Image

ബോസ്റ്റണ്‍ സീറോ മലബാര്‍ കാത്തലിക്‌ പള്ളിയില്‍ ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 17 July, 2011
ബോസ്റ്റണ്‍ സീറോ മലബാര്‍ കാത്തലിക്‌ പള്ളിയില്‍ ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു
ബോസ്റ്റണ്‍: സീറോ മലബാര്‍ കത്തോലിക്കാ സമൂഹം, വി. തോമാശ്ശീഹായുടെ നാമഥേയത്തിലുള്ള ഫ്രാമിംഗ്‌ പള്ളിയില്‍ ദുക്‌റാന തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. മൂന്നുദിവസം നീണ്ടുനിന്ന തിരുനാളിന്‌ റവ.ഡോ. ജേക്കബ്‌ ശ്രാമ്പിക്കല്‍ എസ്‌.ജെ, ഡി.ഡി കൊടി ഉയര്‍ത്തി തുടക്കംകുറിച്ചു. ചെണ്ടമേളത്തിന്റെ അകടമ്പടിയോടെ ഇടവക സമൂഹത്തോടൊപ്പം ഇടവക വികാരി ഫാ. കുര്യാക്കോസ്‌ വാടാന സാക്ഷ്യം വഹിച്ചു. തുടര്‍ന്ന്‌ നടന്ന ദിവ്യബലിക്ക്‌ റവ.ഡോ. ജേക്കബ്‌ ശ്രാമ്പിക്കല്‍ നേതൃത്വം നല്‍കി. ജൂലൈ എട്ടിന്‌ വെള്ളിയാഴ്‌ച നടന്ന ചടങ്ങില്‍ ഇടവകയിലേക്ക്‌ അടുത്ത വികാരിയായി ചുമതലയേല്‍ക്കുന്ന ഫാ. വര്‍ഗീസ്‌ നായ്‌ക്കംപറമ്പില്‍ സന്നിഹിതനായിരുന്നു എന്നത്‌ തിരുനാളിന്‌ മാറ്റുകൂട്ടി.

തിരുനാള്‍ ദിനമായ ജൂലൈ 9-ന്‌ ശനിയാഴ്‌ച രാവിലെ 9.30-ന്‌ ബോസ്റ്റണ്‍ ആര്‍ച്ച്‌ ഡയോസിസ്‌ ബിഷപ്പ്‌ റവ. വാള്‍ട്ടര്‍ ജയിംസ്‌ എഡ്ഡിവാറനെ ഇടവകയിലെ കുട്ടികള്‍ താലപ്പൊലിയോടെ വര്‍ണ്ണശബളമായ വര്‍വേല്‍പ്‌ നല്‍കി. വിശിഷ്‌ടാതിഥിയായി കാര്‍ഡിനല്‍ സെക്രട്ടറി റവ. റോബര്‍ട്ട്‌ ടി. കിച്ചാം ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാളായിരുന്നു.

തുടര്‍ന്ന്‌ പത്തുമണിക്ക്‌ റവ.ഡോ. ഫ്രാന്‍സീസ്‌ നമ്പ്യാപറമ്പില്‍ എംഎ, പിഎച്ച്‌ഡിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്‌ക്ക്‌ ഇടവക വികാരി ഫാ. കുര്യാക്കോസ്‌ വാടാന, ഫാ. വില്യം കാളിയാടന്‍, ഫാ. സിറിയക്‌ മറ്റത്തിലാനിക്കല്‍, ഫാ. രാജു, ഫാ. ജേക്കബ്‌ ശ്രാമ്പിക്കല്‍ എന്നീ വൈദീകരുടെ നിണ്ടനിരതന്നെയുണ്ടായിരുന്നു. പാട്ടുകുര്‍ബാനയ്‌ക്ക്‌ മോടികൂട്ടുവാന്‍ ഫാ. ടോം പുതുശ്ശേരില്‍ നേതൃത്വം നല്‍കിയ ഗായക സംഘം പുതുമയാര്‍ന്ന ഗാനാലാപനം നടത്തി. വര്‍ഗീസ്‌ യോഹന്നാന്‍, ജയ്‌സണ്‍ കാച്ചപ്പള്ളി, റോസിലി വര്‍ഗീസ്‌, സ്‌മിത പോള്‍, ടീജ മാര്‍ട്ടിന്‍, ഗ്രേസ്‌, ലൂസി വര്‍ഗീസ്‌ എന്നിവരായിരുന്നു ഗായകസംഘത്തിലുണ്ടായിരുന്നത്‌.ഭക്തിസാന്ദ്രമായ തിരുനാള്‍ കുര്‍ബാനയില്‍ വിശ്വാസികള്‍ വിശുദ്ധന്റെ അനുഗ്രഹം ഏറ്റുവാങ്ങി.

തുടര്‍ന്ന്‌ മുത്തുക്കുടകളുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ പള്ളിക്ക്‌ ചുറ്റും തോരണങ്ങള്‍ നിറഞ്ഞ വീഥിയിലൂടെ തദ്ദേശവാസികളെ അമ്പരപ്പിക്കുന്ന പ്രദക്ഷിണം നടന്നു. മാതാവിന്റെ രൂപത്തെ വണങ്ങി നീങ്ങിയ പ്രദക്ഷിണം ഒരു മണിക്കൂര്‍ നീണ്ടുനിന്നു. ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയ തിരുകുടുംബം ഫാമിലി യൂണീറ്റ്‌ വിഭവസമൃദ്ധമായ നാടന്‍ ഭക്ഷണം ഒരുക്കിയിരുന്നു. ബിജി ബര്‍ലിംഗ്‌ടണ്‍ തയാറാക്കി. ടോമിയുടെ നേതൃത്വത്തില്‍ വിളമ്പിയ ഭക്ഷണം ഏറെ രുചികരമായിരുന്നു. തുടര്‍ന്ന്‌ നടന്ന കലാപരിപാടികള്‍ക്ക്‌ ബിജു തൂമ്പില്‍, ഷാര്‍ലിന്‍ വര്‍ഗീസ്‌ എന്നിവര്‍ നേതൃത്വം നല്‍കി. ഇടവകയിലെ ഓരോ കുട്ടികള്‍ അവതരിപ്പിച്ച ഓരോ പരിപാടിക്കും അവസാനംവരെ ഇടവക സമൂഹത്തെ പിടിച്ചിരുത്തി ആസ്വദിച്ചു എന്നുള്ളത്‌ എടുത്തുപറയേണ്ട കാര്യമാണ്‌. ചെണ്ടമേളത്തിന്‌ നേതൃത്വം നല്‍കിയത്‌ അവറാച്ചന്‍, ജോബോയ്‌, ബിജു തൂമ്പില്‍, ജോബി തോമസ്‌, ജിയോ, ജെഫി, ജോസ്‌ എന്നിവരായിരുന്നു.

ഞായറാഴ്‌ച രാവിലെ പത്തുമണിക്ക്‌ ഫാ. സിറിയക്‌ മിറ്റത്തിലാനിക്കല്‍, ഫാ. ടോം പുതുശേരില്‍ എന്നിവര്‍ ആഘോഷമായ പാട്ടുകുര്‍ബാനയ്‌ക്ക്‌ നേതൃത്വംനല്‍കി. തുടര്‍ന്ന്‌ കൊടിയിറക്കത്തോടെ തിരുനാളിന്‌ സമാപനം കുറിച്ചു.
ബോസ്റ്റണ്‍ സീറോ മലബാര്‍ കാത്തലിക്‌ പള്ളിയില്‍ ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക