Image

അപരനുവേണ്ടി ജീവിക്കാനും നല്ല മനുഷ്യരാകാനും ക്രിസ്തുവിനോട് ചേര്‍ന്നു ജീവിക്കണം: ഫാ ഡേവിസ് ചിറമ്മല്‍

Published on 02 November, 2020
 അപരനുവേണ്ടി ജീവിക്കാനും നല്ല മനുഷ്യരാകാനും ക്രിസ്തുവിനോട് ചേര്‍ന്നു ജീവിക്കണം: ഫാ ഡേവിസ് ചിറമ്മല്‍


ഡബ്ലിന്‍: അപരനുവേണ്ടി ജീവിക്കാനും നല്ല മനുഷ്യരാകാനും ക്രിസ്തുവിനെപ്പോലെയാകാന്‍ മക്കളെ ചെറുപ്പം മുതലേ പഠിപ്പിക്കണം.ഇതിലേക്ക് ക്രിസ്തുവിനോട് ചേര്‍ന്നു ജീവിക്കണമെന്നും ഫാ. ഡേവിസ് ചിറമ്മല്‍. സീറോ മലബാര്‍ ഡബ്ലിന്റെ ആഭിമുഖ്യത്തില്‍ നടന്ന കുടുംബ നവീകരണ ധ്യാനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കഷ്ടപ്പാടുകളുടെ കാലം ദൈവത്തെ അറിയാനുള്ള അവസരങ്ങളുടെ കാലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നു ദിവസം നീണ്ടുനിന്ന ധ്യാനത്തില്‍ ഫാ. ഡേവീസ് ചിറമ്മലിനു പുറമെ ഫാ. ജിസന്‍ പോള്‍ വേങ്ങശേരിയും ഫാ. മാത്യു ആശാരിപ്പറമ്പിലും വചന സന്ദേശം നല്‍കി.

പൂര്‍വികരില്‍ നിന്നും ലഭിച്ച വിശ്വാസ തീഷ്ണത നല്ല നിലയില്‍ മക്കള്‍ക്ക് പകര്‍ന്നു നല്‍കണം. പ്രതിസന്ധികളെയും പ്രയാസങ്ങളെയും നേരിടാന്‍ ഉപവാസവും പ്രാര്‍ഥനയും ഏറെ ഉപകരിക്കും. സഹനങ്ങളിലൂടെയേ രക്ഷ നേടാനാവുള്ളൂ. കുടുംബ പ്രാര്‍ഥനകള്‍ക്ക് ഗൃഹനാഥന്മാര്‍ മുന്‍കൈ എടുക്കണം. നൂറ്റിയൊന്ന് ദിവസമാണ് ഒരു വര്‍ഷത്തില്‍ നോമ്പ് കാലമായുള്ളത്. ഇവ അനുഷ്ടിക്കാന്‍ നാം മുന്നോട്ടു വരണമെന്നും വചന സന്ദേശത്തില്‍ ഫാ. ജിസന്‍ പോള്‍ വേങ്ങശേരി ആഹ്വാനം നല്‍കി.

മറ്റുള്ളവരിലെ നന്മകള്‍ കാണാന്‍ നാം തയാറാവണമെന്നും ഇതിനായി പരിശ്രമിക്കണമെന്നും ഫാ മാത്യു ആശാരിപ്പറമ്പില്‍ പറഞ്ഞു.ഇതിലേക്ക് കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കി മുന്നേറണം. തെറ്റായ ചിന്തകളും വാക്കുകളും പാടെ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനം കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് നടന്നത്. റിയാല്‍ട്ടോ ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തില്‍ ആരാധനയും ജപമാലയും വിശുദ്ധകുര്‍ബാനയും ധ്യാനത്തിന്റെ ഭാഗമായി നടന്നു. ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍, ഫാ. റോയ് ജോര്‍ജ് വട്ടക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. കെ.പി. ബിനു, അര്‍ച്ചന എന്നിവര്‍ ഗാന ശുശ്രൂഷക്ക് നേതൃത്വം നല്‍കി.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റിലൂടെയും സഭയുടെ യൂടൂബ് ചാനല്‍ വഴിയും ഫേസ്ബുക്ക് വഴിയും ആയിരങ്ങള്‍ ധ്യാനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക