Image

കോവിഡ് മുക്ത രാജ്യമായി തായ്‌വാന്‍, 200 ദിവസങ്ങളായി് കേസുകളില്ല

Published on 31 October, 2020
കോവിഡ് മുക്ത രാജ്യമായി തായ്‌വാന്‍, 200 ദിവസങ്ങളായി് കേസുകളില്ല
തായ്‌പെയ്: പ്രാദേശികമായി കോവിഡ് കേസുകളൊന്നുമില്ലാതെ 200 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി തായ്‌വാന്‍. ഏപ്രില്‍ 12നാണ് അവസാനമായി തായ്‌വാനില്‍ പ്രാദേശികമായി കേസ് റിപ്പോര്‍ട്ട് ചെയ്തത്. വൈറസിന്‍െറ രണ്ടാം വരവും രാജ്യത്തെ ബാധിച്ചിട്ടില്ല. കോവിഡിന്‍െറ തുടക്ക കാലത്ത് തന്നെ അതിര്‍ത്തികള്‍ അടച്ചതും ശക്തമായ കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ സാധിച്ചതുമാണ് വിജയത്തിന് പിന്നില്‍.

2.3 കോടി ജനങ്ങള്‍ താമസിക്കുന്ന ദ്വീപ് രാഷ്ട്രമാണ് തായ്‌വാന്‍. 553 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഏഴ് പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വിദേശത്ത് നിന്നും വന്നവരില്‍ പലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അത്തരം കേസുകളെ ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നതിനാല്‍ സമ്പര്‍ക്കം മൂലമുള്ള രോഗികള്‍ തീര്‍ത്തും ഇല്ലാതാവുകയാണ് തായ്‌വാനില്‍.

2003ല്‍ സാര്‍സ് എന്ന രോഗത്തിന്‍െറ കെടുതികള്‍ ഒരുപാട് അനുഭവിച്ച രാജ്യമായതിനാല്‍ കോവിഡിനെ തോല്‍പ്പിക്കാനുള്ള പരിശ്രമങ്ങളില്‍ ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ പങ്കാളിത്തവും പിന്തുണയും അധികൃതര്‍ക്ക് ലഭിച്ചതും ഗുണമായി. അമേരിക്കയിലും ഇറ്റലിയിലും മറ്റ് പല രാജ്യങ്ങളിലും കോവിഡ് രണ്ടാം വരവറിയിച്ചപ്പോള്‍ തായ്‌വാന്‍ അതീവ ജാഗ്രതയോടെ കോവിഡിനെ തോല്‍പ്പിച്ചിരിക്കുകയാണ്.

2020ലും സാമ്പത്തികമായി വളര്‍ച്ച രേഖപ്പെടുത്തിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് തായ്‌വാന്‍. കോവിഡ് വൈറസിനെ നേരിടുന്നതില്‍ തായ്‌വാന്‍ നേടിയ വിജയമാണ് ഇതിന് പിന്നിലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട ജനുവരിയില്‍ തന്നെ വിദേശികളെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്നും തായ്‌വാന്‍ വിലക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക