Image

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി

Published on 05 November, 2020
 ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി


ഷാര്‍ജ : ലോകത്തെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി. കര്‍ശന കോവിഡ് സുരക്ഷമാനദണ്ഡങ്ങളോടെ നവംബര്‍ 14 (ശനി) വരെ ഷാര്‍ജ എക്‌സ്പോ സെന്ററിലാണ് 39-ാമത് പുസ്തകമേള നടക്കുന്നത്.

'ല്പകം വായിക്കുന്നു, ഷാര്‍ജയില്‍നിന്ന്' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പുസ്തകോത്സവം നടത്തുന്നത്. കോവിഡ് പ്രത്യേക സാഹചര്യത്തില്‍ ഉദ്ഘാടനചടങ്ങ് ഒഴിവാക്കിയാണ് പുസ്തകോത്സവത്തിനു തുടക്കമായത്. പൂര്‍ണമായും ഓണ്‍ലൈന്‍ രീതികള്‍ സമന്വയിപ്പിച്ചാണ് ഉത്സവം നടക്കുക. ചരിത്രത്തിലാദ്യമായി ഡിജിറ്റല്‍ സംവിധാനത്തിലൂടെ ലോകപ്രശസ്ത സാഹിത്യകാരന്‍മാര്‍ ഒത്തുചേരും. ഇന്ത്യയില്‍ നിന്നടക്കം നിരവധി പ്രസാധകര്‍ പങ്കെടുക്കും.

എക്‌സ്‌പോ സെന്ററിലെ എല്ലാ പ്രവേശന കവാടങ്ങളിലും തെര്‍മല്‍ സ്‌കാനിംഗ്, വാക്ക് ത്രൂ സാനിട്ടൈസേഷന്‍ ഗേറ്റുകള്‍ എന്നിവയുണ്ട്. കൂടാതെ ഓരോ അഞ്ച് മണിക്കൂര്‍ ഇടവേളയിലും ഹാളുകള്‍ പൂര്‍ണമായും അണുവിമുക്തമാക്കും.

73 രാജ്യങ്ങളില്‍ നിന്നുള്ള 1024 പ്രസാധകര്‍, 19 രാജ്യങ്ങളില്‍നിന്നും 60 സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ മേളയുടെ ഭാഗമാവും. 578 അറബ് പ്രസാധകരും 129 അന്താരാഷ്ട്ര പ്രസാധകരും ഉണ്ടാവും. ഇന്ത്യയില്‍നിന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ശശി തരൂര്‍ എംപി, ഇംഗ്ലീഷ് നോവലിസ്റ്റ് രവീന്ദര്‍ സിംഗ് എന്നിവര്‍ ഓണ്‍ലൈനിലൂടെ പരിപാടിയില്‍ പങ്കെടുക്കും.

സാംസ്‌കാരികപരിപാടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍വഴിയായിരിക്കും. പുസ്തക മേള സന്ദര്‍ശിക്കുന്നവരെല്ലാം registration.sibf.com എന്ന വെബ്സൈറ്റിലൂടെ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.

വെള്ളി വൈകുന്നേരം നാലുമുതല്‍ 11 വരെയും മറ്റു ദിവസങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ രാത്രി 10 വരെയുമാണ് പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക