Image

ബൈഡന്റെ വിജയം ജര്‍മനിക്ക് സ്വീകാര്യം

Published on 08 November, 2020
 ബൈഡന്റെ വിജയം ജര്‍മനിക്ക് സ്വീകാര്യം


ബെര്‍ലിന്‍: യുഎസ് പ്രസിഡന്റായി ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പ്രതീക്ഷ. യൂറോപ്യന്‍ യൂണിയനുമായി പൊതവിലും ജര്‍മനിയുമായി പ്രത്യേകിച്ചും യുഎസിന്റെ ബന്ധം ഏറ്റവമധികം വഷളായ കാലഘട്ടതമാണ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലം. ഈ സ്ഥാനത്തേക്ക് ബൈഡന്‍ വരുന്നതോടെ സ്ഥിതിഗതികള്‍ ഏറെ മെച്ചപ്പെടുമെന്നാണ് ജര്‍മനിയുടെയും യൂറോപ്പിന്റെയും പ്രതീക്ഷ.

അമ്പത് വര്‍ഷത്തിനിടെ ആദ്യ ടേമില്‍ ജര്‍മനിയിലേക്ക് ഉഭയകക്ഷി സന്ദര്‍ശനം നടത്താത്ത ആദ്യ യുഎസ് പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ്. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിനോടും ജര്‍മനിയോട് ആകെയും വിദ്വേഷാത്മകമായ സമീപനമാണ് ട്രംപ് പുലര്‍ത്തിയിരുന്നത്.

ജര്‍മനിയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാനുള്ള യുഎസ് തീരുമാനം ഔദ്യോഗികമായി അറിയിക്കാതിരുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കാര്യമായി ബാധിച്ചു. ജര്‍മന്‍ അധികൃതര്‍ ഈ വിവരം വാര്‍ത്താ മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്.

നാറ്റോയുമായുള്ള യുഎസ് സഹകരണം ട്രംപ് വെട്ടിക്കുറച്ചത് യൂറോപ്യന്‍ യൂണിയനു തന്നെ തിരിച്ചടിയായിരുന്നു. ബ്രെക്‌സിറ്റിന് അദ്ദേഹം നല്‍കിയ പരസ്യ പിന്തുണയും കല്ലുകടിയായി.

വ്യാപാര രംഗത്ത് ട്രംപിന്റെ അമേരിക്ക ഫസ്‌ററ് നയം ഏറ്റവും കൂടുതല്‍ ബാധിച്ചതും യൂറോപ്പിനെയാണ്. പ്രത്യേകിച്ച്, ജര്‍മന്‍ കാര്‍ നിര്‍മാണ ~ കയറ്റുമതി മേഖലകളെ. പാരീസ് ഉടമ്പടിയില്‍ നിന്ന് ട്രംപ് പിന്‍മാറിയതും അപ്രതീക്ഷിതമായിരുന്നു.

ബൈഡന്റെ വരവോടെ പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കപ്പെടും എന്നു പ്രതീക്ഷിക്കാന്‍ കഴിയില്ലെങ്കിലും കുറഞ്ഞ പക്ഷം ട്രംപിനു മുന്‍പുള്ള കാലഘട്ടത്തിലെ സ്ഥിതിയിലേക്ക് തിരിച്ചു പോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവിലേല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക