Image

കോട്ടയം സ്വദേശിനിയായ ശോശാമ്മ മാത്യുവിന് ഇത് സ്വപ്ന സാക്ഷാത്കാരം

Published on 07 November, 2020
 കോട്ടയം സ്വദേശിനിയായ ശോശാമ്മ മാത്യുവിന് ഇത് സ്വപ്ന സാക്ഷാത്കാരം


ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് കോവിഡ് വാക്‌സിന്‍ നല്‍കിയതും അദ്ദേഹത്തെ നേരിട്ട് കാണാനായതും ശോശാമ്മ മാത്യുവിനെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷങ്ങളായിരുന്നു.

എനിക്ക് എപ്പോഴും ഷെയ്ഖ് മുഹമ്മദിനെ കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. ദൈവം എന്റെ ആഗ്രഹം നിറവേറ്റി. അത് അനുഗ്രഹീത നിമിഷമായിരുന്നു - ദുബായില്‍ നഴ്‌സായി ജോലി ചെയ്യുന്ന കോട്ടയം മീനടം സ്വദേശിയായ ശോശാമ്മ പറഞ്ഞു.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനുശേഷം ഞങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ ഷെയ്ഖ് മുഹമ്മദ്, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തുവെന്ന് ഷെയ്ഖ് മുഹമ്മദിന്റെ മജ്ലിസിലേക്ക് പോയ നാലംഗ മെഡിക്കല്‍ സംഘത്തിന്റെ ഭാഗമായിരുന്നു - ശോശാമ്മ പറഞ്ഞു.

സെപ്റ്റംബറില്‍ ശോശാമ്മ ആദ്യത്തെ വാക്‌സിന്‍ ഡോസ് ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുള്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസിന് നല്‍കിയിരുന്നു. പക്ഷെ ഇതിനെല്ലാം ശോശാമ്മയെ തിരഞ്ഞെടുക്കാനുള്ള കാരണം വളരെ ലളിതമാണ്. ശോശാമ്മ കുത്തിവച്ചാല്‍ ഒരിക്കലും വേദനിക്കില്ല.

ഞാന്‍ കുത്തിവയ്പുകള്‍ നല്‍കുമ്പോള്‍ ഒരിക്കലും വേദന അനുഭവപ്പെട്ടിട്ടില്ലെന്ന് ആളുകള്‍ പറഞ്ഞു. അതിനാല്‍, മന്ത്രിമാര്‍, ഫെഡറല്‍ വകുപ്പ് മേധാവികള്‍, അണ്ടര്‍ സെക്രട്ടറിമാര്‍, വിഐപികള്‍ എന്നിവര്‍ക്ക് ഫ്‌ലൂ, വാക്‌സിന്‍ കുത്തിവയ്പുകള്‍ നല്‍കുന്നതിന് എന്നെ എപ്പോഴും തിരഞ്ഞെടുത്തു. - 1992 മുതല്‍ ദുബായില്‍ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പ്രിവന്റീവ് മെഡിസിന്‍ വിഭാഗത്തില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന ശോശാമ്മ പറഞ്ഞു.

ഇപ്പോള്‍ യുഎഇയിലെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമിടയിലും ഒരു സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് ശോശാമ്മ. ഭര്‍ത്താവ് വൈദ്യന്‍പറമ്പില്‍ അബ്രഹാം കുറിയാക്കോസും ദുബായില്‍ ജോലി ചെയ്യുന്ന മകന്‍ ജുബിനും തനിക്കു ലഭിച്ച അസുലഭ മുഹൂര്‍ത്തത്തില്‍ അഭിമാനിക്കുന്നുവെന്ന് ശോശാമ്മ പറഞ്ഞു.

രണ്ടാമത്തെ ഡോസ് ഷെയ്ഖ് മുഹമ്മദിന് നല്‍കാനാണ് ശോശാമ്മ ഉറ്റുനോക്കുന്നത്.ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് വാക്‌സിന്‍ നല്‍കാനും ആഗ്രഹമുണ്ട്.

ബുര്‍ജ് ഖലീഫയിലെ ഒരു വിഐപിക്ക് ഒരു ഡോസ് നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ ഒരിക്കലും ആ സ്ഥലത്ത് പ്രവേശിച്ചിട്ടില്ല - ശോശാമ്മ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക