Image

സഖീ, തുയിലുണരൂ - കവിത: സിന്ധു തോമസ്

Published on 09 November, 2020
സഖീ, തുയിലുണരൂ - കവിത: സിന്ധു തോമസ്
തുയിലുണരൂ സഖീ, തുയിലുണരൂ          
നവലോകമൊരുക്കാൻ തുയിലുണരൂ 

വരദേ! വാരെഴും വനവല്ലി പോലെ     
വിധുമുഖീ നിൻ ഹൃദയവല്ലരി

പ്രമദനിർഝരി പോലെ പ്രണയം       
പ്രിയ സഖീ, പ്രൗഢം നീയുണർത്തി

തുയിലുണരൂ സഖീ, തുയിലുണരൂ           
നവലോകമൊരുക്കാൻ തുയിലുണരൂ 

കദനം കവർന്നൊരാ തനുവിന്നഹോ
ഹാ കഷ്ടം! പൊലിഞ്ഞ കനക ദീപം!

പേടമാൻമിഴിയിന്നഅശ്രുവിവശം
മാറിയതെങ്ങിനെ, പറയൂ സഖീ?

തുയിലുണരൂ സഖീ, തുയിലുണരൂ 
നവലോകമൊരുക്കാൻ തുയിലുണരൂ 

പുഷ്പം വരിവണ്ടിനെയെന്നപോലെ
വിളിപ്പൂ വസുന്ധര ഓമലേ നിന്നെ!

ഏഴയല്ലല്ലി നീ, അബലയുമല്ല
പാരവശ്യം വെടിയൂ പാവനേ നീ

ഈ പൊയ്നിഴൽ വിട്ടുയരൂ നീ 
ഉജ്ജ്വലേ! വിശ്വവിസ്മയമേ 

ഉർവ്വിതൻ നിസ്തുല, ശക്തി നീ            
ഉണർന്നുയിർക്കൊണ്ടുയരുക നീ

തുയിലുണരൂ സഖീ, തുയിലുണരൂ
നവലോകമൊരുക്കാൻ തുയിലുണരൂ


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക