Image

ഞങ്ങളുടെ ബംഗാളി ബാബു (ശ്രീജ പ്രവീൺ)

Published on 06 November, 2020
ഞങ്ങളുടെ ബംഗാളി ബാബു (ശ്രീജ പ്രവീൺ)
രാവിലെ വീടിന്റെ വാതിലിന്റെ മുന്നിൽ പതിവില്ലാത്ത ഒരു ശബ്ദ കോലാഹലം കേട്ടാണ് ഉണർന്നത്. വല്ലപ്പോഴും കിട്ടുന്ന ഒരു ലീവ് ആണ് . പുള്ളിക്കാരൻ ടൂറിൽ ആണെങ്കിൽ ഇങ്ങനെ ഉള്ള ദിവസങ്ങൾ ഞങൾ അമ്മയും മക്കളും വയറു വിശന്നാലെ ഉണരാറുള്ളു. ശാന്ത സുന്ദരമായ ഷാർജയിലെ ഫ്ലാറ്റിന്റെ പരിസരത്ത് ഇങ്ങനെ ഉറക്കെയുള്ള സംസാരം ഒക്കെ പൊതുവേ കുറവാണ്.. മടിച്ച് മടിച്ച് ഞാൻ കട്ടിലിൽ നിന്ന് എണീറ്റു പതിയെ വാതിലിന്റെ അടുത്ത് പോയി പുറത്തെ സൗണ്ട് ശ്രദ്ധിച്ചു. അപ്പുറത്തെ വീട്ടിലെ കോഴിക്കോട്ട് കാരി ചേച്ചിയും ഭർത്താവും ആരെയോ വഴക്ക് പറയുക ആണ്. ആ ചേട്ടൻ " തും ക്യാ കർത്താ ഹൈ"എന്നൊക്കെ ചോദിക്കുന്നുണ്ട് .. "തും കർത്താവായാൽ ഹൊ അല്ലേ" എന്ന് ഓർത്തൊണ്ട് ഞാൻ പോയി മുഖം ഒക്കെ കഴുകി വൃത്തിയായി പുറത്തേക്ക് ഇറങ്ങി.

ഞങ്ങളുടെ വാതിലിന്റെ നേരെ വലത് വശത്താണ് ആ ചേച്ചിയുടെ വാതിൽ. ഇംഗ്ലീഷ് "എല്‍‌" എന്ന അക്ഷരം പോലെ ആണ് വാതിലുകളുടെ സ്ഥാനം . വീടിന് മുന്നിൽ നിന്ന് അവർ അപ്പോഴും എന്തൊക്കെയോ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. എന്നെ കണ്ട ഉടനെ അവർ രണ്ട് പേരും " നോക്കു ടീച്ചറെ, ഇവനെ എന്താണ് പറയേണ്ടത്? പണി ചെയ്യാൻ ഏറ്റു പോയിട്ട് ഏകദേശം രണ്ടാഴ്ച ആയി ഇങ്ങോട്ട് ഒന്ന് കേറിയിട്ട്‌. എന്നാല് മറ്റുള്ള മിക്ക വീടുകളിലും ഇവൻ പോകുന്നും ഉണ്ട് . ഞങ്ങൾ എത്ര നാളായി കാത്തിരിക്കുന്നു എന്നറിയാമോ?" അപ്പോഴാണ് ഇതിന്റെ മറു വശത്തെ ആളെ ഞാൻ നേരെ കണ്ടത്.. രണ്ടു കയ്യും കെട്ടി തലയും താഴ്ത്തി പരീക്ഷയിൽ തോറ്റു പോയ ബാക്ക്  െബഞ്ചർ ലുക്കിൽ നിക്കുന്ന ഞങ്ങടെ ബംഗാളി ബാബു !!!  അവന്റെ നില്പ് കണ്ടപ്പോൾ എന്റെ മനസ്സിൽ ഫ്ലാഷ് ബാക്ക് ചക്രം തിരിഞ്ഞു .

ദുബൈയിലെ പ്രശസ്ത വിദ്യാലയത്തിൽ ജോലി കിട്ടി വന്ന കാലത്ത് ഇവിടെ കിട്ടിയ ആദ്യത്തെ പരിചയക്കാരൻ താഴെ ഉള്ള കടയിൽ നിന്ന് സാധനം ഡെലിവറി ക്ക്‌ വന്ന ഒരു പത്ത് നാൽപ്പത് വയസുള്ള മലയാളിയാണ്. ആദ്യത്തെ പരിചയ പ്പെടൽ കഴിഞ്ഞ ഉടൻ തന്നെ ആ നിലയിലും മൊത്തം ബിൽഡിംഗിൽ തന്നെയും ഉള്ള മലയാളികൾ എത്ര, അതിൽ ഫാമിലി എത്ര, ടീച്ചർമാർ എത്ര, അതിൽ തന്നെ മിണ്ടുന്നവർ എത്ര, മിണ്ടാതവർ എത്ര എന്നിങ്ങനെ ഒരു വലിയ ലിസ്റ്റ് പുള്ളി പറഞ്ഞു തീർത്തപ്പോൾ എനിക്ക് പുള്ളിയുടെ പൊതു വിജ്ഞാനം ഏകദേശം പിടികിട്ടി.മലയാളിയുടെ സ്വകാര്യ അഭിമാനമായ ചെറിയ കുട വയർ ഒക്കെ ഉണ്ടെലും നല്ല ഇറുകിയ ടീ ഷർട്ടും ജീൻസും ഒക്കെ ഇട്ടു മുടി ഒക്കെ നീട്ടി വളർത്തി തുറന്നിട്ട് മൊത്തത്തിൽ നമ്മുടെ പഴയ അബ്ബ പാട്ടുകാരൻ ലുക്കിൽ ആണ് പുള്ളി എപ്പോഴും .അത് കൊണ്ട് തന്നെ ഞാനും മക്കളും പുള്ളിയെ റോക്ക് സ്റ്റാർ എന്നാണ് പറയുക. അഞ്ച് വർഷത്തെ പരിചയം ഉണ്ടേലും ഇന്നും അയാളുടെ ശേരിക്കുള്ള പേര് ഞങൾ ചോദിച്ചിട്ടില്ല.

പ്രൈവറ്റ് സ്കൂളിലെ , പ്രത്യേകിച്ച് ഗൾഫ് നാടുകളിലെ ടീച്ചർ ജോലി എന്ന് പറഞ്ഞാല് പരമ സുഖം തന്നെ എന്ന് പറയുന്ന ആളുകൾ എന്തായാലും അങ്ങനെ ഉള്ള ടീച്ചർമാരെ ആരെയും ജീവനോടെ കണ്ടിരിക്കാൻ സാധ്യതയില്ല. ഞാനൊക്കെ വൈകുന്നേരം വീട് എത്തുമ്പോൾ " ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും" എന്ന അവസ്ഥയിലാണ്. രാവിലെ ആറ് മണിക്ക് ഇറങ്ങി പോയാൽ തിരിച്ചെത്തുന്നത് വൈകീട്ട് അഞ്ചരയ്ക്ക്. അതിനിടയിൽ ആകെ കഴിക്കുന്നത് വയറു നിറയെ ചീത്ത വിളിയും  പച്ച വെള്ളവും മാത്രം . ഒരു മാതിരി അടിമ പണി തന്നെ.ഈയവസ്ഥയിൽ വീടെത്തുമ്പോൾ പാത്രം കഴുകാനും വീട് തൂത്തു തുടയ്ക്കാനും എങ്കിലും ആരെയെങ്കിലും വയ്ക്കാം എന്ന് ആലോചിച്ചു തുടങ്ങി. എൻസൈക്ലോപീഡിയ  റോക്ക് സ്റ്റാറിനോട് തന്നെ അന്വേഷിച്ചു.

 "നമ്മുടെ കടയിൽ തന്നെ നിക്കുന്ന ബംഗാളി ഉണ്ടല്ലോ ടീച്ചറെ.. അവനെ വിളിക്കൂ" . ഉടൻ വന്നു ഉത്തരം .

" അതല്ല.. ഞാൻ ഉദേശിച്ചത് വല്ല പെൺ പിള്ളേരും കാണില്ലേ? വേറെ എവിടെ എങ്കിലും പണിക്ക് വരുന്ന ..." ഞാൻ ചോദിച്ചു. "

 " അയ്യോ ..അതൊന്നും കുഴപ്പമില്ല... അവൻ നല്ല വൃത്തിയും വെടിപ്പും ഒക്കെ ആണ് .. വേറെ ദുസ്വഭാവം ഒന്നും തന്നെയില്ല ...കടയിലെ ബ്രേക്ക് സമയത്ത് വേറെ പല സ്ഥലത്തും അവൻ പോകുന്നുണ്ട് .." നല്ല കടുത്ത ശുപാർശ ആണ്..

പിറ്റേന്ന് വൈകുന്നേരം .. ബെല്ലടി കേട്ട് പോയി തുറന്നപ്പോൾ അതാ നിൽക്കുന്നു നമ്മുടെ കഥാ പാത്രം . കണ്ടാൽ വലിയ പ്രായം തോന്നുന്നില്ല. എന്നെക്കാളും പൊക്കത്തിൽ കുറവ്. എന്ന് വെച്ചാൽ അഞ്ചടി പോലും ഇല്ല നീളം എന്നർത്ഥം . കണം കാലു വരെ മാത്രം നീളമുള്ള ഒരു പാന്റും ഏതോ കമ്പനിയുടെ ലോഗോ ഒക്കെ ഉള്ള ഒരു ടീ ഷർട്ടും ആണ് വേഷം.ആരോ കൊടുത്തത് ആവും..  ഒരു മെലിഞ്ഞുണങ്ങിയ പയ്യൻ. സ്കൂൾ യൂണിഫോം ഒക്കെ ഇട്ടു വന്നാൽ വേണേൽ പന്ത്രണ്ടാം ക്ലാസിൽ ഇരുത്തി പഠിപ്പിക്കാം . അത്രെ ഉള്ളൂ ആള്!

എന്തൊക്കെ ജോലി ചെയ്യണം എന്ന് ഞാൻ വിശദീകരിച്ച് കൊടുത്തു. അവൻ എല്ലാം മൂളി കേൾക്കുന്നുണ്ട്.

ഞാൻ പറഞ്ഞു. " ദേഘോ,കാം അച്ചെ സെ കർനാ ഹൈ.. ഔർ ഹർ ദിൻ ആനാ ഹൈ.. സംജ്ജെ?"

അതിൽ ഹര്‍ ദിൻ എന്നുള്ളത് ആയിരുന്നു അണ്ടർ ലൈൻ ചെയ്യേണ്ട വരി. അത് ഞാൻ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേ ഇരുന്നു.

ഞാൻ ഇതൊക്കെ പറഞ്ഞെങ്കിലും അവൻ ആകെ ഒരൊറ്റ വരി തന്നേ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു .

"മേം ആയേഗ  ആപ്പാ"  ... ഞാൻ വരും ചേച്ചി എന്നർത്ഥം.

അങ്ങനെ അന്ന് മുതൽ ഞാനും ബംഗാളി യുടെ മുതലാളി ആയി മാറി. അവന്റെ പണി ആയുധങ്ങൾ ആയ ചൂല്, പാത്രം കഴുകുന്ന ബ്രഷ് ഒക്കെ അവൻ തന്നെ കടയിൽ നിന്ന് എടുത്ത് കൊണ്ടിങ്ങു പോരും. നമ്മുടെ കയ്യിൽ നിന്ന് കറക്ട് ആയി പൈസയും വാങ്ങി കൊണ്ട് പോകും .എന്നും ആറ് മണി ആവുമ്പോൾ കൃത്യമായി എത്തും. നേരെ പോയി അടുക്കളയിലെ പാത്രങ്ങൾ എല്ലാം കഴുകി വയ്ക്കും. എന്നിട്ട് നേരെ തൂത്ത് വൃത്തിയാക്കൽ തുടങ്ങും. സാമാന്യം വലിപ്പമുള്ള സ്വീകരണ മുറി, ഒരു നീളൻ ഇടനാഴി, ഇടത്തരം വലിപ്പമുള്ള കിടപ്പ് മുറി, അടുക്കള ഇതൊക്കെ കൂടി തൂത്ത് തുടച്ച് മിനുക്കാൻ അവന് മൊത്തം പതിനഞ്ച്, ഇരുപത് മിനുട്ട് മതി. റോക്കറ്റ് വിട്ട മാതിരി പണിയും കഴിഞ്ഞു ബക്കറ്റ് ഉം കഴുകി വച്ച് വാതിലും ചാരി ഒറ്റ പോക്കാണ് അവൻ.

മാസാവസാനം ശമ്പളം കൊടുത്തപ്പോൾ അവൻ നിന്ന് പരുങ്ങുന്നു.

"ഈ  പൈസ നിങ്ങളുടെ കയ്യിൽ തന്നെ ഇരിക്കട്ടെ. ഞാൻ എന്റെ നാട്ടിലേക്ക് പോയിട്ട് ഇപ്പൊ രണ്ട് വർഷമായി. ഇനി അടുത്ത വർഷമേ പോകാൻ പറ്റൂ. എനിക്ക് പൈസ സൂക്ഷിച്ച് വയ്ക്കാൻ ഒരു സ്ഥലമില്ല. നിങ്ങളുടെ കയ്യിൽ ഇരിക്കുന്നത് ആണ് എനിക്ക് വിശ്വാസം ."

അങ്ങനെ ഞാൻ അനൗദ്യോഗികമായി അവന്റെ സ്വിസ് ബാങ്ക് അക്കൗണ്ട് ആയിമാറി. ഓരോ മാസവും അവനോട് ഇപ്പൊ ഇത്രയും ദിർഹം എന്റെ കയ്യിൽ ഇരിപ്പുണ്ട് കേട്ടോ എന്ന് ഞാൻ പറയും അവനോട് . അത് കേൾക്കുമ്പോൾ അഭിമാനം തുളുമ്പുന്ന ഒരു ചിരി ആണ് അവന്.

എന്റെ നല്ല അഭിപ്രായം കേട്ടിട്ട് അപ്പുറത്തെ ചേച്ചിയും അവനെ പണിക്ക് വച്ചു. അവൻ ബഹുത് സന്തോഷത്തോടെ അവിടെയും പോയി തുടങ്ങി. ചേച്ചിക്ക് രണ്ട് ബെഡ്റൂം ഒക്കെ ഉള്ള വലിയ ഫ്ലാറ്റാണ്. അവൻ പണി എടുക്കുമ്പോൾ ചേച്ചി കൂടെ നടന്നു നന്നായി ചെക്കിങ് ഒക്കെ ചെയ്യും അല്ലാതെ  സ്കൂളിൽ നിന്ന് വന്നു മരിച്ച പോലെ ഇരിക്കുന്ന എന്നെ പോലെ അല്ല . അത് കൊണ്ട് അവിടന്ന് പതിനഞ്ച് മിനിറ്ിനുള്ളിൽ ഓടി പോകാൻ അവന് പറ്റിയിരുന്നില്ല. അത് കൊണ്ട് എല്ലാ ദിവസവും അങ്ങോട്ട് കയറില്ല. എന്നാല് അറിയിക്കുകയും ഇല്ല. കൂടുതൽ കൂടുതൽ വീടുകളിൽ പണി പിടിക്കുക എന്നതാണ് അവന്റെ രീതി. ദിവസത്തിൽ എത്ര മണിക്കൂർ ഉണ്ടെന്നോ അതിൽ എത്ര നേരം ബ്രേക്ക് കിട്ടുമെന്നോ ഒന്നും കണക്കാക്കാൻ ഉള്ള ബുദ്ധി അവന് ഉണ്ടായിരുന്നോ എന്ന് സംശയം ആണ്.

നാട്ടിലേക്ക് പോകാനുള്ള പണം ആണ് അവൻ എന്റെ കയ്യിൽ സൂക്ഷിച്ചത്. കുറെ നാൾ കഴിഞ്ഞപ്പോൾ ബംഗ്ലാദേശിലെ ഏതോ ഗ്രാമത്തിൽ അവനെയും കാത്തിരിക്കുന്ന അവന്റെ അമ്മയും അനിയത്തിയും ഒക്കെ വാക്കുകളിലൂടെ എനിക്ക് പരിചിതം ആയിരുന്നു. അവധിക്ക് പോകാനുള്ള നാളുകൾ ആയി വന്നപ്പോൾ അവൻ നല്ല സന്തോഷത്തിൽ ആയിരുന്നു. എന്റെ കയ്യിലിരിക്കുന്ന പണം കൊണ്ട് വേണം ടിക്കറ്റ് എടുക്കാൻ.

അവൻ ആ ചിരിയോടെ  വീണ്ടും വീടുകളിൽ നിന്ന് വീടുകളിലേക്ക് പാഞ്ഞു കൊണ്ടേ ഇരുന്നു. കിട്ടിയ ജോലികൾ പോകാതിരിക്കാൻ അവൻ സ്വയം ടൈം ടേബിൾ ഉണ്ടാക്കി കൊണ്ടിരുന്നു . പോകാത്ത വീടുകളിലെ ആളുകളെ കണ്ടാൽ ഒളിച്ചു നടക്കാനും വഴക്ക് വാങ്ങുമ്പോൾ "മേം ആയേഗാ " പറഞ്ഞു രക്ഷപ്പെടാനും അവന് നല്ല കഴിവായിരുന്നു.

കുറെ ദിവസമായി ഉള്ള മുങ്ങി നടപ്പ്  പിടിക്കപ്പെട്ട രംഗമാണ് നമ്മളാദ്യം കണ്ടത്. ചേച്ചിയും ഭർത്താവും നല്ല ചൂടിൽ തുടരുന്നു. " ടീച്ചറിന്റെ വീടിന്റെ നടയിൽ ചെരിപ്പ് കിടന്നാൽ ഞങൾ കാണും എന്ന് വിചാരിച്ചു അവൻ ഇപ്പൊ ചെരിപ്പ് ലിഫ്റ്റിന്റെ അടുത്ത് ഊരി പിടിച്ചാണ്  വരുന്നത്.. " ചേച്ചി പറയുന്നു . എനിക്ക് ചിരി പൊട്ടുന്നു.

" പോരെങ്കിൽ അവൻ അങ്ങോട്ട് വരുന്നത് ഞങ്ങള് വാതിലിന്റെ ഹോൾ വഴി കാണാതിരിക്കാൻ ചെരിപ്പും കയ്യിൽ പിടിച്ചു ടോം ആൻഡ് ജെറിയിലെ പൂച്ച പോകും പോലെ ചുവരിൽ പറ്റി ചേർന്നാണ് നടക്കുന്നത് ." ഇത്തവണ എന്റെ സർവ നിയന്ത്രണവും കൈ വിടും എന്ന് തോന്നി.  ഇവൻ ഇത്രയൊക്കെ സാഹസികമായി മതിലിൽ ഒക്കെ പറ്റി പിടിച്ച് സ്പൈഡർ മാനേ പോലെ ആണല്ലോ ദൈവമേ എന്റെ വീട്ടിലേക്ക് വന്നിരുന്നത് എന്ന് ആലോചിച്ചപ്പോൾ എനിക്ക് ചിരി അടക്കാൻ വയ്യാതായി.എന്നാലും കഷ്ടപ്പെട്ട് മുഖഭാവം സീരിയസ് ആക്കി അവനെ ഒന്ന് നോക്കി. ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിഷ്കളങ്കമായി അവൻ  പയ്യെ പറയുന്നു " മേം ആയെഗാ."

അവന്റെ നിൽപ്പും മട്ടും ഒക്കെ കണ്ട് ചേച്ചിയും ഭർത്താവും ഒന്ന് മയപ്പെട്ടു. ഇനി മേലാൽ എല്ലാ ദിവസവും വന്നോളാം എന്ന് കൈയ്യിൽ അടിച്ചു പ്രോമിസ് ഒക്കെ  വാങ്ങിയിട്ട് അവനോട് പോയ്ക്കൊളാൻ പറഞ്ഞു.

അവൻ തലയും കുനിച്ചു ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു പോകുന്ന കാഴ്ച  കണ്ട് ചേച്ചി പറഞ്ഞു "അയ്യോ ...പാവം അത്രേം വഴക്ക് പറഞ്ഞത് കഷ്ടമായി.. അവൻ വിഷമിച്ചാണ് പോകുന്നത്".

ഞാൻ അവനെ ഒന്ന് കൂടി നോക്കി.. പഞ്ചാബി ഹൗസിലെ കൊച്ചിൻ  ഹനീഫ

" കരഞ്ഞു കൊണ്ടാ പോകുന്നേ " എന്ന് പറയുമ്പോൾ നടക്കുന്ന പോലെ അവൻ നടക്കുന്നു...  ഞങ്ങളുടെ സ്വന്തം ബംഗാളി ബാബു ....

എപ്പോഴും ചിരിയോടെ നടക്കുന്ന അവൻ ഒരു ദിവസം വന്നപ്പോൾ ആകെ ഒരു വാടിയ ഭാവം .. ഞാൻ ചോദിച്ചു, " എന്താ പ്രശ്നം?"

"അർബാബ് പാസ്പോർട്ട് നഹി ദേ രഹാ ഹൈ" .. മുതലാളി അവന്റെ പാസ്പോർട്ട് പിടിച്ചു വച്ചിരിക്കുന്നു. പാവം പോകാനുള്ള എല്ലാ തയ്യാറെടുപ്പും ചെയ്തിരുന്നു. അപ്പോഴാണ് ഇൗ ചതി. പാവത്തിനോട് എനിക്ക് വല്ലാത്ത സങ്കടം തോന്നി. അന്ന് മുഴുവൻ ജോലിക്കിടയിൽ പോലും ഇടക്കിടെ അവനെ  ഓർമ വന്നു. മൂന്ന് വർഷമായി കാണാത്ത മകനെയും കാത്ത് വീടിന്റെ ഉമ്മറത്ത് ഇരിക്കുന്ന ഒരു അമ്മ മനസ്സിലേക്ക് ഓടി വരും. പക്ഷേ അവൻ പിറ്റേന്ന് വന്നപ്പോഴേക്കും പഴേ പോലെ ചിരി ഉണ്ട് മുഖത്ത്. " എന്താടാ, നീ ഹാപ്പി ആയല്ലോ " ഞാൻ ചോദിച്ചു. " ഔർ ക്യാ കർ സക്തെ ഹൈ ആപ്പാ? " എന്ന മറു ചോദ്യം തിരിച്ചു ചോദിച്ച് അവൻ വെളുക്കെ ചിരിച്ചു. ഇതിൽ സങ്കടം വന്നിട്ട് എന്ത് കാര്യം ? എന്ന് അവൻ എന്നോട് പറയാതെ പറഞ്ഞ പോലെ. പ്രശ്നങ്ങൾ വരുമ്പോൾ കരഞ്ഞും വിളിച്ചും മനസുഖം കളഞ്ഞു പല ജീവിതത്തിലെ നല്ല ദിവസങ്ങൾ വെറുതെ നശിപ്പിക്കുന്ന എന്നെ പോലെ ഉള്ളവരെ പലതും പഠിപ്പിക്കുന്ന ചിരി.

പിന്നീട് രണ്ട് മൂന്ന് മാസങ്ങൾക്ക് ശേഷം അവന്റെ അർബാബ്‌ പാസ്പോർട്ട് തിരിച്ചു കൊടുത്ത് നാട്ടിലേക്ക് പോകാൻ അനുവദിച്ചപ്പോഴും അവന്റെ മുഖത്ത് അതേ ചിരി ഉണ്ടായിരുന്നു..

അല്ലേലും പ്രവാസിയുടെ കൂട‌പ്പിറപ്പാണല്ലോ ഇത്തരം മോഹ ഭംഗങ്ങൾ .. ഇത്തവണ കൊറോണ കാരണം നാട്ടിലേക്കുള്ള യാത്ര മുടങ്ങി പോയപ്പോൾ ഞാൻ ഓർമ്മിക്കുന്നത് കാലങ്ങളായുള്ള യാത്രാ മോഹം നടക്കുന്നത് വരെ ചിരി മായാതെ കാത്തിരുന്ന ബംഗാളി ബാബുവിനെ ആണ്..

ഞാനും പറയുന്നു നാടിനോട് " മേം ആയെഗ" .
Join WhatsApp News
Asha Nair 2020-11-08 05:05:34
Maamalakalkkappurathu marathaka pattuduthu malayalavum bengalum ennulla naadukal undu...Feeling nostu...Superb writing dear...
Ambili Raj 2020-11-10 10:42:38
കൊള്ളാം േചച്ചി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക