Image

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രി രാജി വയ്ക്കുന്ന പ്രശ്നമില്ലെന്ന് എം വി ​ഗോവിന്ദന്‍

Published on 29 October, 2020
സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രി രാജി വയ്ക്കുന്ന പ്രശ്നമില്ലെന്ന് എം വി ​ഗോവിന്ദന്‍

തിരുവനന്തപുരംസ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായതില്‍ സര്‍ക്കാരിന് ഉത്കണ്ഠയില്ലെന്ന് സിപിഎം നേതാവ് എം.വി ​ഗോവിന്ദന്‍. ശിവശങ്കര്‍ വിഷയത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കുന്ന പ്രശ്നമില്ല. 


മുഖ്യമന്ത്രി നേരത്തേ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഏത് അന്വേഷണവും സ്വാഗതം ചെയ്തതാണ്. തന്‍്റെ ഓഫീസില്‍ വരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി അനുവദിച്ചിരുന്നതാണെന്നും എം വി ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്നൊക്കെയാണ് ചിലരുടെ ആവശ്യം. അങ്ങനെയാണെങ്കില്‍ ധാര്‍മിക ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉണ്ടല്ലോ. ഐഎഎസ്, ഐപിഎസ് ഒക്കെ കേന്ദ്ര കേഡറുകളാണ്. മുഖ്യമന്ത്രിയുടെ രാജി എന്ന അജണ്ട നടപ്പാക്കാനാണ് കഴിഞ്ഞ 120 ദിവസമായി പ്രതിപക്ഷം ശ്രമിക്കുന്നത്. 


അവര്‍ ഉന്നയിച്ച പല ആരോപണങ്ങള്‍ക്കും ഇതുവരെ അടിസ്ഥാനമുണ്ടായിട്ടില്ല. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചുവെന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്.


അന്വേഷണം നടക്കട്ടെ, അറസ്റ്റ് നടക്കട്ടെ, അവസാന വിധി പുറത്തുവരട്ടെ, കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കട്ടെ. ഒരു പ്രതിയേയും സംരക്ഷിക്കേണ്ട കാര്യം സിപിഎമ്മിനില്ല. പിണറായി വിജയന് ഈ കേസുമായി ഒരു ബന്ധവുമില്ല. 


സര്‍ക്കാരിന് ഉത്കണ്ഠയില്ല. ഉപ്പുതിന്നവന്‍ ആരാണോ അയാള്‍ വെള്ളം കുടിക്കട്ടേ. വെള്ളം കുടിക്കുന്നതില്‍ സിപിഎമ്മിനോ സര്‍ക്കാരിനോ ആക്ഷേപമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക