Image

അയര്‍ലണ്ടില്‍ കുടിയേറിയ നഴ്‌സുമാര്‍ക്ക് പുതിയ സംഘടന

Published on 12 November, 2020
 അയര്‍ലണ്ടില്‍ കുടിയേറിയ നഴ്‌സുമാര്‍ക്ക് പുതിയ സംഘടന


അയര്‍ലന്‍ഡ് ഇന്ത്യയില്‍നിന്നുള്‍പ്പെടെ അയര്‍ലന്റിലേക്ക് കുടിയേറിയ നഴ്‌സിങ്ങ് തൊഴിലാളികള്‍ക്ക് അവരുടേതായ ഒരു സംഘടന യാഥാര്‍ഥ്യമായി. അയര്‍ലന്‍ഡില്‍ കുടിയേറിയ നേഴ്‌സുമാര്‍ക്കായി മൈഗ്രന്റ് നഴ്‌സസ് അയര്‍ലന്‍ഡ് (എന്‍എംഐ) എന്ന പേരിലാണ് സംഘടനയുണ്ടായത്.

എന്‍ എം ഐ അയര്‍ലണ്ടിലെ നഴ്‌സുമാരുടെ ഏറ്റവും ശക്തമായ തൊഴിലാളി സംഘടനയായ ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് ഓര്‍ഗനൈസേഷനും തമ്മിലുള്ള പങ്കാളിത്തം ഇന്ത്യന്‍ അംബാസിഡര്‍, INMOയുടെ ജനറല്‍ സെക്രട്ടറി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഔദ്യോഗികമായി അംഗീകരിച്ചു. രണ്ടു സംഘടനകളും പരസ്പരം സഹരിക്കുന്നതിനുള്ള കരാര്‍ ഒപ്പുവെക്കുകയും ചെയ്തു.

INMO യുമായുള്ള പങ്കാളിത്ത കരാര്‍ ഏറെ സ്വാഗതം ചെയ്യുന്നുവെന്നും, അയര്‍ലണ്ടിലെ തൊഴിലിടങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനും, ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ഉയര്‍ന്ന ചുമതലകളില്‍ എത്തിച്ചേരാനുള്ള അവസരങ്ങള്‍ ഉടലെടുക്കുമെന്നും യോഗത്തില്‍ പങ്കെടുത്തു കൊണ്ട് ഇന്ത്യന്‍ അംബാസിഡര്‍ സന്ദീപ് കുമാര്‍ പറഞ്ഞു. കോവിഡ് മഹാമാരിയുടെ സമയത്ത് ത്യാഗസന്നദ്ധമായി പ്രവര്‍ത്തിച്ച എല്ലാ നഴ്‌സുമാരെയും താന്‍ സല്യൂട്ട് ചെയ്യുന്നുവെന്നും ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ തുടര്‍ന്ന് പറഞ്ഞു .

ഇന്ത്യന്‍ നഴ്‌സുമാര്‍ ഉള്‍പ്പെടുന്ന കുടിയേറ്റ നഴ്‌സുമാരോട് സഹകരിച്ചു പ്രവര്‍ത്തിച്ചതിന്റെ സുദീര്‍ഘമായ പാരമ്പര്യമുള്ള സംഘടനയാണ് INMO എന്നും MNIയുമായുള്ള സഹവര്‍ത്തിത്വത്തെ ഏറെ പ്രതീക്ഷയോടെയാണ് തങ്ങള്‍ നോക്കിക്കാണുന്നതെന്നും ജനറല്‍ സെക്രട്ടറി ഫില്‍ നിഹ പ്രസ്താവിച്ചു.

കോവിഡ് 19 ന്റെ പശ്ചാതലത്തില്‍ മൈഗ്രന്റ് നഴ്‌സുമാര്‍ നേരിടുന്ന പ്രത്യേക പ്രശനങ്ങളേ lNMO മനസ്സിലാക്കുന്നു എന്നും അത്തരം പ്രശ്ന്നങ്ങളേ നേരിടാന്‍ MNI യോടൊപ്പം മുന്നിട്ടിറങ്ങും എന്നും lNMO പ്രസിഡന്റ് കാരന്‍ മക്‌ഗോവന്‍ lNMO നാഷണല്‍ എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

MNI യുടെ കണ്‍വീനര്‍ വര്‍ഗീസ് ജോയി ഇന്ത്യന്‍ അംബാസഡര്‍ക്കും INMOഭാരവാഹികള്‍ക്കും നന്ദിയര്‍പ്പിച്ചു. രാജ്യത്തെ തൊഴിലാളി സംഘടനാ ചരിത്രത്തില്‍ ഇതുപോലെയുള്ള ഒരു സംരംഭം ഇതാദ്യമാണ് സംഘടനാ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. നഴ്‌സിങ്ങ് മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്നതിനും, പൊതുസൂഹത്തില്‍ അവരുടെ തനതായ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നേടികൊടുക്കുന്നതിനും ഈ സംരംഭം വഴിയൊരുക്കും.

അയര്‍ലണ്ടില്‍ അങ്ങോളം ഇങ്ങോളം നിരവധി കര്‍മ്മനിരതരായ നഴ്‌സുമാര്‍ അടങ്ങുന്ന നേതൃത്വ നിരയാണ് MNI- ക്കുള്ളത്. ഡബ്ലിനില്‍ CNM-3 ആയി ജോലി ചെയ്യുന്ന വര്‍ഗീസ് ജോയി ആണ് MNI - യുടെ കണ്‍വീനര്‍. സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ നഴ്സ്സായ ഐബി തോമസ് ആണ് ജോയിന്റ് കണ്‍വീനര്‍. വിനു കൈപ്പിള്ളി (Conolly Hospital, Blanchardstown) മെമ്പര്‍ഷിപ്പ് കൊഡിനേഷനും, ഗാള്‍വേയില്‍ നിന്നുള്ള ആഗ്‌നസ് ഫെബിന പബ്ലിക്ക് റിലേഷനും MNI-ക്ക് വേണ്ടി കൈകാര്യം ചെയ്യും.

അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിന് ഏറേ പരിചിതരായ രാജിമോള്‍ മനോജ് (ഡബ്ലിന്‍ ), സിസ്സിലിയമ്മ പുളിമൂട്ടില്‍ (കില്‍ക്കെനി), അനൂപ് ജോണ്‍ (വാട്ടര്‍ഫോര്‍ഡ്), ജോര്‍ജ് ഫിലിപ്പ് (ഗാള്‍വേ), അനുപ അച്ചുതന്‍ (വാട്ടര്‍ഫോര്‍ഡ്), മിട്ടു ഫാബിന്‍ (ഡബ്ലിന്‍ ), വിനോദ് ജോര്‍ജ് (ഗാള്‍വേ), പ്രീതി മനോജ് (ഡബ്ലിന്‍), സോമി തോമസ് (ഡബ്ലിന്‍ ), ചിത്ര നായര്‍ (വിക്ക്‌ലോ), വിജയ് ശിവാനന്ദന്‍ (ഡബ്ലിന്‍ ), ഷിന്റോ ജോസ് (കോര്‍ക്ക്) തുടങ്ങിയവര്‍ MNI -യുടെ കേന്ദ്ര കമ്മിറ്റി ഭാഗമായി സംഘടനയെ നയിക്കും.

MNI സംഘടനയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും സൗജന്യ മെമ്പര്‍ഷിപ്പിനും ഈ ലിങ്ക് ക്ലിക്ക് ചെയ്യുക https://migrantnurses.ie/

റിപ്പോര്‍ട്ട്; ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക