Image

ഇല്ലിനോയിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ റിക്കോർഡ്. മരണം 10,000 കടന്നു

അനിൽ മറ്റത്തികുന്നേൽ Published on 31 October, 2020
ഇല്ലിനോയിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ റിക്കോർഡ്. മരണം 10,000 കടന്നു
ചിക്കാഗോ: ചിക്കാഗോ  ഉൾപ്പെടുന്ന ഇല്ല്ലിനോയി സംസ്ഥാനത്ത്  ഒക്ടോബർ  30 ന്  8500 ലധികം പേർക്ക് കോവിഡ്  രോഗ ബാധ കണ്ടു. ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ്  രോഗികളുടെ എണ്ണത്തിൽ  ഇത് റിക്കോർഡാണ്.   

സെപ്റ്റംബർ 4 ന് റിപ്പോർട്ട് ചെയ്യപ്പെട്ട 5500 പോസിറ്റിവ് കേസുകൾ എന്ന റിക്കോർഡാണ്‌ തകർക്കപ്പെട്ടത്. പോസിറ്റിവിറ്റി റേറ്റ് 7.3 % ആയി ഉയർന്നതോടെ ഇല്ലിനോയി സംസ്ഥാനത്തെ പതിനൊന്നു റീജിയണുകളിൽ പത്തിലും റെസ്റ്റോറന്റുകൾക്കുള്ളിലുള്ള ഭക്ഷണവിതരണം, ബാറുകളുടെ സേവനം, സ്‌കൂളുകൾ തുടങ്ങി പല മേഖലകളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഇതിനിടെ ഗവർണ്ണർ ജെ ബി പ്രിറ്റ്‌സക്കർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ മക്കൻറി ഡ്യൂപേജ് കൗണ്ടികളിലെ കോടതിയിൽ ചോദ്യം ചെയ്ത റെസ്റ്റോറന്റ് ഉടമകളുടെ വാദം കോടതി തള്ളി. ഈ വിഷയത്തിൽ ഗവർണ്ണറുടെ അധികാരം ചോദ്യം ചെയ്തുകൊണ്ടാണ് കോടതിയിലേക്ക് റെസ്റ്റോറന്റ് ഉടമകൾ എത്തിയത്. നിയന്ത്രണങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കുവാൻ ഗവർണ്ണർക്ക് അധികാരം ഉണ്ട് എന്ന കോടതിവിധി, ഈ വിഷയത്തിൽ  ഗവർണ്ണറുടെ ഓഫിസിന് ആശ്വാസമായിട്ടുണ്ട്. പ്രത്യേകിച്ച് ചിക്കാഗോ മേയർ ലോറി ലൈറ്റ്‌ഫുട്ട് അടക്കം നിരവധി പേർ നിയന്ത്രണങ്ങളുടെ കാര്യത്തിൽ വിമർശനം അറിയിച്ച സ്ഥിതിക്ക്. 

ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നു. 49 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ഇല്ലിനോയി സംസ്ഥാനത്തെ അകെയുള്ള കോവിഡ് മരണങ്ങൾ 10000 കടന്നു. ഇതിൽ പകുതിയോളം നേഴ്സിങ്ങ് ഹോമുകളിലാണ് ഉണ്ടായിട്ടുള്ളത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക