Image

പത്താമത്തെ വണ്ടി (കഥ: ഷാജന്‍ ആനിത്തോട്ടം)

Published on 31 October, 2020
പത്താമത്തെ വണ്ടി (കഥ: ഷാജന്‍ ആനിത്തോട്ടം)
കൊളംബസ് ഡേ പ്രമാണിച്ചുള്ള പ്രത്യേക വിലക്കിഴിവിനെപ്പറ്റി കേട്ടറിഞ്ഞാണ് ലൂക്കാച്ചന്‍ ബി.എം.ഡബ്ല്യു. ഷോറൂമില്‍ രാവിലെ പത്തുമണിക്ക് മുമ്പേ എത്തിച്ചേര്‍ന്നത്. അവധി ദിവസത്തിന്റെ ആലസ്യത്തില്‍, സെന്‍ട്രല്‍ എയര്‍ കണ്ടീഷണര്‍ നല്‍കിയ സുഖമുള്ള തണുപ്പിലങ്ങനെ അനന്തമായി കംഫര്‍ട്ടര്‍ വാരിപ്പുതച്ചുറങ്ങുവാനുള്ള  പ്രലോഭനം ഒരുവിധത്തില്‍ തരണം ചെയ്ത് അതിരാവിലെ എഴുന്നേറ്റൊരുങ്ങുമ്പോഴേക്കും ഭാര്യ ജാന്‍സിക്കുട്ടിയും മകള്‍ മിഷേലെന്ന മിക്കിയും റെഡിയായിക്കഴിഞ്ഞിരുന്നു. സ്കൂളില്‍ പോകാന്‍ എന്ന് എഴുന്നേല്‍പ്പിക്കുവാന്‍ ശ്രമിച്ചാലും "ഫൈവ് മോര്‍ മിനിറ്റ്‌സ് പ്ലീസ്' എന്ന് പറഞ്ഞ് ചിണുങ്ങുന്ന മിക്കി അന്ന് ആരും പറയാതെ വെളുപ്പിനെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി ഡാഡിയെയും മമ്മിയെയും ഉണര്‍ത്തുവാന്‍ മുന്‍കൈയെടുത്തു. 

സ്കൂള്‍ മൈതാനംപോലെ വിശാലമായ എക്‌സിബിഷന്‍ ഗ്രൗണ്ടിലെ ആദ്യനിരയില്‍ കണ്ട ഏറ്റവും പുതിയ മോഡല്‍ എസ്.യു.വി. തെരഞ്ഞെടുക്കുവാന്‍ മൂന്നുപേര്‍ക്കും രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. "സീറോ പെര്‍സന്റ് ഇന്ററസ്റ്റ് റേറ്റും സീറോ ഡൗണ്‍ പോയ്‌മെന്റും' എന്ന അത്യപൂര്‍വ്വമായി വരുന്ന ഓഫറില്‍ ലൂക്കാച്ചന്‍ എന്ന സാമ്പത്തിക വിദഗ്ദ്ധന്‍ അധികം തല പുകയ്ക്കാതെ കച്ചവിടമുറപ്പിക്കുകയായിരുന്നു. അഞ്ചുവര്‍ഷത്തെ ലോണ്‍ ഉടമ്പടിയില്‍ കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ കൗതുകത്തോടെ അയാള്‍ നാട്ടിലെ പ്രമുഖ വസ്ത്രവ്യാപാരശാലയുടെ പരസ്യവാചകം മനസ്സിലോര്‍ത്തു: ""ഇതിലും നല്ലൊരു ഓഫര്‍ സ്വപ്നങ്ങളില്‍ മാത്രം!''

പുത്തന്‍കാറില്‍ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ലൂക്കാച്ചന്‍ പിന്‍സീറ്റിലിരിക്കുന്ന ഏകമകള്‍ മിഷേലിനെ നോക്കി. അത്യാഹ്ലാദത്താല്‍ തുള്ളിത്തുളുമ്പുകയായിരുന്നു സ്വതവേ തുടുത്ത ആ പതിനൊന്നുകാരിയുടെ മുഖം. വര്‍ഷങ്ങള്‍ക്ക് മുമ്പ് മിക്കി ജനിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ ഹോണ്ടാ സിവിക് എക്‌സ്‌ചേഞ്ച് വിലയ്ക്ക് വിറ്റിട്ട് പോരുമ്പോള്‍ അവളുടെ മുഖത്ത് ഇത്തിരി വിഷാദം കലര്‍ന്നിരുന്നെങ്കിലും, പുത്തന്‍ സ്‌പോര്‍ട്‌സ് കാറില്‍ കയറിയിരുന്നതോടെ "സില്‍വിയ' എന്ന് അവള്‍ ഓമനപ്പേരിട്ട് വിളിച്ചിരുന്ന പഴയ കാറിന്റെ വേര്‍പാട് അവള്‍ വേഗം മറന്നു. വീട്ടിലെത്തിയ ഉടനെ പാല്‍നിറത്തിലുള്ള പുതിയ കുടുംബാംഗത്തിന് അവള്‍ പറ്റിയൊരു പേരുമിട്ടു: ബോബി!

മണിക്കൂറുകളോളം "ബോബി'യുടെ അകവും പുറവും വിസ്തരിച്ച് പരിശോധിച്ച് കഴിഞ്ഞതോടെ മിക്കി ലൂക്കാച്ചന്റെ മുമ്പില്‍ തന്റെ പുതിയ ആഗ്രഹമവതരിപ്പിച്ചു:

""ലെറ്റ്‌സ് ഗോ ഫോര്‍ എ ലോംഗ് ഡ്രൈവ് ഡാഡ്... എ ലോംഗ്, ലോംഗ് ഡ്രൈവ്! ലെറ്റ്‌സ് ഗോ ഫാര്‍, ഫാര്‍ എവേ ആന്റ് എക്‌സ്‌പ്ലോര്‍ ദ കണ്‍ട്രി, ലൈക്ക് കൊളംബസ് ഡിസ്കവേര്‍ഡ് അമേരിക്ക!!''

വണ്ടി വീട്ടിലെത്തിയപ്പോഴേക്കും അവളുടെ മനസ്സില്‍ നീണ്ട റോഡ് ട്രിപ്പിനുള്ള മോഹങ്ങള്‍ തളിരിട്ടത് കണ്ട് ലൂക്കാച്ചന് രസം കയറി. ആര്‍ക്കാണ് ഈ അഴകൊത്ത കാറിലൊന്ന് ലോകം ചുറ്റാന്‍ തോന്നാതിരിക്കുക? മകളുടെ ആഗ്രഹവും ആവേശവും തീര്‍ച്ചയായും ന്യായമാണ്. പക്ഷേ അവള്‍ പറയുന്നതുപോലുള്ള ഒരു നീണ്ട യാത്രയ്ക്കുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. തണുപ്പുകാലം തുടങ്ങിയിരിക്കുന്നു. പോരെങ്കില്‍ അവള്‍ക്ക് സ്കൂളില്‍ പോകേണ്ടതുമുണ്ട്. ജാന്‍സിക്കുട്ടിക്കും തനിക്കും ജോലിയില്‍ നിന്ന് പെട്ടന്നങ്ങനെ അവധിയെടുക്കല്‍ സാദ്ധ്യവുമല്ല. തല്‍ക്കാലം അവളെയുംകൊണ്ട് ഒരു ചെറിയ യാത്ര നടത്തി പ്രശ്‌നം പരിഹരിക്കാമെന്നയാള്‍ തീരുമാനിച്ചു. 

""ഓക്കേ ഹണീ, വീ വില്‍ ഡു ഇറ്റ്, ബട്ട് നോട് നൗ. ലെറ്റ്‌സ് ഹാവ് എ ലോംഗ് ട്രിപ്പ് ഇന്‍ ദ സമ്മര്‍.  ഫോര്‍ ദ ടൈം ബീയിംഗ് വീ വില്‍ ഹാവ് എ ട്രിപ്പ് ടു ഡൗണ്‍ ടൗണ്‍ ആന്റ് ദ ലേക്ക് ഷോര്‍ ഡ്രൈവ് ഏരിയ, ഓക്കേ?''

മനസ്സില്ലാ മനസ്സോടെയാണെങ്കിലും മിക്കി സമ്മതിച്ചു. ആ വാരാന്ത്യം സിറ്റി മുഴുവനും പുതിയ കാറില്‍ ലൂക്കാച്ചനും കുടുംബവും കറങ്ങി. നഗരവീഥികളിലൂടെ കാര്‍ പായുമ്പോഴും പുറത്തെ കാഴ്ചകളേക്കാള്‍ മകള്‍ ആസ്വദിച്ചത് "ബോബി'യുടെ ആന്തരിക സൗന്ദര്യമായിരുന്നു എന്നതില്‍ ലൂക്കാച്ചനോ ജാന്‍സിക്കുട്ടിക്കോ ഒരത്ഭുതവും തോന്നിയില്ല. പുത്തന്‍ കാറിന്റെ ഗന്ധം അവള്‍ ഇരുകണ്ണുകളുമടച്ച്  ഉള്ളിലേക്കെടുക്കുന്നത് അവര്‍ കൗതുകത്തോടെ കണ്ടിരുന്നു. വെയില്‍ വെളിച്ചത്തില്‍ വെട്ടിത്തിളങ്ങുന്ന പുത്തന്‍ കാറിനെ വഴിയിലൂടെ കടന്നുപോകുന്നവര്‍ അസൂയയോടെ നോക്കുന്നത് അഭിമാനത്തോടെയാണ് അവര്‍ ആസ്വദിച്ചത്. 

താങ്ക്‌സ്ഗിവിംഗിന് റോക്ക്‌ഫോര്‍ഡിലുള്ള ഫിലിപ്പങ്കിളിന്റെ വീട്ടിലേക്കുള്ള യാത്രയിലും ക്രിസ്തുമസിന് ന്യൂയോര്‍ക്കില്‍നിന്നും വന്ന ജാന്‍സിക്കുട്ടിയുടെ അമ്മാച്ചന്‍ കൊച്ചുതൊമ്മനപ്പാപ്പന്റെ കൂടെ സിയേഴ്‌സ് ടവറിലേക്കുള്ള ട്രിപ്പിനിടയിലും മിക്കി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്  സമ്മറില്‍ "ബോബിയോടൊപ്പം' തങ്ങള്‍ നടത്തുവാന്‍ പോകുന്ന "ഡിസ്ക്കവര്‍ അമേരിക്ക'’ട്രിപ്പിനെപ്പറ്റിയായിരുന്നു. "ഇതൊക്കെ വെറും ഐസ് ബ്രേക്കര്‍.... അതല്ലേ റിയല്‍ ഡ്രൈവ്' എന്നതായിരുന്നു അവളുടെ നിലപാട്. വേനലൊന്ന് വേഗം വന്നെങ്കിലെന്ന് മകളെപ്പോലെ ലൂക്കാച്ചനും മോഹിച്ചത് സ്വാഭാവികം. 

കാലം ഒരു കുതിരയെപ്പോലെ ഓടിയെന്ന് പറയാം. മെയ് പകുതിയോടെ മിക്കിയുടെ സ്കൂളടച്ചതിന്റെ പിറ്റേ വെള്ളിയാഴ്ച വെളുപ്പിന് മൂന്നുപേരും "ബോബി'യോടൊപ്പം അമേരിക്ക "കണ്ടുപിടിക്കാന്‍' പുറപ്പെട്ടു. മൂന്നാഴ്ചകൊണ്ട് പന്ത്രണ്ട് സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കാനുള്ള പദ്ധതിയാണ് അവര്‍ തയ്യാറാക്കിയത്. മകള്‍ പ്രായപൂര്‍ത്തിയാകുന്നതോടെ അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളും അവളോടൊപ്പം സന്ദര്‍ശിച്ചിരിക്കുമെന്ന് ലൂക്കാച്ചന്‍ വാക്ക് കൊടുത്തിരുന്നു. ""ദ ലാസ്റ്റ് ആന്റ് ഫൈനല്‍ വണ്‍ വില്‍ ബീ ഹവായ്. ദാറ്റ് വില്‍ ബീ യുവര്‍ ഹണിമൂണ്‍ ട്രിപ്പ്'' എന്ന് പറഞ്ഞപ്പോള്‍ ടീനേജിലേക്ക് പോലും പ്രവേശിക്കാത്ത അവള്‍ പറഞ്ഞതോര്‍ത്ത് ലൂക്കാച്ചന്‍ ഒരിക്കല്‍ക്കൂടി ചിരിച്ചു: ""യൂ ഗൈസ് ഡോണ്ട് ഹാവ് റ്റു ബീ ഇന്‍ ദാറ്റ് ട്രിപ്പ്. ഇറ്റ് വില്‍ ബീ ജസ്റ്റ് ഫോര്‍ മീ ആന്റ് മൈ ഹസ്ബന്റ്!!''

"വിസ്‌കോണ്‍സിന്‍ ഡെല്‍സ്' എന്ന ലോകോത്തര ജലോദ്യാനത്തില്‍ കളിച്ചുല്ലസിക്കുമ്പോഴും ഇടയ്ക്കിടെ "ബോബി'യ്ക്കും ഒരു ഷവര്‍ കൊടുക്കണമെന്ന് മിക്കി പറയുന്നുണ്ടായിരുന്നു. രണ്ട് ദിവസം അവിടെ തങ്ങി മൂന്നാം ദിവസം മിനിയാപ്പോളിസിലേക്ക് തിരിക്കുമ്പോള്‍ ഹൈവേയില്‍ നടന്ന വലിയൊരു അപകടം കണ്ട് മിക്കി പേടിച്ച് കരഞ്ഞു. ലക്ഷക്കണക്കിന് കാറുകള്‍ തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞുപോകുന്ന അമേരിക്കന്‍ ഫ്രീവേകളില്‍ ഇതൊക്കെ  സാധാരണമാണെന്ന് ഒരുവിധത്തിലാണ് ലൂക്കാച്ചന്‍ അവളെ പറഞ്ഞ് മനസ്സിലാക്കിയത്: ""ദിസീസ് ജസ്റ്റ് ദ ഫസ്റ്റ് മോളൂ. ഗെറ്റ് റെഡി ടു  സീ അറ്റ് ലീസ്റ്റ് ടെന്‍ സച്ച് കേസസ്!''

മിനസോട്ടയിലേക്ക് "ബോബി' രാജകീയമായി  പ്രവേശിക്കുമ്പോള്‍ ഇല്ലിനോയി നമ്പര്‍ പ്ലേറ്റുള്ള സുന്ദരന്‍ എസ്.യു.വി.യെ അസൂയയോടെ അവിടുത്ത ആളുകള്‍ നോക്കുന്നത് മിക്കി മാതാപിതാക്കളെ കാണിച്ചുകൊടുത്തു. "അവരൊന്നും കാറുകള്‍ കാണാതെ കിടക്കുന്നവരല്ലടീ പെണ്ണേ, ഔട്ട് ഓഫ് സ്റ്റേറ്റ് രജിസ്‌ട്രേഷന്‍ കാര്‍ കണ്ടപ്പോള്‍ അവര് വെറുതെ കൗതുകത്തിന് നോക്കിയതാണ്' എന്ന് പറഞ്ഞത് മിക്കിക്ക് ഇഷ്ടപ്പെട്ടില്ല. ""നോ മമ്മീ, ദേ ആര്‍ റീയലി ഫാസിനേറ്റഡ് ബൈ അവര്‍ ക്യൂട്ട് ബോബി!'' മകള്‍ തര്‍ക്കിക്കാനൊരുങ്ങിയതോടെ ജാന്‍സിക്കുട്ടി പിന്‍വാങ്ങുകയായിരുന്നു. "മാള്‍ ഓഫ് അമേരിക്ക'യിലെ ഷോപ്പിംഗിനിടയില്‍ മിക്കിക്ക്  വാങ്ങിക്കാനുണ്ടായിരുന്നത് കാര്‍ "ടോയി'കള്‍ മാത്രമായിരുന്നു എന്നതില്‍ ജാന്‍സിക്കുട്ടി അത്ഭുതം കൂറി. 

നോര്‍ത്ത് ഡക്കോട്ടയിലെ വിജനമായ ഹൈവേയിലൂടെ തൊണ്ണൂറ് മൈല്‍ സ്പീഡില്‍ കുതിക്കുമ്പോള്‍  ലൂക്കാച്ചന്‍ മകളോട് പറഞ്ഞു: 

""ഗെറ്റ് റെഡി ടു കൗണ്ട് മോളൂ. യൂ വില്‍ സീ അറ്റ് ലീസ്റ്റ് ഫൈവ് ആക്‌സിഡന്റ്‌സ്  ബിഫോര്‍ വീ എന്റര്‍ മൊണ്ടാന!'' സീറ്റ് ബല്‍റ്റിന്റെ തടവില്‍ ഞെളിപിരികൊണ്ടിരിക്കുമ്പോഴും അമേരിക്കയുടെ ഉള്‍നാടന്‍ കാഴ്ചകളുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു അപ്പോള്‍ മിഷേല്‍. ചിക്കാഗോയിലെ  തിരക്കേറിയ നഗരവീഥികളുമായി തട്ടിച്ചുനോക്കുമ്പോള്‍ രാജ്യത്തിന്റെ ആ ഉള്‍ദേശങ്ങള്‍ ആള്‍ത്തിരക്കില്ലാത്ത ശ്മശാനങ്ങളായാണ് അവള്‍ക്ക് തോന്നിയത്. 

""ഡ്രൈവിംഗില്‍ ശ്രദ്ധിക്കൂ ലൂക്കാച്ചാ. കൊച്ചിന് പറഞ്ഞുകൊടുക്കാന്‍ വേറൊന്നും തോന്നുന്നില്ലേ? എന്തിനാണ് ഇങ്ങനെ വേണ്ടാത്തതൊക്കെ  പറയുന്നത്''? പാസഞ്ചര്‍ സീറ്റിലിരുന്ന ജാന്‍സിക്കുട്ടിക്ക് ഭര്‍ത്താവിന്റെ പറച്ചില്‍ കേട്ട് ഭയം തോന്നി. ലൂക്കാച്ചന്‍ ധൈര്യം കൊടുത്തെങ്കിലും, ചെറുതായൊന്ന് മയങ്ങാനുള്ള ചോദന തടുത്തുനിര്‍ത്തി അവള്‍ ഭര്‍ത്താവിനെ ഉന്മേഷവാനാക്കിക്കൊണ്ടിരുന്നു. അറിയാതെങ്ങാനും ഒരു നിമിഷത്തേക്ക്  ആ കണ്ണുകളൊന്നടഞ്ഞുപോയാല്‍... ദൈവമേ, കാത്തോളണേയെന്ന് ജാന്‍സിക്കുട്ടിയുടെ ചുണ്ടുകള്‍ തെല്ലുറക്കെത്തന്നെ പറഞ്ഞു:

ലൂക്കാച്ചന്‍ പറഞ്ഞത് സത്യമായിത്തന്നെ സംഭവിച്ചു. ബിസ്മാര്‍ക്കില്‍ രണ്ട് ദിവസം താമസിച്ച് തലസ്ഥാന നഗരിയിലെ കാഴ്ചകളെല്ലാം കണ്ടതിനുശേഷം മൂന്നാം ദിവസം രാവിലെ മൊണ്ടാനയിലേക്ക് പുറപ്പെട്ടപ്പോഴാണ് മിസൂറി നദിയ്ക്ക് മുകളിലെ പാലത്തില്‍ രണ്ട് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കിടക്കുന്നത് അവര്‍ കാണുന്നത്. സമീപത്ത് തകര്‍ന്ന് കിടക്കുന്ന രണ്ട് കാറുകള്‍ക്കരികെ രക്തം കട്ടപിടിച്ച് കിടക്കുന്നത് കണ്ട് ലൂക്കാച്ചന്‍ ഭയന്നുപോയി. ഭാര്യയെയും മകളെയും ആ ഭീകരകാഴ്ചകള്‍ അധികനേരം കണ്ട് നില്‍ക്കാനനുവദിക്കാതെ അയാള്‍ വേഗം പോലീസ് കാണിച്ചുകൊടുത്ത ഇടവഴിയിലൂടെ വണ്ടിയെടുത്ത് അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. മൊണ്ടാനയിലെത്തുന്നതിന് മുമ്പുതന്നെ തൊണ്ണൂറ്റിനാലാം നമ്പര്‍ എക്‌സ്പ്രസ് വേയില്‍ ചെറുതും വലുതുമായ മറ്റ് നാല് അപകടങ്ങള്‍ കൂടി അവര്‍ കണ്ടത് ജാന്‍സിക്കുട്ടിയെ മാത്രമല്ല, ലൂക്കാച്ചനെയും ഭീതിയിലാഴ്ത്തി. മിക്കി പക്ഷേ, അടുത്ത നാലെണ്ണം  എവിടെയായിരിക്കുമെന്ന ആകാംക്ഷയില്‍ ഹൈവേയിലേക്ക് നോക്കിക്കൊണ്ടിരുന്നു. 

ഒറിഗോണ്‍ സംസ്ഥാനവും താണ്ടി അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് എത്തുമ്പോഴേയ്ക്കും ലൂക്കാച്ചനും ജാന്‍സിക്കുട്ടിയും പരിക്ഷീണിതരായിരുന്നു. പസഫിക്ക് തീരത്തെ ഹോട്ടലില്‍ അന്തിയുറങ്ങുമ്പോള്‍ ചിക്കാഗോയിലെ വീടിന്റെ ഊഷ്മളതയായിരുന്നു അവരുടെ മനസ്സില്‍. പത്തുദിവസത്തെ യാത്രയും പല നാടുകളില്‍ നിന്നുള്ള വ്യത്യസ്ത ഭക്ഷണവും കഴിച്ച് മടുത്തതോടെ എങ്ങനെയെങ്കിലും തിരിച്ച് വീട്ടില്‍ എത്തിയാല്‍ മതിയെന്നായിരുന്നു അവര്‍ക്ക്. മിക്കിക്ക് ഒരു ക്ഷീണവും തോന്നാത്തതില്‍  അവര്‍ അത്ഭുതപ്പെട്ടു. മടക്കയാത്രയുടെ തുടക്കത്തില്‍ സിയാറ്റിലില്‍ സെറ്റില്‍ ചെയ്തിരിക്കുന്ന  പഴയ കോളേജ് സഹപാഠി വിനോദിന്റെ വീട്ടില്‍ നിന്നും കപ്പയും മീന്‍  കറിയും കഴിച്ചുകഴിഞ്ഞപ്പോഴാണ് ലൂക്കാച്ചന് ആത്മവിശ്വാസം തിരികെ കിട്ടിയത്. പിറ്റേന്ന് അവിടെനിന്നും യെല്ലോ സ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക് ലക്ഷ്യമാക്കി തിരിക്കുമ്പോള്‍ ലോകപ്രശസ്തമായ ആ ടൂറിസ്റ്റ് സങ്കേതത്തിന്റെ പ്രത്യേകതകള്‍ അയാള്‍ മകള്‍ക്ക് പറഞ്ഞുകൊടുത്തു. 

നോക്കെത്താദൂരത്തോളം പരന്ന് കിടക്കുന്ന ഉരുളക്കിഴങ്ങ് വയലുകള്‍ക്കരികിലൂടെ കുതിച്ചുപാഞ്ഞ് ഐഡഹോയിലെ യെല്ലോസ്റ്റോണ്‍ ബെയര്‍ വേള്‍ഡിലെത്തുമ്പോള്‍ മിക്കി ആവേശം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. തന്റെ മുറി നിറയെ ടെഡി ബെയര്‍ കളിപ്പാട്ടങ്ങളുണ്ടെങ്കിലും ജീവനുള്ള കരടികളെ ആദ്യമായിട്ടായിരുന്നു അവള്‍ കാണുന്നത്. ടിക്കറ്റെടുത്ത് കരടികള്‍ മേഞ്ഞുനടക്കുന്ന കോമ്പൗണ്ടിലേക്ക് "ബോബി'യോടൊപ്പം അവര്‍ മൂന്നുപേരും പ്രവേശിച്ചു. കരടികളുടെ ഉപദ്രവം ഒഴിവാക്കുവാന്‍ മുഴുവന്‍ സമയവും കാറിന്റെ ജനലുകള്‍ അടച്ചിടണമെന്ന് മൃഗശാലാ ജീവനക്കാര്‍ പ്രത്യേകം പറഞ്ഞിരുന്നെങ്കിലും തൊട്ടടുത്തുകൂടി ഒരു കരടിക്കൂട്ടം കടന്നുവന്നപ്പോള്‍ മിക്കി പിന്നിലെ ജനലുകള്‍ താഴ്ത്താനൊരുങ്ങിയത് ഒരു ജീവനക്കാരി ശ്രദ്ധിച്ചതിനാല്‍ വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ അവരെ സഹായിച്ചു. കാറിനെ ഉരുമ്മി കറുപ്പും വെളുപ്പും നിറങ്ങളിലുള്ള കൊച്ചു കരടികള്‍ മെല്ലെ നീങ്ങിമാറിയപ്പോഴാണ് ലൂക്കാച്ചനും ജാന്‍സിക്കുട്ടിക്കും ശ്വാസം നേരെ വീണത്. 

വയോമിംഗ് സ്റ്റേറ്റിലേക്ക് പ്രവേശിച്ചതോടെ യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനത്തിന്റെ മാസ്മരിക സൗന്ദര്യം അവര്‍ നേരിട്ടനുഭവിച്ചു. ആയിരക്കണക്കിന് മൈലുകള്‍ പരന്നുകിടക്കുന്ന ചെങ്കുത്തായ പാറക്കൂട്ടങ്ങള്‍ക്കും അപകടം പിടിച്ച മലഞ്ചെരിവുകള്‍ക്കുമിടയില്‍ പ്രകൃതി ഒരുക്കിയ അഗ്നിപര്‍വ്വതാവശിഷ്ടങ്ങളും ലാവാ  പ്രവാഹങ്ങളും കണ്ട് ലൂക്കാച്ചനും കുടുംബവും അമ്പരന്നുപോയി. പെട്ടെന്ന് പെയ്ത മഴയെ അവഗണിച്ച് വീതികുറഞ്ഞൊരു മലയിടുക്കിലൂടെ വേഗത കുറച്ച് മുമ്പോട്ട് പോകുമ്പോഴാണ് തൊട്ട് മുമ്പിലോടിക്കൊണ്ടിരുന്ന ചാരനിറത്തിലുള്ളൊരു കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് വലതുവശത്തെ മലയടിവാരത്തിലേക്ക് തെന്നിമറിയുന്നത് ഒരു നടുക്കത്തോടെ അവര്‍ കാണുന്നത്. ആയിരക്കണക്കിന് അടി താഴ്ചയിലേക്ക് ആ വാഹനം അതിവേഗത്തില്‍ ആഴ്ന്നുപോകുമ്പോള്‍ അതിലുണ്ടായിരുന്നവരുടെ കൂട്ടനിലവിളി അടഞ്ഞുകിടന്ന ജനല്‍ ഗ്ലാസ്സുകള്‍ക്കിടയിലും അവര്‍ക്ക് കേള്‍ക്കാമായിരുന്നു. വണ്ടി നിര്‍ത്തി സെല്‍ഫോണെടുത്ത് പോലീസിനെ വിവരം അറിയിക്കുമ്പോള്‍ ലൂക്കാച്ചന്റെ ശരീരമാസകലം വിറക്കുന്നത് കണ്ട് മിക്കി പറഞ്ഞു: ""ഐയാം സ്‌കെയേര്‍ഡ് ഡാഡ്... ലെറ്റ്‌സ് ഗോ ഹോം.'' മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന ഹോട്ടലിലേക്ക് എത്രയും വേഗം ഓടിച്ചെത്താനുള്ള ലൂക്കാച്ചന്റെ ആഗ്രഹത്തിന്  ജാന്‍സിക്കുട്ടിയാണ് തടസ്സം നിന്നത്. ""വേണ്ട ലൂക്കാച്ചാ, നമുക്ക് ഇവിടെയടുത്തെവിടെയെങ്കിലുമുള്ള ഒരു ഹോട്ടലില്‍ മുറിയെടുക്കാം. ഇന്നിനി വണ്ടി ഓടിക്കേണ്ട.''

ഹോട്ടല്‍ ജീവനക്കാരോട് തങ്ങള്‍ കണ്ട ഭീകര ദൃശ്യത്തെപ്പറ്റി വിവരിക്കുമ്പോള്‍ ലൂക്കാച്ചന്റെ സ്വരമിടറിയിരുന്നു. അവര്‍ക്ക് പക്ഷേ അതിലൊരു പുതുമയും തോന്നിയില്ല. ""ദിസീസ് വെരി കോമണ്‍ ഹിയര്‍ സേര്‍. വാട്ട് ക്യാന്‍ വീ ഡൂ? ബീ കെയര്‍ഫുള്‍ വെന്‍ യൂ ഡ്രൈവ്.'' വേനല്‍ക്കാലത്ത് ആഴ്ചയിലൊരിക്കലെങ്കിലും അത്തരമൊരപകടത്തെപ്പറ്റി കേള്‍ക്കുകയും മഞ്ഞുകാലത്ത് ചിലപ്പോള്‍ മുപ്പതടി മഞ്ഞ് വീണ് തങ്ങളുടെ വീടിന്റെ മേല്‍ക്കൂരവരെയെത്തി ദിവസങ്ങളോളം വാതില്‍ തുറക്കാനാവാത്തത്ര നടുക്കുന്ന തങ്ങളുടെ അനുഭവങ്ങളെപ്പറ്റിയും അവര്‍ പറഞ്ഞത് കേട്ടപ്പോള്‍ ലൂക്കാച്ചനും കുടുംബത്തിനും അനല്പമായ ആശ്ചര്യമായിരുന്നു. എങ്കിലും,  സന്തോഷകരമായൊരു വിനോദയാത്രയ്ക്ക് പുറപ്പെട്ട് അപരിചിതമായൊരു സ്ഥലത്തെ അഗാധമായ കൊക്കയില്‍ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന ഹതഭാഗ്യരായ ആ കാറിലെ യാത്രക്കാരെപ്പറ്റിയായിരുന്നു അവിടെ തങ്ങിയ രണ്ട് ദിവസവും അവര്‍ ചിന്തിച്ചത്. 

സൗത്ത് ഡക്കോട്ടയിലെ മൗണ്ട് റഷ്‌മോര്‍ നാഷണല്‍ മെമ്മോറിയല്‍ ലക്ഷ്യമാക്കി ലൂക്കാച്ചന്‍ കാറോടിക്കുമ്പോള്‍, വിജനമായ ഹൈവേയിലേക്ക് നോക്കി ജാന്‍സിക്കുട്ടി പറഞ്ഞു: ""ഇടയ്ക്ക് ചെറിയ ടൗണുകളിലൊന്നും നിര്‍ത്തേണ്ട കെട്ടോ. ഈ ഭാഗത്തെല്ലാം "കെ.കെ.കെ.' എന്ന പേരിലറിയപ്പെടുന്ന കൂ ക്ലക്‌സ് ക്ലാന്‍  സംഘങ്ങളുണ്ടാവുമെന്നാണ് എന്റെ കൂട്ടുകാര്‍ പറഞ്ഞുകേട്ടത്. നമ്മുടെ തൊലിനിറം കാണുമ്പോള്‍ത്തന്നെ ആ വെളുമ്പന്‍ വംശീയവാദികള്‍ നമ്മള്‍ മൂന്നിനെയും തട്ടിക്കളയും ചിലപ്പോള്‍.'' ഭാര്യയുടെ മുഖത്തെ ഭീതി കണ്ട് ലൂക്കാച്ചന് ചിരി വന്നു. ""നീയും നിന്റെ കുറെ പേടിത്തൂറി കൂട്ടുകാരികളും...'' അടുത്ത നിമിഷം പക്ഷേ, പിന്നില്‍ നിന്നും ബീക്കണ്‍ ലൈറ്റുകളിട്ട് പാഞ്ഞുവന്ന പോലീസ് വാഹനം കണ്ട ലൂക്കാച്ചന്റെ ഉള്ള് കാളി. റോഡിന്റെ വശത്തേക്ക് വണ്ടിയൊതുക്കിയ അയാളുടെ അടുത്തേക്ക് വന്ന് ഒരു പുഞ്ചിരിയോടെ പോലീസ് ഓഫീസര്‍ പറഞ്ഞു:

""യൂ സീം ടു ബീ എ ഗ്രേറ്റ് ഡ്രൈവര്‍ സര്‍... ബട്ട് റ്റൂ ഫാസ്റ്റ് ഫോര്‍ ദിസ് റോഡ്!'' വിനയത്തോടെ മാപ്പ് പറഞ്ഞിട്ടും അമിതവേഗത്തിന് നൂറു ഡോളറിന്റെ പിഴ ചുമത്തിയിട്ടാണ് സായ്പ് മടങ്ങിയത്.

രാത്രി മൗണ്ട് റഷ്‌മോറിലെ മ്യൂസിക് പ്രോഗ്രാമില്‍ പങ്കെടുക്കുമ്പോഴും ലൂക്കാച്ചന്റെ മനസ്സില്‍ നഷ്ടപ്പെട്ട നൂറ് ഡോളറിനെപ്പറ്റിയും ഇന്‍ഷുറന്‍സ് റെക്കോര്‍ഡില്‍ വരാന്‍ പോകുന്ന കറുത്ത അടയാളപ്പെടുത്തലിനെപ്പറ്റിയുമുള്ള വേവലാതിയായിരുന്നു. വൈദ്യുതി വെളിച്ചത്തില്‍ പ്രഭചൊരിഞ്ഞ് മലമുകളില്‍ കൊത്തിവച്ചിരിക്കുന്ന നാല് അമേരിക്കന്‍ പ്രസിഡന്റുമാരുടെ മുഖങ്ങള്‍ പുഞ്ചിരിച്ച് നില്‍ക്കുന്നത് കണ്ടപ്പോള്‍ നഷ്ടപ്പെട്ടുപോയ നൂറ് ഡോളര്‍ ബില്ലിലെ പ്രസിഡന്റ് ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്റെ മുഖമായിരുന്നു ലൂക്കാച്ചന്റെ മനസ്സില്‍; ഒപ്പം ചിരിച്ചുകൊണ്ട് തന്റെ കഴുത്തറത്ത ആ "കെ.കെ.കെ.' (ക്രൂരന്‍, കശ്മലന്‍, കാണ്ടാമൃഗം) പോലീസിന്റെയും!

യാത്രയുടെ അടുത്ത ഘട്ടത്തില്‍ ഒമഹയിലെ വിശ്വപ്രസിദ്ധമായ മൃഗശാലയും അക്വേറിയവും സന്ദര്‍ശിക്കാനെത്തിയതോടെ ലൂക്കാച്ചന്റെ വിഷമങ്ങള്‍ ഓടിയകന്നിരുന്നു. സിംഹക്കുട്ടികളെയും  കുരങ്ങുകൂട്ടങ്ങളെയും വ്യത്യസ്ഥ തരത്തിലുള്ള ജലജീവികളെയും മകള്‍ക്ക് കാണിച്ചുകൊടുക്കുമ്പോള്‍ അയാളുടെയും ഭാര്യയുടെയും മുഖത്ത് അതിയായ ആഹ്ലാദമാണ് നിറഞ്ഞുനിന്നത്. നെബ്രാസ്കയുടെ തലസ്ഥാനമായ ലിങ്കണ്‍ നഗരത്തിലെ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ രുചികരമായ തന്തൂരി ചിക്കനും മലബാര്‍ ബിരിയാണിയും കിട്ടുമെന്ന് നേരത്തെ പറഞ്ഞുകേട്ടിരുന്നതിനാല്‍ ഡിന്നര്‍ കഴിക്കാനായി അങ്ങോട്ട് പോകുമ്പോഴാണ് വഴിയരികില്‍ രണ്ടിടത്ത് നടന്ന കാറപടകങ്ങള്‍ അവര്‍ കാണുന്നത്. ആളപായമൊന്നുമുണ്ടായില്ലെന്നറിഞ്ഞതോടെ അവര്‍ സമാധാനത്തോടെ യാത്ര തുടര്‍ന്നു. 

ലിങ്കണ്‍ മാരിയറ്റ് ഹോട്ടലില്‍ രാത്രി വിശ്രമിക്കുമ്പോള്‍ യാത്രയുടെ അവസാനഘട്ടത്തെപ്പറ്റി ലൂക്കാച്ചനും കുടുബവും ചര്‍ച്ചചെയ്തു. ""നാളെ മിസൂറി വഴി നമ്മള്‍ അയോവയിലേക്ക് പോകുന്നു. അവിടെ ആമിഷ് കമ്മ്യൂണിറ്റിയുടെ ചില മേഖലകള്‍ നമ്മള്‍ സന്ദര്‍ശിക്കുന്നു. അവര്‍ വളര്‍ത്തി വില്‍ക്കുന്ന ആടുകളൊന്നിനെ നമ്മള്‍ വാങ്ങിക്കൊണ്ടുപോകുന്നു...'' ലൂക്കാച്ചന്‍ പറഞ്ഞത് കേട്ട് മിക്കി ആവശേം കൊണ്ടു:

""ദാറ്റ് ഗോട്ട് വില്‍ ബീ അവര്‍ ന്യൂ പെറ്റ്, റൈറ്റ് ഡാഡീ?''

""നോ മോളൂ, നമ്മളതിനെ കൊന്ന് പായ്ക്കറ്റുകളിലാക്കി നമ്മുടെ കൂളറുകളിലിട്ട് കൊണ്ടുപോവുകയാണ്. അവര് തന്നെ കൊന്ന് പായ്ക്ക് ചെയ്ത് തരും. പോകുന്ന വഴി റോക്ക്‌ഫോര്‍ഡിലെ ഫിലിപ്പങ്കിളിന്റെ വീട്ടില്‍ ഒരു ദിവസം തങ്ങുന്നുണ്ടല്ലോ. പകുതി ഇറച്ചി അവര്‍ക്ക് കൊടുക്കാം. ബാക്കിയുള്ളത് മതി നമുക്ക്. നമ്മള്‍ മൂന്നുപേരും അത് തിന്ന് തീര്‍ക്കണമെങ്കില്‍  രണ്ട് മാസമെങ്കിലുമെടുക്കും.''

""ആട്ടിറച്ചിയുടെ തീറ്റക്കാര്യമാണിപ്പോള്‍ വലിയ ചര്‍ച്ച! എനിക്കാണെങ്കില്‍ വീട്ടിലൊന്ന് ചെന്ന് പറ്റണമെന്നേയുള്ളൂ. അപകടമൊന്നുമുണ്ടാവാതെ മറ്റന്നാള്‍ അവിടെയെത്തിച്ചേരുന്നതിനെപ്പറ്റിയാണ് എന്റെ ചിന്ത മുഴുവനും. ഇനിയേതായാലും ഇത്രയും നീണ്ടൊരു യാത്രയ്ക്ക് ഞാനില്ല. ഇത്രയും ഡിസ്കവറി മതിയെനിക്ക്.'' 

മമ്മിയുടെ മുഖത്തെ ക്ഷീണവും വേവലാതിയും കണ്ട് മിക്കിക്ക് ചിരിവന്നു. ഡാഡിയെ കെട്ടിപ്പിടിച്ച് കിടക്കുമ്പോള്‍ അയോവയില്‍ കാണുവാന്‍ പോകുന്ന ആടുകളായിരുന്നു അവളുടെ മനസ്സില്‍ നിറഞ്ഞുനിന്നത്. 

പിറ്റേന്ന് വൈകുന്നേരത്തോടെയാണ് പലരോടും ചോദിച്ചറിഞ്ഞ് അവര്‍ അയോവയിലെ ഒരു പ്രമുഖ ആമിഷ് ഫാമിലെത്തിയത്. വഴിയിലെവിടെയും കാറുകളോ മോട്ടോര്‍ വാഹനങ്ങളോ കാണുവാനുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് തലങ്ങും വിലങ്ങുമോടുന്ന കുതിരവണ്ടികള്‍ മാത്രം. അതില്‍ സഞ്ചരിച്ചിരുന്ന ആളുകളുടെ വസ്ത്രധാരണരീതികളും നോട്ടവും വര്‍ത്തമാനങ്ങളുമെല്ലാം ലൂക്കാച്ചനും കുടുംബത്തിനും വലിയ കൗതുകമായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലും വൈദ്യുതിയോ മറ്റ് ആധുനിക യന്ത്രോപകരണങ്ങളോ ഉപയോഗിക്കാത്ത അവരുടെ തനത് രീതികളെപ്പറ്റി താന്‍ പറഞ്ഞുകേട്ട അറിവുകള്‍ ലൂക്കാച്ചന്‍ മകള്‍ക്ക് പറഞ്ഞുകൊടുത്തു.

ആടുകളെയും മുയലുകളെയും വളര്‍ത്തി വില്‍ക്കുന്ന ഒരു വലിയ ഫാമില്‍ നിന്നും ഇടത്തരം വലിപ്പത്തിലുള്ള ഒരു ആടിനെ വാങ്ങി, അവരെക്കൊണ്ട് തന്നെ അതിനെ മുറിച്ച് കഷണങ്ങളാക്കി കാറിന്റെ ട്രങ്കില്‍വച്ച് റോക്ക്‌ഫോര്‍ഡ് ലക്ഷ്യമാക്കി ലൂക്കാച്ചനും സംഘവും യാത്ര തിരിക്കുമ്പോള്‍ സന്ധ്യ മയങ്ങിയിരുന്നു. വഴിയിലെങ്ങും വൈദ്യുതവിളക്കുകളില്ലാതിരുന്നതിനാല്‍ "ബോബി' നല്‍കിയ വെളിച്ചത്തിലാണവര്‍ മുമ്പോട്ട് കുതിച്ചുകൊണ്ടിരുന്നത്. ""ബീ കെയര്‍ഫുള്‍ ഡാഡ്. ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍. ഐ ഡോണ്ട് വാണ്ട് ടു സീ ദ ടെന്‍ത് കാര്‍ ഇന്‍ എ ക്രാഷ്.'' മിക്കി അത് പറയുമ്പോള്‍ ജാന്‍സിക്കുട്ടിയും പിന്തുണച്ചു: ""മോള്‍ പറയുന്നത് കേട്ടല്ലോ ലൂക്കാച്ചാ. സ്പീഡ് കുറച്ച് പോയാല്‍ മതി. കഴിഞ്ഞ ഇരുപത് ദിവസവും തമ്പുരാന്‍ നമ്മളെ കാത്തു. പടിക്കല്‍ കൊണ്ടുപോയി കലമുടയ്ക്കരുത്.'' പതിവിന് വിരുദ്ധമായി അപ്പോള്‍ മകളോടൊപ്പം പിന്‍സീറ്റിലാണ് ജാന്‍സി ഇരുന്നിരുന്നത്. 

""അമ്മയും മോളും ധൈര്യമായവിടെ ഇരിക്ക്, വേണമെങ്കില്‍ ഉറങ്ങിക്കോ. റോക്ക്‌ഫോര്‍ഡില്‍ ചെല്ലുമ്പോള്‍ ഞാനുണര്‍ത്താം. ഗുഡ് നൈറ്റ് മൈ സ്വീറ്റ് ഡാര്‍ലിംഗ്‌സ്...'' ലൂക്കാച്ചന്‍ പിറകോട്ട് നോക്കി അത് പറഞ്ഞുമുഴുമിപ്പിക്കുന്നതിന് മുമ്പേ എതിരെ വന്നൊരു കുതിരവണ്ടിയില്‍ "ബോബി' ചെന്നിടിച്ചു. കനത്ത ഇരുട്ടില്‍ ആ കറുത്ത കുതിരയെയോ വണ്ടിയെയോ ലൂക്കാച്ചന്‍ ശ്രദ്ധിച്ചിരുന്നില്ല. വലിയൊരു അലര്‍ച്ചയോടെ കുതിര ഇടുങ്ങിയ റോഡരികിലെ കുറ്റിക്കാട്ടിലേക്ക് മറിഞ്ഞുവീഴുന്നത് അയാള്‍ കണ്ടു; ഒപ്പം പിന്നിലെ സീറ്റിലിരുന്ന് സവാരി ചെയ്തുകൊണ്ടിരുന്ന കറുത്ത കോട്ടും തൊപ്പിയും ധരിച്ച അതിന്റെ സാരഥിയെയും.  ഒറ്റനോട്ടത്തില്‍ അയാള്‍ക്കെന്തെങ്കിലും പരിക്ക് പറ്റിയതായി ലൂക്കാച്ചന് തോന്നിയില്ല. എന്തുചെയ്യണമെന്നറിയാതെ അയാള്‍ പരിഭ്രമിച്ചു. ചുറ്റും കനത്ത ഇരുട്ട്. കൂടുതല്‍ സമയം അവിടെ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ലൂക്കാച്ചന് തോന്നി. ഒരു പക്ഷേ ആ സായ്പിന്റെ വര്‍ഗ്ഗക്കാര്‍ ഓടിക്കൂടി തങ്ങളെ തല്ലിക്കൊന്നേക്കാം. അവരുടെ ലോക്കല്‍ നിയമങ്ങളും ചട്ടങ്ങളുമെന്താണെന്ന് അറിയില്ലല്ലോ. എന്തായാലും അയാള്‍ക്ക് കാര്യമായ അപകടമൊന്നും സംഭവിക്കാത്ത സ്ഥിതിക്ക് ജീവനുംകൊണ്ട് രക്ഷപ്പെടുകയാണ് ഉചിതമെന്ന് ലൂക്കാച്ചന്‍ ഉറപ്പിച്ചു. 

ആശങ്കയോടെ കരയാന്‍ തുടങ്ങിയ ഭാര്യയെയും മകളെയും ആശ്വസിപ്പിച്ച് ലൂക്കാച്ചന്‍ ശരവേഗത്തില്‍ വണ്ടി മുന്നോട്ടെടുത്ത് പാഞ്ഞു. അഞ്ചുമണിക്കൂറുകള്‍ക്കുശേഷം ചിക്കാഗോയിലെ വീടിന്റെ ഡ്രൈവ് വേയില്‍ "ബോബി' കിതച്ചുനിന്നപ്പോഴും ജാന്‍സിക്കുട്ടിയുടെയും മിക്കിയുടെയും ശ്വാസനില നേരെയായിരുന്നില്ല. അവരെ ആശ്വസിപ്പിച്ച് ലൂക്കാച്ചന്‍ വീടിനുള്ളിലേക്ക് കയറ്റുമ്പോള്‍ പക്ഷേ, മിക്കിയുടെ മനസ്സില്‍  നിറഞ്ഞുനിന്നത് ആ കുതിരവണ്ടിയായിരുന്നു. 

ആട്ടിറച്ചിയുമായി വരുന്ന ലൂക്കാച്ചനെയും സംഘത്തെയും കാത്ത് റോക്ക് ഫോര്‍ഡിലെ വീട്ടില്‍ ഫിലിപ്പങ്കിള്‍ അപ്പോഴും ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു. 


Join WhatsApp News
രാജു തോമസ് 2020-11-01 18:37:18
Very good, including the very title. ഈ കഥ പല തലങ്ങളിൽ പ്രശംസ അർഹിക്കുന്നു. ഇതു സഞ്ചാരസാഹിത്യംകൂടിയാണ് .ലൂക്കാച്ചൻ പോയ വഴി ശരിതന്നെയോ എന്നറിയാൻ ഞാൻ മാപ്പു നോക്കി. പിന്നെ, ഇത്രയും മലയാളം തെറ്റുകൂടാതെ ടൈപ് ചെയ്‌തതിൽ അഭിനന്ദനം.
Vinayakan 2020-11-01 19:46:47
കഥ വായിച്ചു. നന്നായിരിക്കുന്നു. പക്ഷെ ഒരു സംശയം. ഒടുവിൽ ‘Hit and Run‘ പ്രൊമോട്ട് ചെയ്യുകയല്ലെങ്കിലും അതിൽ കുഴപ്പമില്ലെന്നാണോ കഥാകൃത്തു പറയുന്നത്? അതൊരു തെറ്റായ സന്ദേശമല്ലേ കൊടുക്കുന്നത്? ന്യായമായും അപകടം നടന്ന സ്ഥലത്തുനിന്നു പോലീസിനെ വിളിച്ചു പരുക്കേറ്റവർക്കു സഹായം എത്തിക്കുക എന്നതല്ലേ അവശ്യം ചെയ്യേണ്ടിയിരുന്നത്? ബാക്കി കാര്യങ്ങളൊക്കെ ഇൻഷുറൻസ് നോക്കികൊള്ളുമല്ലോ! ലൂക്കാച്ചൻ ഒടുവിൽ വീട്ടിൽ എത്തുമ്പോൾ പോലീസ് ലൂക്കാച്ചനെ അന്വേഷിച്ചു വീടിന്റെ മുൻപിൽ കാത്തിരിപ്പുണ്ടായിരുന്നു എന്ന് പര്യവസാനിച്ചിരുന്നെങ്കിൽ കഥ കുറച്ചുകൂടി നന്നായേനെ എന്ന് തോന്നുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക