Image

മെട്രോ കാക്കനാട്ടേയ്ക്ക്: സ്ഥലമെടുപ്പിനും റോഡ് വീതി കൂട്ടലിനുമായി 189 കോടിയുടെ പദ്ധതി

Published on 29 October, 2020
മെട്രോ കാക്കനാട്ടേയ്ക്ക്: സ്ഥലമെടുപ്പിനും റോഡ് വീതി കൂട്ടലിനുമായി 189 കോടിയുടെ പദ്ധതി
കൊച്ചി: മെട്രോ റെയില്‍ കാക്കനാട്ടേയ്ക്കു ദീര്‍ഘിപ്പിക്കാന്‍ ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ ആധാരവും അനുബന്ധ രേഖകളും ഉടമകള്‍ കലക്ടറേറ്റിലെ സ്ഥലമെടുപ്പ് ഓഫിസില്‍ സമര്‍പ്പിച്ചു തുടങ്ങി. തഹസില്‍ദാരുടെ നേതൃത്വത്തില്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം വില നല്‍കും. സ്ഥലമുടമകള്‍ക്കു നോട്ടിസ് നല്‍കിയാണു വസ്തുവിന്റെ രേഖകള്‍ ലഭ്യമാക്കുന്നത്. വിലയ്ക്കു പുറമേ പുനരധിവാസ പാക്കേജ് പ്രകാരമുള്ള നിരക്കും കൈമാറും. വിപണി വിലയും ന്യായവില റജിസ്റ്ററും 3 വര്‍ഷത്തിനിടയില്‍ പരിസരത്തു നടന്ന സ്ഥലമിടപാടുകളുടെ ആധാരങ്ങളും പരിശോധിച്ചാണ് ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ വില നിര്‍ണയിച്ചത്.

സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. സ്ഥലമെടുപ്പിനു 130 കോടി രൂപയും റോഡ് വീതി കൂട്ടാന്‍ 59 കോടി രൂപയുമാണ് ആദ്യ ഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്. കലൂര്‍ സ്‌റ്റേഡിയം മുതല്‍ കാക്കനാട് കുന്നുംപുറം ജംക!്ഷന്‍ വരെയാണു റോഡ് വീതി കൂട്ടുന്നത്. മെട്രോ റെയിലിനും റോഡ് വീതി കൂട്ടലിനുമായി 350 ഉടമകളില്‍ നിന്നാണു സ്ഥലം ഏറ്റെടുക്കുന്നത്. ആലുവ–എറണാകുളം മെട്രോ റെയിലിന്റെ കലൂര്‍ സ്‌റ്റേഡിയം ഭാഗത്തു നിന്നാണു കാക്കനാട്ടേയ്ക്കു മെട്രോ റെയില്‍ നിര്‍മിക്കുന്നത്.

സ്‌റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ 11.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകും. കലൂര്‍ സ്‌റ്റേഡിയത്തില്‍ നിന്നു പാലാരിവട്ടം സിവില്‍ ലൈന്‍ റോഡിലൂടെ ബൈപാസ് ക്രോസ് ചെയ്ത് ആലിന്‍ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകള്‍ വഴി ലിങ്ക് റോഡിലൂടെ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെത്തി ഈച്ചമുക്ക്, ചിറ്റേത്തുകര ഐടി റോഡ് വഴിയാണു മെട്രോ റെയില്‍ ഇന്‍ഫോപാര്‍ക്കിലെത്തുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക