Image

വികടകൊവിഡൻ {കവിത: വേണുനമ്പ്യാർ}

Published on 10 November, 2020
വികടകൊവിഡൻ {കവിത: വേണുനമ്പ്യാർ}
മഴത്തുള്ളികൾ   വീണു  മുറ്റത്തു  ചില്ലു-
പൂക്കുറ്റിയായിച്ചിതറവെ,
ക്ഷണഭംഗുര,മസ്‌തിത്വമെന്നെൻ
മാനസം മന്ത്രിക്കുന്നല്ലോ!

പോയ വർഷഋതുക്കളിലൂടെ
ചിത്തപ്പമ്പരം ചെറ്റു ചുറ്റവെ,
പോയ പ്രീയരൊന്നൊന്നായ് മിഴി
തുറപ്പൂ,കാലത്തിരശ്ശീലയിൽ      
എങ്ങു പോയവരെങ്ങു പോയി
കരളെത്താത്ത ദൂരത്തോ!
കണ്ണെത്താത്തയകലത്തോ!!

കാവ്യദേവതേ,   കാത്തു നിന്നെ
കാത്തെ, ത്രനേരം ഞാൻ  തപിച്ചീല;
നിൻമന്ദപദന്യാസങ്ങളോ    
കേൾപ്പൂ പിൻമാറും  വൃഷ്ടിയിൽ!    

നാലു മണിച്ചായക്കുള്ളൊരു
നേരമായ്; ഭാര്യ ചോദിപ്പൂ:  
“എന്തു വേണം കഴിപ്പാനങ്ങേയ്‌ക്ക് ;
ഉള്ളിവടയോ ഉണ്ണിയപ്പമൊ?”

“ഒന്നും വേണ്ട  കഴിക്കാനിപ്പോൾ;
പോരട്ടെ,   മധുരതുളസിച്ചായ.”
മഴയ്ക്കുശേഷവും മഴമന്താരം  
മനമല്ലൊ നനവിൽ കുളിരുന്നു.
നെറ്റിയിലിളംചൂട് തോന്നുന്നു,
തൊണ്ടയിലാരോ  നാരായത്താൽ  
കോറിക്കോറി വരയുന്നു
ശ്വാസമെടുപ്പാനെന്തു പ്രയാസം;
കീറി  രസിക്കയാണോയീ-
പ്പഴംശ്വാസകോശത്തെ വൈറസ്!  
ജീർണക്കൂടുമുപേക്ഷിച്ചു  പുതുനീഡം  
തേടിയിറങ്ങുകയാണോ   പ്രാണപ്പക്ഷി!  

പുളഞ്ഞാവി പൊങ്ങിടും കളിമൺകപ്പ് കയ്യിലേന്തി
വന്നു നിൽക്കുന്നതാ  മുന്നിൽ നറുംപുഞ്ചിരിയുമായവൾ.

മൃത്യു നിശ്ചയം; ഇനി മണ്ണിൽ അധിക നാളില്ല ജീവിതം
ദൃഷ്ടിപഥത്തിൽ കരിനീലകാന്തിയെ കണ്ടൂ ഭയന്നു ഞാൻ.
ഒറ്റയ്ക്ക് വന്നയാൾ ഒറ്റയ്ക്ക് തന്നെ പോകണം;
എന്നെയും കൊണ്ടേ പടിയിറങ്ങൂ ദുഷ്ടനാമീ വികടകൊവിഡൻ!

“പറയൂ,   ചിന്തയെന്താണേട്ടന്;"
സ്നേഹത്തോടെയവൾ മന്ത്രിച്ചു :
"കുടിക്കൂ മധുരതുളസിച്ചായ ;  
മാറട്ടെ  കറുത്ത മൂഡൊക്കെ.”  

മധുരച്ചായ നുണച്ചിറക്കുമ്പോൾ
നാവിൽ കയ്പ് പൊടിഞ്ഞതെന്തേ?

 "മച്ചിൻപുറം നീ,യടിച്ചൊന്നു  വേഗം വൃത്തിയാക്കണം"
വിഷാദത്തോടെ  കൽപ്പിച്ചു   ഞാൻ ഭാര്യയോട്:
“താഴെയല്ല   താമസം,  ഇനി മോളിലാണോമലെ;
ഒരു വീടിനുള്ളിലാണെങ്കിലും നമുക്കിരു-
വീട്ടിലെന്നപോലെ കഴിഞ്ഞിടാമിനി!”
 
*********

മുജ്ജന്മസുകൃതം! ദിനം പതിനാലു   കഴിഞ്ഞതും,  
പൂർണസ്വസ്ഥനായ്  താഴേക്കിറങ്ങി വന്നു    ഞാൻ !
വിരിഞ്ഞു  നില്കുന്നു  തോപ്പിൽ  
മൊസാന്ത  മന്ദാരം  ചെമ്പരത്തി.
പച്ചപ്പടർപ്പിൽ   നറുംസൂര്യചുംബനത്തിൽ
തിളങ്ങുന്നതാ    പോയ രാവിൻ മഴത്തുള്ളികൾ.  
 
ഈശ്വരാധീനമോ മുജ്ജന്മസുകൃതമോ!
മുക്തനായല്ലോ  മഹാമാരിയിൽ നിന്നും!!    
ചിങ്ങവെയിൽ കളമിട്ടയുമ്മറത്തിണ്ണയി-
ലിരുന്നു ഞാൻ  ചൊല്ലി,യോമലാൾ  കേൾക്കാൻ:
   
മരണഗന്ധമിയന്നതാണെങ്കിലും  
ഒരു നിയമവുമേശാത്തതാണെങ്കിലും
മധുരമാണെനിക്കെന്നുമീ ജീവിതം!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക