിധം ആ പണം പാവപ്പെട്ടവൻറെ  വീട്ടിലെത്തിക്കണം  എന്നതാണ് പ്രവാചകൻറെ  പ്രത്യയ ശാസ്ത്രം പറയുന്നത്.

കൃഷിഭൂമി നിങ്ങൾ തരിശായിടരുത്, നിങ്ങളതിൽ കൃഷി ചെയ്യുകയോ അല്ലെങ്കിൽ കൃഷി ചെയ്യുന്ന മറ്റാർക്കെങ്കിലും കൃഷി ചെയ്യാനായി നിങ്ങൾ അതിനെ നൽകണമെന്ന് പ്രവാചകൻ. ഖലീഫ ഉമറിൻറെ  ഭരണകാലത്ത് ഇങ്ങനെ തരിശായിട്ട ഭൂമി പിടിച്ചെടുത്ത് പാവപ്പെട്ട കർഷകർക്ക് കൃഷി ചെയ്യാൻ വേണ്ടി അനുവദിക്കുകയായിരുന്നു. തൊഴിലാളിയുടെ വിയർപ്പ് വറ്റുന്നതിന് മുമ്പ് അവന്ന്  കൂലി (Wage) നൽകണമെന്ന് ആദ്യം പഠിപ്പിച്ചത് പ്രവാചകനാണ്. ഒരാൾ സ്വയം കരങ്ങളാൽ  അദ്ധ്വാനിച്ച് ഭക്ഷണം കഴിക്കുന്നത് ഏറ്റവും ശ്രേഷ്ടമായ രീതിയാണെന്ന് പ്രവാചകൻ. പ്രാവാചക അധ്യാപനങ്ങളിലെ സാമൂഹിക ശാസ്ത്രത്തെ ഗവേഷണാധിഷ്ടിതമായി വേർതിരിച്ചെടുത്ത് വിശ്വ മാനവ സമൂഹത്തിൻറെ നന്മക്കായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. 


(ലേഖകൻ ഭാരതിദാസൻ യൂനിവാഴ്സിറ്റി ക്യാമ്പസ്സിൽ പി.എച്ച്.ഡി ഗവേഷണ വിദ്യാർത്ഥിയാണ്) 

Join WhatsApp News
chinthikkunnavan 2020-10-29 13:54:04
വാർത്തകൾ വിശദമായി വായിക്കുക. ഫ്രാൻസിലെ നീസിൽ ‘ഭീകരാക്രമണം’: 3 മരണം; സ്ത്രീയുടെ തല അറുത്തു, 2 പേരെ കുത്തിവീഴ്ത്തി.
Dr. Anil Nambiar 2020-10-30 03:05:25
Good write up Dr. Shukkoor Ugrapuram You mentioned and emphasised all Sociological facts, great effort. I have got good insight over the philosophy of Prophet, read fully enthusiastically. He given much important to protect and take care Parents ..... Great.... Keep it up
ഡോ. അജിത് മേനോൻ 2020-10-30 09:43:04
നല്ലെഴുത്ത്. മതങ്ങൾ നന്മയാണ് ഉദ്‌ഘോഷിക്കുന്നതെന്ന് ഇന്ത്യൻ ഫിലോസഫി പറയുന്നുണ്ട്. പ്രവാചക തിരുമേനിയുടെ വചനങ്ങൾ വിശുദ്ധം പ്രോജ്വലം . ഇ മലയാളിക്കും ലേഖകനും നന്ദി....
ഡോ. ബിജുകുമാർ 2020-10-30 09:47:22
സർ എഴുത്തിന് നന്ദി, മതങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാലത്ത് മതത്തിലെ നന്മകൾ വിളിച്ചുപറയാൻ സമയം കണ്ടെത്തിയ അങേക്ക് നന്മകൾ നേരുന്നു.
Dr. Arya Sudheep 2020-11-30 07:28:44
Very informative and relevant write up .... Thank you Dr. Shukoor Ugrapuram.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക