Image

ശബരിമല: 24 മണിക്കൂറിനകം ലഭിച്ച കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: മന്ത്രി

Published on 31 October, 2020
ശബരിമല: 24 മണിക്കൂറിനകം ലഭിച്ച കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: മന്ത്രി
ശബരിമല: ദര്‍ശനത്തിനെത്തുന്നവര്‍ 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ മതിയാകും. തീര്‍ഥാടനത്തിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കൂടുതല്‍ കോവിഡ് പരിശോധന കിയോസ്കുകള്‍ സ്ഥാപിക്കുന്നതിനു തീരുമാനിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ എവിടെയാണോ ട്രെയിന്‍ ഇറങ്ങുന്നത് അതിന് അടുത്തുള്ള പരിശോധനാ കേന്ദ്രത്തിലെത്തി ആന്റിജന്‍ ടെസ്റ്റ് നടത്തണം. നേരത്തെ 48 മണിക്കൂറിനകം ലഭിച്ച പരിശോധനാ ഫലം മതിയായിരുന്നു. കോടതി നിര്‍ദേശത്തിന്റെയും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതിന്റെയും ഭാഗമായാണ് 24 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിതമാക്കിയതെന്നു മന്ത്രി പറഞ്ഞു. 

പ്രതിദിനം 1000 തീര്‍ഥാടകര്‍ക്കാണു വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ദര്‍ശനം അനുവദിക്കുക. മണ്ഡലകാലത്തിന്റെ അവസാന ദിവസവും മകര വിളക്കിനും ദര്‍ശനത്തിന് 5000 പേരെ അനുവദിക്കും. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നിലയ്ക്കലില്‍ സാമൂഹിക അകലത്തോടെ വിരി വയ്ക്കാനുള്ള സൗകര്യവും അണു വിമുക്തമാക്കാനുമുള്ള സൗകര്യവുമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. അവലോകന  യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, പിസി ജോര്‍ജ് എംഎല്‍എ, ജനീഷ് കുമാര്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എന്‍. വാസു, കലക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക