Image

'സെക്‌സ് പാപമാണ്. ഇണ നരകമാണ്' ചീഞ്ഞുപോയ സദാചാരം

Published on 08 June, 2012
'സെക്‌സ് പാപമാണ്. ഇണ നരകമാണ്'  ചീഞ്ഞുപോയ സദാചാരം
Read ful at: http://www.mathrubhumi.com/books/story.php?id=1676&cat_id=498

എന്തുകൊണ്ടാണ് ഒരു തലമുറ എന്ന നിലയില്‍ നമ്മള്‍ ലൈംഗികമായി ചീഞ്ഞുപോയത്?

അതിനു പല കാരണങ്ങള്‍ ഉണ്ട്. നമ്മൊളൊക്കെ പഠിച്ചുവന്നത് ഒരു ക്രിസ്ത്യന്‍ സദാചാരത്തില്‍നിന്നാണ്. 'സെക്‌സ് പാപമാണ്. ഇണ നരകമാണ്' എന്നുള്ള സദാചാരം. അതേസമയം നമ്മുടെ മാധ്യമങ്ങളും നമ്മുടെ ചുറ്റുപാടുകളും നമ്മള്‍ കഴിക്കുന്ന ഭക്ഷണവും നമ്മെ കൂടുതല്‍ കൂടുതല്‍ കാമാതുരമാക്കുന്നുണ്ട്. ഇതിന്റെ സംഘര്‍ഷമാണ് നാം അനുഭവിക്കുന്നത്.

അരുന്ധതി റോയി കോഴിക്കോട്ടെത്തിയപ്പോള്‍ പറഞ്ഞ ഒരു കാര്യമുണ്ട്. പത്രലേഖകരെ അഭിമുഖീകരിക്കാന്‍ അവര്‍ തയ്യാറായില്ല. എന്താണ് കാരണമെന്ന് ചോദിച്ചു.
'നിങ്ങളുടെ ബ്ലഡി ജേര്‍ണലിസ്റ്റ്‌സ് എന്റെ മുഖത്തല്ല നോക്കുക, മാറിലേക്കാണ്' എന്നായിരുന്നു അവരുടെ ഉത്തരം.
നമുക്കൊരു വ്യക്തിയെ വ്യക്തിയായി പരിഗണിക്കാന്‍ കഴിയുന്നില്ല.

നമ്മുടെ അസാന്മാര്‍ഗികപ്രവൃത്തി നിയമം (ഇമ്മോറല്‍ ട്രാഫിക് ആക്ട്) അടിസ്ഥാനപരമായി പൊളിച്ചെഴുതണം. ആണും പെണ്ണും ഉഭയസമ്മതത്തോടെ നടത്തുന്ന ഏത് ഇണചേരലും കുറ്റകരമല്ല എന്നു വിധിക്കണം. അവര്‍ മറ്റൊരാളുടെ ഭാര്യയോ ഭര്‍ത്താവോ എന്നത് പ്രശ്‌നമാകരുത്.

സ്വവര്‍ഗരതിയുടെ കാര്യത്തില്‍ ഉണ്ടായ കോടതിവിധിപോലെ, ലൈംഗിക തൊഴിലിന്റെ കാര്യത്തില്‍ അവര്‍ ലൈംഗികത ആവശ്യപ്പെടുമ്പോലെ ഒരു തീരുമാനവും ഉത്തരവും ഉണ്ടാകേണ്ടിയിരിക്കുന്നു.

'ഈയിടെ ഗള്‍ഫില്‍നിന്നുള്ള ഒരു വീട്ടമ്മ നാട്ടിലെത്തി. പതിനഞ്ചു വര്‍ഷത്തിനുശേഷം വരികയാണ്. ഭര്‍ത്താവും ചില സുഹൃത്തുക്കളുമൊത്ത് അവര്‍ നെല്ലിയാമ്പതിയിലേക്ക് യാത്ര പോയി. അവിടെയെത്തിയപ്പോള്‍ പോലീസ് പിടിച്ചു ചോദ്യം ചെയ്തു പീഡിപ്പിച്ചു. ആ വീട്ടമ്മ ചോദിച്ച ചോദ്യം നാം ഓര്‍ക്കേണ്ടതുണ്ട്. 'കേരളത്തില്‍ ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് യാത്ര ചെയ്യുമ്പോഴും വിവാഹ സര്‍ട്ടിഫിക്കറ്റ് കൂടെ കരുതണമോ' എന്നാണ് അവര്‍ ചോദിച്ചത്. ഭാര്യയ്ക്കും ഭര്‍ത്താവിനും മാത്രമേ ഒരുമിച്ച് യാത്ര ചെയ്യാന്‍ പാടുള്ളൂവെന്നുണ്ടോ? ദാമ്പത്യമൊഴിച്ചുള്ള എല്ലാ സ്ത്രീപുരുഷബന്ധവും നിരോധിക്കപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. അതുകൊണ്ടാണ് മാനാഞ്ചിറമൈതാനത്തോ ബീച്ചിലോ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും സംസാരിച്ചിരിക്കുമ്പോഴേക്കും സദാചാരത്തിന്റെ ടോര്‍ച്ചുമായി പോലീസ് വരുന്നത്.''- സിവിക് ചന്ദ്രന്‍

മലയാളിയുടെ പ്രശ്‌നം കിടപ്പറയിലല്ല എന്നാണ്. കിടപ്പറയ്ക്കു പുറത്താണ്. എന്നാല്‍, കേരളത്തിലെ മരുന്നുകളുടെ പരസ്യം മുഴുവന്‍ കിടപ്പറയിലെ ദൗര്‍ബല്യങ്ങളുമായി ബന്ധപ്പെട്ടതാണ്. കുമാരികല്പം മുതല്‍ മുസ്‌ലിപവര്‍ എക്‌സ്ട്രാവരെയുള്ള മരുന്നുകള്‍ മലയാളിക്ക് ലൈംഗികമായി എന്തോ കുഴപ്പമുണ്ട്, അത് ചികിത്‌സിക്കേണ്ടതാണ് എന്നാണ് നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. നളിനി ജമീല പറയുന്നത്, കിടപ്പറയില്‍പ്പോലും പുരുഷന്‍ പരാജയപ്പെടുന്നത് കിടപ്പറയ്ക്കു പുറത്ത് സ്ത്രീപുരുഷബന്ധം ഇല്ലാത്തതിനാലാണെന്നാണ്. ഓഫീസില്‍ ആണും പെണ്ണും തമ്മില്‍ സഹപ്രവര്‍ത്തകരെന്ന നിലയില്‍ ഒരു ബന്ധം ഉണ്ടാവുന്നില്ല. സഹപാഠികള്‍ എന്ന നിലയില്‍ കോളജില്‍ ആ ബന്ധം സാധ്യമാകുന്നില്ല. കാമുകീകാമുകന്മാര്‍ എന്നതിനപ്പുറമൊരു സ്ത്രീപുരുഷബന്ധം ഉണ്ടാകുന്നില്ല. കിടപ്പറയ്ക്കു പുറത്തുള്ള ബന്ധം സാധാരണനിലയിലായാലേ കിടപ്പറയിലെ ബന്ധവും നേരെയാവുകയുള്ളൂ.

കേരളത്തിലുണ്ടാവുന്ന സ്ത്രീപീഡനക്കേസുകളില്‍ പ്രതികളാക്കപ്പെടുന്നവര്‍ ചെറുപ്പക്കാരല്ല. കോളേജില്‍ പഠിക്കുന്ന കുട്ടികളല്ല. നാല്പത് നാല്പത്തഞ്ച് വയസ്സുകഴിഞ്ഞ, വിവാഹിതരായ, കുഞ്ഞുങ്ങളുള്ള ആള്‍ക്കാരാണ്

എന്തുപറ്റി നമ്മുടെ മധ്യവയസ്‌ക്കര്‍ക്ക്? ഈ ചോദ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു. കിടപ്പറപ്രശ്‌നം മാത്രമേ നാം ചര്‍ച്ച ചെയ്യുന്നുള്ളൂ. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധമെന്നത് വാരാന്ത്യങ്ങളില്‍ മാത്രം നടക്കുന്ന ഒരു അനുഷ്ഠാനം എന്നതിനപ്പുറത്തേക്ക് പോകുന്നില്ല.


കല്യാണം കഴിക്കുന്നതോടെ പ്രണയം നഷ്ടപ്പെടുന്നു. നമ്മുടെ പ്രണയങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനും കൂടുതല്‍ കൂടുതല്‍ മനോഹരമാക്കാനുമുള്ള യാതൊരു ശ്രമവും ഇവിടെ നടക്കുന്നില്ല. പുരുഷന്മാര്‍ക്ക് അതില്‍ തീരെ താത്പര്യമില്ല. സ്ത്രീക്ക് താത്പര്യമുണ്ടായാലും നടക്കില്ല.

മറ്റു സംസ്ഥാനങ്ങളില്‍ സ്ത്രീക്കും പുരുഷനും ബസ്സില്‍ ഒരു സീറ്റിലിരുന്ന് യാത്ര ചെയ്യാം. ഇവിടെ അത് തെറ്റാണ്. പാപമാണ്. ഓഫീസിലും ആണുങ്ങളും പെണ്ണുങ്ങളും തമ്മില്‍ സൗഹൃദം അനുവദിക്കില്ല. ഉണ്ടായാല്‍ അത് അപവാദപ്രചരണത്തിന് വഴിവെക്കും. ഈയിടെ കേരളത്തിലെത്തിയ ഏതോ വിദേശവനിത അദ്ഭുതത്തോടെ ചോദിച്ചുവത്രേ 'ഇത് സ്വവര്‍ഗരതിക്കാരുടെ നാടാണോ'യെന്ന്.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ളതൊഴിച്ചുള്ള എല്ലാ ബന്ധങ്ങളേയും അനാശാസ്യമായി കാണുകയാണ് നാം. അത്തരം ബന്ധങ്ങള്‍ക്കിടയിലേക്ക് ടോര്‍ച്ചടിച്ചുനോക്കാന്‍ പോലീസിന് അധികാരം നല്കുന്നത് ഇവിടത്തെ ഇമ്മോറല്‍ ട്രാഫിക് ആക്ട് ആണ്. ആ നിയമത്തിന്റെ ബലത്തില്‍ പോലീസ് ആരേയും വഴിയില്‍ തടഞ്ഞ് വിവാഹ സര്‍ട്ടിഫിക്കറ്റ് ചോദിക്കാന്‍ ധൈര്യപ്പെടും. ബീച്ചില്‍വെച്ച് സംസാരിച്ചിരുന്നതിന് ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും വീട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തും. എന്തിനേറെ ചിലപ്പോള്‍ കല്യാണത്തിന് നിര്‍ബന്ധിക്കുകവരെ ചെയ്യും.

ഇണചേരുന്ന എല്ലാ പെണ്ണും കാമുകിയാകണമെന്നും ഗര്‍ഭിണിയാകുന്ന എല്ലാ പെണ്ണിനേയും കല്യാണം കഴിക്കണമെന്നും കേരളീയസമൂഹം ഒരുകാലത്തും ശഠിച്ചിരുന്നില്ല. അടുത്തകാലത്താണ് ഇങ്ങനെയൊരു സദാചാരചിന്ത നമ്മുടെയിടയില്‍ ഉണ്ടായിട്ടുള്ളത്.

പോലീസ് ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാടുകളും നടപടികളും വ്യക്തിഹത്യയിലേക്ക് നയിക്കുന്നില്ലേ?
പോലീസിന്റെതന്നെ ലൈംഗിക അസംതൃപ്തി ഒരുതരത്തില്‍ അവരെ സാഡിസത്തിലേക്ക് നയിക്കുന്നുണ്ട്.
അവിഹിത ലൈംഗികബന്ധം ആരോപിക്കുന്ന സംഭവങ്ങളില്‍ പോലീസ് അസൂയകൊണ്ടോ കുശുമ്പുകൊണ്ടോ അധികാരം ഉപയോഗിച്ചുള്ള ക്രൂരതയോടെയാണ് പ്രവര്‍ത്തിക്കാറുള്ളത്.

ഒരുനാള്‍ പാതിരയ്ക്ക് എന്റെ അച്ഛനുള്‍പ്പെടെയുള്ളവര്‍ അവരുടെ വീടുവളഞ്ഞു. അവരുടെ ജാരനെ കൈയോടെ പിടികൂടി. അത് എസ്‌റ്റേറ്റിലെ മേസ്തിരിയായിരുന്നു. അതൊന്നുമല്ല പ്രസക്തമായ കാര്യം.
പിറ്റേദിവസം ചായപ്പീടികയില്‍ നടന്ന സംഭാഷണം എനിക്കിന്നും ഓര്‍മയുണ്ട്.
'ആ അപരാധിച്ചി... ആ കൂത്തിച്ചി... ആ പൊലയാടിച്ചി... അവള്‍ മറ്റുള്ളവര്‍ക്ക് കൊണ്ടക്കൊടുക്കുന്നു. ഇവിടെ ഞങ്ങളാരും ആണുങ്ങളല്ലേ...'
ഇതായിരുന്നു പ്രതികരണം. ആള്‍ക്കുട്ടത്തിന്റെ മനഃശാസ്ത്രം അങ്ങനെയാണ്. തങ്ങള്‍ക്ക് തരാത്ത ഒന്നും മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ പാടില്ല. പങ്കുവെക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും പങ്കുവെക്കണം.

നിത്യചൈതന്യയതി അവസാനകാലത്ത് നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച്, കുഞ്ഞുങ്ങളെക്കുറിച്ച്, മാനാഭിമാനത്തെക്കുറിച്ച് വേവലാതിയില്ലാതെ സ്വയം ഒരു തീരുമാനമെടുക്കാന്‍ കഴിയുകയാണെങ്കില്‍ കേരളത്തിലെ ദാമ്പത്യങ്ങളില്‍ 90 ശതമാനവും 48 മണിക്കൂറിനുള്ളില്‍ തകര്‍ന്നുപോകുമെന്നായിരുന്നു യതിയുടെ നിരീക്ഷണം.

ഇപ്പോള്‍ കേരളത്തിലുണ്ടാകുന്ന വിവാഹമോചനങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. 350 ശതമാനം കൂടുതലായിരിക്കുന്നു വിവാഹമോചനങ്ങള്‍. ഈ വിവാഹമോചനങ്ങളുടെ പ്രത്യേകത അതില്‍ 80 ശതമാനവും സ്ത്രീയുടെ മുന്‍കയ്യില്‍ നടക്കുന്നുവെന്നതാണ്. നേരത്തെ അങ്ങനെയല്ല. ആണുങ്ങള്‍ കുടുംബമുപേക്ഷിച്ചു പോവുന്നതിന്റെ പ്രശ്‌നമായിരുന്നു.

ഇവര്‍ അജിതയേയും സാറാ ജോസഫിനെയും കണ്ടിട്ടുണ്ടാവില്ല. അവരുടെ പേരുപോലും കേട്ടിട്ടുണ്ടാവില്ല. ഒരു സമരത്തിലും പങ്കെടുത്തിട്ടുണ്ടാവില്ല. എങ്കിലും സ്ത്രീ സ്വന്തം ശക്തി തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇവിടെ നടക്കുന്ന വിവാഹമോചനങ്ങള്‍പോലും കാണിക്കുന്നത് അതാണ്.

38 കൊല്ലം മുന്‍പ് ആദ്യമായും അവസാനമായും അത്തരത്തിലൊരു ശ്രമം നടന്നു.
'നാളത്തേക്ക് ഒരു ലൈംഗികസദാചാരം' എന്ന പേരില്‍ ഫാദര്‍ കാപ്പന്റെ ഒരു പുസ്തകം ഇറങ്ങിയിരുന്നു. ലൈംഗികതയെ അഭിമുഖീകരിക്കാന്‍ മലയാളിയെ പ്രാപ്തനാക്കാനുള്ള ഒരു ശ്രമമായിരുന്നു അത്.
അദ്ദേഹത്തിന്റെ അപ്രകാശിതവും അപൂര്‍ണവുമായ ആത്മകഥ ഈയിടെ വായിക്കാന്‍ കഴിഞ്ഞു. അതില്‍ ഇങ്ങനെ പറയുന്നു:
'ലോകത്തില്‍ ഒരു പാപമേയുള്ളൂ. സ്‌നേഹിക്കാനുള്ള അവകാശം നിഷേധിക്കുക എന്നതാണത്.'
സ്‌നേഹിക്കലും സ്‌നേഹിക്കപ്പെടലും അവകാശമാണ് എന്ന സദാചാരമാണ് മലയാളി അംഗീകരിക്കേണ്ടത്.
Read full article at: http://www.mathrubhumi.com/books/story.php?id=1676&cat_id=498
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക