Image

കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരിൽ കുടുതലും നഴ്‌സുമാർ

മീട്ടു Published on 29 October, 2020
കോവിഡ്  ബാധിച്ച ആരോഗ്യ പ്രവർത്തകരിൽ കുടുതലും നഴ്‌സുമാർ
ആരോഗ്യ പരിപാലന രംഗത്ത് പ്രവർത്തിക്കുന്നവർക്കിടയിൽ നഴ്‌സുമാരാണ്  കൊറോണ ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഏറിയ പങ്കുമെന്ന് സെന്റേഴ്സ്‌ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവന്ഷന്റെ (സി ഡി സി ) പുതിയ റിപ്പോർട്ടിൽ പറയുന്നു. 

കോവിഡ് 19 -അസോസിയേറ്റഡ് ഹോസ്‌പിറ്റലൈസേഷൻ സർവെയ്ലൻസ് നെറ്റ്‌വർക്കിൽ  (കോവിഡ് - നെറ്റ്) നിന്നുള്ള വിവരങ്ങൾ  ഏജൻസി വിലയിരുത്തി. മാർച്ച് മുതൽ മെയ് അവസാനം വരെ  കോറോണവൈറസ് ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രായപൂർത്തിയായ ആറായിരം പേരിൽ 5.9 ശതമാനവും ആരോഗ്യ പ്രവർത്തകരായിരുന്നു. 

"ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരോഗ്യ പ്രവർത്തകരിൽ മൂന്നിലൊന്നും നഴ്സുമാരാണ്.  മൊത്തത്തിൽ, ആരോഗ്യ പരിപാലകരിൽ  36 ശതമാനത്തിലധികവും അംഗീകൃത നഴ്സിംഗ് അസ്സിസ്റ്റന്റിന്റേതുൾപ്പെടെ നഴ്സിങ്ങുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരാണ്. നഴ്സുമാർ മുൻനിര ജീവനക്കാരാണ്. രോഗബാധിതരുടെ അടുത്ത് ഇടപഴകേണ്ടി വരികയും നിരന്തരം സുദീർഘമായ  സമ്പർക്കത്തിൽ ഏർപ്പെടേണ്ടി വരികയും ചെയ്യുന്നതിലൂടെ രോഗം പിടിപെടാനുള്ള സാധ്യതയും സാഹചര്യവും ഏറെക്കൂടുതലാണ്. " സിഡിസി റിപ്പോർട്ടിൽ പറയുന്നു.    

ആകെയുള്ള ആരോഗ്യപ്രവർത്തകരിൽ 90 ശതമാനം പേരും  രോഗത്തെ തീവ്രമാക്കുന്ന ഏതെങ്കിലും  അവസ്ഥയിലുള്ളവരായിരുന്നു . 73 ശതമാനം പേർ  അമിതവണ്ണം ഉള്ളവരായിരുന്നു.  മൂന്നിലൊന്ന് പേരെ തീവ്ര പരിചരണ വിഭാഗത്തിൽ ആക്കുകയും 4 ശതമാനം പേർ മരണപ്പെടുകയും ചെയ്തു. 

യു എസിലെ ആരോഗ്യ പ്രവർത്തകരിൽ ഗണ്യമായ പങ്കും നഴ്സുമാരാണ്. 2019 ൽ ആരോഗ്യപരിപാലകരിൽ മൂന്നിലൊന്നും അംഗീകൃത നഴ്സുമാരാണെന്നും സിഡിസി അഭിപ്രായപ്പെട്ടു. 

ആരോഗ്യപ്രവർത്തകർക്കിടയിൽ ഗുരുതരമായ രീതിയിൽ കോവിഡ് കേസുകൾ പടർന്നുപിടിച്ചത് ആരോഗ്യ പരിപാലന സംവിധാനത്തിൽ പ്രവർത്തിക്കുന്നവരുടെ എണ്ണം കുറയാൻ കാരണമായെന്നും സിഡിസി എഴുതി. 

രോഗവ്യാപനതോത്  കുറയ്ക്കുന്നതിന്റെ ഭാഗമായി വൈറസിനെ ചെറുക്കാൻ,  ആരോഗ്യ പരിരക്ഷ നൽകുന്ന ഇടങ്ങളിൽ ഫേസ് മാസ്കിനുള്ള  പ്രാധാന്യത്തിന് ഏജൻസി ഊന്നൽ നൽകി. രോഗസ്ഥലത്ത് വച്ചാണോ പുറത്തുനിന്നാണോ ജീവനക്കാർക്ക് രോഗം പിടിപ്പെട്ടതെന്ന് വ്യക്തമാകാത്തതാണ് ഈ വിവരങ്ങളുടെ ന്യൂനത. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക