Image

രതിമുക്തം (കവിത: കൃപ അമ്പാടി)

Published on 31 October, 2020
രതിമുക്തം (കവിത:  കൃപ അമ്പാടി)
ഞാന്‍ പെണ്ണാണ്
നിന്നില്‍ പാതിയും ഞാനാണ്
നീയെന്നില്‍ നിന്ന് അടര്‍ന്നതാണ്.

ആദിയില്‍ നീ
മുഖത്ത് മുഖംപൂഴ്ത്തിയും
മുലകളില്‍ ആത്മം നിറച്ചും
പൊക്കിള്‍കുഴിയില്‍
ബന്ധിതനായും
നാഭിയില്‍ അടിമയായും
യോനിയില്‍ യജമാനനായും
തുടകളില്‍ ശക്തനായും
പാദങ്ങളില്‍ എന്‍റെ ഭാരമായും.

സ്വേച്ഛരതിയില്‍
ഒരൊറ്റ നിഴല്‍
ഒരൊറ്റ ജലഛായ
ഒരേയൊരു കാലടി
ഒരേഭൂതം ഒരേനാളം.

രതിമൂര്‍ച്ചയുടെ
ഉഗ്രസ്ഥായിയില്‍
അനാദിയിലേക്കൊരിറ്റ് .
ആണുംപെണ്ണുംകെട്ട്
കലര്‍ന്ന് നാം
ഒഴുക്കിയത് പഞ്ചഭൂതങ്ങള്‍
നിറച്ചത് പ്രപഞ്ചം
നടത്തിയത് സൃഷ്ടി
സ്വതന്ത്രമാക്കിയത് ഊര്‍ജ്ജം .

നമുക്ക് ഋതുക്കളില്ല
ജരാനരകളില്ല
നാണമില്ല
ഈശനുമില്ല .

പെട്ടൊന്നൊരു നാള്‍
ഊര്‍ജ്ജമറ്റ്
ഇറ്റുവീണ രേതസ്സില്‍ നിന്നൊരു
പിശാചുണര്‍ന്ന് ഉയര്‍ന്ന്
നമ്മുടെ നെഞ്ചില്‍ പതിച്ച്
കല്ലിച്ച് പിളർന്ന്
രണ്ട് ഹൃദയങ്ങളായി
ആദ്യ ഹൃദയങ്ങള്‍ .

ഒരിക്കല്‍ക്കൂടി വാരിപ്പുണര്‍ന്ന്
ഇടതും വലതും വച്ചുമാറി
സര്‍വ്വവികാരങ്ങളില്‍ തിളച്ച്
മുഖമടര്‍ത്തി മുലകള്‍ വിട്ട്
പൊക്കിള്‍ കീറി
നാഭിയില്‍ വിലങ്ങുതകര്‍ത്ത്
യോനിയില്‍ നിന്നൂരി
തുടകള്‍ തടുത്ത്
പാദങ്ങളാല്‍ എന്നെ
ചവിട്ടിത്തെറിപ്പിച്ച്
പൌരുഷം അടിമുടി ചൂടി നീ
എന്നെ സ്ത്രീയാക്കി .

ഇനി നീ തേടുക
എന്നിലുറങ്ങും
നിന്‍റെ പൌരുഷത്തിന്‍റെ ശേഷിപ്പുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക